സുപ്രീംകോടതിയിലെ ഇതിനുമുമ്പത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെക്കുറിച്ച് പ്രതിപാദിക്കാതെ ഇപ്പോൾ പടിയിറങ്ങുന്ന ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെക്കുറിച്ച് പറയാനാവില്ല. അതിന് നേരിട്ടും അല്ലാത്തതുമായ കാരണങ്ങളേറെയാണ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ കോടതി നടത്തിപ്പിൽ ശരികേടുണ്ടെന്നാരോപിച്ച് 2018 ജനുവരിയിൽ പത്രസമ്മേളനം നടത്തിയ ജസ്റ്റിസ് ഗൊഗോയിയാണ് എട്ടു മാസത്തിനുശേഷം അതേ സ്ഥാനത്തെത്തിയത് എന്ന ഒറ്റക്കാരണം തന്നെയാണ് ഇരുവരുടെയും താരതമ്യം അനിവാര്യമാക്കുന്നതും.

വ്യക്തിസ്വാതന്ത്ര്യത്തിന് ഊന്നൽ നൽകിയ ഒരുപിടി ചരിത്രവിധികളായിരുന്നു ദീപക് മിശ്രയുടെ മുഖ്യ സംഭാവനയെങ്കിൽ ഇംപീച്ച്‌മെന്റിന്റെ വക്കോളമെത്തിയ ആക്ഷേപങ്ങളും നേരിട്ടാണ് അദ്ദേഹം പടിയിറങ്ങിയത്. ആധാർ, ശബരിമല, ഹാദിയ, സ്വവർഗരതി, വിവാഹേതരബന്ധം, ആവിഷ്കാരസ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ച ഒട്ടേറെ ഉത്തരവുകൾ എന്നിങ്ങനെ കാലം ഓർക്കുന്ന ചരിത്രവിധികളായിരുന്നു ജസ്റ്റിസ് മിശ്രയുടെ സംഭാവന.

ഒരിക്കലും മായാത്ത ചെറുപുഞ്ചിരിയോടെ, അതീവക്ഷമയോടെ, സമയമെടുത്ത് കേസുകൾ കേട്ടിരുന്ന ദീപക് മിശ്രയ്ക്ക് ശേഷം വന്ന ജസ്റ്റിസ് ഗൊഗോയിയാവട്ടെ ഇക്കാര്യങ്ങളിൽ നേർവിപരീതമായിരുന്നുവെന്ന് പറയാം. ഒരിക്കലും ഗൗരവം മായാത്ത മുഖവുമായി കേസുകൾ അതിവേഗം കേട്ട് തീർപ്പാക്കുന്നതായിരുന്നു ഗൊഗോയി സ്റ്റൈൽ. ഇരുവരുടെയും ഈ പ്രത്യേകതകളെ അംഗീകരിക്കുന്നവരും വിമർശിക്കുന്നവരുമേറെ.

ജനങ്ങളുടെ ജീവിതപ്രശ്നങ്ങളുമായി ബന്ധപ്പെട്ട പതിനായിരക്കണക്കിന് കേസുകൾ കെട്ടിക്കിടക്കുന്ന സുപ്രീംകോടതിയിൽ ജസ്റ്റിസ് മിശ്രയുടെ ക്ഷമയും സഹനശക്തിയും വ്യവഹാരങ്ങൾ വീണ്ടും നീണ്ടുപോകാൻ കാരണമാക്കിയെന്ന് കരുതുന്നവരുണ്ട്. അതേസമയം, ജസ്റ്റിസ് ഗൊഗോയിയുടെ ‘അതിവേഗം ബഹുദൂരം’ ശൈലിയിൽ പ്രധാനവിഷയങ്ങൾക്ക് ശ്രദ്ധകിട്ടാതെ പോകുന്നതായും അഭിഭാഷകർ അടക്കംപറഞ്ഞു.

വ്യക്തിസ്വാതന്ത്ര്യം, സ്വകാര്യത, ആവിഷ്കാരം എന്നിവ ഉയർത്തിപ്പിടിക്കുന്ന ചരിത്രവിധികളാണ് ജസ്റ്റിസ് മിശ്രയുടെ സംഭാവനയെങ്കിൽ സുപ്രീംകോടതിയുടെ കേസ് നടത്തിപ്പിൽ സുപ്രധാന പങ്കുവഹിക്കുന്ന രജിസ്ട്രിയിലെ ക്രമക്കേടുകളിൽ നടത്തിയ സർജിക്കൽ സ്‌ട്രൈക്കാണ് ജസ്റ്റിസ് ഗൊഗോയ് ആദ്യം ശ്രദ്ധവെച്ചത്.

രജിസ്ട്രിയിലെ ‘സർജിക്കൽ സ്‌ട്രൈക്ക്’

ranjan gogoi
കാരിക്കേച്ചര്‍: രജീന്ദ്രകുമാര്‍

സുപ്രീംകോടതിയിൽ ഒരു ഹർജി ഫയൽ ചെയ്താൽ അത് ബെഞ്ചിലെത്തണമെങ്കിൽ രജിസ്ട്രി കൂടി കനിയണമെന്നതായിരുന്നു മുമ്പത്തെ അവസ്ഥയെന്ന് അഭിഭാഷകർ പറയുന്നു. എന്നാൽ, ജസ്റ്റിസ് ഗൊഗോയ് അതിന് മാറ്റം വരുത്തി. അഭിഭാഷകർ പ്രത്യേകം ശ്രദ്ധയിൽപ്പെടുത്തിയില്ലെങ്കിലും (മെൻഷനിങ്) ഹർജികൾ ഒരാഴ്ചയ്ക്കകം സ്വാഭാവികമായി ലിസ്റ്റ് ചെയ്തുവരുന്ന സംവിധാനത്തിന് തുടക്കംകുറിച്ചു. ദക്ഷിണേന്ത്യയുൾപ്പെടെ വിദൂരസ്ഥലങ്ങളിൽനിന്ന് ഏറെ സമയവും പണവും ചെലവാക്കി ഡൽഹിയിലെ സുപ്രീംകോടതിയിലെത്തുന്ന പരാതിക്കാർക്ക് ആശ്വാസമാകുന്ന നടപടിയായിരുന്നു അത്. വലിയ ഫീസ് വാങ്ങുന്ന അഭിഭാഷകരെക്കൊണ്ട് മെൻഷനിങ് നടത്തിക്കാതെതന്നെ അവരുടെ കേസുകൾ ബെഞ്ചിന് മുന്നിലെത്തി.

ഉത്തരവ് തിരുത്തിയവർക്കെതിരേ ഉത്തമ നടപടി കോടതിയുത്തരവെഴുതിയപ്പോൾ ഒരു അല്പവിരാമം അല്പം മാറിപ്പോയത് വഴി പ്രതിയെ തൂക്കിക്കൊല്ലാനുള്ള ഉത്തരവായി മാറിയെന്നൊരു കഥയുണ്ട്. ‘ഹാങ് ഹിം നോട്ട്, ലെറ്റ് ഹിം ഗോ’ എന്ന കോടതിയുത്തരവിൽ അല്പവിരാമം ഒരുവാക്ക്‌ പിന്നിലേക്ക് മാറിയപ്പോൾ പ്രതിക്ക് ജീവൻ നഷ്ടമായതാണ് കഥയിൽ സംഭവിച്ചതെങ്കിൽ സുപ്രീംകോടതിയിലുണ്ടായത് മറ്റൊന്നാണ്. റിലയൻസ് ടെലികോം മേധാവി അനിൽ അംബാനിക്ക് അനുകൂലമാകുന്ന തരത്തിൽ സുപ്രീംകോടതിയുടെ ഉത്തരവിൽ മാറ്റംവരുത്തിയത് ചീഫ് ജസ്റ്റിസ് ഗൊഗോയ് കൈയോടെ പിടികൂടി. അനിൽ അംബാനി കോടതിയിൽ നേരിട്ട് ഹാജരാകണമെന്നായിരുന്നു യഥാർഥ ഉത്തരവെങ്കിൽ അത് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചപ്പോൾ ഹാജരാകേണ്ടതില്ല എന്നാക്കിമാറ്റി.

സംഭവിച്ചത് കേവലം ടൈപ്പിങ് പിഴവല്ലെന്ന് ബോധ്യപ്പെട്ടതോടെ അതിന് ഉത്തരവാദികളായ രണ്ട് കോർട്ട് മാസ്റ്റർമാരെ ചീഫ് ജസ്റ്റിസ് ഗൊഗോയ് പുറത്താക്കി. ഉന്നത ജുഡീഷ്യറിയുടെ ഉത്തരവുകളെപ്പോലും അട്ടിമറിക്കാമെന്ന ധാരണയ്ക്കാണ് ചീഫ് ജസ്റ്റിസ് തിരിച്ചടി നൽകിയത്.

മാമൂലുകൾ മാറ്റിനിർത്തി വേറിട്ട വിധികൾ

നീതിനിർവഹണരംഗത്തെ അടിസ്ഥാന തത്ത്വങ്ങൾ പലതും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പാലിച്ചില്ലെന്ന് നിയമരംഗത്തുള്ളവർ തന്നെ ആരോപിക്കുന്ന സാഹചര്യങ്ങളുണ്ടായി. ആരും സ്വന്തം കേസിന്റെ ജഡ്ജിയാകരുത് എന്നാണ് പറയാറ്. ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരേ ജസ്റ്റിസ് ഗൊഗോയ് ഉൾപ്പെടെ നാല് മുതിർന്ന ജഡ്ജിമാർ പത്രസമ്മേളനം നടത്തിയതിനുപിന്നിലും അതായിരുന്നു കാരണം. തനിക്കെതിരേ പരോക്ഷമായി ആരോപണം വരുന്ന മെഡിക്കൽ കോഴക്കേസ്, തനിക്ക് താത്പര്യമുള്ള ബെഞ്ചിന് ജസ്റ്റിസ് ദീപക് മിശ്ര വിട്ടുവെന്നതായിരുന്നു പ്രശ്നം. ദീപക് മിശ്രയെ ഇംപീച്ച് ചെയ്യുന്നതിലേക്ക് പാർലമെന്റിൽ വരെ ചർച്ചയെത്തുകയും ചെയ്തു.
എന്നാൽ, രഞ്ജൻ ഗൊഗോയ് ചീഫ് ജസ്റ്റിസായപ്പോൾ ഒരുപടികൂടി കടന്നു. ദീപക് മിശ്രയ്ക്കെതിരേ പരോക്ഷമായ ആരോപണമായിരുന്നുവെങ്കിൽ, തനിക്കെതിരേ നേരിട്ട് ലൈംഗികാരോപണം വന്ന വിഷയം ജസ്റ്റിസ് ഗൊഗോയ് സ്വയം കൈകാര്യം ചെയ്തു. അവധിദിവസം സ്വന്തമായി ബെഞ്ച് വിളിച്ചുചേർത്ത് അതിലിരുന്ന് ഉത്തരവിറക്കി. ആരോപണമുന്നയിച്ച കോടതിജീവനക്കാരിയെക്കുറിച്ച് പരാമർശങ്ങൾ നടത്തിയതും നിയമരംഗത്ത് ചർച്ചയായി. സ്വന്തം കേസിന്റെ ജഡ്ജിയായി ഗൊഗോയ് മാറിയെന്നാണ് ആക്ഷേപം.

ഒരു കോടതി അതിന്റെ മുന്നിലില്ലാത്ത വിഷയത്തിൽ നടപടിയെടുക്കരുത് എന്ന തത്ത്വവും ജസ്റ്റിസ് ഗൊഗോയ് പാലിച്ചില്ലെന്ന് ആരോപണമുയർന്നു. അയോധ്യാകേസ് വാദത്തിനിടെ, പള്ളിപൊളിച്ചതുൾപ്പെടെ വിവിധ വിഷയങ്ങൾ അഭിഭാഷകർ പറഞ്ഞുതുടങ്ങുമ്പോൾ ചീഫ് ജസ്റ്റിസ് വിലക്കിയിരുന്നു. ഭൂമിയുടെ അവകാശം ആർക്ക് എന്നത് മാത്രമാണ് ഇവിടെ വിഷയമെന്നും മറ്റൊന്നും പറയേണ്ടതില്ലെന്നും മുന്നറിയിപ്പ് നൽകി. ബാബറി മസ്ജിദ് പൊളിച്ച കേസിലെ വിചാരണ മറ്റൊരു കോടതിയിൽ നടന്നുവരുന്നതിനാലും സുപ്രീംകോടതിയിൽ നടക്കുന്നത് സ്ഥലത്തർക്കം മാത്രമായതിനാലുമാണ് അഭിഭാഷകരോട് ഇങ്ങനെ പറഞ്ഞത്.
എന്നാൽ, ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച്‌ ഏകകണ്ഠമായി വിധിയെഴുതിയപ്പോൾ അത് പാലിക്കപ്പെട്ടോ? ഭൂമിതർക്കമല്ലാത്ത പല വിഷയങ്ങളിലും വിധിയിൽ വ്യക്തമായ പരാമർശങ്ങളുണ്ടായി. കീഴ്‌ക്കോടതിയിലെ വിചാരണയെ ഇത് ബാധിച്ചേക്കാമെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.
കോടതിവിധിയിൽ അതെഴുതിയ ജഡ്ജിയുടെ പേര് വെക്കാറുണ്ട്. എന്നാൽ, അയോധ്യാകേസിൽ അതുമുണ്ടായില്ല. പ്രധാന വിധിക്ക് പുറമേ മറ്റൊരു ജഡ്ജിയുടെ അനുബന്ധവും ഉണ്ടായിരുന്നു. അതിനും പേരില്ല. ജസ്റ്റിസ് ഗൊഗോയ് തെറ്റിച്ച മറ്റൊരു കീഴ്‌വഴക്കം.

കേരളം കാത്തിരുന്ന ശബരിമല വിധിയും നിയമരംഗത്തെ അദ്‌ഭുതപ്പെടുത്തുന്നതായിരുന്നു. തങ്ങളുടെ മുന്നിലില്ലാത്ത മൂന്ന് കേസുകൾ പരാമർശിക്കുകയും അവയിലെ വിഷയങ്ങൾ കൂടി വിശാല ബെഞ്ചിന് പോകേണ്ടതാണെന്ന് ഉത്തരവിൽ പറയുകയും ചെയ്തു. മറ്റു കേസുകളുടെ വിഷയം ശബരിമല ബെഞ്ച് നോക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് നരിമാന്റെ വിയോജന വിധി തുടങ്ങുതെന്നതും ശ്രദ്ധേയമായി.

കേരളം മറക്കാത്ത സൗമ്യ കേസ്

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ ഇനിയുള്ള നാളുകളിൽ കേരളം ഓർക്കുന്നത് ശബരിമല പുനഃപരിശോധനാ വിധിയുടെ പേരിലാകാം. എന്നാൽ, അതിനുമുമ്പ്‌ സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചത് ജസ്റ്റിസ് ഗൊഗോയിയുടെ ബെഞ്ചായിരുന്നു.

അയോധ്യ, ശബരിമല, റഫാൽ

നിയമചരിത്രത്തിൽ ജസ്റ്റിസ് ഗൊഗോയിയുടെ പേര് രേഖപ്പെടുത്തുന്നത് അയോധ്യയുടെ പേരിലാകും. വിധിക്കെതിരേ എന്തെല്ലാം വിമർശനമുയർന്നാലും നൂറ്റാണ്ടിലേറെ നീണ്ട ഭൂമിതർക്കത്തിന് പരിഹാരം കാണാനായതിൽ ജസ്റ്റിസ് ഗൊഗോയിക്ക് ആശ്വസിക്കാം. കേന്ദ്രസർക്കാരിനെതിരേ ആരോപണങ്ങളുയർന്ന റഫാൽ ഇടപാട് ശരിവെച്ചതും അതിനെതിരായ പുനഃപരിശോധനാ ഹർജികൾ ഏകകണ്ഠവിധിയിൽ തള്ളിയതും ദേശീയരാഷ്ട്രീയം ചർച്ചചെയ്തു.
പതിറ്റാണ്ടുകളായി തുടരുന്ന ശബരിമല കേസിനെ പുതിയൊരു ദിശയിലേക്ക് തിരിച്ചുവിട്ടാണ് ജസ്റ്റിസ് ഗൊഗോയ് പടിയിറങ്ങുന്നത്. വിശ്വാസവുമായി ബന്ധപ്പെട്ട പൊതുവിഷയങ്ങൾ വിശാല ബെഞ്ച് പരിശോധിക്കണമെന്നാണ് ജസ്റ്റിസ് ഗൊഗോയ് താത്പര്യപ്പെട്ടത്. ഒട്ടേറെ വിശ്വാസങ്ങളും ആചാരങ്ങളും പിന്തുടരുന്ന രാജ്യത്ത് ഭാവിയിൽ ഉയർന്നേക്കാവുന്ന ഒട്ടേറെ പ്രശ്നങ്ങൾക്ക് നിയമപരമായ വ്യക്തത വരുത്താനാകാം ജസ്റ്റിസ് ഗൊഗോയ് ആഗ്രഹിച്ചത്.
പടിയിറങ്ങുംമുമ്പ്‌ സുപ്രീംകോടതിയെ സംബന്ധിച്ച് സുപ്രധാനമായൊരു വിധികൂടി ജസ്റ്റിസ് ഗൊഗോയിയിൽ നിന്നുണ്ടായി. ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന് കീഴിലാക്കിയ ഹൈക്കോടതി നടപടി ശരിവെക്കുന്നതായിരുന്നു തീരുമാനം.മറ്റെല്ലാ മേഖലയിലും സുതാര്യതയ്ക്കായി മുറവിളി കൂട്ടുന്ന ജുഡീഷ്യറിയുടെ പരമോന്നത കേന്ദ്രംകൂടി വിവരാവകാശത്തിന് കീഴിലാക്കിയത് തീർച്ചയായും നാഴികക്കല്ലുതന്നെ.