സി.എ.ജി. റിപ്പോർട്ടിനെതിരേ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയത് അത്യപൂർവ സംഭവമാണെങ്കിലും അവരുടെ അധികാരം ചർച്ചചെയ്യപ്പെട്ട കേസുകളേറെ. സി.എ.ജി. റിപ്പോർട്ട് നിയമനിർമാണ സഭകളുടെ പരിശോധനയ്ക്ക് വിധേയമാണെന്നും അതുകൊണ്ടുതന്നെ അതിനെ അതുപോലെ അംഗീകരിക്കാൻ ബാധ്യതയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കുന്നു. അതേസമയം, ഭരണഘടനാ സ്ഥാപനമായ സി.എ.ജി.യുടെ റിപ്പോർട്ടിനെ ബഹുമാനിക്കണമെന്നും പാടേ നിരാകരിക്കരുതെന്നും സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്.

കേന്ദ്ര നിയമപ്രകാരം സൃഷ്ടിക്കപ്പെട്ട സി.എ.ജി.യുടെ അധികാരത്തെ മറികടക്കുംവിധം നിയമനിർമാണം നടത്താൻ സംസ്ഥാനങ്ങൾക്കാവില്ലെന്ന് 1971-ലെ സി.എ.ജി. നിയമവും കാലാകാലങ്ങളിൽ അതിലുണ്ടായ ഭേദഗതികളും വ്യക്തമാക്കുന്നു. സി.എ.ജി.ക്കോ പ്രതിനിധികൾക്കോ ഏതെങ്കിലും കർത്തവ്യമോ അധികാരമോ നൽകാൻ സംസ്ഥാന നിയമങ്ങൾക്ക് സാധിക്കില്ല. സി.എ.ജി. റിപ്പോർട്ടിനെ എത്രമാത്രം പരിഗണിക്കണമെന്ന്, കെയിൻ ഇന്ത്യയുടെ ഓഹരികൾ വേദാന്ത വാങ്ങിയതുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. സ്വതന്ത്രമായ ഭരണഘടനാ സ്ഥാപനമാണ് സി.എ.ജി. എന്നതിൽ സംശയമില്ല. എങ്കിലും പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ

(പി.എ.സി.) റിപ്പോർട്ട് ലഭിച്ചുകഴിഞ്ഞാൽ സി.എ.ജി. റിപ്പോർട്ടിൻമേൽ സഭയ്ക്ക് അഭിപ്രായം രേഖപ്പെടുത്താമെന്ന് 2013-ലെ വിധിയിൽ പറയുന്നു.

 പാടേ നിരാകരിക്കരുത്
സി.എ.ജി. റിപ്പോർട്ടിന്മേൽ മന്ത്രിസഭയ്ക്ക് എതിർപ്പുണ്ടെങ്കിൽ പി. എ.സി.ക്ക് അതംഗീകരിക്കാം. റിപ്പോർട്ട് തള്ളുകയുമാകാം. എങ്കിലും ഭരണഘടനാ സ്ഥാപനമായ സി.എ.ജി.യുടെ റിപ്പോർട്ട് ബഹുമാനമർഹിക്കുന്നതായതിനാൽ, പാടേ നിരാകരിക്കരുത്. മന്ത്രിസഭയുടെ അഭിപ്രായങ്ങൾ പി.എ.സി. പരിശോധിക്കണം. സി.എ.ജി. അനുചിതമായി കൈകാര്യംചെയ്ത വിഷയങ്ങളോ റിപ്പോർട്ടിലെ തെറ്റുകളോ സർക്കാരിന് ചൂണ്ടിക്കാട്ടാമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഓഡിറ്റ് നടത്താനുള്ള സമയവും അതിന്റെ വ്യാപ്തിയും സി.എ.ജി.ക്കുതന്നെ തീരുമാനിക്കാമെന്ന് ബോംബെ ഹൈക്കോടതിയുടെ 2009-ലെ വിധിയിൽ വ്യക്തമാക്കുന്നു. സി.എ.ജി.യുടെ അധികാരപരിധിയിൽ വരുന്ന ഇത്തരം വിഷയങ്ങളിൽ കോടതി കൈകടത്തേണ്ടതില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.