രാണ് എന്റെ കതകില്‍ കറുത്ത സ്റ്റിക്കര്‍ ഒട്ടിച്ചത് ? ആരാണ് എന്റെ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ കാത്തു നില്‍ക്കുന്നത്? ആരെല്ലാമാണ് എന്റെ കിടപ്പറയിലേക്ക് ഒളിച്ചു നോക്കുന്നത്? സ്‌കൂളില്‍ എന്റെ കുട്ടികള്‍ സുരക്ഷിതരാണോ? എന്റെ കുട്ടികള്‍ ആരോടെല്ലാമാണ് സംസാരിക്കുന്നത്?  അച്ഛന്‍ മാത്രമേയുള്ളൂ വീട്ടില്‍, വേഗമെത്തണം. അവള്‍ വളര്‍ന്നുകഴിഞ്ഞു.? ബസ്സില്‍ അയാള്‍ മുട്ടാന്‍ വരുന്നുണ്ട്. ? രണ്ടുദിവസമായി പാല്‍ക്കാരന്റെ മുഖത്തെ ചിരി വെറുതെയാണോ? 

എണ്ണമറ്റ ആശങ്കകള്‍ക്ക് നടുവിലാണ് മലയാളി. ഒടുങ്ങാത്ത ഉത്ക്കണ്ഠകള്‍ കൊണ്ടുവരുന്ന അടിച്ചമര്‍ത്തലുകളുണ്ട്. പരസ്പരം തീരാത്ത സംശയങ്ങളുണ്ട്. അവിടെയാണ് മധു കൊല്ലപ്പെടുന്നത്.

വിചാരണ ചെയ്യപ്പെടുന്നത് മധുവല്ല. മധുരമായി ചിരിക്കുന്ന മലയാളിയാണ്. മലയാളിയുടെ കാപട്യങ്ങളാണ്. 

കടുകുമണ്ണ ഊരിലെ ആദിവാസി യുവാവായിരുന്നു മധു. അജ്ജുത്തൊടിയിലാണ് താമസം. മുക്കാലി ടൗണില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ ദൂരം. തലയ്ക്ക് ആരോ തല്ലി കഴിഞ്ഞ കൊല്ലം. പിന്നെ തലയ്ക്ക് അത്ര സുഖമില്ലാതായി. എല്ലാവരേയും ഭയപ്പെട്ടു ഈ യുവാവ്. ഭക്ഷണം വാങ്ങാന്‍ മാത്രം പുറത്തിറങ്ങുന്ന അവസ്ഥയായി. അങ്ങനെ അരി വാങ്ങാന്‍ ചെന്നതാണ്.

വൈലോപ്പിള്ളിയുടെ ഒരു കവിതയുണ്ട്. എണ്‍പതു കൊല്ലം മുമ്പ് എഴുതിയതാണ്. അരിയില്ലാഞ്ഞിട്ട് എന്നാണ് പേര്. കുടുംബനാഥന്‍ മരിക്കുന്നു. അനുശോചിക്കാന്‍ ആളുകള്‍ നിറയുന്നു. മാവു വെട്ടുന്നു. കോടി വാങ്ങുന്നു. മുറുക്കാന്‍ വയ്ക്കുന്നു. ഒടുവില്‍ വായ്ക്കരിയിടാന്‍ തെല്ല് ഉണക്കലരി ചോദിക്കുന്നു വീട്ടിലേക്ക് നോക്കി. അന്നേരം വീട്ടിലെ അമ്മൂമ്മ സമൂഹത്തോട് നിര്‍ദയം പറയുന്നു. 
''അരിയുണ്ടെന്നാല്‍
അങ്ങേരന്തരിക്കുകില്ലല്ലോ'' 
മധുവിന്റെ കണക്കെടുപ്പുകളിലാണ് നമ്മളെല്ലാം. ഇത് മറ്റ് സംസ്ഥാനങ്ങളിലാണ് നടന്നതെങ്കില്‍ പ്രതിഷേധം ഇരമ്പിയാര്‍ത്തേനേ. പക്ഷേ ഇവിടെ പ്രതികള്‍ നമ്മള്‍ തന്നെയായിപ്പോയി.

Madhu

അരി മോഷ്ടിച്ചതിനായിരുന്നു മധുവിന്റെ ജനകീയ വിചാരണ.  താലിബാനെ, ഖാപ്പ് പഞ്ചായത്തിനെ കൈമെയ് മറന്ന് എതിര്‍ക്കുന്ന മലയാളി സംഘടിച്ചു. മധുവിന്റെ ഉടുമുണ്ടുരിഞ്ഞ് ഇരുകൈകളും കൂട്ടിക്കെട്ടി. ഓരോരുത്തരായി ന്യായാധിപരായി. മണിക്കൂറുകള്‍ക്ക് ശേഷം മുക്കാലിയില്‍ എത്തിച്ച് പോലീസിന് കൈമാറി. വൈകാതെ അവശനായി മധു മരിച്ചു.

കമല്‍ഹാസനേയും എപിജെ കലാമിനേയും മമ്മൂട്ടിയേയുമൊക്കെ യുഎസ് വിമാനത്താവളങ്ങളില്‍ ചോദ്യം ചെയ്തപ്പോള്‍ വികാരക്ഷോഭം കൊണ്ടവരാണ് മധുവിനെ ചോദ്യം ചെയ്തത്. മധുവിന്റെ അരിസഞ്ചി പരിശോധിച്ചത്. ആ ദൃശ്യങ്ങള്‍ നോക്കൂ. മധുവിന്റെ നേര്‍ക്ക് നീളുന്ന കൈകള്‍ക്കെല്ലാം മധുവിനേക്കാള്‍ ആരോഗ്യമുണ്ട്. 

ആരോഗ്യമില്ല അട്ടപ്പാടിക്ക്. കാരണം മാറിമാറി വന്ന ഭരണകൂടങ്ങളാണ്. പല വിധം കൃഷികളുമായി ജീവിച്ചവരായിരുന്നു ഇവിടത്തെ ആദിവാസികള്‍. സൗജന്യങ്ങളുമായി ഉദ്ധരിക്കാന്‍ ചെന്ന സര്‍ക്കാരുകള്‍ നാട്ടുകാരുടെ ആവാസ വ്യവസ്ഥ മാറ്റി. ഭക്ഷണം അരിയും ഗോതമ്പുമായി. റാഗിയും ബജ്‌റയും മറ്റ് ധാന്യങ്ങളും എല്ലാം ഇല്ലാതായി. പച്ചക്കറികള്‍ തേടി ആദിവാസികള്‍ക്ക് കടയില്‍ പോകേണ്ടി വന്നു. കുട്ടികളില്‍ പോഷകാഹാരക്കുറവ് സമൃദ്ധമായി. ഊരുകളില്‍ പട്ടിണിമരണം പത്തി വിടര്‍ത്തി.

അവനെ നാം പേടിക്കണം. എന്തെന്നാല്‍ അവന്‍ അടുത്തവീട്ടിലെ കുട്ടിയാണ്. അല്ല അടുത്ത മുറിയില്‍ മൊബൈലില്‍ ഇരിക്കുന്ന നമ്മുടെ തന്നെ കുട്ടിയാണ്. 

സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു. ക്ഷേമപദ്ധതികള്‍. അവയെല്ലാം നടപ്പാക്കുന്നവരുടേയും ഇടനിലക്കാരുടേയും ക്ഷേമത്തിന് മാത്രമായി. മദ്യം കൊടുത്ത് അവരുടെ ഭൂമിയും അവകാശങ്ങളും തട്ടിയെടുത്തവര്‍ കൊഴുത്തു. മദ്യം കിട്ടാതായപ്പോള്‍ ആദിവാസികള്‍ അതിര്‍ത്തി കടന്ന് തമിഴ് നാട്ടിലേക്ക്  പോയി. മദ്യപിച്ച് കുഴഞ്ഞുവീണു. എല്ലാവരും രോഗികളായി. അപ്പോള്‍ നമ്മള്‍ ആദിവാസി ആരോഗ്യപദ്ധതികള്‍ പ്രഖ്യാപിച്ചു. അവര്‍ പിന്നാക്കക്കാരായി . അങ്ങനെ നമ്മള്‍ മുന്നാക്കക്കാരായി. 

മുന്നാക്കക്കാര്‍ അനുഭവിക്കുന്ന മാനസികാവസ്ഥയുണ്ട്. ആള്‍ക്കൂട്ട മനശ്ശാസ്ത്രത്തെ പറയുമ്പോള്‍ ഡോ വില്‍ഹം റീഹ് അത് വിവരിക്കുന്നുണ്ട്. സ്വാഭാവിക സ്‌നേഹത്തിന് മാത്രമേ മനുഷ്യന്റെ നശീകരണാത്മകകമായ പരപീഡാത്വരയെ നിയന്ത്രിക്കാനാവൂ എന്ന് വ്യക്തമാക്കുന്നുണ്ട്.  എല്ലാം പ്രതീകമാവുന്ന നമ്മുടെ നാട്ടില്‍ മധുവും ഒരു പ്രതീകമായി മാറി. നമ്മുടെയൊക്കെ മേലാളിത്തത്തിന് വേണ്ടി മാത്രം ജീവിച്ചിരിക്കേണ്ട കീഴാളപ്രതീകം.

ഇവിടെയാണ് മലയാളിയെ നിയന്ത്രിക്കുന്ന ആണ്‍കോയ്മ പ്രകടമാവുന്നത്. സര്‍വത്ര നിറയുന്നത് അതേ ഫാസിസ്റ്റ് ചിഹ്നങ്ങളാണ്. എല്ലാ പാര്‍ട്ടികളിലും ഇതുണ്ട്. എല്ലാ കുടുംബങ്ങളിലും ഇതുണ്ട്. എല്ലാ വ്യക്തികളിലേക്കും ഇത് സംക്രമിക്കുന്നുമുണ്ട്.

സ്‌കൂള്‍ തലം തൊട്ടേ തുടങ്ങുന്ന മെരുക്കലിന്റേയും വീഴ്ചകളുടേയും ദുരന്തങ്ങള്‍ പേറുകയാണ് മലയാളി. ആദ്യം പറഞ്ഞ പേടികള്‍ ഒരു വശത്ത്. ഒരിക്കലും ആരും പറയാത്ത ലൈംഗികവും സദാചാരപരവുമായ സംശയങ്ങള്‍ മറുവശത്ത്. നമ്മുടെ കാഴ്ചകളെല്ലാം ഇത്തരം ആഘോഷങ്ങളാണ്. നമ്മുടെ സിനിമകള്‍, നമ്മുടെ ഗീര്‍വാണങ്ങള്‍, നമ്മുടെ ചിന്തകള്‍... എല്ലാം ഒന്നിനു പിറകേ  ഒന്നായി കൈമാറുന്നത് ആണധികാരത്തിന്റെ ആത്മപ്രകാശനങ്ങളാണ്.

എന്റെ വാക്ക് വിട്ട് നടക്കില്ലെന്ന് അമ്മ അഹങ്കാരത്തോടെ പറഞ്ഞ കുട്ടികളാണ് സ്ത്രീപീഡകനാവുന്നത്. കൂട്ടുകാരിയെ വഞ്ചിക്കുന്നത്. മയക്കുമരുന്നിന്റെ വാഹകരാവുന്നത്. ഒളിജീവിതത്തില്‍ സജീവമാകുന്നത്. പെറ്റനാള്‍ തൊട്ട് ഇംഗ്ലീഷ് പഠിച്ചവരാണ് മുത്തശ്ശിമാരുടെ വരെ പീഡനങ്ങളില്‍ പ്രതി ചേര്‍ക്കപ്പെടുന്നത്.

വിചാരണ ചെയ്യപ്പെടുന്നത് മധുവല്ല. മധുരമായി ചിരിക്കുന്ന മലയാളിയാണ്. മലയാളിയുടെ കാപട്യങ്ങളാണ്. നവമാധ്യമങ്ങളില്‍ അക്രമം പോസ്റ്റ് ചെയ്തും സെല്‍ഫിയെടുത്തും ആഘോഷിക്കുന്നവര്‍ ഇന്നോളം ഒരു പോക്കറ്റടിക്കേസില്‍ പോലും  ഒരു പക്ഷേ പെട്ടിരിക്കില്ല. എന്നാല്‍ അവരുടെയൊക്കെയുള്ളില്‍ ഒളിഞ്ഞിരിക്കുന്നുണ്ട് ഒരു ഐഎസ് കൊലയാളി. കഴുത്തറക്കുന്നതിന്റെ ക്ലോസ് അപ് ദൃശ്യങ്ങളില്‍ അഭിരമിക്കുന്ന കാപാലികന്‍. അവനെ നാം പേടിക്കണം. എന്തെന്നാല്‍ അവന്‍ അടുത്തവീട്ടിലെ കുട്ടിയാണ്. അല്ല അടുത്ത മുറിയില്‍ മൊബൈലില്‍ ഇരിക്കുന്ന നമ്മുടെ തന്നെ കുട്ടിയാണ്. 

രാവിലെ പുറത്തിറങ്ങുമ്പോള്‍ അവന്‍ മനസ്സില്‍ സൂക്ഷിക്കുന്നുണ്ട് അളവുവടി. മാന്യതയുടെ ലക്ഷണങ്ങള്‍. ചീകാത്ത മുടി, ഉലഞ്ഞ മുണ്ട്, ഉടഞ്ഞ സാരി, തേയ്ക്കാത്ത വസ്ത്രം, ഉണങ്ങാത്ത മുറിവ്, തിളങ്ങാത്ത നിറം, തിളയ്ക്കുന്ന ചന്തം, ആനന്ദത്തിന്റെ ബ്രാന്‍ഡ്, ഇസ്തിരിയിട്ട വാക്ക്, മലയാളത്തോടുള്ള പുച്ഛം, ഇംഗ്ലീഷിനോടുള്ള ആദരം. അപരനോടുള്ള നിന്ദ. മികച്ചവനോടുള്ള ബഹുമാനം.

ഈശ്വരാ , എന്റെ കുട്ടിയുടെ അളവുകോലുകളില്‍ ഞാന്‍ എവിടെയാണാവോ? വിശന്നലഞ്ഞ് അപ്പം മോഷ്ടിച്ചതിന് പിടിക്കപ്പെട്ട ജീന്‍ വാല്‍ ജീന്റെ കഥ അവനും മറന്നുപോയിക്കാണുമോ?