ഡൊണാൾഡ് ട്രംപിനെ പിന്തുണയ്ക്കുന്ന കലാപകാരികൾ വാഷിങ്ടൺ ഡി.സി.യിലെ യു.എസ്. പാർലമെന്റ് മന്ദിരമായ കാപ്പിറ്റോൾ ഹിൽ ആക്രമിച്ചുവെന്ന വാർത്ത നമ്മൾ ഇന്ത്യക്കാർ ഞെട്ടലോടെയും അവിശ്വസനീയതയോടെയുമാണ് കേട്ടത്. പുകനിറഞ്ഞ്, ആളൊഴിഞ്ഞ സെനറ്റ് ഹാളിന്റെയും പ്രതിനിധിസഭാംഗങ്ങളെ സുരക്ഷായിടങ്ങളിലേക്ക് മാറ്റുന്നതിന്റെയും ജനാധിപത്യസഭയിൽ കലാപകാരികൾ അഴിഞ്ഞാട്ടം നടത്തുന്നതിന്റെയും ദൃശ്യങ്ങൾ ദ്രുതവേഗത്തിലാണ് ലോകംമുഴുവൻ പ്രചരിച്ചത്.

എന്നാൽ, ‘ജനാധിപത്യ’ത്തെക്കുറിച്ച് മറ്റു ലോകരാജ്യങ്ങളോട് പ്രഭാഷണം നടത്തുന്ന അമേരിക്കയെ കേട്ടുമടുത്ത, അന്യന്റെ പ്രശ്നങ്ങളിൽ സന്തോഷം കണ്ടെത്തുന്ന ഒരു വിഭാഗത്തിന് അത് സന്തോഷിക്കാനുള്ള വകയുമായി. അമേരിക്കൻ ‘അസാധാരണവാദ’ത്തിന്റെ അവസാനമെന്നും ലോകത്ത് ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിൽ ആ രാജ്യം മാതൃകയായിപ്പറയുന്ന തങ്ങളുടെ ധാർമിക മഹത്ത്വത്തിന്റെ തിരുത്തലെന്നും ചിലരിതിനെ വ്യാഖ്യാനിച്ചു.

 അപലപിക്കുന്നത് ആരെ
കാപ്പിറ്റോൾ ആക്രമണത്തെ ഇന്ത്യയും അപലപിച്ചിരുന്നു. ‘വാഷിങ്ടൺ ഡി.സി.യിലെ കലാപത്തെയും ആക്രമണത്തെയും കുറിച്ചുള്ള വാർത്തകൾ വേദനിപ്പിക്കുന്നു. ചട്ടപ്രകാരവും സമാധാനപരവുമായ അധികാരക്കൈമാറ്റം തുടരണം. നിയമവിരുദ്ധമായ പ്രക്ഷോഭങ്ങൾകൊണ്ട് ജനാധിപത്യപ്രക്രിയയെ അട്ടിമറിക്കാനാവില്ല’ -നമ്മുടെ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ‘അബ് കി ബാർ ട്രംപ് സർക്കാർ’ എന്ന് ഹൂസ്റ്റണിൽവെച്ച് മോദി നടത്തിയ അനുചിതമായ പ്രഖ്യാപനത്തിൽനിന്നുള്ള പിൻവലിയലായി ഈ വാക്കുകളെ കാണാമെങ്കിലും നമ്മുടെ രാജ്യവും സമാനപാതയിലാണെന്നുള്ള ഇന്ത്യക്കാരുടെ ആശങ്ക കാര്യമായി പരിഗണിക്കപ്പെടുന്നേയില്ല.

2014-ൽ ബി.ജെ.പി. സർക്കാർ അധികാരത്തിലെത്തിയതിനും 2019-ൽ ഭരണത്തുടർച്ച നേടിയതിനുംശേഷം, ഒരിക്കൽ അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരുന്ന സ്വതന്ത്രവും ഭരണഘടനാപരവുമായ ജനാധിപത്യം, ധ്രുവീകരിക്കപ്പെട്ട, ഭിന്നിച്ച സമൂഹമായി മാറിക്കൊണ്ടിരിക്കുന്നതിനാണ് ഇന്ത്യ സാക്ഷ്യംവഹിക്കുന്നത്. സംഘടിതമായ ആക്രമണത്തെത്തുടർന്ന് ഭരണഘടനാപരമായ സംവിധാനങ്ങൾക്ക് തങ്ങളുടെ  സ്വയംഭരണാവകാശത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നു, പാർലമെന്റ് വെറും റബ്ബർ സ്റ്റാമ്പും നോട്ടീസ് ബോർഡുമായി തരംതാഴ്ത്തപ്പെട്ടു, വിവിധങ്ങളായ സമൂഹങ്ങളെ ഒന്നിച്ചുനിർത്തിയിരുന്ന നമ്മുടെ ജനാധിപത്യധർമങ്ങളും ഫെഡറലിസത്തിന്റെ ആത്മാവും നഷ്ടപ്പെട്ടു. ദേശസ്നേഹികളും ദേശീയവാദികളും മുളച്ചുപൊന്തുകയും ഇന്ത്യൻ സ്വത്വത്തെ നിർവചിക്കാനും ആരാണ് ഇന്ത്യക്കാരനെന്ന പരമപ്രധാനമായ ചോദ്യത്തിന് ഉത്തരം നിർണയിക്കാനും അവകാശമുള്ളവരെന്ന് സ്വയം ഉയർത്തിക്കാട്ടുകയും ചെയ്തു.

കാപ്പിറ്റോളും നമ്മുടെ നാടും

നമ്മുടെ നാടിന്റെ സാമൂഹികവും രാഷ്ട്രീയവുമായ ഭൂമികകളെ പുനർനിർണയിക്കുന്ന ഈ ആശങ്കാജനകമായ പ്രവണതകൾക്ക് അമേരിക്കയിൽ അരങ്ങേറിയ സംഭവവികാസങ്ങളുമായി പലതരത്തിൽ സാമ്യമുണ്ട്.

  ആഭ്യന്തരയുദ്ധത്തിനുശേഷം തുടച്ചുനീക്കപ്പെട്ടുവെന്നു കരുതിയിരുന്ന തീവ്ര ആശയങ്ങളുള്ള കക്ഷികൾ പൂർവാധികം ശക്തിയോടെ അമേരിക്കയിൽ തിരിച്ചുവരുന്നുവെന്നാണ് കരുതേണ്ടത്. ഇന്ത്യയിൽ, സ്വാതന്ത്ര്യലബ്ധിക്കുശേഷം ഭരണഘടനാമൂല്യങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻസമൂഹം നിരാകരിച്ച ഹിന്ദുത്വവാദം ഇക്കഴിഞ്ഞ പതിറ്റാണ്ടിൽ നാടകീയമായ തിരിച്ചുവരവ് നടത്തിയെന്നതും കാണാനാകും. ദേശീയ സമവായത്തോടെ നിരാകരിക്കപ്പെട്ട ആശയങ്ങൾ ഇരുരാജ്യങ്ങളിലും വീണ്ടും വരവറിയിക്കുകയും അവയെ തൂത്തെറിഞ്ഞ ഐക്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.

 രാഷ്ട്രീയനേതൃത്വത്തിന്റെ കാര്യമെടുത്താൽ, പ്രശംസയിൽ അഭിരമിക്കുന്നവരും ദേശീയതാത്പര്യത്തിന്റെ സംരക്ഷകരെന്ന് സ്വയം അറിയപ്പെടാൻ ആഗ്രഹിക്കുന്നവരുമായ ‘ഏകാധിപത്യ’ രാഷ്ട്രീയത്തിനു കീഴിലാണ് ഇരുരാജ്യവും.

  സർക്കാർപ്രവർത്തനങ്ങൾ പരിശോധിക്കാനും സന്തുലിതമായി നിലനിർത്താനുമുള്ള ഭരണസംവിധാനങ്ങൾ നിഷ്‌പ്രഭമാക്കപ്പെട്ടു. എന്നാൽ, യു.എസിലെ ഭരണസംവിധാനങ്ങൾ, പ്രത്യേകിച്ചും നിയമസംവിധാനവും സ്വതന്ത്രമാധ്യമങ്ങളും അത്രത്തോളം വിട്ടുവീഴ്ച ചെയ്യപ്പെട്ടിട്ടില്ലെന്ന് തെളിഞ്ഞിട്ടുണ്ട്. ഇന്ത്യയിലും അങ്ങനെ തന്നെയെന്ന് വാദിക്കുക പ്രയാസമാണ്.

  സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചും സംഘടിതമായ ട്രോളാക്രമണവും നടത്തിയും രാഷ്ട്രീയ എതിരാളികളെ നേരിടുന്ന നിലയിലേക്ക് ഇരുരാജ്യങ്ങളിലെയും രാഷ്ട്രീയസാഹചര്യം മാറി. എന്നാൽ, യു.എസിൽ രാഷ്ട്രത്തലവനെപ്പോലും വിലക്കുന്ന നിലയിലേക്ക് മുന്നോട്ടുപോയ സാമൂഹികമാധ്യമങ്ങൾ ഇന്ത്യയിലെത്തുമ്പോൾ, വിദ്വേഷവും അസത്യവും പ്രചരിപ്പിക്കുന്ന ചെറുകിട നേതാക്കൾക്കെതിരേപ്പോലും നടപടിയെടുക്കാൻ മടിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. സങ്കുചിത ദേശസ്നേഹവും ന്യൂനപക്ഷാധിക്ഷേപവും തീവ്രദേശീയവാദവും പ്രചരിപ്പിക്കാനായി ബി.ജെ.പി. രൂപംനൽകിയിട്ടുള്ള ശക്തമായ സൈബർ സംവിധാനം രാഷ്ട്രീയ എതിരാളികൾക്കുമേൽ വലിയ ആക്രമണവും അഴിച്ചുവിടുന്നു.

 ട്രംപിസ്റ്റുകളുടെയും ഹിന്ദുത്വവാദികളുടെയും ഉദയത്തിനുപിന്നിലെ പ്രധാനകാരണം ഭൂരിപക്ഷവാദമാണ്. കാപ്പിറ്റോൾ കലാപകാരികളിൽ ഭൂരിഭാഗവും വെളുത്തവർഗക്കാരായ പുരുഷന്മാരായിരുന്നു. ദേശീയസ്വത്വത്തിലൂന്നിയ തങ്ങളുടെ അഭിമാനവും വംശീയപരമായ മേൽക്കോയ്മയും പ്രകടിപ്പിക്കുകയായിരുന്നു അവർ. ഇന്ത്യയിലാകട്ടെ, ഹിന്ദുത്വവാദം ദേശീയസ്വത്വത്തെ തങ്ങളുടേതായ രീതിയിൽ പുനർനിർവചിക്കാൻ തുടങ്ങി. ഭരണഘടനാപരമായ തുല്യപരിഗണന പങ്കിടുന്നവരെ പാർശ്വവത്കരിക്കുകയും ഇന്ത്യൻ ധാർമികതയെ തങ്ങളുടേതായ രീതിയിൽ വ്യാഖ്യാനിച്ച് ആക്രമണങ്ങൾ അഴിച്ചുവിടുകയും ചെയ്തു.
ഇരുസമൂഹങ്ങളെയും ഭിന്നിപ്പിക്കുന്നതിന് നേതൃത്വം നൽകുന്നത് അതത് രാജ്യത്തെ ഭരണ രാഷ്ട്രീയനേതൃത്വം തന്നെയാണ്. ജനതയുടെ ശബ്ദമെന്ന് സ്വയം പ്രതിഷ്ഠിച്ച ട്രംപും മോദിയും നഷ്ടപ്പെട്ടുപോയ ദേശാഭിമാനം തിരിച്ചുപിടിക്കുമെന്നും സാമ്പത്തികവളർച്ച വർധിപ്പിക്കുമെന്നും വരേണ്യവിഭാഗങ്ങൾ ആധിപത്യം പുലർത്തിയിരുന്ന പാരമ്പര്യ ശക്തികേന്ദ്രങ്ങൾ തിരിച്ചുപിടിക്കുമെന്നും അവർ വാഗ്ദാനം ചെയ്യുന്നു. ‘അമേരിക്ക ആദ്യം’ എന്നും ‘അമേരിക്കയെ വീണ്ടും മഹത്തരമാക്കാം’ എന്നതും ട്രംപിന്റെ ആപ്തവാക്യങ്ങളായപ്പോൾ ‘സബ്കാ സാഥ്, സബ്കാ വികാസ്’, ‘അച്ഛേദിൻ’, ‘നയാഭാരത്’ എന്നിവ മോദിയുടെ മുദ്രാവാക്യങ്ങളായി. അവധാനതയോടെ സൃഷ്ടിച്ചെടുത്ത തങ്ങളുടെ വ്യക്തിത്വത്തിലൂടെ, ‘ശക്തമായ നേതൃത്വം’ ആകാനും തങ്ങൾ നാടുകടത്താൻ വെമ്പിക്കൊണ്ടിരിക്കുന്ന, വേരുകളില്ലാത്ത മതേതര കുടിയേറ്റക്കാരെക്കാൾ രാജ്യത്ത് അധികാരികാവകാശമുള്ളത് തങ്ങൾക്കാണെന്ന് ഓരോ പൗരന്മാരെയും വിജയകരമായി വിശ്വസിപ്പിക്കാനും ഇരുവർക്കും കഴിഞ്ഞു.

സമ്മർദങ്ങളും ആക്രമണങ്ങളും

ഭരണഘടനാ സംവിധാനങ്ങൾ ഇരുരാജ്യങ്ങളിലും ദുർബലമായിക്കൊണ്ടിരിക്കുകയാണെങ്കിലും നമ്മുടെ നാട്ടിൽ അവയ്‌ക്കെതിരേ നേരിട്ടുള്ള ആക്രമണം പ്രത്യക്ഷമാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പോലെയുള്ള സാമ്പത്തിക നിയന്ത്രണസംവിധാനത്തിനും അന്വേഷണ ഏജൻസികൾക്കും (പ്രത്യേകിച്ച് സി.ബി.ഐ.) തിരഞ്ഞെടുപ്പ് കമ്മിഷനുകൾക്കും സൈനികസംവിധാനത്തിലെ ഉന്നതകേന്ദ്രങ്ങൾക്കും കേന്ദ്ര വിവരാവകാശ കമ്മിഷൻ, ജനപ്രതിനിധികൾ, സുപ്രീകോടതിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന നിയമസംവിധാനം, സ്വതന്ത്ര മാധ്യമങ്ങൾ എന്നിവയ്ക്കുമേലുള്ള സമ്മർദങ്ങളും അത് തെളിയിക്കുന്നു.
ഉദാരവും സഹിഷ്ണുതയും ജനാധിപത്യ ധാർമികതയുമുൾപ്പെടെ ഇരുരാജ്യങ്ങളും അഭിമാനം കൊള്ളുന്ന മൂല്യങ്ങളുടെ അപചയത്തിലേക്കാണിത് നയിക്കുക. സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് കരുത്തായ, എല്ലാവരെയും ഉൾക്കൊള്ളുന്ന ദേശീയതയ്ക്ക് രൂപംനൽകിയ യഥാർഥമൂല്യങ്ങളെ പുനർനിർമിക്കുകയെന്നതാണ് നമ്മൾ ഓരോ ഇന്ത്യക്കാരുടെയും കടമ. അതിൽ പരാജയപ്പെട്ടാൽ മുന്നോട്ടുള്ള വഴിയിൽ നമ്മെ കാത്തിരിക്കുന്നതെന്ത് എന്നതിനുള്ള മുന്നറിയിപ്പാകട്ടെ ‘കാപ്പിറ്റോൾ ഹിൽ’ സംഭവം.