രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാവുകയാണ്  21 വയസ്സുകാരിയായ ആര്യാ രാജേന്ദ്രൻ.  രാജ്യംമുഴുവൻ ശ്രദ്ധിക്കുന്ന തിളക്കമുള്ള ഒരു തിരഞ്ഞെടുപ്പ്. തലസ്ഥാനനഗരത്തെ നയിക്കാൻ തയ്യാറെടുക്കുന്ന ഈ വിദ്യാർഥിക്ക് രാഷ്ട്രീയത്തെക്കുറിച്ചും തദ്ദേശഭരണത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. കുട്ടിയായിരിക്കുമ്പോൾ മുതലുള്ള പൊതുപ്രവർത്തനത്തിന്റെ കരുത്തിൽ വ്യക്തതയാർജിച്ച കാഴ്ചപ്പാടുകൾ. മാതൃഭൂമിപ്രതിനിധി വിവേക് ആർ. ചന്ദ്രനുമായി ആര്യാ രാജേന്ദ്രൻ സംസാരിക്കുന്നു... 


രാജ്യം ശ്രദ്ധിക്കുന്ന ഈ സ്ഥാന ലബ്ധിയിൽ എന്തുതോന്നുന്നു

മേയർസ്ഥാനം പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതുവരെ അതിനെക്കുറിച്ച് പ്രതികരിക്കുന്നില്ല. പാർട്ടി ഇതുവരെ ഇങ്ങനെയൊരു കാര്യം അറിയിച്ചിട്ടില്ല. അച്ചടക്കമുള്ള പാർട്ടിപ്രവർത്തക എന്നനിലയിൽ അതാണ് കടമ. പാർട്ടി ഏൽപ്പിക്കുന്ന ഏതുദൗത്യവും സന്തോഷത്തോടെയും ഉത്തരവാദിത്വത്തോടെയും നിർവഹിക്കും. വിദ്യാർഥി എന്നനിലയിൽ ഭാരിച്ച വെല്ലുവിളിയാണ് കാത്തിരിക്കുന്നത്.

രാഷ്ട്രീയവും പഠനവും എങ്ങനെ ഒരുമിച്ച്‌ കൊണ്ടുപോകും

അതൊരു ബുദ്ധിമുട്ടാവുമെന്ന് തോന്നുന്നില്ല. രാഷ്ട്രീയത്തിനൊപ്പം പഠനവും തുടരും. ഇതുവരെയും സംഘടനാപ്രവർത്തനത്തിനൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോയിട്ടുണ്ട്. സുഹൃത്തുക്കളും കോളേജിലെ അധ്യാപകരുമെല്ലാം ഇതിന് ഏറെ സഹായിച്ചു. സ്ഥാനാർഥിത്വം പ്രഖ്യാപിച്ചപ്പോൾത്തന്നെ അധ്യാപകരെ അറിയിച്ചിരുന്നു. അവരുടെയെല്ലാം അനുഗ്രഹത്തോടെയാണ് മത്സരിക്കാനിറങ്ങിയത്. ഇനിയും സഹപാഠികളുടെയും അധ്യാപകരുടെയും സഹായമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാഷ്ട്രീയവും പഠനവും കൊണ്ടുപോകുന്നത് വ്യക്തി എന്നനിലയിൽ എന്റെ മുന്നോട്ടുള്ള ജീവിതത്തിനും ആവശ്യമാണല്ലോ?

മുഴുവൻസമയ രാഷ്ട്രീയക്കാരിയാകാനാണോ ഉദ്ദേശ്യം. അതോ, മറ്റെന്തെങ്കിലും മോഹങ്ങളുണ്ടോ

രാഷ്ട്രീയപ്രവർത്തനം തുടരും. ബി.എസ്‌സി. പഠനം പൂർത്തിയാക്കിയാൽ എം.ബി.എ. പബ്ലിക് അഡ്മിനിസ്‌ട്രേഷന് ചേരണം. തുടർന്ന് സിവിൽ സർവീസ് എഴുതണം. ഇതിൽ ഐ.പി.എസിനോടാണ് ആഭിമുഖ്യം. യൂണിഫോമിട്ട ജോലിയോടുള്ള സ്നേഹമാണ് ഐ.പി.എസ്. ആഗ്രഹത്തിനുപിന്നിൽ. സഹോദരൻ അരവിന്ദിനും പട്ടാള ഉദ്യോഗസ്ഥനാകണമെന്ന ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, എൻജിനിയറിങ് പഠനം കഴിഞ്ഞപ്പോൾ വിദേശത്തേക്ക് പോവുകയായിരുന്നു.

പരിചയസമ്പത്തില്ലാത്ത, പ്രായംകുറഞ്ഞ ഒരു വിദ്യാർഥിനിയെ മേയറാക്കുന്നതിനെതിരേയുള്ള വമർശനങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു

പക്വത നിശ്ചയിക്കുന്നത് പ്രായമല്ല. പ്രായം കൊണ്ടുമാത്രം പ്രവർത്തനമികവ് തീരുമാനിക്കാനാവില്ല.  സംഘടനാപ്രവർത്തനത്തിലെ അംഗീകാരമാണ് പാർട്ടിതന്ന സ്ഥാനാർഥിത്വം. ജനങ്ങളുടെ അംഗീകാരമാണ് എന്റെ വിജയം.

പഠനത്തിനൊപ്പം രാഷ്ട്രീയത്തെക്കുറിച്ചും വിദ്യാർഥികൾക്ക് ധാരണയുണ്ടാകണം. ഒരു ദിവസം പെട്ടെന്നുവന്ന് പ്രവർത്തിക്കാവുന്നതല്ല രാഷ്ട്രീയം. സംഘടനകളെ നിരീക്ഷിക്കുകയും പഠിക്കുകയും അതിൽനിന്ന്‌ ശരിപക്ഷം കണ്ടെത്താനും വിദ്യാർഥികൾക്ക് കഴിയണം. അച്ഛനിലൂടെയാണ് ആദ്യം സി.പി.എമ്മിന്റെ പ്രവർത്തനത്തിലേക്ക് വന്നത്. എന്നാൽ, പൂർണമായും എന്റെ നിരീക്ഷണത്തിലൂടെയാണ് അതാണ് ശരിയെന്ന് ഞാൻ കണ്ടെത്തിയത്.

പൊതുപ്രവർത്തനത്തിലേക്ക് കടന്നുവന്നത് ഏങ്ങനെ

സി.പി.എമ്മിന്റെ ബ്രാഞ്ചംഗമായിരുന്നു അച്ഛൻ. ചെറിയ കുട്ടിയായിരുമ്പോൾ എന്നെ ബാലസംഘത്തിന്റെ പരിപാടികൾക്ക് കൊണ്ടുപോകുമായിരുന്നു. അഞ്ചാം ക്ലാസിലെത്തിയപ്പോഴേക്കും ബാലസംഘത്തിൽ സജീവമായി. കുടുംബത്തോടൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കടക്കം പഠനകാലത്തുതന്നെ പങ്കെടുത്തിരുന്നു. ഇപ്പോൾ അച്ഛനും അമ്മയും സഹോദരനും ഞാനും പാർട്ടി ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. രണ്ടുവർഷംമുമ്പ് ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റായതോടെയാണ് മറ്റുജില്ലകളിലെ പൊതുപരിപാടികളിലും സജീവമായത്.

ജനപ്രതിനിധി എന്നനിലയിൽ എന്താണ് മുൻഗണനകൾ

എല്ലാ വാർഡിലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ ആരംഭിക്കണം. കോവിഡ് കാലത്ത് പ്രത്യേകിച്ചും ഇത് അത്യാവശ്യമാണ്. വലിയ ആശുപത്രികളെക്കാൾ കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഇതാവും പ്രയോജനം. കോവിഡ് കഴിഞ്ഞ് സ്കൂളിലേക്ക് തിരികെയെത്തുന്ന വിദ്യാർഥികൾക്ക് സ്വീകരണം ഒരുക്കണം. കുറേക്കാലമായി സ്കൂളുകളിൽനിന്ന്‌ വിട്ടുനിന്ന വിദ്യാർഥികൾക്ക്‌ ആശങ്കകളും അപരിചിതത്വവുമുണ്ടാകും. ഇതുമാറ്റി അവരെ പഴയപോലെ ഊർജസ്വലരാക്കണം. അതിനുള്ള പരിപാടികൾ ആസൂത്രണംചെയ്യണം.

യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കാൻ എന്തുചെയ്യാൻപറ്റുമെന്ന് നോക്കണം. ജോലി നഷ്ടമായവർക്ക് പ്രാദേശികമായി സ്വയംതൊഴിൽ കണ്ടെത്താനുള്ള ആശയങ്ങളാവും അനുയോജ്യം.

സ്വന്തം ആശയങ്ങൾക്കനുസരിച്ച് യുവാക്കൾക്ക്‌ പ്രവർത്തിക്കാനുള്ള അന്തരീക്ഷം രാഷ്ട്രീയത്തിലുണ്ടോ

തീർച്ചയായും. പുതിയ തലമുറ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരണമെന്നുതന്നെയാണ് അഭിപ്രായം. തലമുറകളുമായി കൈകോർത്ത് അവരുടെ പിന്തുണയോടെ മുന്നോട്ടുപോകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കക്ഷിരാഷ്ട്രീയമില്ലാതെ എല്ലാ കൗൺസിലർമാരെയും സുഹൃത്തുക്കളായാണ് കാണുന്നത്. സംഘടനാപ്രവർത്തനത്തിൽ ഒപ്പമുണ്ടായിരുന്ന പലരും കൗൺസിലർമാരായി ജയിച്ച് എത്തിയിട്ടുണ്ട്. ഞങ്ങൾക്കൊരുമിച്ച് മാറ്റങ്ങളുണ്ടാക്കാനാവും എന്നുതന്നെ പ്രതീക്ഷിക്കുന്നു.

content highlights: arya rajendran interview