attingalആറ്റിങ്ങലിന്റെ ഭൂമിശാസ്ത്രവും രാഷ്ട്രീയസമവാക്യങ്ങളും ഒന്നു വേറെത്തന്നെയാണ്. ഇടതുസംഘടനകൾക്ക് എന്നും ആഴത്തിൽ വേരോട്ടമുള്ള പ്രദേശം. എല്ലാ ജാതി-മത സംഘടനകളും വിവിധ തൊഴിൽമേഖലകളും വോട്ടിന്റെ ഒഴുക്കിനെ നിയന്ത്രിക്കുന്നതിൽ നിർണായകമാകുന്ന ഇടം. തീരപ്രദേശവും മലയോരവുമൊക്കെ ഒന്നിക്കുന്ന ഇവിടത്തെ വോട്ടർമാർ പലകുറി പല പരീക്ഷണങ്ങൾക്ക് മണ്ഡലത്തെ വിധേയമാക്കിയിട്ടുണ്ട്. പലപ്രമുഖരെയും തള്ളിയിട്ടുണ്ട്, സ്വീകരിച്ചിട്ടുമുണ്ട്.

കൂടുതൽകാലവും ഇടതുപക്ഷത്തോട് പക്ഷംചേരുകയായിരുന്നു പഴയ ചിറയിൻകീഴും പിന്നീട് പേരുമാറിയ ആറ്റിങ്ങലും. ആർ. ശങ്കറിനുപോലും ചുവടുതെറ്റിയെങ്കിലും കോൺഗ്രസിലെ മറ്റു പ്രമുഖരെയും വിജയിപ്പിക്കാനുള്ള മനസ്സുകാട്ടിയ വോട്ടർമാർ ഇക്കുറി എങ്ങനെയൊക്കെ ചിന്തിക്കുമെന്നറിയാൻ കാത്തിരിക്കണം. ശക്തിദുർഗമെന്ന്‌ കരുതുന്നവരുടെ കോട്ടയിൽ വിള്ളലുണ്ടാക്കാവുന്ന ഇന്നത്തെ രാഷ്ട്രീയസാഹചര്യം മണ്ഡലത്തിന്‌ ചാഞ്ചാട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയോടെ ഒരുകൂട്ടർ കാത്തിരിക്കുന്നു. ശബരിമല വിഷയംപോലെ ശിവഗിരിയുടെ മനസ്സും ആറ്റിങ്ങലിന്‌ പ്രധാനമാണ്. എൻ.എസ്.എസും എസ്.എൻ.ഡി.പി. യോഗവും മുസ്‌ലിം, നാടാർ സമുദായവുമൊക്കെ ശക്തികാട്ടാവുന്ന ഇവിടം തിരുവനന്തപുരത്തിന്റെ എക്സ്റ്റൻഷനായാണ് മുന്നണികൾ കാണുന്നതും. എല്ലാപാർട്ടികളോടും എക്കാലവും നിശ്ചിത അകലം കാട്ടി പക്ഷംപിടിക്കാതിരുന്ന ശിവഗിരിയിലേക്ക്‌ ബി.ജെ.പി. യ്ക്ക് അടുക്കാൻ ഇത്തവണ പലവട്ടം അവസരമുണ്ടായി. ഇതൊക്ക വോട്ടിൽ പ്രതിഫലിച്ചാൽ അത് നിർണായകമാകും. സിദ്ധനർ വിഭാഗത്തിനും നല്ലശക്തിയുണ്ടിവിടെ.

വർക്കല, ചിറയിൻകീഴ്, ആറ്റിങ്ങൽ, നെടുമങ്ങാട്, വാമനപുരം, കാട്ടാക്കട, അരുവിക്കര എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെട്ട ആറ്റിങ്ങലിൽ കോൺഗ്രസിന്‌ നല്ല മേൽക്കൈ ഉണ്ടായിരുന്ന ചിലമേഖല കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അവരെ കൈവിട്ട് ഇടതിനൊപ്പം ചേർന്നിരുന്നു. അതിനാൽ ഇടതിന് ആശങ്കകളില്ല. സമ്പത്തിന്റെ ഇത്രവലിയ ഭൂരിപക്ഷം സി.പി.എം. പ്രതീക്ഷിക്കാത്തതുപോലെ മണ്ഡലങ്ങളുടെ ചുവടുമാറ്റം കോൺഗ്രസും നിനച്ചില്ല.

2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അരുവിക്കരയൊഴികെയുള്ള എല്ലാ മണ്ഡലവും ഇടതുമുന്നണിയാണ് സ്വന്തമാക്കിയത്. എന്നാൽ, ആ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യുടെ വോട്ടുനിലയിൽ ലോക്‌സഭയിൽ കിട്ടിയതിനെക്കാൾ കാര്യമായ വളർച്ചയാണുണ്ടായത്. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്വാധീനമേഖല വികസിച്ചു എന്നാണ് അവരുടെ വിലയിരുത്തലും. എസ്.എൻ.ഡി.പി. യോഗവും എൻ.എസ്.എസും രണ്ടുധ്രുവത്തിൽ നിൽക്കുന്നത് മറ്റുപലയിടത്തെയുംപോലെ ആറ്റിങ്ങലിലും വോട്ടർമാരുടെ ചിന്താഗതിയെ നിയന്ത്രിക്കുന്നതിൽ നിർണായകമായിക്കൂടെന്നില്ല. 
 രണ്ടാമൂഴക്കാരനായി 2009-ലെത്തിയ സി.പി.എമ്മിലെ എ. സമ്പത്തായിരുന്നു 2014-ലും ആറ്റിങ്ങലിലെ വിജയി. 2009-ലെ 18,341 വോട്ടിന്റെ ഭൂരിപക്ഷം അടുത്ത തിരഞ്ഞെടുപ്പിൽ മൂന്നിരട്ടിയാക്കി സമ്പത്ത്. തുടർച്ചയായി രണ്ടുതവണ മത്സരിച്ചയാൾ മാറണമെന്ന മാനദണ്ഡം സമ്പത്തിന്റെ കാര്യത്തിൽ പാർട്ടി ഒഴിവാക്കിയാൽ അദ്ദേഹം തന്നെയാകും ആറ്റിങ്ങലിലെ ഇടതുമുന്നണിസ്ഥാനാർഥി. ജനസ്വാധീനം കൂടി പരിഗണിച്ചാൽ പാർട്ടിക്ക് രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടിയും വരില്ല. സമ്പത്ത് അല്ലെങ്കിൽ പകരം ആരെന്ന് പാർട്ടി സൂചന നൽകുന്നുമില്ല. യു.ഡി.എഫ്. പരിഗണിക്കുന്നത് അടൂർ പ്രകാശിനെയാണ്. എന്നാൽ, എം.എൽ.എ.മാർ മത്സരത്തിൽനിന്ന് ഒഴിവാക്കപ്പെട്ടാൽ പകരക്കാരനെ കണ്ടെത്തണം. എൻ.ഡി.എ.യ്ക്ക് തുഷാർ വെള്ളാപ്പള്ളി മത്സരിച്ചില്ലെങ്കിൽ പി.കെ. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ തുടങ്ങിയവരുടെ പേരുകളാണ് പറഞ്ഞുകേൾക്കുന്നത്.

1. വർക്കല 2. ആറ്റിങ്ങൽ 3. ചിറയിൻകീഴ്‌ 
4. നെടുമങ്ങാട്‌ 5. വാമനപുരം 
6. അരുവിക്കര 7. കാട്ടാക്കട

ആകെ വോട്ടർമാർ  13,19,805
പുരുഷന്മാർ 6,14,686
സ്ത്രീകൾ 7,05,109
ട്രാൻസ്‌ജെൻഡേഴ്‌സ് 10
ആകെ വോട്ട് 1251398
പോൾ ചെയ്തത് 859350
 
വോട്ടുനില 2014
എ. സമ്പത്ത് (സി.പി.എം.) 3,92,478
ബിന്ദുകൃഷ്ണ (കോൺഗ്രസ്) 3,23,100
എസ്. ഗിരിജാകുമാരി (ബി.ജെ.പി.) 90,528
ഭൂരിപക്ഷം 69,378