ഒരു ചരിത്ര മുഹൂര്‍ത്തത്തിന്റെ അവസാന വാചകങ്ങള്‍ എഴുതപ്പെടാന്‍ മണിക്കൂറുകളേ ശേഷിക്കുന്നുള്ളൂ. ജനാധിപത്യം കൊതിക്കുന്ന ഒരു രാജ്യത്തിന്റെ മോഹം സഫലമാകാനും അത്രതന്നേ കാത്തിരിപ്പേ വേണ്ടിവരൂ. പക്ഷേ, 25 കൊല്ലം മുമ്പനുഭവിച്ച വഞ്ചനയുടെ കയ്പ്പ് ആ രാജ്യത്തിന്റെ നാവില്‍ അലിയാതെ കിടപ്പുണ്ട്. ഇത്തവണ അങ്ങനെ സംഭവിക്കില്ലെന്നാണ് അവരുടെ പ്രതീക്ഷ. കാരണം, പട്ടാളത്തിന്റെ ഉരുക്കുമുഷ്ടിയില്‍ നിന്ന് തങ്ങളെ മോചിപ്പിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്ന വനിത നയിക്കുന്ന പാര്‍ട്ടി, നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.ഡി.), വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ജയിച്ചുകയറിയത്. 

നവംബര്‍ എട്ടിനായിരുന്നു മ്യാന്‍മറില്‍ തിരഞ്ഞെടുപ്പ്. പട്ടാളത്തിന്റെ പിന്തുണയുള്ള ഭരണകക്ഷി, യൂണിയന്‍ സോളിഡാരിറ്റി ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടിയും (യു.എസ്.ഡി.പി.) മ്യാന്‍മറിന്റെ ചരിത്രത്തില്‍ ചോരയാല്‍ അടയാളമിട്ട എന്‍.എല്‍.ഡിയും തമ്മിലായിരുന്നു മുഖ്യമത്സരം. ഏതുതരത്തില്‍ നോക്കിയാലും കാലങ്ങള്‍ക്കുമുമ്പേ മരിച്ചു മണ്ണടിയേണ്ട പാര്‍ട്ടി. പക്ഷേ, അതിനു നിലനിന്നേ തീരുമായിരുന്നുള്ളൂ.

aung san suu kyi

ഇന്നല്ലെങ്കില്‍ നാളെ രാജ്യത്തെ ജനാധിപത്യത്തിന്റെ പുലരിയിലേക്ക് കൈപിടിച്ചു നടത്തേണ്ടത് ആ പാര്‍ട്ടിയിലും അതിന്റെ സ്ഥാപക ആങ് സാന്‍ സ്യൂ ചി എന്ന വനിതയിലും കാലം ഏല്‍പ്പിച്ച ദൗത്യമായിരുന്നു. അതിനുവേണ്ടിയാണ് അവര്‍ ഇരുപതാണ്ട് പുറംലോകവുമായി ബന്ധമില്ലാതെ വീട്ടുതടങ്കലില്‍ കഴിഞ്ഞത്. ക്ഷമയ്ക്കും സഹനത്തിനും പോരാട്ടവീര്യത്തിനും പ്രതീക്ഷയ്ക്കും എക്കാലവും ഫലമുണ്ടെന്ന് 27 കൊല്ലം ഏകാന്ത തടവില്‍ കിടന്ന നെല്‍സണ്‍ മണ്ടേലയും ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹാത്മ ഗാന്ധിയും മുമ്പേ പഠിപ്പിച്ച പാഠമാണ്. അവരായിരുന്നു സ്യൂ ചിയുടെയും മാതൃകകള്‍. പിന്നെ, അമേരിക്കയിലെ കറുത്തവര്‍ഗക്കാരെ 'തൊലിനിറത്തിന്റെ പേരിലല്ലാതെ എല്ലാവരും അറിയപ്പെടുന്ന' ഒരുദിവസത്തിലേക്ക് നയിച്ച മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങും.

മ്യാന്‍മറിന്റെ രാഷ്ട്രപിതാവ് ആങ് സാന്റെ മകള്‍ മാതൃരാജ്യത്തിന്റെ ജനാധിപത്യയാത്രയുടെ നേതൃത്വം സ്വയം ഏറ്റെടുത്തതായിരുന്നു. രണ്ടാം വയസ്സില്‍ അച്ഛനെ നഷ്ടപ്പെട്ട്, ഇന്ത്യയിലും ബ്രിട്ടനിലുമായി പഠിച്ച് ബ്രിട്ടീഷുകാരന്‍ മൈക്കല്‍ ആരിസിനെ വിവാഹം കഴിച്ച്, അലക്‌സാണ്ടറിന്റെയും കിമ്മിന്റെയും അമ്മയായി ബ്രിട്ടനില്‍ കഴിയുമ്പോഴും ജന്‍മാടിനെക്കുറിച്ചുള്ള ചിന്തകള്‍ അവരുടെ മനസ്സുവിട്ടു പോയിരുന്നില്ല. 1988-ല്‍ അവര്‍ മ്യാന്‍മറിലേക്ക് മടങ്ങി. രോഗിയായ അമ്മയെ ശുശ്രൂഷിക്കാന്‍. അത് ഇനിയൊരു തിരിച്ചുപോക്കില്ലാത്ത മടക്കമാണെന്ന് അന്ന് സ്യൂ ചി അറിഞ്ഞില്ല. ആരും അറിഞ്ഞില്ല. 

ജനാധിപത്യത്തിനുവേണ്ടി മുറവിളികൂട്ടുന്ന ഒരു ജനതയ്ക്ക് നടുവിലേക്കാണ് അവര്‍ പറന്നിറങ്ങിയത്. രാജ്യമെങ്ങും പ്രക്ഷോഭങ്ങള്‍. ജനാധിപത്യം നടപ്പാകാന്‍ എന്തുപീഡനവും സഹിക്കാന്‍ തയ്യാറായ ജനം കീഴടക്കിയ തെരുവുകള്‍. '8888 വിപ്ലവം' എന്ന് പേരുകേട്ട ആ പ്രക്ഷോഭം ചോരപ്പുഴയൊഴുക്കിയാണ് അവസാനിച്ചത്. പട്ടാളംതന്നെ അധികാരത്തിലേറി. പക്ഷേ, ആ ചോരയില്‍ നിന്ന് ഒരു നേതാവ് ഉയര്‍ന്നുവന്നു. ''ഈ നടക്കുന്നതെല്ലാം കണ്ട് കണ്ണടച്ചിരുന്നാല്‍ ഞാന്‍ എന്റെ അച്ഛന്റെ മകളാവില്ല'' എന്നു പറഞ്ഞ് സ്യൂ ചി പ്രക്ഷോഭകാരികള്‍ക്കൊപ്പം കൂടി. അന്നും അതിനുശേഷവും മ്യാന്‍മറിലെ പട്ടാളഭരണകൂടം ഒരാളെയേ ഭയന്നിട്ടുള്ളൂ. ഡൗ ആങ് സാന്‍ സ്യൂ ചിയെ. അതുകൊണ്ടാണ് ഇരുപതോളം വര്‍ഷം അവരെ അവര്‍ തടവിലിട്ടത്. '

aung san suu kyi

സ്യൂ ചിയുടെ നേതൃത്വത്തില്‍ അന്ന് രൂപംകൊണ്ട എന്‍.എല്‍.ഡി. 1990-ല്‍ മ്യാന്‍മറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. ജയം സ്വാഭാവികമായും എന്‍.എല്‍.ഡിയ്ക്കായിരുന്നു. പക്ഷേ, പട്ടാളം അത് അംഗീകരിച്ചില്ല. തിരഞ്ഞെടുപ്പ് റദ്ദാക്കി. സ്യൂ ചിയെ വീട്ടുതടങ്കലിലാക്കി. സ്യൂ ചിയുടെ സാന്നിദ്ധ്യം മ്യാന്‍മറിലെ പൊതുസമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കഴിഞ്ഞു എന്നല്ലാതെ, അവരുണര്‍ത്തിവിട്ട പ്രതീക്ഷയെ മായ്ച്ചുകളയാന്‍ ഭരണകൂടത്തിനായില്ല. ഇത് അടിവരയിടുന്നതാണ് നേതാക്കളെല്ലാം തടവറയിലായ, ഭരണകൂടം കൊല്ലങ്ങളോളം നിരോധിച്ച ഒരു പാര്‍ട്ടി, മരിക്കാതെ പിടിച്ചുനിന്ന് പൂര്‍വാധികം ശക്തിയോടെ തിരിച്ചുവന്ന് നേടിയ തിരഞ്ഞെടുപ്പു ജയം. 

വീട്ടുതടങ്കലിലായി മാസങ്ങള്‍ക്കകം, 1991-ല്‍ സ്യൂ ചിയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു. ''ദുര്‍ബലരുടെ കരുത്തിന് ഉത്തമ ഉദാഹരണം'' എന്നാണ് നൊബേല്‍ സമിതി അവരെ വിശേഷിപ്പിച്ചത്. പക്ഷേ, ഈ സമ്മാനം നേരില്‍ കൈപ്പറ്റാന്‍ 21 വര്‍ഷം അവര്‍ക്ക് കാത്തിരിക്കേണ്ടി വന്നു. '

aung san suu kyiആദ്യത്തെ തടവിന് ശേഷം 1995-ല്‍ അവരെ പട്ടാളം തുറന്നുവിട്ടു. താത്ക്കാലികമായിരുന്നു അത്. സ്വാതന്ത്ര്യത്തിന്റെ ഇക്കാലം ഭയത്തിന്റേതുകൂടെയായിരുന്നു. '96 നവംബറില്‍ അവരുടെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ടു. അവര്‍ക്കുനേരെയുമുണ്ടായി ആക്രമണം. എന്‍.എല്‍.ഡിയുടെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി. കുറ്റക്കാര്‍ ഒരിക്കലും പിടിക്കപ്പെട്ടില്ല.'

 പിന്നെയും സ്യൂ ചി വീട്ടുതടങ്കലിലായി. രണ്ടായിരാമാണ്ട് സപ്തംബറില്‍. യാത്രാവിലക്ക് ലംഘിച്ചുവന്നെ പേരിലായിരുന്നു ഇത്. നിസാരകാരണത്തിന് അവരെ പൂട്ടിയിട്ട ഭരണകൂടം തന്നെ ഒരുപാധികളുമില്ലാതെ രണ്ടുകൊല്ലത്തിനുശേഷം അവരെ വിട്ടയച്ചു. വീണ്ടും തടവിക്കാന്‍ മാത്രമായി ഒരു മോചനം. 

2007-ല്‍ സര്‍ക്കാര്‍ ഇന്ധനവിലകൂട്ടി. ജനം സ്വാഭാവികമായും പ്രതിഷേധിച്ചു. മൃഗീയമായ അടിച്ചമര്‍ത്തലായിരുന്നു ഭരണകൂടത്തിന്റേത്. അങ്ങനെയങ്ങനെ പലകാരണങ്ങളുണ്ടാക്കി അവര്‍ സ്യൂ ചിയുടെ മോചനം നീട്ടിക്കൊണ്ടുപോയി. ഐക്യരാഷ്ട്രസഭയുടെയും മനുഷ്യാവകാശസംഘടനകളുടെയും ഇടപെടലുകള്‍ ഫലം കണ്ടില്ല. ഇതിനിടെ, അവരുടെ ഭര്‍ത്താവ് മൈക്കല്‍ ആരിസ് അര്‍ബുദബാധിതനായി. അദ്ദേഹത്തെ കാണാന്‍ ബ്രിട്ടനിലേക്കു വിടാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്‌തെങ്കിലും സ്യൂ ചി നിരസ്സിച്ചു. അങ്ങനെ പോയാല്‍ പിന്നീടൊരിക്കലും മ്യാന്‍മറിലേക്ക് വരാനാവില്ലെന്ന് അവര്‍ ഭയന്നു. തന്റെ ജനത്ത് നല്‍കിയ സ്വപ്‌നം പാതിവഴിയില്‍ കരിച്ചുകളയാന്‍ അവര്‍ ആഗ്രഹിച്ചില്ല. പകരം, തന്റെ കണ്ണുകളെ നനയാന്‍ അനുവദിച്ചു. 1999-ല്‍ ആരിസ് മരിച്ചു. 

തടവിന്റെ വിരസത അവരകറ്റിയത് വായിച്ചും ഫ്രഞ്ച്, ജാപ്പനീസ് ഭാഷകള്‍ പഠിച്ചും ധ്യാനിച്ചും പിയാനോ വായിച്ചുമായിരുന്നു. അവര്‍ തടവിലായിരിക്കെ 2010-ല്‍ പൊതുതിരഞ്ഞെടുപ്പ് നടന്നു. അട്ടിമറി ആരോപിക്കപ്പെട്ട ആ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് മുന്‍പട്ടാള ജനറല്‍ തൈന്‍ സീന്‍ അധികാരത്തിലേറി. രാജ്യകാര്യങ്ങളിലുള്ള പട്ടാളത്തിന്റെ പിടി അയ്ക്കാന്‍ അദ്ദേഹം ശ്രമിച്ചു. രാഷ്ട്രീയത്തടവുകാരെ മോചിപ്പിച്ചു. സ്യൂ ചിയും പുറത്തെത്തി. 2010 നവംബറില്‍ മകന്‍ കിം മ്യന്‍മറിലെത്തി. പത്തുകൊല്ലത്തിനുശേഷം അമ്മയും മകനും തമ്മില്‍ കണ്ടു! '

 2010-ലെ തിരഞ്ഞെടുപ്പില്‍ പാര്‍ലമെന്റംഗങ്ങളായവരില്‍ ചിലരെ സര്‍ക്കാറിന്റെ മറ്റുസ്ഥാപനങ്ങളുടെ ചുമതലയിലേക്ക് മാറിയപ്പോള്‍ ഒഴിവുവന്ന സീറ്റുകളില്‍ രണ്ടുവര്‍ഷത്തിനുശേഷം തിരഞ്ഞെടുപ്പു നടന്നു. എന്‍.എല്‍.ഡിയും മത്സരിച്ചു. മത്സരിച്ച 45 സീറ്റുകളില്‍ 43-ലും ജയിച്ചു. അക്കൊല്ലം സ്യൂചി മ്യാന്‍മറിന് പുറത്തേക്ക് സഞ്ചരിച്ചു. 24 കൊല്ലത്തിനുശേഷമായിരുന്നു അത്.

 ഇപ്പോള്‍ എന്‍.എല്‍.ഡി. ജയിച്ചെങ്കിലും സ്യൂ ചി മ്യാന്‍മറിന്റെ പ്രസിഡന്റ് പദമേറാനുള്ള സാധ്യത അകലെയാണ്. അതുസംഭവിക്കാതിരിക്കാന്‍ വേണ്ടതെല്ലാം പട്ടാളം ചെയ്തുവെച്ചിട്ടുണ്ട്. ഇക്കൊല്ലം ജൂണില്‍ ഭരണഘടന പരിഷ്‌കരിച്ചത് ഇതിനുവേണ്ടി മാത്രമായിരുന്നു. ആ പരിഷ്‌കാരമനുസരിച്ച് വിദേശികളായ കുടുംബാംഗങ്ങളുള്ളവര്‍ക്ക് പ്രസിഡന്റാവാനാകില്ല. മൈക്കല്‍ ആരിസ് ബ്രിട്ടീഷ് പൗരനായിരുന്നു. രണ്ടുമക്കളും അങ്ങനെതന്നെ. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയുള്ള ജയം ഈ പരിഷ്‌കാരം റദ്ദാക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷ എന്‍.എല്‍.ഡിയ്ക്കുണ്ട്. എന്നാല്‍, 664 അംഗ പാര്‍ലമെന്റില്‍ 166 സീറ്റുകള്‍ പട്ടാളത്തിന് സംവരണമുള്ളതാണ്. അതായത് ആകെ സീറ്റിന്റെ 25 ശതമാനം. അതിനാല്‍തന്നെ ഭേദഗതി എത്രമാത്രം സാധ്യമാകുമെന്നകാര്യത്തില്‍ അനിശ്ചിതത്വമുണ്ട്. അതാണ് താന്‍ പ്രസിഡന്റിനും മേലെയാണെന്ന് പറയാന്‍ സ്യൂ ചിയെ പ്രേരിപ്പിച്ചതും.

aung san suu kyi

വിമര്‍ശനങ്ങള്‍ക്ക് അതീതയല്ല സ്യൂചിയും. മ്യാന്‍മറിലെ വംശീയ ന്യൂനപക്ഷമായ റോഹിംഗ്യകള്‍ 'ഒഴുകുന്ന ശവകുടീരങ്ങളാ'യി അന്തമാന്‍ കടലില്‍ ഒഴുകിനടന്നപ്പോഴും അവരെ പട്ടാളഭരണകൂടം കിരാതമായി പീഡിപ്പിച്ചപ്പോഴും സ്യൂ ചിയുടെ നാവില്‍ നിന്ന് ഒരുവാക്കുപോലും പുറപ്പെട്ടില്ല. അവരുടെ പാര്‍ലമെന്ററി മോഹമാണ് നിശബ്ദതയ്ക്കുകാരണമെന്നായിരുന്നു വിമര്‍ശം. മുസ്‌ലിം ന്യൂനപക്ഷമായ റോഹിംഗ്യകളെ വിരാതു എന്ന ബുദ്ധസന്ന്യാസിയും അദ്ദേഹത്തിന്റെ '969' പ്രസ്ഥാനവും ഭരണകൂടത്തിന്റെ പിന്തുണയോടെ പരസ്യമായി പീഡിപ്പിച്ചോടിക്കുകയായിരുന്നുവെന്നതാണ് വാസ്തവം. വിരാതുവിനെ അപലപിക്കാനും സ്യൂ ചി ശ്രമിച്ചില്ല. തിരഞ്ഞെടുപ്പില്‍ മത്സരിച്ച 1,130 എന്‍.എല്‍.ഡി. സ്ഥാനാര്‍ഥികളില്‍ ഒരാള്‍ പോലും മുസ്‌ലിമല്ലായിരുന്നു. എന്‍.എല്‍.ഡി. മുസ്‌ലിം അനുകൂല പാര്‍ട്ടിയാണെന്നും അവര്‍ അധികാരത്തിലേറിയാല്‍ മ്യാന്‍മര്‍ ഇസ്‌ലാമിക രാഷ്ട്രമാകുമന്നുമായിരുന്നു വിരാതുവിന്റെ നേതൃത്വത്തിനുള്ള മാ ബാ താ (അസോസിയേഷന്‍ ടു പ്രൊട്ടക്ട് റെയ്‌സ് ആന്‍ഡ് റിലിജന്‍) സംഘടനയുടെ പ്രചാരണം. റോഹിംഗ്യകള്‍ക്ക് തിരഞ്ഞെടുപ്പില്‍ വോട്ടവകാശവുമില്ലായിരുന്നു. '

സ്യൂ ചിയുടെ മൗനവും എന്‍.എല്‍.ഡിയുടെ 'മുസ്‌ലിം വിരുദ്ധത'യും മ്യാന്‍മറിനു വെളിയില്‍ ചോദ്യം ചെയ്യപ്പെട്ടെങ്കിലും അന്നാട്ടിലെ മുസ്‌ലിങ്ങള്‍ അവയത്രകാര്യമായെടുത്തില്ലെന്നാണ് അവിടുന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരുവലിയ ലക്ഷ്യത്തിനുവേണ്ടി ചില സഹനങ്ങള്‍ക്ക് തയ്യാറാണെന്ന മനോഭാവമായിരുന്നു അവരുടേത്. ഒരുപക്ഷേ, സ്യൂ ചിയുടെ മൗനത്തെയും ഇത്തരത്തിലാവാം അവര്‍ ന്യായീകരിച്ചിട്ടുണ്ടാവുക. ഈ ചിന്തയോടെയാവാം സ്യൂ ചിയും നിശബ്ദയായിരുന്നിട്ടുണ്ടാവുക. കാരണം, തിരഞ്ഞെടുപ്പില്‍ ഒരുവലിയ വിജയം മ്യാന്‍മറിന്റെ ജനാധിപത്യത്തിലേക്കുള്ള പരിവര്‍ത്തനത്തിന് സ്യൂ ചിക്കും അവരുടെ പാര്‍ട്ടിക്കും അനിവാര്യമായിരുന്നു. ഈ എഴുപതാം വയസ്സില്‍ അതിനു സാധിച്ചില്ലെങ്കില്‍ ഒരുപക്ഷേ, ഇക്കാലമത്രയും തന്നെ പിടിച്ചുനിര്‍ത്തിയ ആ സ്വപ്‌നത്തിലേക്കുള്ള യാത്ര അകന്നകന്നുപോകുമെന്ന് അവര്‍ക്കും എന്‍.എല്‍.ഡിക്കും അറിയാമായിരുന്നു. '

മ്യാന്‍മര്‍ ജനതയെ സംബന്ധിച്ചിടത്തോളം മുസ്‌ലിങ്ങളുടെ മനുഷ്യാവകാശത്തിനുവേണ്ടി നിലകൊണ്ട പാര്‍ട്ടിയാണ് എന്‍.എല്‍.ഡി. മുസ്‌ലിങ്ങളെ ലക്ഷ്യംവെച്ച് ഇക്കൊല്ലം ആദ്യം മ്യാന്‍മര്‍ ഭരണകൂടം കൊണ്ടുവന്ന നാലുബില്ലുകള്‍ക്കും എതിരായാണ് എന്‍.എല്‍.ഡിയുടെ 43 പ്രതിനിധികളും പാര്‍ലമെന്റില്‍ വോട്ടുചെയ്തത്. മാ ബാ തായുടെ നിര്‍ബന്ധത്തിനുവഴങ്ങിയായിരുന്നു സര്‍ക്കാര്‍ ഈ ബില്ലുകള്‍ കൊണ്ടുവന്നത്. എന്‍.എല്‍.ഡിയുടെ സ്ഥാനാര്‍ഥിയായി ഒരു മുസ്‌ലിമിനെപ്പോലും നിര്‍ത്തേണ്ടന്ന് അഭ്യര്‍ഥിച്ചത് സമുദായാംഗങ്ങള്‍ തന്നെയാണെന്നാണ് പാര്‍ട്ടിയുടെ വാദം. മുസ്‌ലിം സാന്നിദ്ധ്യം പാര്‍ട്ടിക്കുകിട്ടേണ്ട വോട്ടുകള്‍ നഷ്ടമാക്കുമെന്ന് അവര്‍ ഭയന്നു; എന്നാല്‍, അധികാരത്തിലേറിയാല്‍ പാര്‍ട്ടി തങ്ങളെ സംരക്ഷിക്കുമെന്ന് അവര്‍ വിശ്വസിച്ചു. ഇങ്ങനെയാണ് വ്യാഖ്യാനം. '

വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും എന്തുതന്നെയായാലും അത്യാവശ്യമായിരുന്ന വിജയം സ്യൂ ചിയും കൂട്ടരും നേടി. ഇനി സീനിന്റെ പിന്‍ഗാമിയാര് എന്നതാണ് ചോദ്യം. അതറിയാന്‍ ജനവരി വരെ കാക്കണം. പാര്‍ലമെന്റിന്റെ അധോസഭയില്‍ നിന്നും ഉപരിസഭയില്‍ നിന്നും പട്ടാളത്തില്‍ നിന്നും നാമനിര്‍ദേശം ചെയ്യപ്പെടുന്ന ഒരോ പ്രതിനിധികളില്‍ നിന്നാണ് സഭാംഗങ്ങള്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടത്. രണ്ടുപേര്‍ തോല്‍ക്കും. അവര്‍ വൈസ് പ്രസിഡന്റുമാരാകും. 

2012-ല്‍ സ്യൂ ചിയെ ജയിപ്പിച്ച കൗഹ്മു നിവാസികള്‍ ഇത്തവണയും അവരെ തിരഞ്ഞെടുത്തിട്ടുണ്ട്. പാര്‍ലമെന്റില്‍ ഒരംഗമായി സ്യൂ ചിയുമുണ്ടാകും. എന്‍.എല്‍.ഡിയുടെ വിജയത്തില്‍ സ്യൂ ചിയെ അനുമോദിച്ച ഭരണകൂടവും പട്ടാളവും അവരെ പ്രസിഡന്റാവാന്‍ അനുവദിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. 'WE MUST WIN' എന്നെഴുതിയ ചുവന്ന ബാനറുകളേന്തി പ്രചാരണം നടത്തിയവര്‍ക്ക് വിശ്രമിക്കാന്‍ നേരമായിട്ടില്ല. വിജയത്തിനൊപ്പം തന്നെ പ്രാധാന്യമുണ്ട് മ്യാന്‍മറില്‍ ഇനിവരാനിരിക്കുന്ന സര്‍ക്കാര്‍ രൂപവത്ക്കരണ പ്രക്രിയകളും.