സജി ചെറിയാൻ
(ഭൂരിപക്ഷം-20956)
കൊഴുവല്ലൂർ തെങ്ങുംതറയിൽ പരേതനായ ടി.ടി. ചെറിയാന്റെയും ശോശാമ്മയുടെയും മകൻ. ജനനം 1966 -ൽ. ഹൈസ്കൂളിൽ പഠിക്കുമ്പോൾ എസ്.എഫ്.ഐ.യിൽ ചേർന്നു. മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ ബിരുദം. തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് നിയമബിരുദം.1980-ൽ പാർട്ടി അംഗത്വം ലഭിച്ചു. ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ്, സി.പി.എം. ഏരിയാ സെക്രട്ടറി, സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ്, സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം, ആക്ടിങ് സെക്രട്ടറി, സ്‌പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.സി.പി.എം. ജില്ലാ സെക്രട്ടറി, സംസ്ഥാന സമിതി അംഗം, കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.ഭാര്യ: ക്രിസ്റ്റീന. മക്കൾ: ഡോ. നിത്യ, ഡോ. ദൃശ്യ, ശ്രവ്യ (മെഡിക്കൽ വിദ്യാർഥിനി).
ബി.ജെ.പി.ക്ക് തിരിച്ചടി
ആലപ്പുഴ: ചെങ്ങന്നൂരിൽ ഉപതിരഞ്ഞെടുപ്പിന് പരുവപ്പെടുംമുമ്പേ സർവ സന്നാഹങ്ങളുമായിട്ടായിരുന്നു സംഘപരിവാറിന്റെ വരവ്. മുമ്പൊന്നും കേട്ടും കണ്ടും പരിചയമില്ലാത്ത ഹൈടെക് പ്രചാരണ രീതികളും സാമഗ്രികളുമായാണ് വന്നിറങ്ങിയത്. പ്രയോഗിക്കാൻ നല്ല ആൾബലവും. പക്ഷേ, ഒന്നും ചെങ്ങന്നൂരിൽ ഏശിയില്ല. ദേശീയ നേതൃത്വത്തിനെതിരേയാണ് ബി.ജെ.പി. സംസ്ഥാന നേതാക്കളുടെ ഇപ്പോഴത്തെ രോഷം. വളരെ ആസൂത്രിതമായി നടത്തിയ പ്രചാരണമാകെ പാഴായതിന്റെ നിരാശയിലാണവർ. പ്രചാരണവും വോട്ടെടുപ്പുമെല്ലാം കഴിഞ്ഞപ്പോൾ പരിവാർ വിലയിരുത്തിയത് 45,000 വോട്ടു മുതൽ 52000 വോട്ടു വരെ ശ്രീധരൻ പിള്ള പിടിക്കുമെന്നാണ്. ഫലം വന്നപ്പോൾ 45,000-ലും 10,000 വോട്ടു കുറഞ്ഞു.
പാർലമെന്റു തിരഞ്ഞെടുപ്പിന്റെ ട്രയൽ എന്നു വിശേഷിപ്പിച്ച ഈ തിരഞ്ഞെടുപ്പിനെ വേണ്ടവിധം വേണ്ടപ്പെട്ടവർ കണ്ടില്ലെന്ന് പരിതപിക്കുകയാണ് പ്രാദേശിക നേതാക്കൾ. തുടക്കം മുതൽ പരാതിയുമായിനിന്ന എൻ.ഡി.എ. ഘടകകക്ഷി ബി.ഡി.ജെ.എസിന്റെ ആവശ്യം തൃണവൽഗണിച്ചതിനോട് സ്ഥാനാർഥി പി.എസ്. ശ്രീധരൻ പിള്ള മുതൽ എല്ലാവർക്കും എതിർപ്പുണ്ടായിരുന്നു. തിരഞ്ഞെടുപ്പിനുമുമ്പ് എല്ലാം പരിഹരിക്കുമെന്ന് ബി.ജെ.പി. സംസ്ഥാന നേതാക്കളെ ദേശീയ നേതൃത്വം വിശ്വസിപ്പിച്ചിരുന്നു. പക്ഷേ, ഒന്നും ചെയ്തില്ല. ജയം ആഗ്രഹിച്ചിരുന്നുവെങ്കിൽ ഇതു ചെയ്യുമായിരുന്നു.
മറ്റൊന്ന് കുമ്മനത്തെ അസമയത്ത് ഗവർണറാക്കിയത്. ഇതും തെറ്റായ പ്രചാരണങ്ങൾക്ക് എതിർപക്ഷത്തിന് അവസരം നൽകി. പ്രചാരണം മുന്നേറുന്നതിനിടയിൽ പ്രവർത്തകരുടെ ആത്മ വീര്യം ചോരാനുമിടയാക്കി.
പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങൾ പരിഹരിക്കാൻ നേതൃത്വം കാട്ടിയ വൈമനസ്യമാണ് മറ്റൊന്ന്. തിരഞ്ഞെടുപ്പിന് കേളി കൊട്ടുയർന്നപ്പോൾ പാർട്ടി സംസ്ഥാന സമിതിയിലെ ഒരംഗവും ജില്ലാ സെക്രട്ടറിയും എതിർ പാനലുകളിലായി ആറന്മുള പള്ളിയോട സേവാ സംഘത്തിലേക്ക് മത്സരിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ മറ്റൊന്ന്. അതു രമ്യമായി പരിഹരിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടു.
മാണിക്ക് ക്ഷീണം
ആലപ്പുഴ: ചെങ്ങന്നൂർ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) പിന്തുണ ഏറെ ചർച്ചയായിരുന്നു. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പുവിജയം മാണി ഗ്രൂപ്പിന്റെ പിന്തുണ വിലയിരുത്താനുള്ള അവസരം കൂടിയായി. മാണിയെ എൽ.ഡി.എഫിൽ ചേർക്കാനുള്ള നീക്കത്തെ തുടക്കംമുതൽ എതിർത്ത സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, തന്റെ നിലപാടിന്റെ വിജയംകൂടിയാണിതെന്ന് ഓർമിപ്പിച്ച് രംഗത്തുവന്നിട്ടുണ്ട്.
മാണിയുടെ പിന്തുണയ്ക്കായി സി.പി.എം. നീക്കങ്ങൾ നടത്തിയപ്പോഴാണ് മാണിയുടെ സഹായമില്ലെങ്കിലും എൽ.ഡി.എഫ്. വിജയിക്കുമെന്ന് പറഞ്ഞ് കാനം രംഗത്തെത്തിയത്. കാനത്തിന്റെ പറച്ചിലുകളെ നിശ്ശബ്ദമാക്കാൻ സി.പി.എം. പലശ്രമങ്ങളും നടത്തി. ഇതെല്ലാം ചെങ്ങന്നൂർ തിരഞ്ഞെടുപ്പിൽ മാണിക്ക് വലിയ പ്രാമുഖ്യം ഉണ്ടാക്കിക്കൊടുത്തു. മാണിയില്ലെങ്കിലും ജയിക്കുമെന്ന് വി.എസ്. അച്യുതാനന്ദൻ പറഞ്ഞെങ്കിലും ഇതും സി.പി.എം. നേതാക്കൾ ഇടപെട്ട് തിരുത്തിച്ചു. സി.പി.എം. ഇങ്ങനെ മാണിയോട് മൃദുസമീപനം സ്വീകരിച്ചിരിക്കുമ്പോഴാണ് എല്ലാവരെയും ഞെട്ടിച്ച് മാണി യു.ഡി.എഫിന് പരസ്യപിന്തുണ പ്രഖ്യാപിച്ച് രംഗത്തിറങ്ങിയത്. മാണിയുടെ വരവ് യു.ഡി.എഫ്. ആഘോഷമാക്കി.
പാർട്ടിക്കുള്ള ഒമ്പതിനായിരത്തോളം വോട്ടും ക്രൈസ്തവ വിഭാഗങ്ങളുടെ പിന്തുണയും യു.ഡി.എഫിന് ലഭിക്കും എന്ന പ്രചാരണമുണ്ടായി. ഇതിനെല്ലാമുപരി ഒരു മുന്നണിയുടെയും സഹായമില്ലാതെ ചെങ്ങന്നൂർ മണ്ഡലത്തിൽ കേരള കോൺഗ്രസ് ഒറ്റയ്ക്ക് ജയിച്ചതാണെന്ന് മാണി വീമ്പുപറഞ്ഞ് പാർട്ടിയുടെ വലുപ്പം കൂട്ടുകയുംചെയ്തു. എന്നാൽ ഇതെല്ലാം ഊതിവീർപ്പിച്ചതായിരുന്നെന്ന് ഫലം തെളിയിച്ചിരിക്കുകയാണ്.
മാണിക്ക് പ്രസക്തിയില്ല -കാനം
മാണി ഗ്രൂപ്പിന്റെ സഹായമില്ലാതെ ജയിക്കാൻ കഴിയുമെന്ന് ചെങ്ങന്നൂരിലെ ഫലം തെളിയിക്കുന്നതായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
അഴിമതിക്കും വർഗീയതയ്ക്കുമെതിരേ ഇടതുമുന്നണി നടത്തുന്ന രാഷ്ട്രീയ പോരാട്ടത്തിനുള്ള അംഗീകാരമാണിത്. ശക്തമായ ത്രികോണമത്സരത്തിൽ ജയിക്കുമെന്ന ബി.ജെ.പി.യുടെ അവകാശവാദം തകർന്നു. ഇത് എൽ.ഡി.എഫ്. വികസനപ്രവർത്തനം നടത്തുന്നതിനുള്ള അംഗീകാരമാണ്. ചെങ്ങന്നൂരിലെ ജനങ്ങൾ എൽ.ഡി.എഫിൽ അർപ്പിച്ച വിശ്വാസത്തിനനുസരിച്ച് മുന്നോട്ടു പോകേണ്ടതുണ്ടെന്നും കാനം പറഞ്ഞു.
സി.പി.എമ്മിന്‌ഊർജം
അനിഷ് ജേക്കബ്
തിരുവനന്തപുരം: സാഹചര്യങ്ങളെല്ലാം എതിരായിരുന്നു. പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും കടുത്ത വിമർശനം, തുടർച്ചയായി ഉണ്ടാകുന്ന പോലീസ് അതിക്രമങ്ങൾ, ജിഷ്ണു പ്രണോയ് മുതൽ ശ്രീജിത്ത് വരെയുള്ളവരുടെ മരണം, വിലക്കയറ്റം, ഉദാര മദ്യനയം, മുഖ്യമന്ത്രിയിൽ ആരോപിക്കപ്പെടുന്ന ധാർഷ്ട്യം, മൂന്ന് മന്ത്രിമാരുടെ രാജി, സി.പി.ഐ.യുടെ പ്രതിപക്ഷ സ്വരം, ഒടുവിൽ കെവിന്റെ മരണത്തിനിടയാക്കിയ പോലീസിന്റെ ഉദാസീനത. ഈ എതിർപ്പുകളെല്ലാം അലിയിച്ചുകളയാൻ മുഖ്യമന്ത്രി പിണറായി വിജയന് ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പ് ജയം മാത്രംമതി.
കഴിഞ്ഞതവണ ഇടതുഭാഗം ചേർന്നെങ്കിലും യു.ഡി.എഫിന് വേരോട്ടമുള്ള മണ്ഡലമായിരുന്നു ചെങ്ങന്നൂർ. അതുകൊണ്ടുതന്നെ ഉപതിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ഇടതുമുന്നണിക്ക് അത്രമേൽ ആത്മവിശ്വാസം കണ്ടിരുന്നില്ല.
സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമോ ഉപതിരഞ്ഞെടുപ്പ് ഫലമെന്ന ചോദ്യങ്ങൾ ആവർത്തിക്കപ്പെട്ടെങ്കിലും വി.എസ്. അച്യുതാനന്ദൻ ഒഴികെ ഇടതുമുന്നണിനേതാക്കൾ അതിന് നേരിട്ട് മറുപടിതന്നില്ല. മറുഭാഗത്ത് മെച്ചപ്പെട്ട വിജയം പ്രതീക്ഷിച്ച യു.ഡി.എഫ്. ആകട്ടെ ഫലം സംസ്ഥാനഭരണത്തിന്റെ വിലയിരുത്തലാണെന്ന് പറഞ്ഞുകൊണ്ടിരുന്നു.
തിരഞ്ഞെടുപ്പുഫലത്തോടെ സംസ്ഥാന ഭരണത്തിന് ജനങ്ങൾ നൽകിയ അംഗീകാരമാണിതെന്ന് പ്രതിപക്ഷത്തിനുപോലും അംഗീകരിക്കേണ്ടിവന്നു. മലപ്പുറത്തും വേങ്ങരയിലും സിറ്റിങ് സീറ്റുകളാണ് യു.ഡി.എഫ്. നിലനിർത്തിയതെന്ന ന്യായം ഇടതുമുന്നണിക്ക് പറയാനുണ്ടായിരുന്നു.
വികസനത്തെക്കാൾ മുഴങ്ങിയത് വർഗീയത
രാഷ്ട്രീയത്തിനപ്പുറം വർഗീയതയുടെ കളത്തിലേക്കുകൂടി മൂന്ന് മുന്നണികളും ഇറങ്ങിക്കളിച്ച തിരഞ്ഞെടുപ്പായിരുന്നു ഇത്. യു.ഡി.എഫ്. സ്ഥാനാർഥി ഹൈന്ദവശക്തികൾക്ക് കീഴ്‌പ്പെടുന്നയാളാണെന്ന കോടിയേരി ബാലകൃഷ്ണന്റെ വിമർശനം ഇരുതല മൂർച്ചയുള്ളതായിരുന്നു. പിഴച്ചാൽ തിരിച്ചടിക്കുന്ന ആയുധം. എന്നിട്ടും അതെടുത്ത് വീശാനുള്ള രാഷ്ട്രീയബുദ്ധി ഇടതുമുന്നണി പ്രകടിപ്പിച്ചു. യു.ഡി.എഫിനെ പരമ്പരാഗതമായി പിന്തുണച്ചിരുന്ന നായർ വോട്ടുകളിൽ നല്ലൊരുപങ്ക് ബി.ജെ.പി. പാളയത്തിലെത്തിയത് തിരിച്ചറിഞ്ഞായിരുന്നു ആ പ്രയോഗം.
ആദ്യംമുതൽ ക്രിസ്ത്യൻ വോട്ടുകൾ കേന്ദ്രീകരിച്ചായിരുന്നു ഇടതുതന്ത്രങ്ങൾ. കോൺഗ്രസ് സ്ഥാനാർഥിയിൽതന്നെ മൃദുഹിന്ദുത്വം ആരോപിച്ച തന്ത്രം ക്രിസ്ത്യൻവോട്ടുകൾ ഇടതുപാളയത്തിലെത്തിച്ചു. സഭാതർക്കത്തിൽ ഒപ്പം നിൽക്കുമെന്ന പ്രതീക്ഷ ഓർത്തഡോക്‌സ് സഭയ്ക്കുനൽകി അവരുടെയും പിന്തുണ ഉറപ്പാക്കി. ബി.ജെ.പി.യെ എതിരിടുകയെന്ന ചിന്ത ജനിപ്പിച്ച് ചെറുഭാഗം മുസ്‌ലിങ്ങളുടെയും പിന്തുണ ആർജിച്ചു. വർഗീയതയെ ചെറുക്കാൻ ഇടതുമുന്നണിയാണ് ആശ്രയം എന്ന വിശ്വാസം ജനിപ്പിക്കാൻ നേതൃത്വത്തിന് കഴിഞ്ഞു.
ഇതിനെല്ലാമുപരിയായിരുന്നു ഈഴവരടക്കമുള്ള പിന്നാക്കവിഭാഗക്കാരുടെ പിന്തുണ. ബി.ജെ.പി.ക്കൊപ്പമല്ലെന്ന് ബി.ഡി.ജെ.എസിന്റെ പ്രഖ്യാപനം. പരമ്പരാഗതമായി ഇടതുമുന്നണിക്ക് വോട്ടുചെയ്യുകയും കഴിഞ്ഞപ്രാവശ്യം ബി.ജെ.പി.ക്ക് ഒപ്പം നിൽക്കുകയുംചെയ്ത ഈഴവ വോട്ടുകൾ ഇപ്രാവശ്യം സി.പി.എമ്മിന്റെ പെട്ടിയിൽവീണു.
പിണറായി, കൂടുതൽ കരുത്തനാകും
ചെങ്ങന്നൂരിലെ പ്രതീക്ഷിച്ചതിലും വലിയ വിജയം മുഖ്യമന്ത്രിയെ കൂടുതൽ കരുത്തനാക്കും. സജി ചെറിയാനായിരുന്നു സി.പി.എം. സ്ഥാനാർഥിയെങ്കിലും തിരഞ്ഞെടുപ്പിനെ നേരിട്ടത് പിണറായി വിജയനായിരുന്നു. മുഖ്യമന്ത്രിയും പാർട്ടിസെക്രട്ടറിയും നേരിട്ട് പ്രമുഖരുമായുള്ള ആശയവിനിമയത്തിലൂടെ തന്ത്രങ്ങൾ ഒരുക്കി. തോറ്റിരുന്നെങ്കിൽ സർക്കാരിനെതിരേ എതിർ ശബ്ദങ്ങൾ ഉയർന്നേനെ. മന്ത്രിസഭയുടെ പുനഃസംഘടന, സർക്കാരിന്റെ മുഖംമിനുക്കൽ, ആഭ്യന്തരവകുപ്പിന്റെ ഭരണത്തിലെ പോരായ്മകൾ എന്നുതുടങ്ങി ഒട്ടേറെ ആവശ്യങ്ങൾ ഉയരാം.
തിങ്കളാഴ്ച നിയമസഭാസമ്മേളനം തുടങ്ങുകയാണ്. സർക്കാരിനെതിരേ ആഞ്ഞടിക്കാൻ പ്രതിപക്ഷത്തിന്റെ പക്കൽ ആയുധങ്ങൾ പലതാണ്. എന്നാൽ, ഫലമറിഞ്ഞതിനെത്തുടർന്ന് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞ ഒരു വാചകം മതി അവയെ മറികടക്കാൻ. ‘ജനങ്ങളാണ് യഥാർഥ വിധികർത്താക്കൾ’. ഇതാകും മുഖ്യമന്ത്രി ഉയർത്തിപ്പിടിക്കുന്ന രക്ഷാകവചം.
കോൺഗ്രസിൽ പൊളിച്ചെഴുത്തുണ്ടാകുമോ?
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അനുകൂല അന്തരീക്ഷത്തിൽപ്പോലും ചെങ്ങന്നൂരിൽ വിജയം എത്തിപ്പിടിക്കാൻ കഴിയാത്തത് യു.ഡി.എഫിന് വലിയ തലവേദനയാകും. ജനാധിപത്യചേരിക്ക് വേരോട്ടമുള്ള അവിടെ ജയം പോയിട്ട്, മാന്യമായ തോൽവി പോലും ഉണ്ടാകാത്തത് ഐക്യമുന്നണിയുടെ അടിത്തറതന്നെ ഇളക്കാൻ പോന്നതാണ്. കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും രാഷ്ട്രീയ നയങ്ങളിലും സംഘടനാ സംവിധാനത്തിലും വലിയ പൊളിച്ചെഴുത്ത് ഈ ഫലം ആവശ്യപ്പെടുന്നു.
കോൺഗ്രസിൽ സ്ഥാനാർഥി നിർണയത്തിലും പ്രചാരണത്തിലുമെല്ലാം മുതിർന്ന നേതാക്കൾ യോജിച്ചുപ്രവർത്തിച്ചു. അതുകൊണ്ടുതന്നെ നേതൃത്വത്തിൽ വലിയ ഏറ്റുമുട്ടലുണ്ടാകണമെന്നില്ല. എന്നാൽ, പാർട്ടിയുടെ അടിത്തറയിലുണ്ടാകുന്ന വിള്ളൽ നേതാക്കളുടെ നിലനില്പിനെ ബാധിച്ചേക്കാം. പ്രത്യേകിച്ചും രാഹുൽ ഗാന്ധി അധ്യക്ഷനായശേഷം പാർട്ടി പുനഃസംഘടന സംബന്ധിച്ച ആലോചനകൾ നടന്നുകൊണ്ടിരിക്കുമ്പോൾ.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസൻ എന്നിവർക്ക് തിരഞ്ഞെടുപ്പ് ഫലം ക്ഷീണമാണ്. തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറിയായ ഉമ്മൻ ചാണ്ടിക്കും തോൽവിയുടെ ഉത്തരവാദിത്വത്തിൽനിന്ന് മാറിനിൽക്കാനാകില്ല. തോൽവിയുടെ പേരിൽ ഉടനടി ആർക്കും സ്ഥാനനഷ്ടമുണ്ടായേക്കില്ല.
2019-ൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ അതിനുമുമ്പ് പാർട്ടിയുടെ അടിത്തറ ശക്തമാക്കേണ്ടതുണ്ട്. ഇതനുസരിച്ച് വരും ദിവസങ്ങളിൽ ചില ഇളക്കിപ്രതിഷ്ഠകൾ കോൺഗ്രസിൽ ഉണ്ടായിക്കൂടെന്നില്ല.
തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് കേരള കോൺഗ്രസിനെ മുന്നണിയിൽ കൊണ്ടുവരാൻ യു.ഡി.എഫ്. നേതൃത്വത്തിന് കഴിഞ്ഞെങ്കിലും അത് വലിയ ഗുണം ചെയ്തെന്ന് പറയാനാകില്ല. അതേസമയം, വിജയ പ്രതീക്ഷ നൽകുന്ന മുന്നണിക്കേ പിടിച്ചുനിൽക്കാനാകൂ എന്നതിനാൽ യു.ഡി.എഫിലുള്ള ഘടകകക്ഷികൾ മറുഭാഗത്ത് പച്ചപ്പുതേടിയാലും അദ്ഭുതപ്പെടേണ്ടതില്ല. പാർട്ടിയുടെയും മുന്നണിയുടെയും ആത്മവിശ്വാസം വീണ്ടെടുക്കലാണ് കോൺഗ്രസിന്റെ മുമ്പിലുള്ള പ്രധാന ദൗത്യം.
കോൺഗ്രസിന്റെ ശക്തിയായിരുന്ന പരമ്പരാഗത വോട്ടുകളിൽ വലിയ ചോർച്ചയുണ്ടായി. സ്ഥിരമായി കോൺഗ്രസിനൊപ്പം നിന്നിരുന്ന ക്രിസ്ത്യൻ വോട്ടുകളിൽ നല്ലഭാഗം ഇടതുമുന്നണിയിലേക്ക് മാറിയത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യക്തമായിരുന്നു.
ചെങ്ങന്നൂരിൽ മാത്രമല്ല, മാവേലിക്കര, കായംകുളം ചേർന്നുകിടക്കുന്ന തിരുവല്ല, പത്തനംതിട്ട മണ്ഡലങ്ങളിലുമൊക്കെ സമാന പ്രതിഭാസം കാണാം.
സമാന്തരമായി കോൺഗ്രസിനോട് തലമുറകളായി ആഭിമുഖ്യം പുലർത്തിയിരുന്ന നായർ വിഭാഗം ബി.ജെ.പിയിലേക്കും പോയി. ഈ ഒഴുക്കുതടയാൻ രാഷ്ടീയമായി കോൺഗ്രസിന് ആകുന്നില്ലെന്നതാണ് തോൽവിയിലേക്ക് നയിച്ച പ്രധാനകാരണം.
മാധ്യമങ്ങളെ വിമർശിച്ച് പിണറായി
തിരുവനന്തപുരം: ചെങ്ങന്നൂരിൽ സജി ചെറിയാന്റെ വിജയം പ്രഖ്യാപിച്ചയുടൻ നടത്തിയ പത്രസമ്മേളനത്തിൽ ജനങ്ങൾക്ക് നന്ദിപറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, മാധ്യമങ്ങളെ നിശിതമായി വിമർശിക്കുകയും ചെയ്തു.
‘ന്യൂസ് അവറിൽ കോട്ടിട്ടിരിക്കുന്ന ആങ്കർമാരല്ല, ജനങ്ങളാണ് വിധികർത്താക്കളെന്ന് ഞാൻ പറഞ്ഞപ്പോൾ നിങ്ങളിൽ ചിലർ എന്നെ പുച്ഛിച്ചു. ജനങ്ങളോട് ഉത്തരം പറയേണ്ടാത്ത ചിലരാണ് ദൃശ്യമാധ്യമങ്ങളെ പ്രയോജനപ്പെടുത്തി അപവാദപ്രചാരണം അഴിച്ചുവിടുന്നത്. മാധ്യമങ്ങളുടെ ഈ വിധിതീർപ്പുരാഷ്ട്രീയത്തിനെതിരേയുള്ള വിധിയെഴുത്താണ് ചെങ്ങന്നൂർ കണ്ടത്’ -അദ്ദേഹം പറഞ്ഞു. കേരളത്തെ മോശമായി ചിത്രീകരിച്ച് ലാഭമുണ്ടാക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ബി.ജെ.പി.യെ പ്രബുദ്ധകേരളം ഒരിക്കലും അംഗീകരിക്കില്ലെന്നതും ഈ ഫലം വ്യക്തമാക്കുന്നു.
കാനത്തിനും രമേശിനും പരിഹാസം, മാണിക്ക് കൊട്ട്
കാനത്തിന്: ചെങ്ങന്നൂരിലെ വിജയം മാണിഗ്രൂപ്പിന്റെ പിന്തുണയില്ലാതെ നേടിയതാണെന്ന സി.പി.ഐ. നേതാവ് കാനം രാജേന്ദ്രന്റെ അഭിപ്രായത്തോട് മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ- ‘അദ്ദേഹത്തിന് ഇടയ്ക്കിടെ ഇങ്ങനെ ഓരോന്നു പറഞ്ഞുകൊണ്ടിരിക്കണം. അത് അദ്ദേഹത്തിന്റെ ശീലമാണ്’
രമേശ് ചെന്നിത്തലയ്ക്ക്: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സർക്കാരിനെക്കുറിച്ച് നടത്തുന്ന അസത്യപ്രചാരണം അദ്ദേഹത്തിന്റെ അയൽക്കാർപോലും വിശ്വസിക്കുന്നില്ല. ചെന്നിത്തലയുടെ പഞ്ചായത്തിൽ 2300-ലേറെ വോട്ടാണ് എൽ.ഡി.എഫിന്റെ ഭൂരിപക്ഷം. അദ്ദേഹത്തിന്റെ വീടിരിക്കുന്ന ബൂത്തിൽ യു.ഡി.എഫിന് 280 വോട്ട് കിട്ടിയപ്പോൾ എൽ.ഡി.എഫിന് 457 കിട്ടി. സ്വന്തം നാട്ടുകാർപോലും വിശ്വസിക്കാത്ത കാര്യങ്ങളാണ് കേരളീയരോടെല്ലാമായി അദ്ദേഹം പറയുന്നത്.
കെ.എം.മാണിക്ക് : കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മാണി കോൺഗ്രസ് ഉണ്ടായിരുന്നപ്പോഴാണ് യു.ഡി.എഫ്. തോറ്റത്. ഇത്തവണ തുടക്കത്തിൽ അവർ പിണങ്ങിനിന്നു. അവസാനം കൂടെച്ചേർന്നു. അതോടെ തോൽവി കുറച്ചുകൂടി വലുതായി. മാണി കോൺഗ്രസ് പേരിനുമാത്രമാണ് യു.ഡി.എഫ്. വിട്ടത്. യു.ഡി.എഫ്. എന്തുചെയ്യുന്നോ അതു തന്നെയാണ് അവർ ചെയ്തുകൊണ്ടിരുന്നത്. യു.ഡി.എഫുമായി ബന്ധം വേർപെടുത്തിയെന്നുപറഞ്ഞു. പിന്നെ യു.ഡി.എഫിനെ പിന്തുണയ്ക്കുകയും ചെയ്തു. എന്നിട്ടിപ്പോൾ എന്തുണ്ടായി?
സജി ചെറിയാൻ പറയുന്നു വിജയംവന്ന എട്ടുവഴികൾ
ചെങ്ങന്നൂർ: ഉപതിരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് സജി ചെറിയാൻ അക്കമിട്ടു നിരത്തുന്ന കാരണങ്ങൾ
1. പിണറായി സർക്കാർ തുടരണമെന്ന ജനങ്ങളുടെ ആഗ്രഹം.
2. യു.ഡി.എഫിനെ പിന്തുണച്ചപ്പോഴും കെ.എം. മാണിയുടെ മനസ്സ് തനിക്കൊപ്പമായിരുന്നു. കേരള കോൺഗ്രസ് (എം) ഭരിക്കുന്ന തിരുവൻവണ്ടൂരിൽ എൽ.ഡി.എഫിന്റെ ഭൂരിപക്ഷം തെളിവ്.
3. എസ്.എൻ.ഡി.പി., എൻ.എസ്.എസ്., വിവിധ ക്രൈസ്തവ സംഘനടകൾ, പിന്നാക്ക-ദളിത് സംഘടനകൾ, മറ്റ് സമുദായ സംഘടനകൾ എന്നിവയെല്ലാം എൽ.ഡി.എഫിനൊപ്പം നിന്നു.
4. മണ്ഡലത്തിന്റെ വികസനം. കെ.കെ. രാമചന്ദ്രൻ നായർ തുടങ്ങിവെച്ച വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കാനും തൊഴിലവസരങ്ങൾ ഉൾപ്പെടെയുളള പുതിയ വികസന പദ്ധതികൾ വരണമെന്നും ജനം ആഗ്രഹിച്ചു.
5. സ്ഥാനാർഥിയെ വ്യക്തിഹത്യചെയ്യാനുള്ള ശ്രമം വോട്ടർമാർ തിരിച്ചറിഞ്ഞു.
6. എൽ.ഡി.എഫിന്റെ യോജിച്ചുള്ള പ്രവർത്തനം.
7. മുഖ്യമന്ത്രി പിറണായി വിജയൻ, വി.എസ്. അച്യുതാനന്ദൻ, കാനം രാജേന്ദ്രൻ, കോടിയേരി ബാലകൃഷ്ണൻ, എം.പി. വീരേന്ദ്രകുമാർ, സ്കറിയ തോമസ്, കടന്നപ്പള്ളി രാമചന്ദ്രൻ, എ.കെ. ശശീന്ദ്രൻ, മാത്യു ടി. തോമസ്, തോമസ് ചാണ്ടി തുടങ്ങിയവർ പ്രചാരണത്തിനു നൽകിയ പിന്തുണ.
വർഗീയ ധ്രുവീകരണത്തിനെതിരായി എൽ.ഡി.എഫ്.
നേതാക്കൾ നടത്തിയ ജാഗ്രതയോടെയുള്ള പ്രവർ
ത്തനം.
8. ജില്ലയിൽനിന്നുള്ള മന്ത്രിമാരായ ജി. സുധാകരൻ, തോമസ് ഐസക്, പി. തിലോത്തൻ എന്നിവർ മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് നടത്തിയ പ്രവർത്തനങ്ങൾ.
ബി.ജെ.പി.ക്ക് ബി.ഡി.ജെ.എസ്. നൽകിയ തിരിച്ചടി
ബി.ഡി.ജെ.എസിനെ അവഗണിച്ച ബി.ജെ.പി. കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്ക് ബി.ഡി.ജെ.എസ്. അണികൾ നല്കിയ തിരിച്ചടിയാണിത്. മുന്നണിവിട്ട് എതിരായി പ്രവർത്തിച്ചിരുന്നെങ്കിൽ സ്ഥിതി ഇതിലും പരിതാപകരമാകുമായിരുന്നു. ഇനിയും നിലപാടു മാറ്റിയില്ലെങ്കിൽ വരുന്ന തിരഞ്ഞെടുപ്പുകളിലും സ്ഥിതി ഇതുതന്നെയാകും. ബി.ഡി.ജെ.എസ്. ആരുമായും സഹകരിക്കാൻ തയ്യാറാകുകയാണ്.
തുഷാർ വെള്ളാപ്പള്ളി, ബി.ഡി.ജെ.എസ്. സംസ്ഥാന പ്രസിഡന്റ്
വിജയത്തിന്റെ പിതൃത്വം വേണ്ട
എൽ.ഡി.എഫ്. വിജയം പിണറായി സർക്കാരിനുള്ള അംഗീകാരമാണ്. വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാനില്ല. യഥാർഥത്തിൽ തോറ്റതു ബി.ജെ.പി.യാണ്. ബി.ഡി.ജെ.എസിനോട് കാട്ടിയ അവഗണനയുടെ ഫലമാണവർ അനുഭവിച്ചത്.
വെള്ളാപ്പള്ളി നടേശൻ,എസ്.എൻ.ഡി.പി. യോഗം, ജനറൽ സെക്രട്ടറി
സി.പി.എം. വർഗീയ കാർഡിറക്കി
ചെങ്ങന്നൂരിൽ പ്രതീക്ഷിക്കാത്ത വിധിയെഴുത്താണുണ്ടായത്. മുഖ്യമന്ത്രി അടക്കം സി.പി.എം. നേതാക്കൾ വർഗീയ കാർഡിറക്കിയാണ് പ്രചാരണം നടത്തിയത്. ഭരണത്തിന്റെ ദുരുപയോഗവും ഫലത്തെ സ്വാധീനിച്ചു.
എ.കെ. ആന്റണി, കോൺഗ്രസ് പ്രവർത്തക സമിതിയംഗം
നടന്നത് അധികാര ദുർവിനിയോഗം
അധികാര ദുർവിനിയോഗവും ജാതിമത ശക്തികളുടെ ഏകീകരണവും കൊണ്ടാണ് ചെങ്ങന്നൂരിൽ ഇടതുമുന്നണി വിജയം നേടിയത്. ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കാൻ എൽ.ഡി.എഫിനു കഴിഞ്ഞു. ബി.ഡി.ജെ.എസ്. വിട്ടുനിന്നത് എൻ.ഡി.എ.യുടെ പ്രകടനത്തെ ബാധിച്ചു. ബി.ജെ.പി.യുടെ ജനകീയാടിത്തറയിൽ കുറവുണ്ടാ
യിട്ടില്ല. -എം.ടി. രമേശ്, ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി
വർഗീയത പറഞ്ഞുനേടിയ വിജയം
വർഗീയ കാർഡും സർക്കാർ സംവിധാനങ്ങളും ഉപയോഗിച്ചാണ് ഇടതുമുന്നണി വിജയിച്ചത്. തിരഞ്ഞെടുപ്പുഫലം മുന്നണി വലയിരുത്തും. ഇതുപോലെ നഗ്നമായ വർഗീയത പ്രചരിപ്പിച്ച തിരഞ്ഞെടുപ്പുണ്ടായിട്ടില്ല. കേരള സമൂഹത്തിനിത് ഗുണകരമല്ല. തോറ്റെങ്കിലും കോൺഗ്രസിന്റെ അടിത്തറയ്ക്ക് ഒരുപോറൽപോലും സംഭവിച്ചിട്ടില്ല.
രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ്
യു.ഡി.എഫിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു
ബി.ജെ.പി.യെ നേരിടാനുള്ള ഇച്ഛാശക്തി കോൺഗ്രസിന് നഷ്ടപ്പെട്ടെന്ന് ജനം തിരിച്ചറിഞ്ഞതിന്റെ തെളിവാണ് ചെങ്ങന്നൂരിലെ എൽ.ഡി.എഫ്. വിജയം. യു.ഡി.എഫിന് മുൻതൂക്കമുള്ള മാന്നാർ, പാണ്ടനാട് പഞ്ചായത്തുകളിലും ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയിലും എൽ.ഡി.എഫ്. ഭൂരിപക്ഷം നേടി. ഭൂരിപക്ഷത്തിലെ വർധന പിണറായി സർക്കാർ നടപ്പാക്കിയ ജനക്ഷേമ പദ്ധതികൾക്കുള്ള അംഗീകാരമാണ്. മൃദുഹിന്ദുത്വ നിലപാട് ഉപേക്ഷിച്ച് വർഗീയതയ്ക്കെതിരായ ശക്തമായ നിലപാടെടുക്കാൻ ഇനിയെങ്കിലും കോൺഗ്രസ് തയാറാവണം.
എം.പി. വീരേന്ദ്രകുമാർ, എം.പി.