electionകണ്ണൂർ ജില്ലയിലെ അഴീക്കോട് മണ്ഡലത്തിൽ വിജയം ഇടത്തോ വലത്തോ  എന്ന് പ്രവചിക്കാനാവാത്തവിധം എന്നും ഉദ്വേഗം നിറഞ്ഞതായിരുന്നു.
ഏറ്റവും ഒടുവിൽനടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ  സിറ്റിങ്‌ എം.എൽ.എ.യും  യൂത്ത്‌ ലീഗ് നേതാവുമായിരുന്ന കെ.എം. ഷാജിയെ തോൽപ്പിക്കാൻ എൽ.ഡി.എഫ്. പ്രമുഖ മാധ്യമപ്രവർത്തകനും എം.വി. രാഘവന്റെ മകനുമായ എം.വി. നികേഷ്‌കുമാറിനെയാണ് ഇറക്കിയത്. അഴീക്കോട്ട് അട്ടിമറി പ്രതീക്ഷിച്ചവർക്ക് തെറ്റി. ഷാജിതന്നെ വിജയിച്ചു.

 പൊടിപാറിയ പോരാട്ടം
നികേഷിന്റെ വരവിനും പ്രചാരണത്തിനും ഒരു പ്രത്യേകതയുണ്ടായിരുന്നു. തീരദേശ മണ്ഡലത്തിലെ കുടിവെള്ളം  ഉപ്പുരസം നിറഞ്ഞതാണെന്ന ജനങ്ങളുടെ പരാതി കേൾക്കുക മാത്രമല്ല, അത് പരിശോധിക്കാൻ മാധ്യമപ്രവർത്തകനായ സ്ഥാനാർഥി നേരിട്ട് കിണറ്റിലിറങ്ങി. ലൈവായി വെള്ളം രൂചിച്ച്‌ വെള്ളത്തിന്റെ ദോഷം ജനങ്ങളോട് സ്ഥാനാർഥിതന്നെ റിപ്പോർട്ടു ചെയ്തു. ഷാജി വിജയിച്ചെങ്കിലും അദ്ദേഹത്തിന്റെ വിജയം വർഗീയപ്രചാരണത്തിലൂടെയാണെന്ന എതിർസ്ഥാനാർഥിയുടെ വാദം കോടതിയിലെത്തി. കോടതി അദ്ദേഹത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ആറുവർഷത്തേക്ക് വിലക്കി. ഇതിനെതിരേ സുപ്രീംകോടതിയിൽ ഷാജി സ്റ്റേ വാങ്ങുകയുംചെയ്തു. പക്ഷേ, ഇക്കുറി മത്സരിക്കുന്നതിൽ നിയമപരമായ തടസ്സമില്ലെന്നും മത്സരത്തിനെത്തുമെന്നും ഷാജി പറയുന്നു. അതിനിടെ സ്ഥാനാർഥിയെ നാട്ടിൽനിന്നുതന്നെ കണ്ടെത്തിക്കൂടേയെന്ന പ്രാദേശികവാദവും ലീഗിൽ ഉയർന്നിട്ടുണ്ട്.

 നികേഷ് വീണ്ടും വരുമോ
എൽ.ഡി.എഫിന്റെ സ്ഥാനാർഥി ആരായിരിക്കും എന്നുള്ളതിനെക്കുറിച്ച് നേരിയ സൂചനപോലും വന്നിട്ടില്ല. നികേഷ്‌കുമാർ വീണ്ടും മത്സരിക്കുമോ എന്നകാര്യത്തിലും ഉറപ്പില്ല. മത്സരിക്കുന്ന കാര്യമൊക്കെ ഞാനല്ലല്ലോ തിരുമാനിക്കേണ്ടതെന്നാണ് നികേഷ് പറയുന്നത്. ഏതായാലും ആഞ്ഞുപിടിച്ചാൽ ഇടത്തോ വലത്തോ ചായുന്ന മണ്ഡലമാണ് അഴീക്കോട് എന്ന് എല്ലാവർക്കും അറിയാം. മുമ്പ്‌ അഴീക്കോട് അങ്ങനെയൊന്നുമല്ലായിരുന്നു, സി.പി.എമ്മിന്റെ ചുവന്നുതുടുത്ത തക്കാളിപ്പഴം തന്നെയായിരുന്നു.

 മണ്ഡലപുനർനിർണയത്തോടെ മണ്ഡലത്തിന്റെ ചുവപ്പിന്റെ കടുപ്പം മാറി. യു.ഡി.എഫും എൽ.ഡി.എഫും സമനിലപിടിച്ചു. മുസ്‌ലിം വോട്ടുകൾ നിർണായകമായി. കോർപ്പറേഷന്റെ ചില സോണുകളും അഴീക്കോട് മണ്ഡലത്തിലായി.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എം.വി. നികേഷ്‌കുമാർ തോറ്റെങ്കിലും 33 കൊല്ലംമുമ്പ്‌ നികേഷിന്റെ പിതാവ് എം.വി.ആർ. യു.ഡി.എഫ്. പിന്തുണയോടെ അഴീക്കോട്ട്‌ വിജയിച്ചിട്ടുണ്ട്. ഇന്നത്തെ വ്യവസായമന്ത്രി ഇ.പി. ജയരാജനെയാണ് അദ്ദേഹം തോൽപ്പിച്ചത്‌. അടുത്ത തിരഞ്ഞെടുപ്പിൽ ജയരാജൻ മണ്ഡലം തിരിച്ചുപിടിച്ചു.

 മണ്ഡലചരിത്രം
നിർദിഷ്ട അഴീക്കൽ തുറമുഖവും പല വ്യവസായകേന്ദ്രങ്ങളും  ഉൾപ്പെടുന്ന അഴീക്കോട് മണ്ഡലം 1977-ലാണ് രൂപംകൊള്ളുന്നത്. അതിനുമുമ്പ്‌ മറഞ്ഞുപോയ മാടായി മണ്ഡലത്തിന്റെയും ഇപ്പോഴുള്ള കല്യാശ്ശേരി മണ്ഡലത്തിന്റെയും ഭാഗമായിരുന്നു അഴീക്കോട്. 2008-ൽ വീണ്ടും മണ്ഡലപുനർനിർണയത്തിലൂടെ നിയമസഭാ മണ്ഡലത്തിനുള്ളിലെ പഞ്ചായത്തുകൾ മാറിമറഞ്ഞു. 2008 വരെ എൽ.ഡി.എഫ്. കോട്ടയായ അഴിക്കോട് യു.ഡിഎഫ്. ചായ്‌വുള്ള മണ്ഡലമായിമാറി. തുടർന്നുനടന്ന രണ്ടു തിരഞ്ഞെടുപ്പിലും യു.ഡി.എഫ്. വിജയിച്ചു. അഴിക്കോട്, ചിറക്കൽ, പള്ളിക്കുന്ന്, വളപട്ടണം, പുഴാതി, നാറാത്ത്, പാപ്പിനിശ്ശേരി എന്നിവയാണ് പുതിയ മണ്ഡലത്തിലെ പഞ്ചായത്തുകൾ. ഇതിൽ പുഴാതി, പള്ളിക്കുന്ന്‌ പഞ്ചായത്തുകളുടെ ഭാഗങ്ങൾ കണ്ണൂർ കോർപ്പറേഷനിലേക്കു മാറി.

സി.പി.എം. മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദനായിരുന്നു അഴിക്കോട് മണ്ഡലത്തിൽനിന്നും ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എ.

 ഇത്തവണ ആർക്കു കുറി
ഷാജിയും നികേഷുമില്ലെങ്കിൽ  ആരായിരിക്കും സ്ഥാനാർഥി എന്നതിനെക്കുറിച്ച് ഊഹാപോഹങ്ങൾ മാത്രമേ ഉള്ളൂ. ലീഗ് ജില്ലാ സെക്രട്ടറി അബ്ദുൽ കരിം ചേലേരിയുടെ പേരും പറയുന്നുണ്ട്. യൂത്ത്‌ ലീഗ് നേതാവ് പി.കെ. ഫിറോസിന്റെ പേരും കേട്ടിരുന്നു. അതോ ഷാജിയെപ്പോലെ പുറത്തുനിന്ന് ആരെങ്കിലും വരുമോയെന്നും പറയാറായിട്ടില്ല. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, ജനാധിപത്യമഹിളാ അസോസിയേഷൻ ദേശീയ ജോ. സെക്രട്ടറി എൻ. സുകന്യ എന്നിവരുടെ പേരുകളെല്ലാം എൽ.ഡി.എഫിൽ പറഞ്ഞുകേൾക്കുന്നുണ്ട്. അഴീക്കോട് സീറ്റിനോട് ഐ.എൻ.എൽ., സി.പി.ഐ. എന്നിവർക്കും നോട്ടമുണ്ട്.  ഐ.എൻ.എലിന് നേരത്തേയും കണ്ണൂരിൽ സീറ്റ് ലഭിച്ചിട്ടുണ്ട്. ഇരിക്കൂർ കേരള കോൺഗ്രസിന് നൽകിയാൽ സി.പി.ഐ.ക്ക് മറ്റൊരിടത്ത് കൊടുക്കണം.