ലഖ്‌നൗ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ അധികാരമേറ്റശേഷം നടന്ന മൂന്നാമത്തെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലും ബി.ജെ.പി. നേരിട്ടത് വൻ തോൽവി. പടിഞ്ഞാറൻ യു.പി.യിലെ കൈരാന ലോക്‌സഭാ സീറ്റിലും നുർപുർ നിയമസഭാ മണ്ഡലത്തിലുമാണ് ബി.ജെ.പി. അടിയറവുപറഞ്ഞത്.
എസ്.പി., ബി.എസ്.പി., കോൺഗ്രസ് പിന്തുണയിലായിരുന്നു കൈരാനയിൽ രാഷ്ട്രീയ ലോക് ദളിന്റെ തബസും ഹസൻ ബീഗത്തിന്റെ വിജയം. നുർപുരിലാകട്ടെ എസ്.പി.യുടെ നയീം അൽ ഹസ്സൻ ബി.ജെ.പി.യുടെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തു.
ബി.ജെ.പി. നേതാവും സിറ്റിങ് എം.പി.യുമായിരുന്ന ഹുക്കും സിങ് മരിച്ച ഒഴിവിലായിരുന്നു കൈരാന ഉപതിരഞ്ഞെടുപ്പ്. ഹുക്കും സിങ്ങിന്റെ മകളായ മൃഗാംഗ സിങ്ങായിരുന്നു ബി.ജെ.പി. സ്ഥാനാർഥി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഇവർ തോറ്റിരുന്നു. മുൻ എം.പി.യും ബി.എസ്.പി. നേതാവുമാണ് തബസും ബീഗം. ഗോരക്പുർ, ഫുൽപുർ ലോക്‌സഭാ മണ്ഡലങ്ങളിൽ അപ്രതീക്ഷിതമായി തോറ്റ ബി.ജെ.പി.ക്ക് മറ്റൊരു സ്വാധീന കേന്ദ്രമായ മുസഫർനഗർ മേഖലയ്ക്കടുത്തുള്ള കൈരാനയിലുണ്ടായ പരാജയം വൻതിരിച്ചടിയാണ്.
ഒട്ടേറെത്തവണ വർഗീയ സംഘർഷങ്ങൾക്ക് സാക്ഷിയായ മേഖലയാണ് മുസഫർനഗർ, ഷാംലി ജില്ലകൾ. ദളിത്‌വിരുദ്ധ കലാപം നടന്ന സഹാരൻപുരും ഇവിടെയാണ്. വിദ്വേഷപ്രചാരണങ്ങളുടെ ഭൂമിയായ കൈരാനയിൽ ഫലം നിർണയിച്ചത് കർഷകരുടെ പ്രശ്നങ്ങളും മുസ്‌ലിം-ജാട്ട്-ദളിത് വോട്ട് പഴുതടച്ചു സമാഹരിച്ച ബി.ജെ.പി.വിരുദ്ധ സഖ്യതന്ത്രവുമാണ്.
പടിഞ്ഞാറൻ യു.പി.യിൽ നല്ല സ്വാധീനമുള്ള ആർ.എൽ.ഡി.ക്ക് സീറ്റുനൽകി അവരെ പിന്തുണയ്ക്കാനുള്ള അഖിലേഷ് യാദവിന്റെ തീരുമാനം ശരിവെയ്ക്കുന്നതായി കൈരാനയിലെ ഫലം. ബി.ജെ.പി.യെ തോൽപ്പിക്കാൻവേണ്ടി എസ്.പി.യെ പിന്തുണയ്ക്കാനുള്ള മായാവതിയുടെ രാഷ്ട്രീയതീരുമാനം ബി.ജെ.പി.ക്ക് സംസ്ഥാനത്ത് ഹാട്രിക് പരാജയവും സമ്മാനിച്ചു.
2014 ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം വന്നപ്പോൾ യു.പി. തൂത്തുവാരിയ ബി.ജെ.പി.ക്ക് പിന്നീട് നടന്ന നാല് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് വിജയിക്കാനായിട്ടില്ല. 2014-ൽ മുലായംസിങ് രാജിവെച്ച ഒഴിവിൽ മെയിൻപുരി, 2018-ൽ യോഗി എം.പി.സ്ഥാനം ഒഴിഞ്ഞ ഗോരക്പുർ, യു.പി. ഉപമുഖ്യമന്ത്രിപദം ഏറ്റെടുക്കാൻ എം.പി.യായിരുന്ന കേശവ് പ്രസാദ് മൗര്യ രാജിവെച്ച ഫുൽപുർ എന്നിവയാണ് കൈരാനയ്ക്ക് മുൻപ് കൈവിട്ടത്. ഹുക്കും സിങ് രണ്ടരലക്ഷം വോട്ടിന്റെ ഭൂരിപക്ഷം നേടിയ മണ്ഡലമാണ് ഇപ്പോൾ അരലക്ഷത്തോളം വോട്ടിനു തിരിഞ്ഞുകുത്തിയത്
കരിന്പുകർഷകരുടെ പ്രതിഷേധം
കരിമ്പുകർഷകൻ ധാരാളമുള്ള മേഖല ആയതിനാൽ ഇവിടെനിന്ന് യോഗി സർക്കാരിന് കരിമ്പുകർഷക ക്ഷേമവകുപ്പ് മന്ത്രിയുമുണ്ട്. എന്നാൽ, പഞ്ചസാര മില്ലുകളുടെ കുടിശ്ശികപണം ലഭിക്കാതെ യു.പി.യിലെ കരിമ്പുകർഷകർ വലിയ പ്രതിഷേധത്തിലാണ്. കുടിശ്ശിക പണം വാങ്ങിക്കൊടുക്കുമെന്നുപറഞ്ഞ് അധികാരത്തിൽ വന്ന യോഗി സർക്കാരിന്റെ നടപടികളിൽ കർഷകർ തൃപ്തരല്ല. ഈ രോഷം വോട്ടാക്കിമാറ്റാൻ മുൻ ബി.എസ്.പി. നേതാവിനെ ആർ.എൽ.ഡി. സ്ഥാനാർഥിയാക്കി. ബി.എസ്.പി.ക്കൊപ്പം കോൺഗ്രസിന്റെ പിന്തുണ ആർജിക്കാനും അഖിലേഷിന് കഴിഞ്ഞു.
ജാട്ട്-മുസ്‌ലിം-ദളിത് വോട്ട് നിർണായകമായി
ജാട്ട് വിഭാഗത്തിനും ദളിത് വിഭാഗങ്ങൾക്കും നല്ല സ്വാധീനമുള്ള മേഖലയാണ് കൈരാന. അഞ്ചുലക്ഷത്തോളം മുസ്‌ലിം-ദളിത് വോട്ടുള്ള കൈരാനയിൽ ഇതിനൊപ്പം ജാട്ട് വോട്ടുകൂടി ലക്ഷ്യമിട്ടാണ് എസ്.പി.യും ആർ.എൽ.ഡി.യും ബി.എസ്.പി.യും തന്ത്രം മെനഞ്ഞത്. 17 ലക്ഷം വോട്ടർമാരുണ്ട് മണ്ഡലത്തിൽ.
2009-ൽ എം.പി.യായി ലോക്‌സഭയിലെത്തിയ തബസ്സും ഹസൻ രണ്ടുതവണ എം.പി.യായിരുന്ന എസ്.പി. നേതാവ് മുനവർ ഹസ്സന്റെ ഭാര്യയാണ്. ഗോരക്പുരിൽ നിഷാദ് പാർട്ടിനേതാവ് പ്രവീൺ നിഷാദിനെ ബി.എസ്.പി. പിന്തുണയോടെ മത്സരിപ്പിച്ച എസ്.പി., അതേ തന്ത്രമാണ് കൈരാനയിൽ പയറ്റിയത്. അത് വിജയിച്ചു.
കാവിപ്പോരിൽ ബി.ജെ.പി.ക്ക് ജയം
മുംബൈ: മഹാരാഷ്ട്രയിലെ പാൽഘർ ലോക്‌സഭാ മണ്ഡലത്തിൽ ബി.ജെ.പി. വിജയക്കൊടി പാറിച്ചത് സഖ്യകക്ഷിയായ ശവിസേനയെ മലർത്തിയടിച്ച്. എൻ.ഡി.എ.യിലെ പ്രബലകക്ഷികൾ തമ്മിലുള്ള പോരാട്ടമാണ് പാൽഘറിനെ ദേശിയ ശ്രദ്ധയിലേക്കെത്തിച്ചത്.
കഴിഞ്ഞതവണ ബി.ജെ.പി. രണ്ടരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലമാണിത്. ചിന്താമൺ വനഗെയുടെ മകൻ ശ്രീനിവാസ് വനഗയെ ശിവസേന സ്ഥാനാർഥിയാക്കുകയായിരുന്നു. അതോടെയാണ് ശക്തമായ മത്സരത്തിന് കളമൊരുങ്ങിയത്.
കഴിഞ്ഞതവണ രണ്ടാം സ്ഥാനത്തുവന്ന പ്രാദേശിക കക്ഷിയായ ബഹുജൻ വികാസ് അഘാഡി മൂന്നാമതെത്തി. പാൽഘർ ലോക്‌സഭ മണ്ഡലത്തിൽ സേന ആദ്യമായിട്ടാണ് മത്സരിച്ചത്. വരാനിരിക്കുന്ന നിയമസഭാ, ലോക്‌സഭ തിരഞ്ഞടുപ്പിൽ ബി.ജെ.പിയുമായി സഖ്യമില്ലാതെ മത്സരിക്കുമെന്ന് സേനയുടെ ദേശിയ നിർവാഹക സമിതിയോഗം ജനുവരിയിൽ തീരുമാനം എടുത്തിരുന്നു. അതിന്റെ റിഹേഴ്‌സലായിട്ടാണ് ഉപതിരഞ്ഞെടുപ്പ് വിശേഷിപ്പിക്കപ്പെട്ടത്.
വിദർഭ മേഖലയിലെ മണ്ഡലമായ ഭണ്ഡാര-ഗോണ്ടിയായിൽ ബി.ജെ.പിയും കോൺഗ്രസ്-എൻ.സി.പി. സഖ്യവും തമ്മിലുള്ള നേരിട്ടുള്ള മത്സരമായിരുന്നു. സേന ഇവിടെ മത്സരിച്ചില്ലെങ്കിലും അവർ പിന്തുണ ബി.ജെപിക്ക് പ്രഖ്യാപിച്ചിരുന്നില്ല. പാൽഘറിൽ കോൺഗ്രസ്, എൻ.സി.പി കക്ഷികൾക്ക് വലിയ സ്വാധീനമില്ലാത്തതിനാൽ വിജയപ്രതീക്ഷ പുലർത്തിയിരുന്നില്ല.
പാൽഘറിലെ വിജയം ബി.ജെ.പിക്ക് ആശ്വാസമാകുന്നുവെങ്കിലും കോൺഗ്രസ്-എൻ.സി.പി. സഖ്യത്തിന്റെ ഭണ്ഡാര ഗോണ്ടിയായിലെ വിജയം അവർക്ക് ആശങ്ക കൂട്ടിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ സേനയുമായി സഖ്യമില്ലാതെ മത്സരിച്ചാൽ കോൺഗ്രസ് അധികാരത്തിൽവരുമെന്ന് മുതിർന്ന ബി.ജെ.പി. നേതാവും മന്ത്രിയുമായ ചന്ദ്രകാന്ത് പാട്ടീൽ അടുത്തയിടെ പറഞ്ഞിരുന്നു. സേനയുമായി സഖ്യത്തിന് ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും പറയുകയുണ്ടായി.
നാലുവർഷം, നഷ്ടപ്പെട്ട സീറ്റുകൾ8
ന്യൂഡൽഹി: മുപ്പതുവർഷത്തിനുശേഷം ആദ്യമായി ലോക്‌സഭയിൽ കേവലഭൂരിപക്ഷം പിന്നിടുന്ന പാർട്ടിയെന്ന നാഴികക്കല്ലുകടന്നാണ് ബി.ജെ.പി. 2014-ൽ അധികാരത്തിലേറുന്നത്. അന്ന് 282 സീറ്റാണ് അവർക്കുണ്ടായിരുന്നത്. എന്നാൽ, നാലുവർഷത്തിനിടെ നടന്ന 22 ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളിൽ എട്ട് സിറ്റിങ് സീറ്റുകൾ നഷ്ടപ്പെട്ട് ബി.ജെ.പി. കൂപ്പുകുത്തിയത് 274-ലേക്ക്.
ലോക്‌സഭയിൽ കേവലഭൂരിപക്ഷത്തിനുവേണ്ടത് 272 സീറ്റുകളാണ്. ബി.ജെ.പി.ക്കിപ്പോഴുള്ള 274 അംഗങ്ങളിൽ രണ്ടുപേർ നാമനിർദേശം ചെയ്യപ്പെട്ടവരാണ്. കർണാടകയിലെ മൂന്നുപേർ രാജിവെച്ചതും കശ്മീരിലുള്ള അനന്ത്നാഗ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് നീണ്ടുപോകുന്നതും കൂടി കണക്കിലെടുത്താൽ ലോക്സഭയിൽ ഇപ്പോഴുള്ളത് 539 സീറ്റാണ്. ഈ നാലെണ്ണവും ബി.ജെ.പി.യുടെ സിറ്റിങ് സീറ്റുകളുമാണ്. അതുകൂടി കണക്കിലെടുത്താൽ ബി.ജെ.പി.ക്ക് ഇപ്പോഴുള്ളത് 270 അംഗങ്ങൾ മാത്രം.
ബി.ജെ.പി. കേവലഭൂരിപക്ഷം നഷ്ടപ്പെടുന്നതിന്റെ വക്കിലാണെങ്കിലും അവർ നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന് (എൻ.ഡി.എ.) ഭീഷണിയില്ല. സഖ്യത്തിന് 313 സീറ്റുണ്ട്.
ദേശീയ രാഷ്ട്രീയത്തിന് ചൂണ്ടുപലക
മനോജ് മേനോൻ
ന്യുഡൽഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയെ നേരിടുക സംയുക്ത പ്രതിപക്ഷമായിരിക്കുമെന്ന് ഉപതിരഞ്ഞെടുപ്പുഫലങ്ങൾ വ്യക്തമാക്കുന്നു. പൊതുലക്ഷ്യത്തിനായി ബദ്ധവൈരികൾ കൈകോർക്കുന്ന ഉത്തർപ്രദേശ് മാജിക് രാജ്യവ്യാപകമായി ആവർത്തിക്കാൻ കൈരാനയുടെ ജനവിധി പ്രതിപക്ഷത്തിന് ഊർജമേകും. മറുപക്ഷത്ത്, കേന്ദ്രസർക്കാർ നാലാംവാർഷികം ആഘോഷിക്കുന്നതിനിടെയുണ്ടായ തോൽവി ബി.ജെ.പി.ക്കു കനത്ത താക്കീതായി.
നാല് ലോക്‌സഭാ മണ്ഡലങ്ങളിലും 10 നിയമസഭാ മണ്ഡലങ്ങളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലും ഒരു നിയമസഭാ മണ്ഡലത്തിലും മാത്രമാണ് എൻ.ഡി.എ. സഖ്യത്തിന് ജയിക്കാനായത്. അതിൽ ത്തന്നെ ബി.ജെ.പി.ക്കു ലഭിച്ചത് മഹാരാഷ്ട്രയിലെ പാൽഘർ ലോക്‌സഭാ മണ്ഡലവും ഉത്തരാഖണ്ഡിലെ ഥരാലി നിയമസഭാ മണ്ഡലവും മാത്രം.
എൻ.ഡി.എ. സഖ്യത്തിന്റെ ഭാഗമായ പീപ്പിൾസ് ഡെമോക്രാറ്റിക് അലയൻസ് പിടിച്ച നാഗാലാൻഡ് ലോക്‌സഭാ സീറ്റാണ് മറ്റൊരാശ്വാസം. ബി.ജെ.പി. ജയിച്ച പാൽഘറിൽ തോൽപിച്ചത് സ്വന്തം സഖ്യകക്ഷിയായ ശിവസേനയെയാണെന്നത് വിജയത്തിന്റെ മാറ്റു കുറയ്ക്കുന്നുമുണ്ട്.
ഉത്തർപ്രദേശിലും ബിഹാറിലുമേറ്റ പരാജയമാണ് ബി.ജെ.പി.യെ നടുക്കുന്നത്. ഉത്തരേന്ത്യൻ രാഷ്ട്രീയത്തിന്റെ ഹൃദയഭൂമിയായ ഈ രണ്ട് സംസ്ഥാനങ്ങളിലും വേരോട്ടമുറപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലുണ്ടാകുന്ന തിരിച്ചടികൾ പാർട്ടിക്ക് കനത്ത ആഘാതമാണ്. ബി.ജെ.പി.യുടെ കൈവശമിരുന്ന കൈരാന ലോക്‌സഭാ മണ്ഡലവും നൂർപുർ നിയമസഭാ മണ്ഡലവും വൻ ഭൂരിപക്ഷത്തോടെയാണ് പ്രതിപക്ഷം കൈക്കലാക്കിയത്.
അവിടെ തീരുന്നില്ല കൈരാനയുടെ രാഷ്ട്രീയം. അവിടെ ബി.ജെ.പി. സ്ഥാനാർഥിയെ ബി.എസ്.പി., എസ്.പി., ആർ.എൽ.ഡി., കോൺഗ്രസ് സഖ്യത്തിന്റെ സംയുക്ത സ്ഥാനാർഥിയാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ മാർച്ചിൽ ഗോരഖ്പുരും ഫൂൽപുരും പിടിച്ചെടുക്കാൻ പ്രതിപക്ഷം പ്രയോഗിച്ച രാഷ്ട്രീയതന്ത്രത്തിന്റെ ആവർത്തനമാണ് അവിടെ നടന്നത്.
ഒന്നിച്ചുനിന്നാൽ മോദിയെ പ്രതിരോധിക്കാമെന്ന തന്ത്രം 2019 -ലേക്കുള്ള ചൂണ്ടുപലകയാണ്. ഹൈന്ദവ വോട്ടുകളുടെ ഏകീകരണമെന്ന ബി.ജെ.പി. തന്ത്രത്തെ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണംകൊണ്ട് നേരിടുമെന്ന രാഷ്ട്രീയപാഠവും ഉത്തർപ്രദേശ് മാതൃക നൽകുന്നു.
ബിഹാറിലെ ജോക്കിഹാട്ട് നിയമസഭാ മണ്ഡലത്തിലും സമാനമായ രാഷ്ട്രീയസാഹചര്യമാണ് എൻ.ഡി.എ.ക്കു നേരിടേണ്ടിവന്നത്. അവരുടെ ഭാഗമായ ജെ.ഡി.യു.വിനെ ആർ.ജെ.ഡി.യുടെ നേതൃത്വത്തിൽ സംയുക്തപ്രതിപക്ഷം നേരിട്ടു.
വിജയം ആർ.ജെ.ഡി.ക്കൊപ്പമായി. മഹാരാഷ്ട്രയിലെ ഭണ്ഡാര-ഗോണ്ടിയ ലോക്‌സഭാ മണ്ഡലത്തിൽ എൻ.സി.പി-കോൺഗ്രസ് സഖ്യം സ്ഥാനാർഥി നേടിയ വിജയവും സമാനം തന്നെ.
ഉത്തർപ്രദേശിലും ബിഹാറിലും പ്രതിപക്ഷം ഈ സമവാക്യം തുടരുകയാണെങ്കിൽ ബി.ജെ.പി.ക്ക് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് എളുപ്പമാകില്ല. ഇരുസംസ്ഥാനങ്ങളിലുമായി 120 ലോക്‌സഭാ സീറ്റുകളാണുള്ളത്. 2104-ൽ മോദിയുടെ വൻവിജയത്തിന് കളമൊരുക്കിയ പ്രധാനഘടകം ഐക്യമില്ലാത്ത പ്രതിപക്ഷമായിരുന്നു.