ബി.ജെ.പി.യുടെ അക്കൗണ്ട് പൂട്ടിച്ചത് വലിയ കാര്യം -പിണറായി വിജയന്‍, മുഖ്യമന്ത്രി

ബി.ജെ.പി.യുടെ അക്കൗണ്ട് പൂട്ടിക്കാനായത് വലിയ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 90 മണ്ഡലങ്ങളില്‍ ബി.ജെ.പി.-യു.ഡി.എഫ്. വോട്ടുകച്ചവടം നടന്നെന്നും പത്തുസീറ്റില്‍ യു.ഡി.എഫ്. ജയിച്ചത് അതുകൊണ്ടാണെന്നും മുഖ്യമന്ത്രി നിയമസഭയിലും ആവര്‍ത്തിച്ചു.

ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന് നന്ദിപറയുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ചയ്ക്ക് മറുപടിപറയവേയാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തെ കടന്നാക്രമിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാള്‍ ബി.ജെ.പി.ക്ക് നാലുലക്ഷത്തോളം വോട്ടുകുറഞ്ഞു. അത് കിട്ടിയത് യു.ഡി.എഫിനാണ്. അതുകൂടിയില്ലായിരുന്നെങ്കില്‍ പ്രതിപക്ഷ ബെഞ്ചുകളില്‍ ഇപ്പോള്‍ കാണുന്ന പലരും ഇവിടെ എത്തില്ലായിരുന്നു. ഇങ്ങനെ വോട്ടുമറിച്ചിട്ടും പല സീറ്റുകളിലും എല്‍.ഡി.എഫ്. വിജയിക്കുകയായിരുന്നു.

യു.ഡി.എഫ്.-ബി.ജെ.പി. സഖ്യത്തിനുള്ള രാഷ്ട്രീയസാഹചര്യം നേരത്തേ ഒരുക്കിവെച്ചിരുന്നു. തിരഞ്ഞെടുപ്പിനുമുമ്പ് ബി.ജെ.പി.ക്കെതിരേ അരയക്ഷരംപോലും യു.ഡി.എഫ്. സംസാരിച്ചില്ല. ബി.ജെ.പി.യും യു.ഡി.എഫും ചേര്‍ന്ന് ഇടതുപക്ഷത്തിനെതിരേ മഹാസഖ്യംപോലെയാണ് പ്രവര്‍ത്തിച്ചത്. അതൊടൊപ്പം ചില മഹാവിപ്ലവസിദ്ധാന്തക്കാരും കൂടി. അങ്ങനെ ജയിച്ചുവരാമെന്ന ആത്മവിശ്വാസത്തിലായിരുന്നു പ്രതിപക്ഷം.

കെ. മുരളീധരന്‍ മത്സരിച്ചതുകൊണ്ടാണ് നേമത്ത് ബി.ജെ.പി. ഇത്തവണ പരാജയപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. ബി.ജെ.പി.യെ അക്കൗണ്ട് തുറക്കാന്‍ നേരത്തേ സഹായിച്ചത് യു.ഡി.എഫ്. ആണെന്ന പരോക്ഷ കുറ്റസമ്മതമാണിത്. ബി.ജെ.പി.യെ മുഖ്യശത്രുവായി കാണാതെ കോണ്‍ഗ്രസിന് രക്ഷയില്ല.

ആര്‍ക്കാണ് മൃദുഹിന്ദുത്വം എന്നറിയണമെങ്കില്‍ ഭരണപക്ഷത്തുള്ളവരുടെ തല എണ്ണിനോക്കണമെന്നാണ് കഴിഞ്ഞദിവസം ഒരു കോണ്‍ഗ്രസ് നേതാവ് സഭയില്‍ പറഞ്ഞത് (തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഈ പരാമര്‍ശം നടത്തിയത്). ജനപ്രതിനിധികളെ ജാതിയും മതവും തിരിച്ചുകാണുന്നതാണോ നെഹ്രു പഠിപ്പിച്ച മതേതരത്വം? ഇതാണോ ഗാന്ധിയുടെ സമധര്‍മഭാവന?

എന്തിനാണ് സൗഹൃദം കളയുന്നതെന്ന് പ്രതിപക്ഷനേതാവ് ചോദിക്കുന്നതുകേട്ടു. അത് കൂട്ടത്തിലുള്ളവരോട് പറയണം. എല്ലാ സീമകളെയും ലംഘിച്ചുകൊണ്ട് ഇടതുപക്ഷ നേതാക്കളെ വ്യക്തിഹത്യചെയ്യാനുള്ള ഹീനമായ ശ്രമങ്ങളാണ് യു.ഡി.എഫ്. നടത്തിയത്. ജനങ്ങളുടെ കരുത്തിനെ കുറച്ചുകാണരുത് -മുഖ്യമന്ത്രി പറഞ്ഞു.

ബി.ജെ.പി. അക്കൗണ്ട് പൂട്ടിച്ചതിൽ ഞങ്ങൾക്കും പങ്ക്-വി.ഡി. സതീശൻ, പ്രതിപക്ഷ നേതാവ്‌

നേമത്ത് ബി.ജെ.പി.യുടെ അക്കൗണ്ട് പൂട്ടിച്ചതിൽ മുൻ കെ.പി.സി.സി. പ്രസിഡന്റ് കെ. മുരളീധരനെ മത്സരിപ്പിക്കാൻ തീരുമാനിച്ച കോൺഗ്രസ് നേതൃത്വത്തിനും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 

നേമത്തുനിന്ന് വിജയിച്ച വി. ശിവൻകുട്ടിയെ ഒട്ടും കുറച്ചുകാണുന്നില്ല. എന്നാൽ, കെ. മുരളീധരൻ പരമാവധി വോട്ട് നേടിയതുകൊണ്ടാണ് ശിവൻകുട്ടി ജയിച്ചത്. ദേശീയതലത്തിൽ ബി.ജെ.പി.യുമായി ഏറ്റുമുട്ടുന്നതിന് നേതൃത്വം നൽകുന്നത് കോൺഗ്രസാണ്. കോൺഗ്രസ്‌മുക്ത ഭാരതമാണ് ബി.ജെ.പി.യുടെ രാഷ്ട്രീയ അജൻഡ. കേരളത്തിലും അത് നടപ്പാക്കാൻ ബി.ജെ.പി. നോക്കി. 

യു.ഡി.എഫ്.-ബി.ജെ.പി. ബന്ധമുണ്ടെന്നാരോപിച്ച് മുഖ്യമന്ത്രി നിരത്തുന്ന കണക്കുകൾ അവരെത്തന്നെ തിരിഞ്ഞുകുത്തുന്നതാണ്. യു.ഡി.എഫിന് ഇത്തവണ ഒരുലക്ഷത്തിൽപ്പരം വോട്ടുകളേ കൂടുതലുള്ളൂ. ബി.ജെ.പി.യുടെ വോട്ടുകൾ എത്ര ശതമാനമാണ് കുറഞ്ഞത്? അപ്പോൾ ബാക്കി വോട്ടുകൾ എൽ.ഡി.എഫിനായിരിക്കുമല്ലോ കിട്ടിയത്? -പ്രതിപക്ഷ നേതാവ് ചോദിച്ചു. 

വെൽഫെയർ പാർട്ടിയുമായി മുമ്പ് എൽ.ഡി.എഫ്. സന്ധിചെയ്തിട്ടുണ്ട്. എ.കെ.ജി. സെന്ററിൽ ഇരിക്കുന്നവരുമായി ബന്ധമുണ്ടോ എന്നതാണോ ഒരു പാർട്ടി മതേതരമാണോ വർഗീയമാണോ എന്നതിന്റെ ടെസ്റ്റ്? കേരളത്തിലെ ഏറ്റവും വലിയ അഴിമതിക്കാരനായി കെ.എം. മാണിയെ ചിത്രീകരിച്ചു. ആ കുടുംബത്തിലെ ഇളമുറക്കാരനെ എ.കെ.ജി. സെന്ററിലേക്ക്‌ ആനയിച്ചതോടെ അദ്ദേഹം പുണ്യാളനായോ? 

എൽ.ഡി.എഫ്. നേടിയത് ഉജ്ജ്വലവിജയമാണ്. അതിന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എം.എൽ.എ.മാരെയും അഭിനന്ദിക്കുന്നു.  എന്നാൽ, വിജയത്തിൽ മതിമറക്കരുത്. തങ്ങളോട് മത്സരിച്ച് തോറ്റവരെ ഇവിടെപ്പലരും അധിക്ഷേപിക്കുന്നതുകേട്ടു. അങ്ങനെ ചെയ്യരുത്. കഴിഞ്ഞ അഞ്ച് തിരഞ്ഞെടുപ്പുകളിലും തോറ്റവരുമായി താനിപ്പോഴും നല്ലസൗഹൃദത്തിലാണ്. എന്തിനാണ് സൗഹൃദങ്ങൾ കളയുന്നത്? 

പ്രതിപക്ഷ നേതാവ് എന്നനിലയിൽ രമേശ് ചെന്നിത്തല സർക്കാരിനെ തിരുത്തി. അദ്ദേഹമായിരുന്നു യഥാർഥത്തിൽ എൽ.ഡി.എഫ്. സർക്കാരിന്റെ വഴികാട്ടി. കോൺഗ്രസിൽ നടന്നത് രമേശ് ചെന്നിത്തലയും വി.ഡി. സതീശനും തമ്മിലുള്ള മത്സരമല്ല. മാറ്റം വേണമോ വേണ്ടയോ എന്ന ചർച്ചയാണ്. ജനാധിപത്യത്തിന്റെ ചാരുതയാണത്. സി.പി.എമ്മിൽ ഒരാൾ പോക്കറ്റിലിട്ടുവരുന്ന കടലാസ് വായിക്കും. ആരും എതിർവാക്ക് പറയില്ല. മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദൻ അടുത്ത നിയമസഭയിൽ എവിടെയാണിരുന്നത്? രാഷ്ട്രീയപ്പാർട്ടികളായാൽ മാറ്റമുണ്ടാവും. സർക്കാരിന്റെ ഏത് നല്ല പരിപാടിയോടും യു.ഡി.എഫ്. സഹകരിക്കും. അതിന് സർക്കാർകൂടി പ്രതിപക്ഷത്തോട് സഹകരിക്കണമെന്ന് ഇപ്പോൾ പറയേണ്ടിവരുന്നു -വി.ഡി. സതീശൻ പറഞ്ഞു.