‘ചൈനയിൽ കമ്യൂണിസം പരാജയപ്പെട്ടു. പക്ഷേ, കമ്യൂണിസ്റ്റ് പാർട്ടി ജയിച്ചു.’ എന്നുപറഞ്ഞത് സിങ്കപ്പൂരിന്റെ പ്രധാനമന്ത്രിയായിരുന്ന, അന്തരിച്ച ലി ക്വാൻ യുവാണ്. ആ കമ്യൂണിസ്റ്റ് പാർട്ടിയുടെ ജന്മവാർഷികദിനമാണ്  ജൂലായ് ഒന്ന്. കാലത്തെയും ക്ഷാമത്തെയും കലഹങ്ങളെയും അതിജീവിച്ച് പാർട്ടി സ്വയം പരിവർത്തനപ്പെടുകയും രാജ്യത്തെ പരിഷ്‌കരിക്കുകയുംചെയ്ത ഒരുനൂറ്റാണ്ട്.

1921 ജൂലായിൽ ഷാങ്ഹായിയിലെ പെൺപള്ളിക്കൂടത്തിൽ ചൈനയുടെ വിവിധഭാഗങ്ങളിൽനിന്നുള്ള 12 പേർ ഒരുമിച്ചുകൂടി. അതിലൊരാൾ മാവോ സേതുങ്. കമ്യൂണിസ്റ്റ് ആശയങ്ങളുടെ ആഗോളപ്രചാരണത്തിനായി ലെനിൻ രൂപംകൊടുത്ത കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ രണ്ടു പ്രതിനിധികളുമെത്തി. ചാരവൃത്തിസംശയിച്ച് പിന്നീട് നൻഹു തടാകത്തിലെ ബോട്ടിലേക്കു മാറ്റിയ ആ യോഗത്തിലാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പിറന്നത്. 1941 മുതൽ ജൂലായ് ഒന്നാണ് സി.സി.പി.യുടെ ജന്മദിനം. 1921 ജൂലായ് 23-നാണ് പാർട്ടി രൂപംകൊണ്ടെതെന്ന് കണ്ടെത്തിയെങ്കിലും ജന്മദിനം മാറിയില്ല.

പരാജയപ്പെട്ട മഹാകുതിപ്പിന്റെയും (1950-കൾ) പ്രശ്നഭരിതമായ സാംസ്‌കാരികവിപ്ലവത്തിന്റെയും (1966-76) കാലം പിന്നിട്ട്, ടിയാനൻമെൻ ചത്വരത്തിൽ ജനാധിപത്യമോഹികളെ കുരുതിചെയ്ത് (1989) പാർട്ടിയും രാജ്യവും കുതിച്ചു. 1991-ൽ സോവിയറ്റ് യൂണിയൻ ചിതറിപ്പോയപ്പോൾ അടുത്തത് ചൈനയെന്നു കരുതിയവർക്കു തെറ്റി. ഏതെങ്കിലും ജനാധിപത്യരാജ്യത്തിന് ചൈനയോടു മത്സരിക്കാനാവുമോ എന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ(ജൂൺ 13, ജി7 ഉച്ചകോടി)പോലും സംശയിക്കുന്ന തരത്തിലേക്കു വളർന്നു. ലോകത്തെ ഏറ്റവും വിജയിച്ച സമഗ്രാധിപത്യഭരണകൂടം. 72 കൊല്ലമായി പാർട്ടി ചൈന ഭരിക്കുന്നു.

മാറ്റത്തിന്റെ കാലം
‘അപമാനത്തിന്റെ നൂറ്റാണ്ടെ’ന്ന് പിൽക്കാലം വിശേഷിപ്പിക്കപ്പെട്ട 1839 മുതൽ 1949 വരെയുള്ള കാലത്താണ് പാർട്ടി പിറന്നതും വളർന്നതും. ഒടുവിൽ ചിയാങ് കൈഷെക്കിന്റെ ദേശീയവാദികളെയും ജാപ്പനീസ് അധിനിവേശക്കാരെയും തുരത്തി 1949-ൽ ചൈനയുടെ ഭരണം പിടിച്ചു.

പക്ഷേ, മാവോയുടെ ‘മഹാകുതിപ്പും’, ‘സാംസ്‌കാരിക വിപ്ലവവും’ ചൈനയിലുണ്ടാക്കിയത് മാനുഷികദുരിതമാണ്. വ്യാവസായികശക്തിയാകാനായി കർഷകരെ വയലിൽനിന്നു കയറ്റി. കാർഷികോത്പാദനം കുറഞ്ഞു. മൂന്നരനാലുകോടിപ്പേർ ക്ഷാമത്താൽ മരിച്ചു. പാർട്ടിയുടെ ആധിപത്യമുറപ്പിക്കാനും സമൂഹത്തിലെ ‘അശുദ്ധരെ’ നീക്കാനും നടത്തിയ ‘സാംസ്‌കാരിക വിപ്ലവ’വും ചരിത്രത്തിലെ കളങ്കമായി. 15 ലക്ഷത്തോളം ജീവനുകളാണ് ആ വിപ്ലവത്തിൽ പൊലിഞ്ഞത്.

1976-ൽ മാവോ വിടപറയുമ്പോൾ ചൈനയുടെ ആളോഹരി ആഭ്യന്തര ഉത്പാദനം 165.41 ഡോളറായിരുന്നു. ഇന്ന് ലോകത്തെ രണ്ടാമത്തെ സാമ്പത്തികശക്തി. മാവോയ്ക്കു പിന്നാലെവന്ന ഡെങ് സിയാവോ പിങ്ങിന്റെ പ്രായോഗികതാവാദമാണ് ഇതിന് അടിത്തറയിട്ടത്. എന്തിനെ തുടച്ചുനീക്കണമെന്ന് മാർക്‌സിസം ലക്ഷ്യമിട്ടോ അതിനെപ്പുണർന്നു, ചൈനീസ് കമ്യൂണിസം. ലാഭക്കൊതിയുള്ള സ്വകാര്യമേഖലയെ പാർട്ടി ആശ്ലേഷിച്ചു. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറികളും ഭവനങ്ങളും സ്വകാര്യവത്കരിച്ചു. ലക്ഷക്കണക്കിനാളുൾക്ക് തൊഴിൽപോയി. പക്ഷേ, ചൈന വളരാൻ തുടങ്ങി.

‘ഷിപാർട്ടി’

എല്ലാം ​ കൈപ്പിടിയിലൊതുക്കി ഷി ജിൻപിങ്

2012-ൽ ഷി ജിൻപിങ് ജനറൽ സെക്രട്ടറിയായതോടെ പാർട്ടി പിന്നെയും മാറി. പ്രത്യയശാസ്ത്രപരമായി കൂടുതൽ കർക്കശമായി. എതിർപ്പിന്റെ ചെറുശബ്ദംപോലും ഇല്ലാതാക്കി. പ്രസിഡന്റിന്റെ രണ്ടുവട്ട കാലപരിധി ഷിയെ ആജീവനാന്തം അധികാരത്തിലിരുത്താനായി 2018-ൽ പാർട്ടി എടുത്തുകളഞ്ഞു. ‘ഷിയുടെ ചിന്ത’ പാർട്ടിയംഗങ്ങളുടെ ആശയസംഹിതയായി.

ചൈന കൂടുതൽ താൻപോരിമയും വിപുലീകരണ മനഃസ്ഥിതിയും കാട്ടി. ഇന്ത്യയിലേക്കും ഭൂട്ടാനിലേക്കും കടന്നു കയറാൻ ശ്രമിച്ചു. തയ്‌വാനിലും ഹോങ്കോങ്ങിലും ടിബറ്റിലും ആധിപത്യസ്വഭാവം കാട്ടി. തെക്കും കിഴക്കും ചൈനാക്കടലിൽ അധീശ്വത്വസ്ഥാപനത്തിനു ശ്രമിക്കുന്നു. ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് എന്ന അടിസ്ഥാനസൗകര്യ വികസന പദ്ധതിയിലൂടെ ലോകമെങ്ങും പടരാൻനോക്കുന്നു. ഇലക്‌ട്രോണിക് ഉത്പന്നങ്ങളുടെയും നിർമിതബുദ്ധിയുടെയും മറ്റു ഭാവി സാങ്കേതികവിദ്യകളുടെയും നേതാക്കളിൽ ഒരാളായി. ചൊവ്വയിലേക്ക് റോവർ അയച്ചും ബഹിരാകാശത്ത് സ്വന്തം നിലയം സ്ഥാപിച്ചും അവിടെയും കരുത്തുതെളിയിച്ചു. ഈ കുതിപ്പിനിടയിലും ന്യൂനപക്ഷമായ ഉയിഗുർ മുസ്‌ലിങ്ങൾക്കുനേരെയുള്ള പീഡനം ഷിയുടെ മേൽനോട്ടത്തിൽ നടക്കുന്നു. അഴിമതിനിർമാർജനത്തിന്റെപേരിൽ രാഷ്ട്രീയ എതിരാളികളെ അഴിക്കുള്ളിലാക്കുന്നു. കൊറോണ വൈറസിന്റെ പേരിൽ പഴികേൾക്കുന്നു.

മാവോയുമായുള്ള താരതമ്യം ഇഷ്ടപ്പെടുമ്പോഴും അദ്ദേഹത്തിന്റെ പിൻഗാമികളുടെ പ്രായോഗികനയങ്ങളുടെ വഴിയെയാണ് ഷിയുടെ യാത്ര. അതുകൊണ്ടാണ്, നൂറാം വാർഷികത്തിനിറക്കിയ ഡോക്യുമെന്ററിയിൽ 20-ാം നൂറ്റാണ്ടിലെ പ്രശ്നഭരിതമായ കാര്യങ്ങൾ ഇടംപിടിക്കാതെപോയത്. ‘ചൈനയെപ്പറ്റി കൂടുതൽ നല്ല കഥകൾ പ്രചരിപ്പിക്കാൻ’ പാർട്ടിയംഗങ്ങളോട് അദ്ദേഹം നിർദേശിക്കുന്നത്. 9.2 കോടി അംഗങ്ങളാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളത്. ഷി എന്ന ‘കേന്ദ്ര’വും 25 അംഗ പൊളിറ്റ് ബ്യൂറോയും ഏഴംഗ സ്റ്റാൻഡിങ് കമ്മിറ്റിയുമാണ് പാർട്ടിയുടെ എല്ലാം.  

രണ്ടുകൊല്ലംകൂടി കഴിയുമ്പോൾ ലെനിനും പിൻഗാമികളും സോവിയറ്റ് യൂണിയൻ ഭരിച്ചത്രയും കാലം തികയ്ക്കും ചൈനയിലെ കമ്യൂണിസ്റ്റ് ഭരണവും. കമ്യൂണിസ്റ്റ് ഭരണത്തിന്റെ 74-ാം കൊല്ലം ചിതറിപ്പോയ സോവിയറ്റ് യൂണിയന്റെ സ്മരണ ഷിക്കുണ്ട്. പാശ്ചാത്യ ആശയങ്ങളും അഴിമതിയും വിഭാഗീയതയും അവിശ്വസ്തതയും അപചയങ്ങളായിക്കണ്ട് പാർട്ടിയെ ‘നേർവഴി’ക്കു നടത്താൻ യുവാക്കളുടെ സാമൂഹികമാധ്യമ ഉപയോഗമുൾപ്പെടെ നിരീക്ഷിക്കുകയാണ് ഷി. ജനാധിപത്യ പ്രക്ഷോഭങ്ങളെ നിർദയം അമർച്ചചെയ്യുന്നു. ഒന്നാമത്തെ സാമ്പത്തികശക്തിയായ അമേരിക്കയെ 2030-നുമുമ്പ് കടത്തിവെട്ടാനായുള്ള ചൈനയുടെ കുതിപ്പിന്റെ വഴിയിൽ ഷിയെ ആശങ്കപ്പെടുത്തുന്നത് ഇതെല്ലാമാണ്.