കൺട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ സമർപ്പിച്ച റിപ്പോർട്ടിനെതിരേ കേരളനിയമസഭ പ്രമേയം പാസാക്കിയതിൽ നിയമവിരുദ്ധതയോ ഭരണഘടനാവിരുദ്ധതയോ ഇല്ല. ഇങ്ങനെയുള്ള പ്രമേയങ്ങൾക്ക് നിയമത്തിന്റെ സ്വഭാവമില്ല. പരമാവധി അതൊരു രാഷ്ട്രീയാഭിപ്രായപ്രകടനം മാത്രമാണ്. നിയമസഭയുടെ ധർമം നിയമനിർമാണം മാത്രമല്ല. അടിസ്ഥാനപരമായി അതൊരു രാഷ്ട്രീയവേദിതന്നെയാണ്. ഭരണഘടനാവിധേയമായും ജനാധിപത്യതത്ത്വങ്ങളനുസരിച്ചും പ്രവർത്തിക്കുന്ന ജനപ്രതിനിധിസഭയ്ക്ക് വലിയതോതിലുള്ള  സ്വാതന്ത്ര്യവും അവകാശങ്ങളുമാണുള്ളത്. സംസ്ഥാനത്തെ ജനങ്ങളെയും ഇവിടത്തെ വികസനപ്രവർത്തനങ്ങളെയും ബാധിക്കുന്ന ഒരു വിഷയത്തിൽ ഒരു ഭരണഘടനാസ്ഥാപനം യോജിക്കാത്തവിധത്തിൽ ഇടപെടൽ നടത്തിയാൽ, ആ രീതിയിലുള്ള ഒരു റിപ്പോർട്ട് തയ്യാറാക്കിയാൽ അതിലെ തെറ്റുകളെക്കുറിച്ചും നടപടിക്രമം സംബന്ധിച്ച പാളിച്ചകളെക്കുറിച്ചും പറയാനും ചർച്ചചെയ്യാനും പ്രമേയം പാസാക്കാനും നിയമസഭയ്ക്ക് അധികാരമില്ലെങ്കിൽ മറ്റാർക്കാണ് അതിനുകഴിയുക? ഒരു ഫെഡറൽ സംവിധാനത്തിൽ ഇത്തരം പ്രമേയം പാസാക്കാനുള്ള അധികാരം മാത്രമല്ല, കടമയുംകൂടി നിയമസഭയ്ക്കുണ്ട്.

 പ്രമേയസ്വാതന്ത്ര്യമുണ്ട്
ഭരണഘടനയുടെ 208-ാം അനുച്ഛേദമനുസരിച്ച് സംസ്ഥാന നിയമനിർമാണസഭയ്ക്ക് അതിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച ചട്ടങ്ങളുണ്ടാക്കാം. ഇങ്ങനെയാണ് കേരള നിയമസഭയുടെ നടപടിക്രമങ്ങളും പ്രവർത്തനവും സംബന്ധിച്ച ചട്ടങ്ങൾ രൂപവത്‌കരിക്കപ്പെട്ടത്. ഇതിലെ 16-ാം അധ്യായം പ്രമേയങ്ങളെക്കുറിച്ച് പറയുന്നു. ഇതിലെ 118-ാം ചട്ടമനുസരിച്ച് പൊതുപ്രാധാന്യമുള്ള വിഷയത്തെക്കുറിച്ച് പ്രമേയങ്ങൾ അവതരിപ്പിക്കാം. പ്രമേയം സംബന്ധിച്ച പൊതുനിബന്ധനകൾ 119-ാം ചട്ടത്തിൽ കാണാം. വ്യക്തിഹത്യനടത്തുന്നതും കേവലം ആരോപണങ്ങൾ ഉന്നയിക്കുന്നതുമാകരുത് പ്രമേയം. കോടതി നടപടികളെ പ്രമേയത്തിന് വിഷയമാക്കുന്നതും വിലക്കപ്പെട്ടിരിക്കുന്നു. എന്നാൽ, പൊതുപ്രാധാന്യമുള്ള ഒരു വിഷയത്തിൽ എവിടെയെങ്കിലും കേസുള്ളതുകൊണ്ടുമാത്രം നിയമസഭയ്ക്ക് പ്രമേയസ്വാതന്ത്ര്യമേ ഇല്ല എന്നുകരുതുക വയ്യ.

 ചില ഔചിത്യചിന്തകൾ
പൊതുപ്രാധാന്യമുള്ള ഏതാണ്ട്‌ എല്ലാ വിഷയംസംബന്ധിച്ചും എന്തെങ്കിലും വ്യവഹാരങ്ങൾ എപ്പോഴുമുണ്ടാകുന്ന രാജ്യത്ത്, പൊതുവിഷയങ്ങൾ ചർച്ചയ്ക്കും പ്രമേയത്തിനും അടിസ്ഥാനമാകരുത് എന്നുകരുതിയാൽ അത് സഭയുടെ സ്വാതന്ത്ര്യത്തിനുതന്നെ വിലങ്ങുതടിയാകും. ഇങ്ങനെയൊരവസ്ഥ ഭരണഘടന വിവക്ഷിക്കുന്നില്ല. നിയമസഭയിൽ പറയുന്ന ഒരു കാര്യത്തിനും അംഗങ്ങൾക്ക് കോടതിയിൽ സമാധാനം പറയേണ്ടതില്ല എന്ന 194-ാം അനുച്ഛേദത്തിന്റെ താത്പര്യത്തിന് സഭയുടെ സ്വാതന്ത്ര്യം ഉറപ്പാക്കുക എന്ന ലക്ഷ്യവുമുണ്ട്. എന്നാൽ, വ്യവഹാരങ്ങളിൽ നേരിട്ട് ഇടപെടുന്ന വിധത്തിൽ പ്രമേയങ്ങൾ ഉണ്ടാകുന്നതും ആശാസ്യമല്ല. ഏതുനിലയ്ക്കും പ്രമേയാവതരണത്തിനുള്ള അനുമതി സ്പീക്കറുടെ വിവേചനാധികാരത്തിന്റെ പരിധിയിൽ വരുന്നതാണ്. പൊതുവിഷയങ്ങളുടെ പൊതുപ്രാധാന്യം കണക്കിലെടുത്ത് സ്പീക്കർക്ക് പ്രമേയാനുമതി നൽകാവുന്നതാണ്, നിഷേധിക്കാവുന്നതുമാണ്.

പ്രമേയങ്ങൾക്ക് ചിലപ്പോൾ നിയമത്തിന്റെ സ്വഭാവമുണ്ടാകാം; മറ്റുചിലപ്പോൾ നിയമപരമായ പ്രത്യാഘാതവുമുണ്ടാകാം. അത്തരം പ്രമേയങ്ങൾ പാസാക്കണമെങ്കിൽ അതിനുള്ള നിയമപരമായ അധികാരം സഭയ്ക്കുണ്ടാകണം. ഭരണഘടനയുടെ 196 മുതൽ 201 വരെയുള്ള അനുച്ഛേദങ്ങൾ നിയമനിർമാണം സംബന്ധിച്ചുള്ളവയാണ്. 202 മുതൽ 207 വരെയുള്ള അനുച്ഛേദങ്ങളാകട്ടെ, സാമ്പത്തികവിഷയങ്ങളിലെ നടപടിക്രമങ്ങളെക്കുറിച്ച്‌ പറയുന്നു. അതുപോലെ 179(സി) അനുച്ഛേദം സ്പീക്കറെയോ ഡെപ്യൂട്ടി സ്പീക്കറയോ നീക്കംചെയ്യാനുള്ള പ്രമേയത്തെക്കുറിച്ച്‌ പറയുന്നു. പാർലമെന്റിനുമുണ്ട് നിയമസഭാസ്വഭാവമുള്ള പ്രമേയങ്ങൾ പാസാക്കാനുള്ള അധികാരം. 61(2), 61(4), 123(2) എന്നീ അനുച്ഛേദങ്ങൾ ഉദാഹരണം. ഇത്തരം പ്രമേയങ്ങൾക്ക് നിയമത്തിന്റെയും നിയമനിർമാണത്തിന്റെയും സ്വഭാവമുള്ളതിനാൽ, ഭരണഘടനാദത്തമായ അധികാരമുണ്ടെങ്കിലേ ഈ വിധത്തിലുള്ള പ്രമേയങ്ങൾ സഭയ്ക്ക് പാസാക്കാൻ കഴിയൂ. എന്തെന്നാൽ ഇവ കേവലം പ്രമേയങ്ങൾ എന്നതിനെക്കാൾ നിയമപരമായ പ്രത്യാഘാതങ്ങളുള്ള രേഖകളാണ്.

 എതിർപ്പുകൾക്കുള്ള വേദിതന്നെ
എന്നാൽ, കംട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറലിന്റെ നടപടികൾക്കെതിരേ നിയമസഭ കൊണ്ടുവന്നത് കേവലം ഒരു രാഷ്ട്രീയപ്രമേയംമാത്രമാണ്. അതൊരു നിയമമല്ല. അതിന് നിയമപരമായ പ്രത്യാഘാതവുമില്ല. അതിനെതിരായ പ്രതിപക്ഷത്തിന്റെ വിയോജിപ്പുകളും രാഷ്ട്രീയവിയോജിപ്പുകളാണ്. ഇത്തരം യോജിപ്പുകൾക്കും വിയോജിപ്പുകൾക്കും പ്രമേയങ്ങൾക്കും എതിർപ്പുകൾക്കുമുള്ള വേദിതന്നെയാണ് നിയമസഭ. പൗരത്വനിയമത്തിന്റെ കാര്യത്തിലായാലും കാർഷികനിയമത്തിന്റെ കാര്യത്തിലായാലും നിയമസഭ പ്രമേയങ്ങൾ പാസാക്കിയതിൽ ഒട്ടും തെറ്റില്ല.എന്തെന്നാൽ അവയൊന്നും നിയമനിർമാണങ്ങളോ എതിർനിയമശ്രമങ്ങളോ ആയിരുന്നില്ല. കേവലം അഭിപ്രായപ്രകടനവും ആശയപ്രചാരണവും മാത്രമായിരുന്നു.

നിയമസഭയ്ക്കുമുണ്ട്, അഭിപ്രായസ്വാതന്ത്ര്യം. നിയമസഭയ്ക്ക് അതില്ലെങ്കിൽ പൗരന്മാർക്ക് അതുറപ്പുവരുത്താൻ എങ്ങനെ കഴിയും? കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഭരണഘടനാ സ്ഥാപനമായതുകൊണ്ട് വിമർശനാതീതമാകുന്നില്ല. ഭരണഘടനാസ്ഥാപനങ്ങൾ ജനങ്ങളാൽ വിമർശിക്കപ്പെടുന്നതുപോലെ ജനപ്രതിനിധിസഭകളാലും വിമർശിക്കപ്പെടാം. പാർലമെന്ററി സംവിധാനത്തിന്റെ അടിത്തറയാണ് ഇത്തരം വിമർശനങ്ങൾ. കേവലമായ രാഷ്ട്രീയപ്രമേയങ്ങൾ ചർച്ചകളുടെ ഭാഗികവും ക്രോഡീകൃതവുമായ രൂപംമാത്രമാണ്. അതിനോടുള്ള വിയോജിപ്പുകളും പ്രമേയത്തോടൊപ്പം ചേർത്ത് ജനങ്ങൾക്ക് വായിക്കാവുന്നതേയുള്ളൂ. പ്രമേയത്തിന്റെയും വിയോജിപ്പിന്റെയും ഉള്ളടക്കങ്ങൾ ജനങ്ങളാണ് വിലയിരുത്തേണ്ടത്. അതിനവരെ പ്രാപ്തരാക്കുന്നതാണ് സംവാദാത്മകജനാധിപത്യം (Deliberative democracy). അത് ഭരണഘടനാവിരുദ്ധമല്ല; മറിച്ച് ഭരണഘടനയുടെ ആത്മാവാണ്.
(ലേഖകൻ സുപ്രീംകോടതിയിലും കേരള
ഹൈക്കോടതിയിലും അഭിഭാഷകനാണ്)