ലോകം കണ്ടുകൊണ്ടിരിക്കുന്ന മഹാത്മാഗാന്ധിയുടെ രൂപം അർധനഗ്നമാണ്. തന്റെ 52-ാം വയസ്സിൽ 1921 സെപ്റ്റംബർ 22-ന് തമിഴ്‌നാട്ടിലെ മധുരയിൽവെച്ചാണ് ഗാന്ധിജി ഈ മാറ്റത്തിന് സ്വയം വിധേയനായത്. പല വേഷമാറ്റങ്ങൾക്ക് വിധേയമായിട്ടുള്ള ഉടലാണ് മോഹൻദാസ് ഗാന്ധിയുടേത്. ബ്രിട്ടനിൽ നിയമപഠനം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയ ഗാന്ധിജിയുടെ വേഷവിധാനങ്ങൾ യൂറോപ്യനായിരുന്നു. ദക്ഷിണാഫ്രിക്കയിലെ ജീവിതകാലത്ത് പലതരം വേഷമാറ്റങ്ങൾക്ക് അദ്ദേഹം തയ്യാറായിട്ടുണ്ട്. 1915-ൽ ഇന്ത്യയിൽ കപ്പലിറങ്ങുമ്പോൾ തനി കത്തിയവാറുകാരന്റെ വേഷമായിരുന്നു ധരിച്ചിരുന്നത്. ഗാന്ധിജിയുടെ ഏറ്റവും ഒടുവിലത്തെ വേഷമാറ്റമായിരുന്നു മധുരയിൽവെച്ച് നടന്നത്.

കൊളുത്തിയ തീ

ആധുനിക ഇന്ത്യയെ സൃഷ്ടിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച പ്രക്ഷോഭമായിരുന്നു ഗാന്ധിജിയുടെ നേതൃത്വത്തിൽ 1920 ഓഗസ്റ്റ് ഒന്നുമുതൽ 1922 ഫെബ്രുവരി 12 വരെനടന്ന നിസ്സഹകരണസമരം. നിസ്സഹകരണ സമരത്തിന്റെ മുഖ്യരൂപം ചർക്കയിലും ഖാദിയിലും അധിഷ്ഠിതമായ സ്വദേശിപ്രചാരണമായിരുന്നു. ബ്രിട്ടീഷ് അധിനിവേശത്തിന്റെ പ്രത്യക്ഷരൂപമായ വിദേശവസ്ത്രങ്ങൾ പൂർണമായും ബഹിഷ്കരിച്ച്, ഒരുകാലത്ത് ലോകം കീഴടക്കിയിരുന്ന ഇന്ത്യൻ വസ്ത്രമായ ഖാദികൊണ്ട് ഇന്ത്യക്കാരെ വസ്ത്രംധരിപ്പിക്കുകയായിരുന്നു സ്വദേശി പ്രസ്ഥാനത്തിന്റെ ലക്ഷ്യം. നിസ്സഹകരണസമരത്തിനും സ്വദേശിക്കും 1920 സെപ്റ്റംബറിൽ കൊൽക്കത്തയിൽനടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രത്യേക സമ്മേളനം അംഗീകാരം നൽകി. ഒരുവർഷത്തിനകം പൂർണസ്വരാജ് എന്നതായിരുന്നു ഗാന്ധിജിയുടെ വാഗ്ദാനം.

1921 മധ്യത്തോടെ നിസ്സഹകരണസമരം വിദേശവസ്ത്ര ബഹിഷ്കരണത്തിലേക്ക് കടന്നു. 1921 സെപ്റ്റംബർ 30-നകം വിദേശവസ്ത്രങ്ങൾ ബഹിഷ്കരിക്കുക എന്നതായിരുന്നു ലക്ഷ്യം. ജൂലായ്‌ 31-ന് മുംബൈയിലെ എൽഫിസ്റ്റൺ മൈതാനത്തുവെച്ച് അനേകായിരങ്ങളുടെ സാന്നിധ്യത്തിൽ വിദേശവസ്ത്രക്കൂമ്പാരത്തിന് ഗാന്ധിജി തീകൊളുത്തി. ആ തീ രാജ്യംമുഴുവൻ ആളിപ്പടർന്നു. നിസ്സഹകരണസമരക്കാർ വീടുവീടാന്തരം നടന്ന് വിദേശവസ്ത്രങ്ങൾ ശേഖരിച്ച് തെരുവിൽ കൂട്ടിയിട്ട് കത്തിച്ചു. സമുന്നതരായ നേതാക്കൾമുതൽ സാധാരണ പ്രവർത്തകർവരെ സ്ത്രീ-പുരുഷ ഭേദമന്യേ തെരുവുകളിൽ ഖാദിവിൽപ്പന നടത്തി. ഓഗസ്റ്റ് ഒന്നിന് ലോകമാന്യതിലകന്റെ ഒന്നാം ചരമവാർഷികത്തിനുമുമ്പായി വിദേശവസ്ത്രബഹിഷ്കരണം പൂർത്തിയാക്കി തിലകനോടുള്ള ആദരവ് പ്രകടിപ്പിക്കണമെന്ന് ഗാന്ധിജി ആഹ്വാനംചെയ്തു.

തൊഴിലാളികളുടെ ചോദ്യം

സമരപരിപാടികളുടെ ഭാഗമായി സെപ്റ്റംബർ 15-ന് ഗാന്ധിജി മദ്രാസിലെത്തി. മറീനാബീച്ചിൽചേർന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം പ്രസംഗിച്ചു. തുടർന്ന് കച്ചവടക്കാരും തൊഴിലാളികളും മറ്റുമടങ്ങുന്ന ചെറുയോഗങ്ങളിലും അദ്ദേഹം സംബന്ധിച്ചു. അവരോട് വിദേശവസ്ത്രം വിൽക്കുന്നതും ധരിക്കുന്നതും ഉപേക്ഷിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ആവശ്യത്തിന് ഖാദി കിട്ടുന്നില്ലെന്നും വിലകൂടിയ ഖാദി വാങ്ങാൻ ഞങ്ങൾക്ക് ശേഷിയില്ലെന്നും തൊഴിലാളികൾ ഗാന്ധിജിയോട് പറഞ്ഞു. എന്നാൽ, നിങ്ങൾ വസ്ത്രത്തിന്റെ ആവശ്യം കുറച്ച് ഒറ്റമുണ്ടുടുത്ത് വിദേശവസ്ത്രം ഉപേക്ഷിക്കൂ എന്ന് ഗാന്ധിജി അവരോട് ഉപദേശിച്ചു.
തൊഴിലാളികളുടെ ചോദ്യവും തന്റെ മറുപടിയും ഗാന്ധിജിയെ വല്ലാതെ പ്രയാസത്തിലാക്കി. തന്റെ വസ്ത്രങ്ങൾ അൽപ്പം കൂടുതലാണെന്ന ചിന്ത ഗാന്ധിജിക്കുണ്ടായിരുന്നു. വസ്ത്രം കുറയ്ക്കുന്നതിനെക്കുറിച്ച് പലപ്പോഴും അദ്ദേഹം ചിന്തിച്ചിട്ടുണ്ട്. പക്ഷേ, സുഹൃത്തുക്കളും സഹപ്രവർത്തകരും തടയുകയായിരുന്നു. എന്നാൽ, ഇപ്പോഴത് ഒരു വെല്ലുവിളിയായി മാറി. ഗാന്ധിജി എപ്പോഴുമെന്നപോലെ തന്റെ ആത്മാവിന്റെ വിളിക്കായി കാതോർത്തു. അദ്ദേഹം തന്റെ ഷർട്ടും തലപ്പാവും ഉപേക്ഷിക്കാൻ തീരുമാനിച്ചു. നഗ്നതമറയ്ക്കാൻ ഒറ്റമുണ്ട് (പാളത്താർ)മാത്രം ഉപയോഗിക്കാൻ ഉറച്ചു. 1922 സെപ്റ്റംബർ 22-ന് തന്റെ വേഷമാറ്റം സംബന്ധിച്ച് പ്രസ്താവനയിറക്കി. അന്നുരാത്രി ഒരു ബാർബറെ വിളിച്ച് തല മുണ്ഡനംചെയ്തു. അർധനഗ്നവേഷം സ്വീകരിച്ച് ഉറങ്ങാൻ കിടന്നു. രാവിലെ മധുരയിലെ നെയ്ത്തുകാരുടെ യോഗമായിരുന്നു ഗാന്ധിജിയുടെ പരിപാടി. അവിടെ പുതിയവേഷത്തിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടു.

വസ്ത്രമാറ്റം

തന്റെ വസ്ത്രമാറ്റം സംബന്ധിച്ച് ഗാന്ധിജി പുറപ്പെടുവിച്ച പ്രസ്താവനയിൽ ഇങ്ങനെ പറഞ്ഞു: ‘കുറഞ്ഞപക്ഷം അടുത്ത ഒക്ടോബർവരെയെങ്കിലും എന്റെ തലപ്പാവും മേൽവസ്ത്രവും ഒഴിവാക്കാൻ ഞാൻ തീരുമാനിച്ചിരിക്കയാണ്. അരമറയ്ക്കാവുന്ന ഒറ്റമുണ്ടുകൊണ്ട് തൃപ്തിപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു. വളരെ അത്യാവശ്യഘട്ടത്തിൽമാത്രം ദേഹം മൂടാൻ ഒരു പുതപ്പ് ഉപയോഗിക്കുന്നതാണ്. ഇത്തരമൊരു മാറ്റം സ്വീകരിക്കാൻ കാരണം ഞാൻ സ്വന്തം ജീവിതത്തിൽ പിന്തുടരാത്ത ഒരു കാര്യവും മറ്റുള്ളവരെ ഉപദേശിക്കാറില്ല എന്നതുകൊണ്ടാണ്. എന്നെ സംബന്ധിച്ചിടത്തോളം ഈ ത്യാഗം ഒരു ദുഃഖാചരണത്തിന്റെ സൂചനകൂടിയാണ്. നമ്മൾ വളരെയധികം ദുഃഖിതരാണ്. കാരണം, സ്വരാജ് കരസ്ഥമാക്കാൻ കഴിയാതെ ഈ വർഷം കടന്നുപോവുകയാണ്’.

തന്റെ വസ്ത്രമാറ്റം പൊതുസമൂഹത്തിൽ സൃഷ്ടിക്കാൻ പോകുന്ന ആഘാതത്തെക്കുറിച്ച് ഗാന്ധിജി ബോധവാനായിരുന്നു. അതുകൊണ്ടുതന്നെ അക്കാര്യം സംബന്ധിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചു. ഹിന്ദു പത്രത്തിന് നൽകിയ കുറിപ്പിൽ ഗാന്ധിജി ഇപ്രകാരം പറഞ്ഞു: ‘മദ്രാസിലെ ആളുകൾ എന്നെ അദ്‌ഭുതത്തോടെയാണ് കാണുന്നത്. ഇന്ത്യതന്നെ എന്നെ ഒരു കിറുക്കനായി കണ്ടാലും എനിക്ക് ഒരു പ്രശ്നവുമില്ല. എന്റെ സഹപ്രവർത്തകർ എന്നെ മാതൃകയാക്കിയില്ലെങ്കിലും എനിക്ക് കുഴപ്പമില്ല. ഇത് അവർക്ക് അനുകരിക്കാനുള്ളതല്ല. ഇത് ജനങ്ങളെ ആശ്വസിപ്പിക്കാനും എന്റെ ഉദ്ദേശ്യം വ്യക്തമാക്കാനുമുള്ളതാണ്. ഞാൻ പാളത്താറുടുക്കുന്നില്ലെങ്കിൽ എനിക്കെങ്ങനെ അങ്ങനെ ചെയ്യാൻ മറ്റുള്ളവരെ ഉപദേശിക്കാൻ കഴിയും? ലക്ഷങ്ങൾ നഗ്നരായി നടക്കുമ്പോൾ എനിക്ക് മറ്റെന്താണ് ചെയ്യാൻ കഴിയുക? ഒരു മാസത്തേക്ക് ഇത്തരമൊരു പരീക്ഷണം നടത്തുന്നതിൽ എന്താണുതെറ്റ്? എന്റെ മാർഗം ശരിയാണെന്ന് എന്നെത്തന്നെ ബോധ്യപ്പെടുത്തുന്നതിൽ എന്താണ് അപാകമുള്ളത്?’’

ദൗത്യത്തിന്റെ പ്രതീകം

ഒരുമാസത്തേക്ക് നിശ്ചയിച്ച ഈ വേഷം ഗാന്ധിജി പക്ഷേ, ഉപേക്ഷിച്ചില്ല. ജീവിതാവസാനംവരെ അദ്ദേഹം അർധനഗ്നനായി തുടർന്നു. തന്റെ വസ്ത്രധാരണത്തെ വിമർശിച്ച ഒരു മുസ്‌ലിം സുഹൃത്തിന് മറുപടിയായി പിന്നീടൊരിക്കൽ ഗാന്ധിജി പറഞ്ഞു:
‘‘ഇന്ത്യയിലെ ഹിന്ദുക്കളും മുസ്‌ലിങ്ങളുമായ സ്ത്രീപുരുഷന്മാർ എന്നെ സഹായിക്കുന്ന അന്നേ ഞാൻ ഈ വേഷം ഉപേക്ഷിക്കുകയുള്ളൂ. ഇന്ത്യയിലെ പാവപ്പെട്ടവരിൽ പാവപ്പെട്ടവർക്കൊപ്പം നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവർക്ക് എങ്ങനെയാണ് മുണ്ടും ഷർട്ടും ധരിക്കാൻ കഴിയുക. അവർക്കാര് തലപ്പാവുനൽകും?’’.

തന്റെ അർധനഗ്നശരീരത്തിന്റെ രാഷ്ട്രീയമൂല്യം ഗാന്ധിജി തിരിച്ചറിഞ്ഞിരുന്നു. ബ്രിട്ടനിൽനടന്ന വട്ടമേശസമ്മേളനത്തിൽ ഗാന്ധിജി അർധനഗ്നനായി പങ്കെടുത്തു. ബക്കിങ്ങാം കൊട്ടാരത്തിൽ രാജാവ് നടത്തിയ ചായസത്‌കാരത്തിലും  അതേ വേഷത്തിൽ അദ്ദേഹം പങ്കെടുത്തു; ഒരു പുതപ്പുകൊണ്ട് ദേഹംമറച്ചു എന്നുമാത്രം. ഇതിൽ അസ്വസ്ഥനായിട്ടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ചർച്ചിൽ ഗാന്ധിജിയെ ‘അർധനഗ്നനായ ഫക്കീർ’ എന്നുവിളിച്ചത്.

ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി ഹെറാൾഡിന് നൽകിയ അഭിമുഖത്തിൽ ഗാന്ധിജി പറഞ്ഞു: ‘‘എന്റെ വസ്ത്രത്തെ പത്രങ്ങൾ കോണകമെന്നുപറഞ്ഞ് ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ട്. എന്തുകൊണ്ടാണ് ഞാനിങ്ങനെ നടക്കുന്നതെന്ന് ചോദിക്കുന്നവരുണ്ട്. ചിലർ എന്നെക്കണ്ട് നാണിക്കുന്നു. ഞാനിവിടെ ഒരു പ്രത്യേക ദൗത്യവുമായാണ്‌ വന്നിട്ടുള്ളത്‌. എന്റെ വസ്ത്രം എന്റെ ആദർശത്തെ പ്രതിനിധാനംചെയ്യുന്നു. അത് ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധാനംചെയ്യുന്നു. എന്നിൽ വളരെ വിശുദ്ധമായ ഒരു വിശ്വാസം അർപ്പിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ എന്റെ ആ ദൗത്യത്തിന്റെ പ്രതീകമാണ് എന്റെ വസ്ത്രം’’ 

ശരീരത്തെയും വസ്ത്രത്തെയും രാഷ്ട്രീയായുധമായി ഉപയോഗിച്ച ഏക ലോകനേതാവാണ് മഹാത്മാഗാന്ധി. ജനങ്ങളെ വസ്ത്രം ഉപേക്ഷിപ്പിച്ചും വസ്ത്രം ധരിപ്പിച്ചും സ്വയം നഗ്നനായും അദ്ദേഹം ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് പോരാടി. ആ പോരാട്ടമാണ് എല്ലാവരെയും ഉൾക്കൊള്ളുന്ന ഇന്ത്യ എന്ന ആശയത്തിന് രൂപവും ഭാവവും കൊടുത്തത്.

ഗാന്ധിജിയുടെ അർധനഗ്നമായ ഉടൽ ഇന്നും ഒരു പ്രതീകമാണ്. ഇല്ലാത്തവരുടെയും നിരാലംബരുടെയും പ്രതീക്ഷയുടെ പ്രതീകം.
 (കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ഡയറക്ടറാണ്‌  ലേഖകൻ)