കാർഗിലിനുശേഷം ബാലാകോട്ടും രാജസ്ഥാനിലെ കോൺഗ്രസിനെ വെടിവെച്ചിട്ടിരിക്കുന്നു, കൂടുതൽ ശക്തമായി. നിയമസഭയിൽ വിജയിക്കുന്ന പാർട്ടി ലോക്‌സഭയിലും സംസ്ഥാനത്ത് ഭൂരിപക്ഷം നേടുമെന്ന ചരിത്രം ആദ്യം തിരുത്തിയത് 1999-ലെ തിരഞ്ഞെടുപ്പിലാണ്. കാർഗിൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടന്ന ആ തിരഞ്ഞെടുപ്പിൽ 25-ൽ ബി.ജെ.പി. പതിനാറും കോൺഗ്രസ് ഒമ്പതും നേടി. ഇപ്പോൾ ബാലാകോട്ട് ആക്രമണം ഉയർത്തിവിട്ട മോദിതരംഗത്തിൽ മുഴുവൻ സീറ്റുകളും നേടിക്കൊണ്ട് ബി.ജെ.പി. 2014 ആവർത്തിച്ചിരിക്കുന്നു.

ഡിസംബറിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് സംസ്ഥാനത്ത് ശക്തമായ നിലയിലായിരുന്നു. എന്നാൽ, അരശതമാനം വോട്ടിന്റെമാത്രം കുറവുള്ള ബി.ജെ.പി. ആ പരാജയത്തിന്റെ ഉത്തരവാദിത്വം മുഴുവൻ മുഖ്യമന്ത്രി വസുന്ധര രാ​െജയുടെ തലയിൽ കെട്ടിവെച്ചു. മറ്റുള്ളവർ ഒഴിഞ്ഞു. പുൽവാമയിൽ രക്തസാക്ഷികളായ അഞ്ച് ജവാന്മാർ രാജസ്ഥാൻകാരാണ്. ബാലാകോട്ടിലെ സൈനിക തിരിച്ചടിയോടെ പോരാട്ടങ്ങളുടെ പാരമ്പര്യമുള്ള രാജസ്ഥാനിൽ മോദി മാനസികമായ ജയം നേടിക്കഴിഞ്ഞിരുന്നു. അതിന്റെ വിളവെടുപ്പ് മാത്രമാണ് ഇപ്പോഴത്തെ സമ്പൂർണ ജയം.

ഉപതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വിജയിച്ച അജ്‌മേറിലെയും അൽവറിലെയും ബി.ജെ.പി. ജയങ്ങൾക്ക് വേറെ കാരണമില്ല. ആൾക്കൂട്ടക്കൊലയുടെയും ദളിത് സമരങ്ങളുടെയും കേന്ദ്രമായിരുന്ന അൽവറിൽ കോൺഗ്രസിന്റെ മുൻ മന്ത്രി ജിതേന്ദ്രസിങ്ങിനെ പുതുമുഖമായ ബാലക് നാഥ് തോൽപ്പിച്ചത് 3,29,971 വോട്ടിനാണ്. നിയമസഭാ ഫലത്തിന്റെ നേരെ എതിരായ വിജയമാണിത്. പാക് അതിർത്തിയായ ബാർമേഡിലും കോൺഗ്രസ് സ്ഥാനാർഥിയും ബി.ജെ.പി. നേതാവായിരുന്ന ജസ്വന്ത് സിങ്ങിന്റെ മകനുമായ മാനവേന്ദ്രസിങ് മൂന്നു ലക്ഷത്തിലധികം വോട്ടിന് തോറ്റു. ബിക്കാനേറിൽ പാർട്ടിക്കുള്ളിലെ ഉന്നതജാതിക്കാരിൽനിന്നും എതിർപ്പുണ്ടായിട്ടും ബി.ജെ.പി.യുടെ ദളിത് നേതാവും കേന്ദ്രമന്ത്രിയുമായ അർജുൻ മേഖ്‌വാൽ കുറഞ്ഞ ഭൂരിപക്ഷത്തിന് ജയിച്ചത് മോദിയുടെ സ്വാധീനത്താലാണ്. ദൗസ കോൺഗ്രസ് ഉറപ്പിച്ചിരുന്ന സീറ്റാണ്. ബി.ജെ.പി.യുടെ കിരോഡിലാൽ മീണ ഉയർത്തിവിട്ട ചേരിപ്പോരിനും കോൺഗ്രസിനെ തുണയ്ക്കാനായില്ല. 78,444 വോട്ടിന്റെ കുറഞ്ഞ ഭൂരിപക്ഷത്തിന് അവിടെയും ബി.ജെ.പി. ജയിച്ചു. ജയ്‌പുർ റൂറലിൽ രാജ്യവർധൻ സിങ് റാത്തോഡും ജലാവറിൽ വസുന്ധരരാ​െജയുടെ മകൻ ദുഷ്യന്തും കൂടിയ ഭൂരിപക്ഷത്തോടെ മണ്ഡലം നിലനിർത്തി. ജോധ്പുരിൽ മുഖ്യമന്ത്രി അശോക് ഗഹ്‌ലോതിന്റെ മകൻ വൈഭവ് നല്ലപോരാട്ടം നടത്തിയെങ്കിലും തരംഗത്തിൽ നിലതെറ്റിവീണു. ഇവിടെ കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്ത് ഭൂരിപക്ഷം പകുതി കുറഞ്ഞിട്ടാണെങ്കിലും വിജയിച്ചുകയറി.

നാഗൗറിൽ ബി.ജെ.പി. ഒരുസീറ്റ് വിട്ടുകൊടുത്ത രാഷ്ട്രീയ ലോകതാന്ത്രിക് പാർട്ടിയുടെ സ്ഥാനാർഥി ഹനുമാൻ ബെനിവാൽ ജയിച്ചുകയറിയപ്പോൾ കോൺഗ്രസിന്റെ ജ്യോതി മിർധ തോൽവി രുചിച്ചു. ഇതോടെ സംസ്ഥാനത്തെ ജാട്ടുകളുടെ നേതാവായി ബെനിവാൽ മാറിയിരിക്കുകയാണ്. ബെനിവാലുമായി സഖ്യമുണ്ടാക്കിയത് സംസ്ഥാനത്തെ പാർട്ടി ചുമതലയുള്ള പ്രകാശ് ജാവഡേക്കർ മുൻകൈയെടുത്താണ്. സച്ചിൻ പൈലറ്റ് നേരിട്ട് പ്രചാരണം നിയന്ത്രിച്ചിട്ടും അദ്ദേഹത്തിന്റെ മണ്ഡലമടങ്ങുന്ന സവായി മാധോപുർ പിടിക്കാൻ കോൺഗ്രസിനായില്ല.

ഭാരതീയ ട്രൈബൽ പാർട്ടിയുടെ കാന്തി റൗട്ട് ബെൻസാദയിൽ ഒറ്റയ്ക്ക് മത്സരിച്ച് രണ്ടരലക്ഷം വോട്ട് നേടി. ഇവരടക്കം ഒരു പാർട്ടിയുമായി സഖ്യമുണ്ടാക്കാതെ തനിച്ച് കോൺഗ്രസ് മത്സരിക്കുകയായിരുന്നു. സീക്കറിൽ സി.പി.എമ്മിന്റെ കർഷകനേതാവ് ആമ്രാറാമിന് 31,462 വോട്ടുമാത്രമേ നേടാനായുള്ളൂ. ബി.ജെ.പി. സ്ഥാനാർഥികൾക്ക് 16 മണ്ഡലങ്ങളിലും മൂന്നുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. ഇത് 2014-ൽ ലഭിച്ച വോട്ടിനെക്കാളും കൂടുതലാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിൽ പ്രചാരണത്തിനിറങ്ങാതെ ഉടക്കിനിന്ന വസുന്ധരരാജ സിന്ധ്യയ്ക്ക് സംസ്ഥാന ബി.ജെ.പി.യിലുള്ള ആധിപത്യത്തിനും ഇതോടെ ഉടവുപറ്റി. മോദി-ഷാ സഖ്യത്തിനോട് പൊരുത്തപ്പെട്ടുപോവുകയല്ലാതെ റാണിക്ക് ഇനി വഴിയില്ല.

Content Highlights: bjp, Rajasthan,2019LoksabhaElections