കൊൽക്കത്ത കത്ത്  ടി.എസ്. കാർത്തികേയൻ

ധ്രുവീകരണത്തിന്റെ രാഷ്ട്രീയമാണ് ഇപ്പോൾ ബംഗാളിൽ മുഖ്യ എതിരാളികൾ എടുത്തു പയറ്റുന്നത്. ഹിന്ദു-മുസ്‌ലിം ധ്രുവീകരണത്തിലാണ് ബി.ജെ.പി.യുടെ ഊന്നൽ. മുപ്പതു ശതമാനം ന്യൂനപക്ഷവോട്ടുള്ള ബംഗാളിൽ ഹിന്ദുവോട്ട് മൊത്തമായി പിടിക്കുക, ശേഷിക്കുന്നിടത്ത് ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കുക എന്നതാണ് യുദ്ധതന്ത്രം. ന്യൂനപക്ഷവോട്ടാണ് തന്റെ കരുത്തെങ്കിലും ഇത്തരത്തിലൊരു ധ്രുവീകരണത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാതിരിക്കാനാണ് മമതയുടെ ശ്രമം. ബംഗാളി-അബംഗാളി സ്വത്വങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായിട്ടാണ് മമത ഇതിനെ ചിത്രീകരിക്കുന്നത്. ബംഗാളിന്റെ ചരിത്രമോ സംസ്കാരമോ അറിയാത്ത ഒരു ഉത്തരേന്ത്യൻ ഹിന്ദി പാർട്ടിയുടെ സാംസ്കാരിക അധിനിവേശത്തെ കരുതിയിരിക്കുക എന്നതാണ് മമത ഉയർത്തുന്ന വിപദ്‌സന്ദേശം. നിത്യജീവിതത്തിൽ ജനങ്ങൾ നേരിടുന്ന ജീവൽപ്രശ്നങ്ങളെക്കാളെല്ലാം ഉപരിയായി നിൽക്കുന്നു ഈ ധ്രുവീകരണപ്പോര്. ടാഗോറും നേതാജിയുംപോലുള്ള വ്യക്തിത്വങ്ങൾപോലും ഈ വടംവലിയുടെ ഇരകളായി മാറുന്നെന്ന ദുര്യോഗവുമുണ്ട്.

പാളയത്തിലേക്ക് പട

മൃഗീയമായ ഭൂരിപക്ഷം കൈവശമുള്ളപ്പോഴും പ്രതിപക്ഷപാർട്ടികളിൽനിന്ന് ആളെ ചാടിക്കുക എന്നത് മമതയുടെ ഒരു പ്രധാനതന്ത്രമായിരുന്നു. ഇപ്പോൾ അതേ തന്ത്രമാണ് ബി.ജെ.പി. തിരിച്ചുപയറ്റുന്നത്. ഒരു കാലത്തെ ഏറ്റവും വേണ്ടപ്പെട്ട പലരും ഇപ്പോൾ ദീദിക്കും സഹോദരപുത്രൻ അഭിഷേക് ബാനർജിക്കുമെതിരേ ഗോഗ്വാ വിളി മുഴക്കുന്നു. ഒറ്റ മാസത്തിനിടയിൽത്തന്നെ മന്ത്രിയും എം.പി.യും എം.എൽ.എ.മാരുമെല്ലാമായി ഇരുപതുപേർ മറുകണ്ടംചാടിക്കഴിഞ്ഞു. കൂടുതൽപ്പേർ തയ്യാറായി നിൽപ്പുണ്ടുതാനും. പക്ഷേ, പുത്തൻകൂറ്റുകാർ തങ്ങളെ വിഴുങ്ങുമോ എന്ന് പണ്ടുമുതൽ വെള്ളംകോരിയും വിറകുവെട്ടിയും നിൽക്കുന്ന ആദ്യകാല ബി.ജെ.പി. നേതാക്കൾക്ക് ആശങ്ക തുടങ്ങിയതോടെ നേതൃത്വം തത്‌കാലം കാലുമാറ്റൽ നിർത്തിവെച്ചിരിക്കുകയാണ്. പണ്ട് മമതയുടെ സഹപ്രവർത്തകരായ നേതാക്കളെ മുൻനിരയിൽത്തന്നെ നിർത്തുമ്പോൾ ‘വരത്തൻമാരെ’ന്ന ആരോപണത്തിന്റെ മുനയൊടിക്കാമെന്ന് ബി.ജെ.പി. കണക്കുകൂട്ടുന്നു.

അടവുകൾ പതിനെട്ടുമായി ഷായും കിഷോറും

ദീദിയെ വീഴ്ത്താൻ വാരിക്കുഴികൾ തീർക്കുന്ന ജോലി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ നേരിട്ട് ഏറ്റെടുത്തിരിക്കുകയാണ്. ബംഗാളി ഭാഷാ പഠനംവരെ എത്തിനിൽക്കുന്നു ഈ മുന്നൊരുക്കം. തിരഞ്ഞെടുപ്പ് സമയമായതോടെ ഇ.ഡി., എൻ.ഐ.എ., സി.ബി.ഐ. തുടങ്ങിയ കേന്ദ്ര ഏജൻസികൾ ഇപ്പോൾ ഇടക്കാലത്തെ മന്ദതയൊക്കെ കുടഞ്ഞുകളഞ്ഞ് ഉഷാറിലായിട്ടുണ്ട്. ശാരദ-നാരദ കേസുകളിൽ ഇടംപിടിച്ചിരുന്ന മുകുൾറോയിയും ശോഭൻ ചാറ്റർജിയും ശുഭേന്ദു അധികാരിയുമെല്ലാം ഇപ്പോൾ ബി.ജെ.പി.ക്കുവേണ്ടി പടനയിക്കുന്നു. ബംഗ്ളാദേശ് അതിർത്തിയിലൂടെ നടന്ന പശുക്കടത്തിന്റെയും ഈസ്റ്റേൺ കോൾഫീൽഡ്‌സിൽ നിന്നുള്ള കൽക്കരി കടത്തിന്റെയും അന്വേഷണം തകൃതിയായി നടക്കുന്നുണ്ട്. തൃണമൂൽ യുവവിഭാഗം നേതാവ് വിനയ് മിശ്രയാണ് പ്രധാന പ്രതികളിലൊരാൾ. അറസ്റ്റ് ഭയം കൂടുതൽ നേതാക്കളെ തൃണമൂൽ വിടാൻ പ്രേരിപ്പിച്ചേക്കാം എന്നതാണ് ബി.ജെ.പി. ബുദ്ധികേന്ദ്രങ്ങളുടെ കണക്കുകൂട്ടൽ. തൃണമൂലിലായിരിക്കുമ്പോൾ അഴിമതിക്കറ പുരണ്ടവർ ബി.ജെ.പി.യിലെത്തുമ്പോൾ വെളുക്കുന്നുവെന്നും ബി.ജെ.പി. വാഷിങ്‌മെഷീനാണെന്നുമാണ് മമതയുടെ പരിഹാസം. കൊള്ളക്കാരായവർക്ക് വാല്‌മീകിയാകാൻ ആഗ്രഹമുണ്ടാകാം, അതിന് അവസരം കൊടുക്കുന്നത് തെറ്റല്ല എന്നാണ് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ ജയപ്രകാശ് മജുംദാറുടെ കവിത തുളുമ്പുന്ന ന്യായീകരണം.

ന്യൂനപക്ഷ വോട്ടുകൾ ഭിന്നിച്ചേക്കും

ബിഹാറിൽ തന്റെ മജ്‌ലിസ് പാർട്ടിയുമായിറങ്ങി ഏതാനും സീറ്റുകൾ പിടിച്ച അസദുദ്ദീൻ ഒവൈസി ബംഗാളിലും കച്ചമുറുക്കുകയാണ്. പക്ഷേ, ഇവിടെ ഒവൈസിക്ക് ജനപിന്തുണ തീരെ കുറവാണ്. അതിനാൽ ഫൂർഫുറാ ഷെരീഫ് എന്ന തീർഥാടനകേന്ദ്രത്തിലെ പീർസാദയായ അബ്ബാസ് സിദ്ദിഖിയുമായി കൂടിച്ചേർന്നാണ് പോരിനിറങ്ങുന്നത്. അബ്ബാസ് ഇന്ത്യൻ സെക്കുലർ ഫ്രണ്ട് എന്നൊരു സംഘടനയുണ്ടാക്കിയിട്ടുണ്ട്‌. ഇതുമായി സഹകരിക്കാൻ ഇടത്-കോൺഗ്രസ് സഖ്യത്തിനും താത്‌പര്യമുണ്ട്. അതിനുള്ള അനുമതി തേടി സോണിയയെ സമീപിച്ചിരിക്കുകയാണ് കോൺഗ്രസ്. അബ്ബാസുമായി സംസാരിക്കാൻ സഖ്യം സി.പി.എം. പി.ബി. അംഗം മുഹമ്മദ് സലീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അബ്ബാസിന്റെ പാർട്ടി കാര്യമായി പ്രചാരണത്തിനിറങ്ങിയാൽ ന്യൂനപക്ഷ വോട്ടുകൾ ഭിന്നിച്ചേക്കും. ഇത് ആത്യന്തികമായി ബി.ജെ.പി.യുടെ ജയസാധ്യത കൂടുതൽ ശക്തമാക്കും. ഫുർഫുറാ ഷെരീഫിലെ മറ്റൊരു പീർസാദയായ ത്വാഹാ സിദ്ദിഖി തൃണമൂൽ അനുഭാവിയാണ്. അബ്ബാസും ഒവൈസിയുമെല്ലാം ബി.ജെ.പി.യുടെ കാശുവാങ്ങി കളിക്കുന്നവരാണെന്നാണ് ത്വാഹയുടെ ആരോപണം.

ഇടതും കോൺഗ്രസും ചർച്ചയിലാണ്

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 76 സീറ്റുകളേ കിട്ടിയിരുന്നുള്ളൂ എങ്കിലും തൃണമൂലിന്റെ മുഖ്യ എതിരാളികളെന്ന സമാധാനമെങ്കിലും ഇടതിന്‌ മിച്ചമുണ്ടായിരുന്നു. ഇക്കുറി മൂന്നാംകക്ഷിയെന്ന പരിഗണന മാത്രം. പരമ്പരാഗത വോട്ടുകൾ അടപടലം ബി.ജെ.പി. ക്യാമ്പിലേക്ക് ഒലിച്ചുപോയതാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ അപ്രസക്തമാക്കിയത്. വെവ്വേറെ മത്സരിച്ച കോൺഗ്രസിനും നാണക്കേട് മാത്രമായിരുന്നു മിച്ചം. ഇത്തവണ ഇരുവരും നേരത്തേ സഖ്യം തീരുമാനിച്ചത് കഴിഞ്ഞ തവണത്തെ സീറ്റ് ധാരണയിൽ വന്ന അപാകങ്ങൾ പരിഹരിക്കാൻകൂടിയാണ്. പക്ഷേ, നവംബർമുതൽ പലപ്പോഴായി ഒരുമിച്ചിരുന്നിട്ടും ഇപ്പോഴും 101 സീറ്റിൽ തീരുമാനം ബാക്കിയാണ്. ബി.ജെ.പി.യിലേക്കുപോയ വോട്ടുകളിൽ നല്ലൊരു ശതമാനം തിരിച്ചുപിടിക്കാൻ ഇടത്-കോൺഗ്രസ് സഖ്യത്തിന് കഴിഞ്ഞാൽ-അതിനുള്ള സാധ്യത വിരളമാണ്-മാനം കാക്കാനാകും. പരോക്ഷമായി അത് ബി.ജെ.പി.ക്ക് ക്ഷീണവും തൃണമൂലിന് നേട്ടവുമാകും.

സർവേയിൽ തെളിഞ്ഞത്

ഇക്കഴിഞ്ഞ ജനുവരിയിൽ പുറത്തുവന്ന എ.ബി.പി.-സി. വോട്ടർ സർവേ കൃത്യമാണെങ്കിൽ തൃണമൂലിന് ആശ്വസിക്കാൻ വകയുണ്ട്. കഴിഞ്ഞ തവണത്തെക്കാൾ 50-55 സീറ്റുകൾ കുറയുമെങ്കിലും 154 മുതൽ 162 സീറ്റുകൾവരെ നേടി തൃണമൂൽ അധികാരം നിലനിർത്തുമെന്നാണ് സർവേ പ്രവചിക്കുന്നത്. 294 അംഗ നിയമസഭയിൽ 148 ആണ് ഭൂരിപക്ഷത്തിനുവേണ്ടത്. ബി.ജെ.പി.ക്ക് ’98 മുതൽ 106 വരെ സീറ്റുകളാണ് സാധ്യത കല്പിക്കുന്നത്. കഴിഞ്ഞതവണ കിട്ടിയ മൂന്നു സീറ്റിൽനിന്ന് ഇത് ഒരു വമ്പൻ കുതിച്ചുചാട്ടമാകുമെങ്കിലും രണ്ടാംസ്ഥാനം ബി.ജെ.പി.യെ തൃപ്തരാക്കില്ല. ശുഭേന്ദു അധികാരിയെയും രാജീവ് ബാനർജിയെയുംപോലുള്ള മന്ത്രിമാരെവരെ അടർത്തിമാറ്റി പിളർപ്പുണ്ടാക്കിയിട്ടും മമതയെ വീഴ്ത്താൻ കഴിഞ്ഞില്ലെങ്കിൽ അത് ഏറെ ക്ഷീണമാകും. വംഗഭൂമിയിലെ മണ്ണിൽ ഇരട്ടപ്പൂക്കൾ വീണ്ടും തളിർക്കുമോ അതോ താമര വിരിയുമോ എന്നത് രാജ്യംതന്നെ ഉറ്റുനോക്കുകയാണ് ഇക്കുറി.        

Content Highlights: Assembly Election 2021 West Bengal