ബിഹാർ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന രാഷ്ട്രീയവും ദേശീയരാഷ്ട്രീയവും ശത്രുഘൻ സിൻഹ മാതൃഭൂമി പ്രതിനിധി മനോജ് മേനോനുമായി പങ്കിടുകയാണ്. മകൻ ലവ് സിൻഹയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയതായിരുന്നു ‘ബിഹാറി ബാബു’ജന്മനാട്ടിൽ. കേരളത്തെക്കുറിച്ചുള്ള ഓർമകൾ പങ്കിട്ടുകൊണ്ട് അദ്ദേഹം സംസാരിച്ചു തുടങ്ങി
ബിഹാറിൽ വോട്ടെടുപ്പ് തുടരുകയാണ്. ബിഹാറിന്റെ മനസ്സ് വായിക്കാൻ കഴിയുന്നുണ്ടോ?
ബിഹാർ ഒരു മാറ്റം ആഗ്രഹിക്കുന്നു. നിലവിലുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളിലും കഴിഞ്ഞ 15 വർഷമായി വികസനം എന്നപേരിൽ സ്വീകരിച്ച നടപടികളിലും ജനങ്ങൾ അസന്തുഷ്ടരാണ്. വികസനമെന്ന് കൊട്ടിഘോഷിച്ച് പാലങ്ങളുണ്ടാക്കുക, ഉദ്ഘാടനത്തിന് തൊട്ടു പിന്നാലെ പൊളിഞ്ഞുവീഴുക ഇതൊക്കെ പതിവായിരിക്കുന്നു. യുവാക്കൾ കടുത്ത നിരാശയിലും കടുത്ത രോഷത്തിലുമാണ്. ബിഹാറിലെ എല്ലാ രണ്ടാമത്തെയാളും തൊഴിൽ രഹിതനാണ്. ആരോഗ്യ-വിദ്യാഭ്യാസ സംവിധാനങ്ങൾ തകർന്നുകഴിഞ്ഞു. ലോക്‌ഡൗൺ കാലത്ത് കുടിയേറ്റത്തൊഴിലാളികൾ 44 ദിവസമൊക്കെ നടന്നിട്ടാണ് ബിഹാറിൽ തിരിച്ചെത്തിയത്.
ചിലർ വഴിയിൽവീണ് മരിച്ചു. ചിലർ അപകടങ്ങളിൽ മരിച്ചു. അവർക്ക് വെള്ളമോ ഭക്ഷണമോ നൽകാൻ സർക്കാർ ഒരു സംവിധാനവും ഒരുക്കിയില്ല. ഇപ്പോൾ യുവാക്കൾ ചോദ്യങ്ങളുയർത്താൻ തുടങ്ങിയിരിക്കുന്നു. നിതീഷും ബി.ജെ.പി. നേതാക്കളുമാണ് മറുപടി നൽകേണ്ടത്. ബി.ജെ.പി. നേതാക്കൾക്ക് പ്രധാനമന്ത്രിയുമായി നേരിട്ട് ബന്ധമുണ്ട്. അവർക്ക് നേരിട്ട് പിന്തുണയും സഹായപദ്ധതികളും ലഭിക്കാൻ എളുപ്പമുണ്ട്. തന്ത്രങ്ങളുടെ ആചാര്യൻ എന്ന് അറിയപ്പെടുന്ന പ്രധാനമന്ത്രി അവർക്ക് നിർദേശങ്ങൾ നൽകുന്നുമുണ്ട്.
പക്ഷേ, ബിഹാറിൽ ഒന്നും നടക്കുന്നില്ല. ജനങ്ങൾ മടുത്തിരിക്കുന്നു. അതിനാൽ ഇതിൽ മാറ്റംവേണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഈ തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ ഉണർവാണ് പരക്കെ കാണാൻ കഴിയുന്നത്. ആ യുവജനശക്തിയുടെ പ്രതീകമാണ് തേജസ്വി. ജനങ്ങളുടെ ആവശ്യത്തിന് അനുസരിച്ചാണ് തേജസ്വി വളർന്നുവന്നത്. അതൊരു നല്ല ചിഹ്നമാണ്. ജനങ്ങൾ പൂർണമായും അതിനെ അംഗീകരിക്കുന്നു. ഏതായാലും അന്തിമമായി ജനങ്ങൾ വിധിച്ച മാറ്റം എന്താണെന്നറിയാൻ കാത്തിരിക്കാം.
ബിഹാർ തിരഞ്ഞെടുപ്പ് പ്രധാനമന്ത്രിയുടെയും കേന്ദ്രസർക്കാരിന്റെയും പ്രവർത്തനങ്ങളുടെകൂടി വിലയിരുത്തലാകുമോ?
തീർച്ചയായും. ഞങ്ങൾ ബിഹാർ തിരഞ്ഞെടുപ്പിനെ പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളുടെ ഹിതപരിശോധനയായാണ് കാണുന്നത്. ഈ തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ ദിശ, അവസ്ഥ എന്നിവ നിശ്ചയിക്കും. ജനപ്രിയ പ്രധാനമന്ത്രിയെന്നല്ലേ നരേന്ദ്രമോദി അവകാശപ്പെടുന്നത്. വലിയ വർത്തമാനങ്ങൾ പറയും. തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കും. എന്നാൽ, ഒന്നും നടപ്പാക്കുകയില്ല. നോട്ടുപിൻവലിക്കൽ നടപടിക്കുശേഷം അതിദുർബലനും ജനപിന്തുണയില്ലാത്ത അവസ്ഥയിലുമാണ് പ്രധാനമന്ത്രി.
ആരാധകരെ തൃപ്തിപ്പെടുത്താനായി രാജ്യത്ത് അർധരാത്രിയിൽ ജി.എസ്.ടി. പ്രഖ്യാപിച്ചയാൾ! അതിനുശേഷം ഇന്നുവരെ എല്ലാ ദിവസവും ജി.എസ്.ടി.ക്ക് ഭേദഗതി കൊണ്ടുവരുകയാണ്. ഇതുവരെ ഒരു പത്രസമ്മേളനമെങ്കിലും പ്രധാനമന്ത്രി നടത്തിയിട്ടുണ്ടോ? എന്തിനാണ് അദ്ദേഹം പ്രചാരണറാലികൾക്ക് വരുന്നത്? നേരത്തേ എഴുതിത്തയ്യാറാക്കിയ തിരക്കഥ അനുസരിച്ചുള്ള റാലികളാണിത്. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ തെറ്റായ നയങ്ങളുമാണ് രാജ്യത്തിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം. ജനങ്ങൾ വൻതോതിൽ അദ്ദേഹത്തിന് എതിരായിക്കഴിഞ്ഞു. ബിഹാർ തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ മോദിക്ക് മറുപടിനൽകും.
ബംഗാൾ ഉൾപ്പെടെയുള്ള നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ്. ഈ ജനവിധി ദേശീയതലത്തിൽ ചലനങ്ങളുണ്ടാക്കുമോ ?
തീർച്ചയായും. ഞാൻ പറഞ്ഞില്ലേ, പ്രധാനമന്ത്രിയുടെ പ്രകടനത്തിന്റെ വിലയിരുത്തലായാണ് ലോകം ഇതിനെ കാണുന്നത്. ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ജനങ്ങൾതന്നെ പ്രധാനമന്ത്രിയോട് അദ്ദേഹത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് ചോദിക്കും. വിശ്വാസ്യത ഒരിക്കൽ തകർന്നാൽ, നല്ല പ്രവർത്തനം കാഴ്ചവെക്കാൻ കഴിഞ്ഞില്ലെങ്കിൽ, വാഗ്ദാനങ്ങൾ പാലിക്കാൻ കഴിഞ്ഞില്ലെങ്കിൽ ജനങ്ങൾ അതിന് മറുപടി നൽകും.
ഉറുദുവിൽ ഒരു കവിതാശകലമുണ്ട്-‘നിങ്ങളാണ് ക്യാപ്‌റ്റൻ. നിങ്ങൾക്ക് കൈയടി (താലി) കിട്ടുന്നതുപോലെത്തന്നെ നിങ്ങൾക്ക് ശകാരവും(ഗാലി)കിട്ടും’ എന്ന അർഥമുള്ള കവിതാശകലം. അതുപോലെ കൈയടിയും കല്ലേറും ക്യാപ്റ്റനുതന്നെയാണ് ലഭിക്കുക. വഴിയൊഴിഞ്ഞുതരാൻ ജനങ്ങൾ ആവശ്യപ്പെടും.
15 വർഷത്തെ ലാലുവിന്റെ ഭരണവും 15 വർഷത്തെ നിതീഷിന്റെ ഭരണവും താരതമ്യംചെയ്യാനാണ് എൻ.ഡി.എ. ജനങ്ങളോട് ആവശ്യപ്പെടുന്നത്. ഇതേക്കുറിച്ച് എന്തുപറയുന്നു?
ഇതും നേരത്തേ തയ്യാറാക്കിയ തിരക്കഥയാണ്. 15 വർഷംമുമ്പ് ഈ സംസ്ഥാനത്ത് എന്തുനടന്നുവെന്ന് അറിയുന്നതിൽ എന്തുതാത്‌പര്യമാണ് ഇപ്പോഴുള്ളത്. 15 വർഷംമുമ്പ് എന്തുനടന്നു എന്നതിനെക്കുറിച്ച് ഈ യുവ വോട്ടർമാരിൽ പലർക്കും അറിവുണ്ടായിരിക്കില്ല. 15 വർഷംമുമ്പുള്ള കാര്യംപറഞ്ഞ് വീണ്ടും ബിഹാറിലെ ജനങ്ങളെ വിഡ്ഢിയാക്കാനാണ് എൻ.ഡി.എ.യുടെ ശ്രമം.
15 വർഷംമുമ്പ് വീഴ്ചകളുണ്ടായിട്ടുണ്ടെങ്കിൽ ജനങ്ങൾ ലാലുജിയെ ശിക്ഷിച്ചുകഴിഞ്ഞു. 15 വർഷം അവരെ ഭരണത്തിൽനിന്ന് മാറ്റിനിർത്തി. എന്തിനാണ് ലാലുവിന്റെ മകനെ അതിലേക്ക് വലിച്ചിഴയ്ക്കുന്നത്. തേജസ്വിക്കെതിരേ പലതരം കേസുകൾ എടുത്തിരിക്കുന്നു. ഈ കേസുകളെടുക്കുമ്പോൾ തേജസ്വിക്ക് പ്രായപൂർത്തിയായിട്ടുപോലുമില്ല.
ലാലു താങ്കളുടെ അടുത്ത സുഹൃത്താണ്. ലാലുവിന്റെ അഭാവം തിരഞ്ഞെടുപ്പിൽ നിഴലിക്കുന്നുണ്ടോ ?
ലാലു പുറത്തില്ലെങ്കിലും അദ്ദേഹത്തിന്റെ അനുഗ്രഹം ഇവിടെയുണ്ടെന്നാണ് ബിഹാറിലെ ജനങ്ങൾ കരുതുന്നത്. തിരഞ്ഞെടുപ്പുരംഗത്ത് അദ്ദേഹം ഉണ്ടായിരിക്കണമെന്ന് പലരും ആഗ്രഹിക്കുന്നു, ഞാനും അത്തരത്തിലാണ് ആഗ്രഹിക്കുന്നത്. അദ്ദേഹം ഏതുനിമിഷവും ഇവിടെയെത്തുമെന്ന് ഞാൻ കരുതുന്നു.
ലാലു ഇവിടെയുണ്ടെങ്കിൽ തിളക്കമേറും. അദ്ദേഹം ഇല്ലെങ്കിൽ അത് മഹാസഖ്യത്തിന് അനുകൂലമായ സഹതാപമായി മാറുകയും ചെയ്യും. അതുപോലെ, തേജസ്വിയും നല്ല വ്യക്തിയാണ്. ലാലുവിന്റെ മക്കൾ ഒത്തിരി കാര്യങ്ങൾ അനുഭവങ്ങളിൽനിന്ന് പഠിച്ചു. ആൾക്കൂട്ടത്തിന്റെ നേതാവാണ് ലാലുപ്രസാദ് യാദവ്. ഇനി ഒരു ജാമ്യാപേക്ഷമാത്രമാണ് പരിഗണിക്കാനുള്ളത്. അതുകഴിഞ്ഞാൽ ലാലു പുറത്തുവരും.
എന്നാൽ സർക്കാരിനെ നയിക്കാനുള്ള ശേഷി തേജസ്വിക്ക് ഇല്ലെന്നാണല്ലോ മറുപക്ഷം പറയുന്നത്? നിതീഷും ഇക്കാര്യം ഉന്നയിക്കുന്നുണ്ട്. എങ്ങനെ ഈ ആക്ഷേപത്തെ കാണുന്നു ?
നിതീഷ് എന്റെ അടുത്ത സുഹൃത്താണ്. നിതീഷിനെപ്പൊലെ ഒരു നേതാവ് തേജസ്വിയെക്കുറിച്ച് അങ്ങനെ പറയുന്നുണ്ടെങ്കിൽ, ഇത് നിരാശയിൽനിന്ന് വരുന്ന സംസാരമാണ്. സംഭവിക്കുന്ന അനിവാര്യമായ കാര്യങ്ങളിൽ അവർക്ക് പേടിയായിരിക്കുന്നു. കള്ളക്കടത്തോ കരിഞ്ചന്തയോ ചെയ്യാൻ താത്‌പര്യമില്ലാത്തവരെ കഴിവില്ലാത്തവരെന്ന് മുദ്രകുത്താൻ ശ്രമിക്കുകയാണ് ഇവർ.
അവസരം നൽകാതെ എങ്ങനെയാണ് ഒരാളുടെ കഴിവ് അളക്കുക? മുഖ്യമന്ത്രി എല്ലാ കഴിവുകളും ഒരുമിച്ചുള്ള ആളായിരിക്കേണ്ടതില്ല. കാരണം, ഒരാൾ ഒറ്റയ്ക്കല്ല ഭരണം നടത്തുക. നരേന്ദ്രമോദി ഒറ്റയ്ക്കാണോ ഈ രാജ്യം ഭരിക്കുന്നത്. അദ്ദേഹത്തിന്റെ ഒപ്പം ഒരു ടീം ഇല്ലേ? അതുപോലെ തേജസ്വിക്കും അദ്ദേഹത്തിന്റേതായ ടീമുണ്ടാകും.
അങ്ങനെയെങ്കിൽ ഈ തിരഞ്ഞെടുപ്പ് ബിഹാറിലെ പഴയ രാഷ്ട്രീയനേതാക്കളുടെ യുഗാവസാനമാണോ ?
അല്ല. അങ്ങനെ ഒരവസാനമില്ല. മുതിർന്നനേതാക്കളുടെ ആശിർവാദം യുവനേതാക്കൾക്കുണ്ടാകണം. യുവാക്കൾക്ക് ശേഷിയുണ്ടാകും. പഴയ തലമുറയ്ക്ക് അനുഭവപരിചയവും. അപ്പോൾ യുവതലമുറയും മുതിർന്ന തലമുറയും യോജിച്ചാൽ, അവർ ഒരുമിച്ച് പ്രവർത്തിച്ചാൽ, ഉജ്ജ്വലമാകും. ആർക്കും തോൽപ്പിക്കാൻ കഴിയില്ല. അത് സംഭവിക്കും. യുവാക്കൾമാത്രമേ പാടുള്ളൂ എന്ന നിലപാട് ശരിയല്ല. അനുഭവപരിചയമുള്ളവർ വേണം. ശേഷിയുള്ളവർ വേണം.
ഒട്ടേറെ മുതിർന്ന നേതാക്കൾ രാജ്യത്തുണ്ട്. ഞാൻ എപ്പോഴും ആദരിക്കുന്ന നേതാവാണ് കേരളത്തിലെ മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദൻ. 97 വയസ്സായി. ഈ വയസ്സിലും അദ്ദേഹത്തിന്റെ ഊർജവും ഉത്സാഹവും ശ്രദ്ധേയമാണ്. മഹാനാണ് അദ്ദേഹം. എത്രയോ വലിയ മനുഷ്യൻ, എത്രയോ വലിയ അനുഭവങ്ങൾ. അദ്ദേഹം കേരളത്തിന്റെ അജൻഡകൾ മാറ്റിയെഴുതി. ഇത്തരം അനുഭവസമ്പത്തുള്ള മുതിർന്നനേതാക്കളെയും യുവനേതാക്കളെയും ഒരുമിച്ചു കൊണ്ടുപോകാൻ കഴിയണം.
ചിരാഗ് പാസ്വാന്റെ സാന്നിധ്യം ആരെയാണ് സഹായിക്കുക ?
എനിക്ക് അതേക്കുറിച്ച് ആശയക്കുഴപ്പമുണ്ട്. എനിക്ക് രാം വിലാസ് പാസ്വാനോടും കുടുംബത്തോടും അങ്ങേയറ്റത്തെ ആദരവാണുള്ളത്. രാം കാ ഛോട്ടാ ഭായ് എന്നാണ് എന്നെ കണ്ടാൽ അദ്ദേഹം വിളിക്കാറുള്ളത്. പക്ഷേ, ഇപ്പോൾ ചിരാഗുണ്ടാക്കിയിരിക്കുന്ന ചക്രവ്യൂഹത്തെക്കുറിച്ച് എനിക്ക് ആശയക്കുഴപ്പമാണ്. താൻ ബി.ജെ.പി.യെ പിന്തുണയ്ക്കുന്നുവെന്ന് ചിരാഗ് പറയും. എന്നാൽ, ഞങ്ങൾ അയാൾക്കൊപ്പം ഇല്ലെന്ന് ബി.ജെ.പി. പറയുന്നു.
പ്രധാനമന്ത്രി വിശദീകരിക്കുമെന്നാണ് ബി.ജെ.പി. നേതാക്കൾ പറയുന്നത്. അതേസമയം, മോദി തികഞ്ഞ മൗനത്തിലാണ്. നിതീഷും ചിരാഗും തമ്മിൽ ഏറ്റുമുട്ടുന്നു. വിഷയത്തിൽ തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് ബി.ജെ.പി. പറയുന്നു. എന്നാൽ, ചിരാഗ് ബി.ജെ.പി.യുടെ ബി ടീമാണെന്ന് ജനം സംശയിക്കുന്നു. ഒട്ടേറെ കാര്യങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ, തിരഞ്ഞെടുപ്പിൽ ചിരാഗ് പാസ്വാന്റെ സാന്നിധ്യം ശക്തമായ ഘടകമാണെന്ന് എനിക്ക് തോന്നുന്നില്ല.
എല്ലാ വിഷയങ്ങൾക്കും ഉപരിയായി ജാതി ബിഹാർ രാഷ്ട്രീയത്തിൽ നിർണായക ഘടകമല്ലേ. ജാതിഘടന ഇക്കുറി എങ്ങനെയായിരിക്കും പ്രവർത്തിക്കുക ?
ജാതിഘടന ഇക്കുറിയും പ്രവർത്തിച്ചേക്കാം, പതിവുപോലെ. എന്നാൽ, അത് പ്രധാനപ്പെട്ട ഘടകമാകില്ല. ബിഹാറിൽ മാത്രമല്ല, രാജ്യത്ത് എല്ലായിടത്തും ജാതിസ്വാധീനം കൂടിയും കുറഞ്ഞും ഉണ്ട്. ബിഹാറിലും ജാതി ഒരളവുവരെ സ്വാധീനിക്കുന്ന ഘടകം തന്നെയാണ്. സ്വന്തം ജാതിയും ജാതിനേതാക്കളെയും തിരിച്ചറിയുകയും കണ്ടെത്തുകയും ചെയ്യുന്ന പ്രവണതയുണ്ടാകും.
അയോധ്യയിലെ രാമക്ഷേത്ര നിർമാണവും കശ്മീരിലെ നടപടികളുമൊക്കെ ബി.ജെ.പി. പ്രചാരണ വിഷയമാക്കുന്നുണ്ടല്ലോ. ഹൈന്ദവ വോട്ടുകളുടെ ഏകീകരണത്തിന് ഇത് കാരണമാകില്ലേ ?
ഇവിടെ ഇത്തരം വിഷയങ്ങൾ പറയുന്നതിന് എന്താണ് അർഥം? ബിഹാറിലെ ഇപ്പോഴത്തെ പ്രശ്നം വികസനമാണ്. വികസനം, ബിഹാറിന് പ്രത്യേക പാക്കേജ്, സർക്കാർ നൽകിയ വാഗ്ദാനങ്ങൾ, അവയുടെ അവസ്ഥ, തൊഴിലില്ലായ്മ, അതിനുണ്ടാക്കിയ പരിഹാരം, കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾ ഇതൊക്കെയല്ലേ ചർച്ച ചെയ്യേണ്ടത്. കുടിയേറ്റ തൊഴിലാളികൾക്കുവേണ്ടി എന്താണ് നിതീഷ് സർക്കാർ ചെയ്തത്? അവർ ലോക്ഡൗൺ കാലത്ത് ഇങ്ങോട്ട് വന്നു. ബിഹാറിൽ തൊഴിലൊന്നും കിട്ടാതെ അവർ വീണ്ടും മടങ്ങിപ്പോവുകയാണ്.
എന്താണ് അവർക്ക് സ്വന്തം നാട്ടിൽ കഴിയാൻപറ്റാത്തത്? എന്താണ് അവരുടെ ജീവിതമാർഗം? അവർക്ക് എന്തു കൊടുക്കാൻ കഴിയും? ഇതൊക്കെയല്ലേ സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ? ഞങ്ങൾ ബിഹാർ പ്രശ്നം ചർച്ച ചെയ്യുമ്പോൾ നിങ്ങൾ ആഗോളപ്രശ്നങ്ങളുമായി വന്നാൽ എങ്ങനെയുണ്ടാകും? കശ്മീരിൽ സർക്കാർ നടപടി സ്വീകരിച്ചുകഴിഞ്ഞു. അത് രാജ്യം മുഴുവൻ അറിയാം. ഇനി അതെന്തിനാണ് ചർച്ചചെയ്യുന്നത്. നടപ്പാക്കുന്ന സമയത്താണെങ്കിൽ ചർച്ചചെയ്യാം. തീരുമാനമെടുത്തശേഷം, നടപ്പാക്കിയ ശേഷം എന്തു ചർച്ചയാണ് നടത്തേണ്ടത്? മുത്തലാഖ് നിരോധിക്കപ്പെട്ടുകഴിഞ്ഞെന്ന് എല്ലാവർക്കും അറിയാം. രാവിലെ എഴുന്നേറ്റ് സൂര്യനെയും ചന്ദ്രനെയും കുറിച്ച് ചർച്ചചെയ്യുന്നതു പോലെയാണിതൊക്കെ.
content highlights: bihar assembly election will be an answer to pm modi says Shatrughan Sinha