പ്രാദേശികപ്രശ്നങ്ങളും വ്യക്തിസ്വാധീനവും സ്വജാതി അനുഭാവവും ഏറ്റവും മത്സരബുദ്ധിയാൽ രംഗത്തിറങ്ങുന്നതാണ് യു.പി. തദ്ദേശ തിരഞ്ഞെടുപ്പ്. അതിനാൽ നഗരസഭാഫലം അടിസ്ഥാനമാക്കി മാത്രം രാഷ്ട്രീയകാലാവസ്ഥയുടെ ഗതി നിർണയിക്കാനാകില്ല. എങ്കിലും സംസ്ഥാനരാഷ്ട്രീയം പറഞ്ഞും പാർട്ടിചിഹ്നത്തിലുമാണ് മുഖ്യകക്ഷികൾ വോട്ടുപിടിച്ചത്. നേട്ടമുണ്ടാക്കിയത് സ്വതന്ത്ര സ്ഥാനാർഥികളാണ്. ചില ദിശാസൂചനയിലേക്ക് കൂടി ഫലം വിരൽചൂണ്ടുന്നു. ബി.ജെ.പി.വിരുദ്ധ മഹാസഖ്യ ത്തിനുള്ള ഗ്രീൻസിഗ്നലാണത്

ഉത്തർപ്രദേശ് നഗരസഭാ ഫലം രാഷ്ട്രീയനിരീക്ഷകർ ഉറ്റുനോക്കാൻ കാരണം പലതാണ്. എട്ടുമാസം പ്രായമുള്ള യോഗി സർക്കാർ അഭിമുഖീകരിക്കുന്ന ആദ്യ വോട്ടെടുപ്പ്‌. സ്വതന്ത്രരെ പിന്തുണയ്ക്കുന്ന രീതിമാറ്റി സ്വന്തംചിഹ്നത്തിൽ മുഖ്യകക്ഷികൾ ഭൂരിഭാഗം സീറ്റിലും മത്സരിച്ചു. വ്യക്തിക്കല്ല, പാർട്ടിക്കാണ് വോട്ടെന്നാവർത്തിച്ച് യോഗി ആദിത്യനാഥ് പ്രചാരണത്തിൽ സക്രിയമായി. എസ്.പി. ഉൾപ്പെടെയുള്ള ബി.ജെ.പി. ഇതരരുടെ നിയമസഭയിലെ പരാജയത്തിനുശേഷമുള്ള പ്രോഗ്രസ് എന്ത്? തുടങ്ങി, പലതിനുമുള്ള ഉത്തരമാണ് ഈ ഫലം.  യോഗി സർക്കാർ തുടക്കം മോശമാക്കിയില്ല. 16 പ്രധാന നഗരങ്ങൾ 14-ലും അധ്യക്ഷസ്ഥാനം താമര പിടിച്ചു. നഗരസഭ, നഗരപ്പഞ്ചായത്ത്, മുനിസിപ്പൽ കൗൺസിൽ എന്നീ മൂന്ന് തട്ടിലും ഏറ്റവും വലിയ ഒറ്റകക്ഷി ബി.ജെ.പി. തന്നെ.

വിജയിച്ചു, പക്ഷേ...

ഹിന്ദുത്വരാഷ്ട്രീയം അതിവേഗം ബഹുദൂരം കൊണ്ടുപോകുന്നതിൽ യോഗി വിജയിക്കുന്നുണ്ട്. അയോധ്യയിൽനിന്നുള്ള ആദ്യറാലി, രാമപ്രതിമ, ക്ഷേത്രനഗരികളിലേക്കുള്ള ടൂറിസം സർക്യൂട്ട്, രാമക്ഷേത്രാഹ്വാനം, പദ്‌മാവതി സിനിമാ വിഷയത്തിൽ ക്ഷത്രിയർക്കൊപ്പം തുടങ്ങി എല്ലാ ഹിന്ദുത്വ പ്രചാരണങ്ങളും യോഗിയുടെ െെകയിൽ ഭദ്രം. രാമന്റെ മനമറിഞ്ഞുള്ള വികസനം നടത്തുമെന്നാണ് നിയുക്ത അയോധ്യാ മേയർ ഋഷികേഷ് ഉപാധ്യായയുടെ ആദ്യ പ്രതികരണം പോലും. വികസനരാഷ്ട്രീയവും തീവ്രഹിന്ദുത്വവും എടുത്തുപറഞ്ഞ് പ്രകടനപത്രികയിറക്കി. 26 ഇടത്ത് മുഖ്യമന്ത്രി നേരിട്ട് പ്രചാരണത്തിനിറങ്ങി. ലോക്‌സഭയിലേക്ക് വൻപിന്തുണ നൽകിയ വൻനഗരങ്ങൾ ഇത്തവണയും ബി.ജെ.പി.ക്കൊപ്പം നിന്നു. എന്നാൽ, ചില അടിയൊഴുക്കുകളും സംഭവിച്ചു.

30.8 ശതമാനം വോട്ടാണ് ഇത്തവണ ബി.ജെ.പി.ക്ക്‌ ആകെ ലഭിച്ചത്. നഗരസഭ ഒഴികെയുള്ള രണ്ട് ഘടകങ്ങളിലെയും വോട്ട് ശതമാനം താമരയ്ക്ക് അത്ര സന്തോഷകരമല്ല. നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തിയാൽ ഒമ്പത്‌ ശതമാനത്തിന്റെ കുറവ്. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി തുലനം ചെയ്താൽ 12 ശതമാനം കുറവ്. മുനിസിപ്പൽ കൗൺസിലിൽ 17 ശതമാനവും നഗരപ്പഞ്ചായത്തിൽ 12 ശതമാനവുമാണ് ബി.ജെ.പി.യുടെ സീറ്റ് ഷെയർ. ഏറ്റവും കൗതുകകരമായ കാര്യം ഏറ്റവും വലിയ ഒറ്റക്കക്ഷി ബി.ജെ.പി.യാണെങ്കിലും 45 ശതമാനത്തോളം സീറ്റുകളിൽ കെട്ടിവെച്ച കാശ് നഷ്ടമായി എന്നതാണ്. അതായത് 12,644 തദ്ദേശസീറ്റുകളിൽ ബി.ജെ.പി. നേരിട്ട് മത്സരിച്ചത് 8,038 സീറ്റിലാണ്. ഇതിൽ 2,366 സീറ്റിൽ ബി.ജെ.പി. വിജയിച്ചപ്പോൾ 3,656 സീറ്റിൽ കെട്ടിവെച്ച കാശ്  കിട്ടിയില്ല. ഏറ്റവും കൂടുതൽ സീറ്റിൽ പാർട്ടിചിഹ്നത്തിൽ മത്സരിച്ച പാർട്ടിയും ബി.ജെ.പി. തന്നെ.
ഇതിൽനിന്ന് ഒരു കാര്യം വ്യക്തം. നഗരസഭാ തിരഞ്ഞെടുപ്പിൽ വൻനഗരങ്ങളിലെ മേധാവിത്വം ഒഴിച്ചുനിർത്തിയാൽ യോഗിയുടെ പാർട്ടിക്ക്‌ തരംഗമൊന്നും അവകാശപ്പെടാനില്ല എന്ന് കണക്കുകൾ പറയുന്നു. സ്വതന്ത്രരാണ്  നഗരസഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയത്. എന്നാൽ, പ്രാദേശിക തിരഞ്ഞെടുപ്പായതിനാൽ ഈ കണക്കിൽ കാര്യമില്ലെന്നാണ് ബി.ജെ.പി.യുടെ വാദം. പ്രാദേശിക വ്യക്തിതാത്‌പര്യങ്ങളും സ്വതന്ത്രസ്ഥാനാർഥികളുടെ മേധാവിത്വവും കടിഞ്ഞാൺ പിടിക്കുന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പ് എന്നതിനാൽ ഈ താരതമ്യം കൊണ്ടു രാഷ്ട്രീയഗതി വിലയിരുത്താനുമാകില്ല.

സ്വതന്ത്രരുടെ അപ്രമാദിത്വം

നഗരപ്പഞ്ചായത്തിൽ 71.31 ശതമാനവും വിജയിച്ചത് സ്വതന്ത്രരാണ്. 3,875 സീറ്റിൽ അവർ ജയിച്ചുകയറി. ബി.ജെ.പി.ക്ക്‌ നേടിയത് 12.22 ശതമാനം സീറ്റുകൾ. മുനിസിപ്പൽ കൗൺസിലിൽ 64.25 ശതമാനം സീറ്റിലും സ്വതന്ത്രരാണ് ജേതാക്കൾ. മുനിസിപ്പൽ കോർപ്പറേഷനിൽ 224 സീറ്റിൽ സ്വതന്ത്രർ വിജയിച്ചു. 17.23 ശതമാനം. 43 മുനിസിപ്പൽ കൗൺസിൽ അധ്യക്ഷസ്ഥാനവും (21.22 ശതമാനം), 3380 മുനിസിപ്പൽ കൗൺസിൽ സീറ്റുകളും നഗരപ്പഞ്ചായത്തുകളിൽ 182 അധ്യക്ഷസ്ഥാനവും സ്വതന്ത്രർ നേടി. നഗരസഭാമുനിസിപ്പൽ കൗൺസിലുകളിലെല്ലാം മുഖ്യകക്ഷികളെക്കാൾ കൂടുതൽ സീറ്റുകൾ സ്വതന്ത്രർക്കാണ്. 198 മുനിസിപ്പൽ കൗൺസിലിൽ ബി.ജെ.പി. നേടിയത് 70 സീറ്റ്. 48 സീറ്റ് എസ്.പി.ക്ക്‌. 29 സീറ്റിൽ ബി.എസ്.പി. കോൺഗ്രസിന് ഒമ്പത്. സ്വതന്ത്രർ 42 സീറ്റിലും മറ്റുള്ളവർ രണ്ട് സീറ്റിലും വിജയിച്ചു. നഗരപ്പഞ്ചായത്തിൽ 438 സീറ്റിൽ ബി.ജെ.പി.-100, എസ്.പി.-83, ബി.എസ്.പി. -45, കോൺഗ്രസ്-17 എന്നിങ്ങനെയെങ്കിൽ സ്വതന്ത്രർ 181 സീറ്റ് നേടി. മറ്റുള്ളവർ ഒമ്പതും.

മുനിസിപ്പൽ കൗൺസിൽ വാർഡുകളിൽ 592 സീറ്റിൽ ബി.ജെ.പി.യും ബിഎസ്.പി. -147, കോൺഗ്രസ്-110, എസ്.പി.-45 എന്നിങ്ങനെയും വിജയിച്ചു. നഗരപ്പഞ്ചായത്ത് വാർഡുകളിൽ 211 സീറ്റിൽ ബി.എസ്.പി. വിജയിച്ചു. സമാജ് വാദി പാർട്ടിക്ക്‌ 18.4 ശതമാനം വോട്ട്. നിയമസഭയിൽ ലഭിച്ചത് 21.8 ശതമാനം. ബി.എസ്.പി.ക്ക്‌ ഇത്തവണ 14.3. നിയമസഭയിൽ 22.2. കോൺഗ്രസിന് 10 ശതമാനം. നിയമസഭയിൽ 6.2 ശതമാനം മാത്രം. സംസ്ഥാനത്ത് കന്നിയങ്കത്തിനിറങ്ങിയ എ.എ.പി. ആകെ 41 വാർഡിൽ വിജയിച്ചു. എ.എ.പി. മൂന്നിടത്ത് നഗരപ്പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്കും മൂന്നിടത്ത് നഗരസഭാ കൗൺസിലിലും വിജയിച്ചു. ആർ.എൽ.ഡി.യും ചിലയിടത്ത് വിജയിച്ചു. മൂന്നുമാസത്തെ പ്രവർത്തനംകൊണ്ട് ഇത്രയും സാധിച്ചതിൽ എ.എ.പി. ഹാപ്പി. യു.പി.യിൽ 420 വാർഡുകളിൽ കോൺഗ്രസ് വിജയിച്ചെങ്കിലും 2,770 സീറ്റിൽ കെട്ടിവെച്ച കാശ് നഷ്ടമായി. 2,922 സീറ്റിൽ എസ്.പി.ക്കും 2,910 സീറ്റിൽ ബി.എസ്.പി.ക്ക്‌ കെട്ടിവെച്ച കാശ് പോയി. സ്വതന്ത്രരുടെ അപ്രമാദിത്വമാണ് തിരഞ്ഞെടുപ്പിൽ തെളിഞ്ഞതെന്ന് ഇതിൽ നിന്നെല്ലാം വ്യക്തം.

മഹാസഖ്യ സിഗ്നൽ

എസ്.പി., ബി.എസ്.പി., കോൺഗ്രസ് എന്നിവരുടെ ഒരുമിച്ചുള്ള വോട്ട് ശതമാനം ബി.ജെ.പി. മികച്ച വിജയം നേടിയ 14 നഗരസഭകളിലും അവർക്ക് ലഭിച്ച വോട്ട് ശതമാനത്തിന് ഏതാണ്ട്‌ സമാനമാണ്. നഗരസഭയ്ക്കു താഴെയുള്ള രണ്ട് ഘടകങ്ങളിലെ വോട്ട് ശതമാനമെടുത്താൽ ബി.ജെ.പി.യുടെ വോട്ട് ഷെയർ താഴെയാണ്. ആകെയുള്ള 1,300 മുനിസിപ്പൽ കൗൺസിൽ സീറ്റിൽ 596 സീറ്റിൽ ബി.ജെ.പി. വിജയിച്ചു. ഇതിൽ എസ്.പി., ബി.എസ്.പി., കോൺഗ്രസ് എന്നീ പാർട്ടികൾക്ക് മൊത്തത്തിൽ ലഭിച്ചത് 459 സീറ്റും. നഗരപ്പഞ്ചായത്ത് അംഗങ്ങളുടെ ആകെ 5,434 സീറ്റിൽ 664 സീറ്റിൽ  ബി.ജെ.പി. ജയിച്ചപ്പോൾ 797 സീറ്റിൽ എസ്.പി., ബി.എസ്.പി., കോൺഗ്രസ് എന്നീ പാർട്ടികൾക്ക് മൊത്തത്തിൽ ലഭിച്ചിട്ടുണ്ട്. ആഗ്രയിൽ ബി.ജെ.പി.യുടെ മേയർ സ്ഥാനാർഥിക്ക്‌ ലഭിച്ചത് 42.77 ശതമാനം വോട്ടാണ്. മൂന്നു പാർട്ടികൾക്കും കൂടി 42.38 ശതമാനവും. ലഖ്‌നൗ നഗരസഭയിൽ ബി.ജെ.പി.യുടെ സംയുക്ത ഭാട്യ നേടിയത് 41.49 ശതമാനം വോട്ടെങ്കിൽ എസ്.പി.യും കോൺഗ്രസും ബി.എസ്.പി.യും ചേർന്ന്‌ നേടിയത് 48.77 ശതമാനം. മോദിയുടെ വാരാണസിയിൽ ബി.ജെ.പി.യുടെ മേയർ മൃദുല ജയ്‌സ്വാൾ നേടിയത് 42.53 ശതമാനം വോട്ട്. കോൺഗ്രസ്, എസ്.പി., ബി.എസ്.പി. പാർട്ടികൾ മൊത്തം നേടിയത് 53.46 ശതമാനം. കോൺഗ്രസിന് ഇവിടെ നല്ല വോട്ട് ലഭിച്ചു. ലഖ്‌നൗവിൽ മുസ്‌ലിം മതപണ്ഡിതർ നേരിട്ട് നിർത്തിയ സ്ഥാനാർഥികളെ മുസ്‌ലിം ഭൂരിപക്ഷ വാർഡുകൾ തന്നെ പലയിടത്തും കൈവെടിഞ്ഞു. എസ്.പി.യും കോൺഗ്രസുമാണ് ജയിച്ചത്. ഇതെല്ലാം മഹാസഖ്യശ്രമം നടത്തുന്ന അഖിലേഷിന് പ്രതീക്ഷ നൽകുന്ന ഘടകങ്ങളാണ്.
നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ ഘട്ടത്തിൽ ബി.ജെ.പി.വിരുദ്ധ മഹാസഖ്യത്തിന് തയ്യാറെന്ന് പറഞ്ഞ മായാവതി അതിനെക്കുറിച്ച് ഇപ്പോൾ മൗനത്തിലാണ്. നഗരസഭാ തിരഞ്ഞെടുപ്പിൽ നില മെച്ചപ്പെട്ടതോടെ ബി.എസ്.പി. സ്വന്തം നിലയ്ക്ക് മുന്നോട്ടുപോകും എന്നും കേൾക്കുന്നു.  രാഷ്ട്രീയനിരീക്ഷകരുടെ നോട്ടം ബി.എസ്.പി. യിലേക്കാണ്. നിർണായകതീരുമാനം മായാവതിയുടെ െെകയിലും.

മായാവതിയുടെ പ്രതീക്ഷ

അലിഗഢ് നഗരസഭാ അധ്യക്ഷസ്ഥാനത്തെ 24 വർഷത്തെ ബി.ജെ.പി. കുത്തക ഇത്തവണ ബി.എസ്‌.പി. ഇല്ലാതാക്കി. എന്നാൽ, ബറേലിയിൽ 15 വർഷത്തിനുശേഷം അധ്യക്ഷസ്ഥാനം സമാജ്‌വാദി പാർട്ടിയിൽനിന്ന് ബി.ജെ.പി. പിടിച്ചു.  ദാദ്രി അധ്യക്ഷസ്ഥാനത്ത് ബി.ജെ.പി. വിജയിച്ചപ്പോൾ ഹിന്ദുക്കൾ പലായനം ചെയ്യപ്പെടുന്നുവെന്ന് ആരോപണമുയർത്തിയ കൈരാനയിൽ ബി.ജെ.പി. തോറ്റു. പടിഞ്ഞാറൻ യു.പി.യിൽ ദളിത്‌മുസ്‌ലിം വോട്ടുകൾ ബി.എസ്.പി.ക്ക്‌ അനുകൂലമായി. ഷാംലി ഉൾപ്പെടെയുള്ള ജില്ലകളിൽ നല്ല പ്രകടനം നടത്താനായത് മുസ്‌ലിം വോട്ടിന്റെ കൂടി പിൻബലത്തിലാണ്. നഗരപ്പഞ്ചായത്ത് മുനിസിപ്പൽ അധ്യക്ഷസ്ഥാനങ്ങളിൽ ഷാംലിയിൽ 10-ൽ ഒരു സീറ്റ് മാത്രമാണ് ബി.ജെ.പി. നേടിയത്. സ്വതന്ത്രരാണ് പടിഞ്ഞാറൻ യു.പി.യിൽ പലയിടത്തും വിജയിച്ചത്.

സഹാരൻപുരിൽ മേയർ സ്ഥാനത്തേക്ക് ബി.ജെ.പി.ക്ക്‌ ലഭിച്ചത് 36.55 ശതമാനം വോട്ടെങ്കിൽ ബി.എസ്.പി.ക്ക്‌ 35.95 ശതമാനം വോട്ട്. ഝാൻസി, ആഗ്ര എന്നിവിടങ്ങളിലും ബി.എസ്.പി. നല്ല പ്രകടനം നടത്തി. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സഹോദരന്റെ മരുമകൾ ദീപ കോവിന്ദ് ബി.ജെ.പി. വിമതയായി മത്സരിച്ചപ്പോൾ വിജയം ബി.എസ്.പി.ക്കാണ് ലഭിച്ചത്. ഗോരക്പുരിൽ മുഖ്യമന്ത്രിയുടെ മഠം ഉൾപ്പെട്ട വാർഡിലും തീവ്രനിലപാടിന് പേരുകേട്ട മന്ത്രി സുരേഷ് റാണയുടെ ഠാണാഭവൻ വാർഡിലും ബി.ജെ.പി. എം.പി. ഹുക്കുംസിങ്ങിന്റെ കൈരാനയിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ കൗസുബിയിലെ സിരാതു നഗരപ്പഞ്ചായത്തിലും ബി.ജെ.പി. തോറ്റു. കൗസുബിയിലെ ആറ്്‌ നഗരപ്പഞ്ചായത്തുകളിൽ ഒരിടത്തുപോലും അധ്യക്ഷസ്ഥാനം ബി.ജെ.പി.ക്ക്‌ കിട്ടിയില്ല.