രാഷ്ട്രീയപ്പാർട്ടികളെ പിന്നിലാക്കിക്കൊണ്ട് ജനങ്ങൾതന്നെ ജനാധിപത്യത്തിന്റെ കാവലാളുകളായി നിർഭയം രാഷ്ട്രീയസമരരംഗത്തേക്ക് ഇറങ്ങുന്ന കാഴ്ചയാണ് ഇന്ത്യയിൽ നാം കാണുന്നത്. മതത്തെ പൗരത്വത്തിന്റെ മാനദണ്ഡമാക്കിക്കൊണ്ട് ഇന്ത്യൻ മതനിരപേക്ഷ ധാർമികതയുടെ അടിസ്ഥാനങ്ങളെത്തന്നെ തകർക്കുന്ന പൗരത്വനിയമ ഭേദഗതിക്കും ദേശീയ പൗരത്വപ്പട്ടികയ്ക്കും എതിരേ മതവിഭജനങ്ങൾക്കതീതമായി ആൺ-പെൺ പ്രായ ഭേദമില്ലാതെ ഇന്ത്യൻ ജനത സമരരംഗത്തെത്തി. ഈ സമരം ഒരു സാധാരണ സമരമല്ല; ജനാധിപത്യവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ ഏതു നിയമവും പാസാക്കിയെടുക്കാൻ പാകത്തിൽ പാർലമെൻറിൽ ഭൂരിപക്ഷം നേടിക്കൊണ്ട് അധികാരത്തിലേറിയ ഒരു രാഷ്ട്രീയശക്തിക്കെതിരായ ജനമുന്നേറ്റമാണ്. അതുകൊണ്ടുതന്നെ ഫാസിസത്തിന് സാധൂകരണം നേടിയെടുക്കാൻ കഴിയുന്ന പഴയ ലിബറൽ ജനാധിപത്യത്തി​െന്റ പരിമിതികളെ തുറന്നുകാണിക്കുന്ന ജനങ്ങളുടെ ഒരു രാഷ്ട്രീയ ഇടപെടൽകൂടിയാണ് ഈ സമരമെന്നു പറയാം. 

പാർലമെന്ററി സ്വരാജും  പൂർണ സ്വരാജും

ജനങ്ങളുടെ ജീവിതാധികാരത്തെ ഉൾക്കൊള്ളാനാവാത്ത, അതുകൊണ്ടുതന്നെ ജനങ്ങളെ ഗ്രസിക്കുന്ന ഫാസിസമായി വേഷം പകരാവുന്ന ലിബറൽ പാർലമെൻററി ജനാധിപത്യത്തിന്റെ പരിമിതികളെക്കുറിച്ച് ജനങ്ങളുടെ ഭാഗത്തുനിന്നുകൊണ്ട് തിരിച്ചറിഞ്ഞ ഒരു രാഷ്ട്രീയചിന്തകൻ മഹാത്മാഗാന്ധിയായിരുന്നു. ബ്രിട്ടീഷുകാരിൽനിന്ന് നേടിയെടുത്ത ഭരണകൂടാധികാരത്തെ ജനങ്ങളുടെ അധികാരം സാക്ഷാത്കരിക്കപ്പെടുന്ന പൂർണസ്വരാജ് ആയല്ല ഗാന്ധിജി കണക്കാക്കിയത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ നടപ്പാക്കപ്പെട്ട വ്യവസ്ഥയെ പൂർണസ്വരാജിലേക്കുള്ള പരിവർത്തനത്തിന്റെ ഒരു ഘട്ടം മാത്രമായ ‘പാർലമെൻററി സ്വരാജ്’ എന്നാണ് ഗാന്ധിജി വിശേഷിപ്പിച്ചത്. പാർലമെൻററി സ്വരാജിൽനിന്ന് ജനങ്ങളുടെ സ്വരാജിലേക്കുള്ള ദൂരം താണ്ടുക എത്ര ക്ലേശകരമാണെന്ന് ഗാന്ധിജിക്കറിയാമായിരുന്നു. ജീവിതാവസാന കാലത്ത് അതേക്കുറിച്ചാണദ്ദേഹം ചിന്തിച്ചത്.
ഗാന്ധിജിക്കുശേഷമുള്ള ഇന്ത്യയിൽ, ഗാന്ധിജി കണ്ട ആ ദുസ്തര ദൂരം കഴിഞ്ഞ ഏഴുപതിറ്റാണ്ടിനുള്ളിൽ എത്ര വലുതായിരിക്കുന്നു എന്ന് നാം ഇന്ന് തിരിച്ചറിയുന്നു. ഇന്ത്യൻ പാർലമെൻററി സ്വരാജ് ഇന്ന് ജനങ്ങളുടെ സ്വാധികാരം കവർന്നെടുക്കാനുള്ള ഒരുപകരണമായി മാറിയിരിക്കുന്നു. ഒരുവശത്ത് ഇന്ത്യയുടെ സമ്പത്ത് സഹസ്രകോടീശ്വരന്മാരുടെയും ശതകോടീശ്വരന്മാരുടെയും കൈകളിൽ കേന്ദ്രീകരിക്കുന്നതിനുള്ള മുതലാളിത്ത വികസനവും ചൂഷണവും തുടർന്നുകൊണ്ടിരുന്നപ്പോൾ മറുവശത്ത് ആത്മഹത്യചെയ്യുന്ന കർഷകരുടെയും വംശനാശത്തിലേക്ക് കുടിയിറക്കപ്പെടുന്ന ആദിവാസികളുടെയും നഗരചേരികളിലേക്ക് ആട്ടിയോടിക്കപ്പെടുന്ന ദളിതരുടെയും ലൈംഗികപീഡനങ്ങൾക്കും കൂട്ടബലാത്സംഗങ്ങൾക്കും ഇരയാകുന്ന സ്ത്രീകളുടെയും രാജ്യമായി ഈ കാലയളവിൽ ഇന്ത്യ മാറി. 

സ്വാതന്ത്ര്യാനന്തരം സംഭവിച്ച ഇന്ത്യൻ ജനസാമാന്യത്തിന്റെ ഈ ജീവിതത്തകർച്ച മുതലെടുത്തുകൊണ്ടാണ്, ആർ.എസ്.എസിന്റെ രാഷ്ട്രീയമുഖമായ ബി.ജെ.പി. ഇന്ത്യൻ രാഷ്ട്രീയ മുഖ്യധാരയിൽ സ്ഥാനമുറപ്പിച്ചത്. ഹതാശരായ ഒരു ജനതയെ വൈകാരികമായി വലവീശിപ്പിടിക്കുന്ന ഫാസിസത്തിന്റെ സ്ഥിരംപദ്ധതി തന്നെയാണ് ഇവിടെയും സംഘപരിവാർ എടുത്തുപ്രയോഗിച്ചത്. അങ്ങനെ രണ്ടാംതവണയും പാർലമെൻററിൽ ഭൂരിപക്ഷം നേടിക്കൊണ്ട് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ അവർ അധികാരത്തിലേറി. തുടക്കം മുതൽക്കുതന്നെ ഇന്ത്യയെ ഒരു ഹിന്ദുമത രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തിലേക്ക് കരുക്കൾ നീക്കിക്കൊണ്ടിരുന്ന അവർ പാർലമെൻറിന്റെ ഇരുസഭകളിലും ഭൂരിപക്ഷം കൈവന്നപ്പോൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ മർമം പിളർക്കാൻ പോന്ന പൗരത്വനിയമഭേദഗതി പാസാക്കിയെടുക്കുകയാണ് ഉണ്ടായത്. 

മതാധിഷ്ഠിതമായ പൗരത്വനിയമത്തിനെതിരായ സമരം ജാമിയ മിലിയ സർവകലാശാലയിൽ തുടങ്ങി. പെട്ടെന്ന് ഇന്ത്യയിലെ പ്രധാന വിദ്യാലയങ്ങളിലേക്കൊക്കെ വ്യാപിക്കുകയുണ്ടായി. വിദ്യാർഥികളിൽനിന്ന്‌ ഉയർന്നുവരുന്ന ഈ രാഷ്ട്രീയകലാപം കേവലം വിദ്യാർഥികളിൽമാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. ലോകരാഷ്ട്രീയത്തിന്റെ ഗതിതന്നെ മാറ്റിയ 1968-ലെ ഫ്രഞ്ച് നവീന ഇടതുപക്ഷ വിദ്യാർഥികലാപത്തിനുശേഷം വിദ്യാർഥിസമരങ്ങളുടെ രാഷ്ട്രീയസ്വഭാവംതന്നെ പുതിയൊരു തലത്തിലേക്ക് ഉയർന്നിട്ടുണ്ട്. പുതിയകാലത്തെ ഈ വിദ്യാർഥിസമരങ്ങൾ സ്ത്രീകളും തൊഴിലാളികളും കർഷകരും കൈവേലക്കാരും തെണ്ടികളുമെല്ലാം അടങ്ങുന്ന അടിച്ചമർത്തപ്പെടുന്ന ജനവിഭാഗങ്ങളെ ഒന്നാകെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഇന്ന് വിദ്യാർഥിസമരങ്ങൾ ജനസഞ്ചയ ജനാധിപത്യ സമരങ്ങളാണ്. 

പുതിയ രാഷ്ട്രീയ ഗണത്തിലേക്ക്  ജനാധിപത്യം ഉയരുമ്പോൾ

അങ്ങനെ ഇന്ത്യൻ കലാശാലകളിൽ ഉയർന്ന പ്രക്ഷോഭങ്ങൾ അടിച്ചമർത്തപ്പെടാൻ തുടങ്ങിയതോടെ ജനങ്ങൾതന്നെ നേരിട്ട് സമരരംഗത്തേക്ക് ഇറങ്ങുകയാണുണ്ടായത്. ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയാൽ നയിക്കപ്പെടുന്ന അണികൾ എന്ന നിലയിലല്ലാതെ ജനങ്ങൾ സ്വയം രാഷ്ട്രീയപ്രചോദിതരായി സമരസന്നദ്ധരാവുന്നതാണ് ഇവിടെ നാം കാണുന്നത്. ഷഹീൻബാഗിൽ ആയിരക്കണക്കായ സ്ത്രീകൾ വീടുകളിൽനിന്ന് പുറത്തുവന്നു തെരുവിൽ അണിനിരന്നുകൊണ്ടു നടത്തുന്ന രാപകൽ ഉപരോധ സമരവും ഇതിനെ പിന്തുണച്ചുകൊണ്ട് ഈ മാതൃകയിൽ ഇന്ത്യയിൽ എമ്പാടും ഉയർന്നുവന്നുകൊണ്ടിരിക്കുന്ന സ്ത്രീകളുടെ സമരങ്ങളും ഇതിന്റെ ഉജ്ജ്വലമായ ഉദാഹരണങ്ങളാണ്. പഴയ ലിബറൽ രാഷ്ട്രീയത്തിന്റെയും പാർട്ടി രാഷ്ട്രീയത്തിന്റെയും സൈദ്ധാന്തിക പരികല്പനകളിൽ ഒതുങ്ങാത്ത പുതിയൊരു രാഷ്ട്രീയഗണത്തിലേക്ക് ഇന്ത്യൻ ജനാധിപത്യം ഈ സമരങ്ങളിലൂടെ ഉയരുകയാണ് ചെയ്യുന്നതെന്നു പറയാം. അതുകൊണ്ടുതന്നെ ഈ ജനമുന്നേറ്റത്തെ ഏറ്റെടുക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങൾക്ക് അവയുടെ പരമ്പരാഗത ദിശാബോധങ്ങളെ തിരുത്തേണ്ടതായും വരും.
അതിനാൽ, ഈ സമരം ഉപരിപ്ലവമോ താത്‌കാലികമോ ആയ ഒരു പ്രതിഷേധപ്രകടനമല്ല. ഇന്ത്യൻ ജനാധിപത്യം പാർലമെൻററി സ്വരാജിന്റെ ഭരണകൂടപരമായ ചട്ടക്കൂടിലും സ്ഥാപനങ്ങളിലും മാത്രം ഒതുങ്ങുന്ന ഒരു പ്രതിഭാസമല്ലെന്ന് ഈ പുതിയ ഉയിർത്തെഴുന്നേൽപ്പിലൂടെ വ്യക്തമാവുകയാണ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഉള്ളടക്കം, ഓരോ കാലത്തും മുകളിലൂടെ വന്നുപോയ ഭരണകൂടാധിപത്യ(Domination)ങ്ങളെ ചെറുത്തുകൊണ്ട് താഴെത്തട്ടിൽ ജീവിതം നയിച്ച ഇന്ത്യൻസമൂഹങ്ങളുടെ സമാന്തര സ്വാധികാര(Hegemony)ത്തിന്റെ സ്വച്ഛന്ദ ശക്തികളാണ്. ബ്രിട്ടീഷ് കോളനിവാഴ്ച​െയ്ക്കതിരേയും ദേശീയ അടിയന്തരാവസ്ഥയിലെ ജനാധിപത്യ ധ്വംസനത്തിനെതിരേയും ഇന്ത്യൻ ജനസമൂഹങ്ങളുടെ ജീവിതസ്വാധികാരത്തിൻറ ആഴങ്ങളിൽ നിന്നുയർന്നുവന്ന സ്വാതന്ത്ര്യതൃഷ്ണ വീണ്ടും ഒരിക്കൽകൂടി ഉണരുന്നതിന്റെ സൂചനകളാണ് നാം ഇപ്പോൾ ഈ സമരങ്ങളിൽ കാണുന്നത്.

ലോകമെമ്പാടും എന്നപോലെ ആഗോള മുതലാളിത്ത സാമ്രാജ്യത്തിന് സാമന്തവൃത്തി ചെയ്യുന്ന ഒരു യാഥാസ്ഥിതികശക്തിയെയാണ് ഇന്ത്യയിലും ഭരണവർഗങ്ങൾ അധികാരത്തിലേറ്റിയിരിക്കുന്നത്. ഭരണകൂടരാഷ്ട്രീയം അതിന്റെ വികൃതമുഖം പുറത്തെടുക്കുന്ന ഈ രാഷ്ട്രീയശക്തിക്കെതിരേ ആണ് ഇന്ത്യൻ ജനത അവരുടെ സമാന്തര സ്വാധികാരത്തിലേക്ക് ഉണരാൻ തുടങ്ങുന്നത്. ഈ ഉണർവിലൂടെ ഇന്ത്യൻ ജനാധിപത്യത്തിന്റെ യഥാർഥ ഉള്ളടക്കം ജനമുന്നേറ്റങ്ങളാൽ നയിക്കപ്പെടുന്ന സമകാലിക രാഷ്ട്രീയത്തിന്റെ പുതിയൊരു തലത്തിലേക്ക് ഉയരുകയാണ് ചെയ്യുന്നത്.

ഈ പുതിയ രാഷ്ട്രീയത്തിലൂടെ ലിബറൽ ഔപചാരിക പ്രതിനിധാനത്തിന്റെ പരിമിതികളെ ജനങ്ങൾ ഭേദിക്കാൻ ശ്രമിക്കുകയാണ്; അങ്ങനെ അവർ വോട്ടുബാങ്ക് രാഷ്ട്രീയത്തെ മറികടന്ന് മുന്നോട്ടുപോവുകയാണ് ചെയ്യുന്നത്. പരമ്പരാഗത രാഷ്ട്രീയപ്പാർട്ടികളെ പിന്നിലാക്കിക്കൊണ്ട് ദില്ലിയിൽ ആം ആദ്മി പാർട്ടി നേടുന്ന വമ്പിച്ച ജനപിന്തുണയിലും പ്രവർത്തിക്കുന്നത് ഈ 
പുതിയ ബദൽ ജനാധിപത്യരാഷ്ട്രീയമാണ്.  ഭരണകൂടാധികാരത്തിൻറ പഴയ തന്ത്രങ്ങൾക്ക് പിടികൂടാനാവാത്തവിധം ഉയർന്നുവരുന്ന ജനങ്ങളുടെ അധികാരത്തിൻറ മാറിവന്ന രാഷ്ട്രീയത്തിനാണ് ഗാന്ധിയുടെയും അംബേദ്കറുടെയും ഭഗത് സിങ്ങിന്റെയും ചിത്രങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് സമരംചെയ്യുന്ന ഇന്ത്യൻ ജനത ഇപ്പോൾ തുടക്കം കുറിക്കുന്നത്.

Content Highlights:  Citizen politics is in the rise  of democratic awakening