മുതിർന്ന കോൺഗ്രസ് നേതാവ്  ആര്യാടൻ മുഹമ്മദ്‌  ‘മാതൃഭൂമി’ പ്രതിനിധി എം. സുധീന്ദ്രകുമാറിനു നൽകിയ അഭിമുഖത്തിൽനിന്ന് 

? പൗരത്വനിയമ ഭേദഗതിക്കെതിരേ നടക്കുന്ന പ്രക്ഷോഭങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനെക്കുറിച്ച് താങ്കൾക്ക്‌ വ്യത്യസ്തമായ കാഴ്ചപ്പാടുണ്ടോ.

പൗരത്വനിയമ ഭേദഗതി എതിർക്കപ്പെടേണ്ടതുതന്നെയാണ്. പക്ഷേ, നരേന്ദ്രമോദിയുടെ കെണിയിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. ജനങ്ങളെ രണ്ടുതട്ടിലാക്കാനാണ് മോദി ശ്രമിക്കുന്നത്. ഹിന്ദുവെന്നും മുസ്‌ലിമെന്നും വേർതിരിച്ച് ഒരു വിഭാഗത്തിന്റെ വോട്ട് ഉറപ്പിക്കുകയെന്നതാണ് മോദിയുടെ തന്ത്രം. ഇതിനെതിരേയുള്ള പോരാട്ടം ഒരു വിഭാഗത്തിന്റേതു മാത്രമായി മാറരുത്. പോരാട്ടത്തിൽ എല്ലാ മതവിഭാഗങ്ങളും ഒരുമിച്ചുനിൽക്കണം. മറിച്ചായാൽ മോദിയുടെ അജൻഡയെ സഹായിക്കുന്നതായിമാറും.

ജനങ്ങളെ ഇക്കാര്യത്തിൽ ഹിന്ദു-മുസ്‌ലിം എന്നിങ്ങനെ തരംതിരിച്ച് ഭിന്നിപ്പുണ്ടാക്കാനാണ് മോദി ആഗ്രഹിക്കുന്നത്. ഹിന്ദു എന്നത് ഒരു ജീവിതരീതി ആണെന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞതാണ് ശരി. ഇവിടെ ഹിന്ദുക്കൾ മാത്രമാണല്ലോ ഉണ്ടായിരുന്നത്. 1400 കൊല്ലമായിട്ടേയുള്ളൂ ഇന്ത്യയിൽ ഇസ്‌ലാം എത്തിയിട്ട്. എ.ഡി. 52-ലാണ് സെയ്‌ന്റ് തോമസ് കേരളത്തിലെത്തിയത്. അതിനുശേഷമാണ് ക്രിസ്തുമതവും വന്നത്. അവരൊക്കെ വരുമ്പോൾ അവരെ സ്വീകരിച്ചത് ഇവിടത്തെ ഹിന്ദുരാജാക്കന്മാരാണ്. പരസ്പരസ്നേഹവും ബഹുമാനവുമായിരുന്നു അവരുടെ മുഖമുദ്ര. അതിനെ തുരങ്കംവെക്കാൻ ആരു വിചാരിച്ചാലും സാധിക്കില്ല. അത് ഇവിടത്തെ ജനങ്ങളുടെ രക്തത്തിലുള്ളതാണ്. അത് നിലനിൽക്കുകയും ചെയ്യും. 

? പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ച് ബി.ജെ.പി. നടത്തിയ പരിപാടിക്കിടെ ചിലർ ഹർത്താൽ ആചരിച്ചതിനെതിരേ പ്രതിപക്ഷത്തുനിന്നു പരസ്യമായി രംഗത്തുവന്ന നേതാവ് താങ്കളാണല്ലോ.
 ഇത്തരം പ്രക്ഷോഭം അതിരുവിടരുത്. പ്രതിഷേധിക്കാനുൾ‌പ്പെടെയുള്ള  അഭിപ്രായസ്വാതന്ത്ര്യം ഭരണഘടന  എല്ലാവർക്കും നൽകുന്നതാണ്. നമുക്ക് പാരമ്പര്യമായി കിട്ടിയ മതേതരവിശ്വാസം കൈവിടാതെവേണം എല്ലാ പ്രതിഷേധങ്ങളും. മറിച്ചായാൽ നരേന്ദ്രമോദിയുടെ ലക്ഷ്യത്തെ  സഹായിക്കലാവും അത്. പ്രക്ഷോഭത്തിന്റെ ഉദ്ദേശ്യലക്ഷ്യത്തെ അട്ടിമറിക്കുന്നതുമാവുമത്. ബി.ജെ.പി. സമരം നടത്തിയ ദിവസം തിരൂരിലും മറ്റുചില സ്ഥലങ്ങളിലും കടകളടച്ചു ഹർത്താൽ നടത്തുകയുണ്ടായി. അത്തരം പ്രകോപന സമീപനം മോദിയുടെ വർഗീയ അജൻഡയെ സഹായിക്കുന്നതായിത്തീരും. അടുത്തദിവസം സമീപപ്രദേശത്ത് ബി.ജെ.പി. പ്രവർത്തകർ തെരുവിലിറങ്ങി വാഹനങ്ങൾ തടയാൻ ശ്രമിച്ചു. തലേദിവസത്തെ ഹർത്താലിൽ പ്രതിഷേധിച്ചായിരുന്നു ഇത്. ഇത്തരം പ്രവണത അപകടകരമാണ്. പല സംഘടനകളിലും അതിതീവ്ര സ്വഭാവമുള്ള സമൂഹവിരുദ്ധസംഘങ്ങൾ നുഴഞ്ഞുകയറുന്നുണ്ട്. 

? സമരം പല സംഘടനകൾ നടത്തുന്നതിനു പകരം സംയുക്തമായി നടത്തണമെന്ന അഭിപ്രായമാണ് സി.പി.എമ്മിനുള്ളത്. കോൺഗ്രസിനുള്ളിൽ ഇക്കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ട്. പാർട്ടി സംസ്ഥാന അധ്യക്ഷൻ തന്നെ ഇതിനെതിരേ പരസ്യമായി രംഗത്തുവരികയുണ്ടായി.
സി.പി.എമ്മിന് ഇക്കാര്യത്തിൽ രാഷ്ട്രീയലക്ഷ്യമാണുള്ളത്. എക്കാലത്തും അവർക്ക്‌ അങ്ങനെത്തന്നെയായിരുന്നു. വോട്ടുബാങ്ക് രാഷ്ട്രീയത്തിനാണ് അവർ പ്രാധാന്യം കൊടുക്കുന്നത്. ഇറാഖ് യുദ്ധകാലത്ത് സദ്ദാം ഹുസൈനെ പിന്തുണച്ചു, അവർ. കമ്യൂണിസ്റ്റ് പാർട്ടിയെ ഇറാഖിൽ നിരോധിച്ച ഭരണാധികാരിയാണ് സദ്ദാം ഹുസൈൻ. ഇവിടെ അന്ന്‌ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന സമയമായിരുന്നു. തിരഞ്ഞെടുപ്പിൽ വോട്ടുനേടുകയായിരുന്നു അവരുടെ ഉന്നം. കോഴിക്കോട്ട് പൗരത്വനിയമഭേദഗതിക്കെതിരേ പോസ്റ്റോഫീസിനുമുന്നിൽ സമരം നടത്തിയ 57 കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റുചെയ്ത് നാലുദിവസം ജാമ്യം നൽകാതെ ജയിലിലടച്ച സർക്കാരാണ് ഇത്. 

? പൗരത്വനിയമഭേദഗതിയും ദേശീയ പൗരത്വപ്പട്ടികയുമെല്ലാം ആരെയൊക്കെയാണ് ബാധിക്കുക.
നിയമഭേദഗതി മുസ്‌ലിങ്ങളെ മാത്രം ബാധിക്കുന്നതാണ് എന്ന പ്രചാരണം നടക്കുന്നുണ്ട്. അത് ശരിയല്ല. നിയമഭേദഗതി ഹിന്ദുക്കളെയും ബാധിക്കും. ചന്ദ്രയാൻ 2-ന്റെ ശാസ്ത്രീയ ഉപദേഷ്ടാവ് ജിതേന്ദ്രനാഥ് ഗോസാമിയുടെ പേര് അസമിലെ പട്ടികയിലില്ല. അദ്ദേഹം ഇപ്പോൾ ഇന്ത്യക്കാരനല്ല. അസമിൽ വിദ്യാർഥിപ്രക്ഷോഭവും മറ്റും നടന്നപ്പോൾ സുപ്രീംകോടതിയാണ് നിയമനിർമാണത്തിന്റെ ആവശ്യകത നിർദേശിച്ചത്. അസമിൽ 19 ലക്ഷം ആളുകൾക്കാണ് ഇന്ത്യൻ പൗരത്വം ഇല്ലാതാവുക. ഇതിൽ അഞ്ചുലക്ഷമാണ് മുസ്‌ലിങ്ങൾ വരുന്നത്. 14 ലക്ഷം ഹിന്ദുക്കളാണ്.  

Content Highlight: CAA: Interview with Aryadan Muhammed