janu baruwa
ജാനു ബറുവ |-ഫോട്ടോ: അജിത്ത്‌ ശങ്കരൻ

അസം ഒരിക്കൽക്കൂടി പുകയുകയാണ്

=  അതെ, വളരെ വിഷമകരമാണ്. അസമുകാർ അവരുടെ സ്വത്വം നിലനിർത്താൻ, സാംസ്കാരിക അസ്തിത്വം നിലനിർത്താൻവേണ്ടിയുള്ള പോരാട്ടത്തിലാണ്. വളരെ ആശങ്കയുണ്ട്. ഏറെക്കാലത്തിനുശേഷം വീണ്ടും അസമുകാരുടെ ജീവിതത്തിൽ അശാന്തിപടരുകയാണ്. സി.എ.എ.യെ അത്രത്തോളം ഭയത്തോടെ അവർ കാണുന്നു.

 അങ്ങ് സാംസ്കാരിക അസ്തിത്വത്തെക്കുറിച്ച് പറയുന്നു. ലോകത്തെവിടെയെങ്കിലും ഏതെങ്കിലും സംസ്കാരം തനിമയോടെ നിലനിൽക്കുന്നുണ്ടോ ?

=  അങ്ങനെയല്ല. ഉദാഹരണം പറയാം. മലയാളിക്ക് തമിഴന്റേതിൽനിന്ന് വ്യത്യസ്തമായ ഒരു വ്യക്തിത്വമില്ലേ? കേരളത്തിൽ അവർ നിങ്ങളെക്കാൾ എണ്ണത്തിൽ കൂടുകയും നിങ്ങളെ മറികടക്കുകയും ചെയ്താൽ നിങ്ങൾ എതിർക്കില്ലേ? നിങ്ങളുടെ സംസ്കാരം, ഭാഷ എന്നിവയുടെ തനിമ നഷ്ടപ്പെടില്ലേ
 
  നമ്മുടെ സംസ്കാരവും ഭാഷയും വ്യക്തിത്വവുമെല്ലാം നിരന്തരം പരിണമിക്കുന്നതും പുതുക്കപ്പെടുന്നതുമല്ലേ? പരസ്പരം കൂടിക്കലർന്നല്ലേ നമ്മൾ ഇവിടെയെത്തിയത്

=   ഞാനുദ്ദേശിച്ചത് അതല്ല, നാളെ ബംഗാളികൾ നിയന്ത്രണമില്ലാതെ കേരളത്തിലേക്ക് കുടിയേറിയാൽ ഭാവിയിൽ നിങ്ങൾക്ക് നിങ്ങളുടെ ഭാഷതന്നെ നഷ്ടപ്പെട്ടേക്കാം. നിങ്ങളുടെ ജീവിതശൈലി നഷ്ടപ്പെട്ടേക്കാം. നിങ്ങൾ അതിൽ സന്തുഷ്ടരാവുമോ? സാംസ്കാരികമായ കൂടിക്കലരലും സാംസ്കാരിക അധിനിവേശവും രണ്ടാണ്. നിങ്ങളുടെ വീട്ടിൽ നിങ്ങൾക്ക് സ്വന്തമായ ഒരു വ്യക്തിത്വമുണ്ട്. നിങ്ങളുമായി ഒരു ബന്ധവുമില്ലാത്ത കുറേപ്പേർ പെട്ടെന്നൊരു ദിവസം അവിടെ താമസിക്കാൻ തുടങ്ങിയാൽ നിങ്ങൾ അനുവദിക്കുമോ?

   മറ്റ് ആശ്രയമില്ലാത്ത അവരുമായി സഹകരിച്ചും ഒരുമിച്ചും മുന്നോട്ടുപോകാനാവില്ലേ ?

=   വീട്ടുകാരായ നിങ്ങൾക്ക് കഴിഞ്ഞേക്കാം. പക്ഷേ, പുറത്തുനിന്നുവന്ന അവർ തയ്യാറായില്ലെങ്കിൽ? അവർക്ക് നിങ്ങളുമായി ചേർന്നുപോകാൻ കഴിഞ്ഞില്ലെങ്കിൽ? നാലുപേരുള്ള നിങ്ങളുടെ കുടുംബത്തിലേക്ക് പുറത്തുനിന്നുള്ള പത്തുപേർ വരുകയും പിന്നീട് അവർ നിങ്ങളെ നിയന്ത്രിക്കുന്ന അവസ്ഥവരുകയും ചെയ്താൽ നിങ്ങൾക്ക് ഇഷ്ടപ്പെടുമോ എന്നാണ് ചോദ്യം. നിങ്ങൾ നിങ്ങളുടെ വീടും കുടുംബവും രക്ഷപ്പെടുത്താൻ ശ്രമിക്കില്ലേ? അസമുകാർക്ക് അത്തരം അനുഭവങ്ങളുണ്ട്. നിങ്ങൾക്ക് അതില്ല, അതുകൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത്.

  അസമിലെ സ്ഥിതി എങ്ങനെയാണ് മറ്റുസംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമാവുന്നത് ?

= തീർച്ചയായും വളരെ വ്യത്യസ്തമാണ്. അസമിന്റേത് വളരെ വിശാലമായ സംസ്കാരമാണ്. പലതരത്തിലുള്ള ആദിവാസി വിഭാഗങ്ങൾ, ജാതികൾ, മതങ്ങൾ എല്ലാം. എല്ലാവരും അവരവരുടെ വിശ്വാസങ്ങളും ജീവിതരീതികളുമായി മുന്നോട്ടുപോകുന്നു. തമ്മിൽ ഒരു സംഘർഷവുമില്ല. തികച്ചും മതേതരമാണ് ജീവിതം. ഈ സൗഖ്യാവസ്ഥ തകരാൻ അവർ ആഗ്രഹിക്കുന്നില്ല. ഞാനും അതിൽ അഭിമാനം കൊള്ളുന്നു. മലയാളികളും തമിഴ്‌നാട്ടുകാരുമെല്ലാം വളരെ സുരക്ഷിതരാണ്. നിങ്ങൾ അഭയാർഥിപ്രശ്നമൊന്നും അനുഭവിച്ചിട്ടില്ല.

    ഈ അഭയാർഥിപ്രശ്നം എങ്ങനെ പരിഹരിക്കണമെന്നാണ് താങ്കൾ ആഗ്രഹിക്കുന്നത് ?

=  ഇത് ഒരു ദേശീയപ്രശ്നമാണ്. ദേശീയമായിത്തന്നെ പരിഹരിക്കണം. ഒരു ജാതിയോടും മതത്തോടും വിഭാഗങ്ങളോടും ഞങ്ങൾക്ക് വിരോധമോ വിയോജിപ്പോ ഇല്ല. പക്ഷേ, എല്ലാ ഭാരവും അസമെന്ന സംസ്ഥാനം വഹിക്കണമെന്ന് ആവശ്യപ്പെടരുത്. അഭയാർഥികൾ സംരക്ഷിക്കപ്പെടണം. അത് രാജ്യത്തിന്റെ മുഴുവൻ ഉത്തരവാദിത്വമാണ്. രാജ്യം ഒരുമിച്ച് നേരിടണം. മറ്റു സംസ്ഥാനങ്ങളും ഈ ഉത്തരവാതിത്വം ഏറ്റെടുക്കണം.

 അഭയാർഥികളുടെ മതം എങ്ങനെയാണ് പ്രശ്നമായത് ?

=  അഭയാർഥികളുടെ മതം പ്രശ്നമേയാവരുത്. അഭയാർഥികൾ അഭയാർഥികളാണ്. അതല്ലെങ്കിൽ നുഴഞ്ഞുകയറ്റക്കാരാണ്. അതിലപ്പുറം അതിന് മതപരമായ ഒരു പരിവേഷവും പാടില്ല. നമ്മൾ ഇത്രസമയം സംസാരിച്ചിട്ടും ഞാൻ എവിടെയെങ്കിലും മതം പറഞ്ഞോ? അതിന്റെ ആവശ്യമില്ല.

  കേരളീയരും ആശങ്കയിലാണ്, അവരുടെ പൗരത്വം എങ്ങനെ തെളിയിക്കുമെന്നതിൽ ?

=   അതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അസമുകാർക്കും ഇതേ ആശങ്കയുണ്ടായിരുന്നു. അത് സാങ്കേതി
കമാണ്, പരിഹരിക്കാൻ വഴികളുണ്ട്. അസം ഒരിക്കലും പൗരത്വപ്പട്ടികയെ എതിർത്തിട്ടില്ല. അത്തരം എതിർപ്പ് അനാവശ്യമാണ്.

 ഹിന്ദിയിലും അസമീസിലും സിനിമകൾ ചെയ്യുന്നു. ഏതാണ് കൂടുതൽ സൗകര്യം ?

=  അസമിൽ വളരെ ഔപചാരികമാണ് ജനം. ഷൂട്ടിങ്ങും അതുപോലെത്തന്നെ. ഒരു ശല്യവുമില്ല. കുടുംബത്തിലെപ്പോലെയാണ്. മുംബൈപോലുള്ള വലിയ നഗരങ്ങളിലെ സൗകര്യങ്ങളും കെട്ടുകാഴ്ചകളുമൊന്നുമില്ല. അതേസമയം ബോളിവുഡിൽ ഒരുപാട് സാങ്കേതിക സൗകര്യങ്ങളുണ്ട്. പലരും പ്രൊഫഷണലുമാണ്. ഒരേ സമയം ഗുണവും ദോഷവുമുണ്ടെന്ന് സാരം.

   സാംസ്കാരിക വ്യത്യാസങ്ങളുമില്ലേ ?

=  ഉണ്ട്. അത് സിനിമയുടെ ഉള്ളടക്കത്തെ മാത്രം ബാധിക്കുന്നതാണ്. നിർമാണപ്രക്രിയകളെല്ലാം ഏറക്കുറെ എല്ലായിടത്തും ഒരുപോലെത്തന്നെ.

  സിനിമകൊണ്ട് എന്താണ് പറയാനുദ്ദേശിക്കുന്നത് ?

=  മാനവികതതന്നെ. അതാണ് എന്റെ സിനിമകൾ കൂടുതലും കൈകാര്യം ചെയ്യുന്ന വിഷയം. മിക്ക കഥകളും അതിൽ അധിഷ്ഠിതമാണ്.

   സി.എ.എ.യ്ക്കെതിരേയുള്ള പ്രതിഷേധസൂചകമായി അസം ഫിലിം ഫെസ്റ്റിവലിൽനിന്ന് ഒരു സിനിമ താങ്കൾ പിൻവലിച്ചു 

=  അതെ, ‘ഭോഗ കിരിക്കി’ (തകർന്ന ജനാല) ആയിരുന്നു ആ സിനിമ. പുതിയ നിയമം ഭീഷണിയാവുമെന്ന് അസമുകാർ ഭയക്കുന്നു. അതിനെതിരേ അവർ പ്രതിഷേധിക്കുന്നു. ആ പ്രതിഷേധത്തിന് പിന്തുണനൽകേണ്ട ചുമതലയുണ്ടെന്ന് എനിക്കുതോന്നി. എനിക്ക് ചെയ്യാനാവുന്നത് ഞാൻ ചെയ്തു. അത്രമാത്രം.

നാളെ ബംഗാളികൾ നിയന്ത്രണമില്ലാതെ കേരളത്തിലേക്ക് കുടിയേറിയാൽ ഭാവിയിൽ നിങ്ങൾക്ക് നിങ്ങളുടെ ഭാഷതന്നെ നഷ്ടപ്പെട്ടേക്കാം. നിങ്ങളുടെ ജീവിതശൈലി നഷ്ടപ്പെട്ടേക്കാം. നിങ്ങൾ അതിൽ സന്തുഷ്ടരാവുമോ? സാംസ്കാരികമായ കൂടിക്കലരലും സാംസ്കാരിക അധിനിവേശവും രണ്ടാണ്. നിങ്ങളുടെ വീട്ടിൽ നിങ്ങൾക്ക് സ്വന്തമായ ഒരു 
വ്യക്തിത്വമുണ്ട്. നിങ്ങളുമായി ഒരു ബന്ധവുമില്ലാത്ത കുറേപ്പേർ പെട്ടെന്നൊരു ദിവസം അവിടെ താമസിക്കാൻ തുടങ്ങിയാൽ 
നിങ്ങൾ അനുവദിക്കുമോ

Content Highlights: Assame hindi film director cum script writer Janu Baruwa interview on Assamese anxiety on CAA