നിർഭയനായ എഡിറ്റർ എന്നറിയപ്പെടുന്ന ആളാണ് താങ്കൾ. ആ നിലയ്ക്ക് ഇന്നത്തെ മാധ്യമരംഗത്തെ, മാധ്യമപ്രവർത്തനത്തെ എങ്ങനെ കാണുന്നു? ഈ ചോദ്യത്തിന് ഒരു കാരണമുണ്ട്. മിക്ക ഇന്ത്യൻ മാധ്യമങ്ങളിലും ഇന്ന് ഭരണകൂടത്തിന്റെ ഇടപെടലോ നിയന്ത്രണമോ ഉണ്ടാകുന്നുണ്ടെന്ന തോന്നൽ വായനക്കാർക്കിടയിൽ, കാഴ്ചക്കാർക്കിടയിൽ വളർന്നുവരുന്നുണ്ട്. താങ്കൾ അങ്ങനെ കരുതുന്നുണ്ടോ?

തീർച്ചയായും. അതിൽ ഒരു സംശയവുമില്ല. മാത്രമല്ല, മിക്ക മാധ്യമങ്ങളും അവയുടെ ഉത്തരവാദിത്വം ശരിയായരീതിയിൽ നിർവഹിക്കുന്നില്ല. അധികാരത്തിലിരിക്കുന്നവരുടെ ചെയ്തികളിൽ ഒരു വിഹഗവീക്ഷണം മാധ്യമങ്ങളിൽ നിന്നുണ്ടാകേണ്ടതുണ്ട്. അധികാരത്തിലിരിക്കുന്നവരെന്ന് പറഞ്ഞാൽ അതിൽ പോലീസും ജഡ്ജിമാരും കോർപ്പറേറ്റുകളും ഒക്കെയുൾപ്പെടും. അവരൊന്നും മാധ്യമങ്ങളുടെ പരിശോധനയ്ക്ക് വിധേയരാകുന്നില്ല. 

ഇന്ന് നമ്മുടെ രാജ്യത്ത് എന്തെല്ലാം സംഭവിക്കുന്നുണ്ട്? കർഷക ആത്മഹത്യ സ്ഥിരമായിരിക്കുന്നു. മധ്യപ്രദേശിലടക്കം പല സംസ്ഥാനങ്ങളിലും കർഷകപ്രതിഷേധം രൂക്ഷമാണ്. പക്ഷേ, ഇതൊന്നും വാർത്തയാകുന്നില്ല. ഒന്നോ രണ്ടോ ദേശീയമാധ്യമങ്ങൾ മാത്രമാണ് എന്തെങ്കിലും പറയുന്നത്. ഭരണകൂടത്തിനെതിരായ ഒന്നും വാർത്തയാകുന്നില്ല. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്?

ആദ്യത്തെ പ്രശ്നം ദേശീയമാധ്യമങ്ങൾ മുഖ്യമായും ഡൽഹി കേന്ദ്രിതമാണ് എന്നതാണ്. ഈ ദേശീയ മാധ്യമങ്ങളെന്ന് വിളിക്കുന്ന ചാനലുകളും പത്രങ്ങളുമെല്ലാം സത്യത്തിൽ ‘ഡൽഹി മാധ്യമങ്ങൾ’ മാത്രമാണ്. അവരെ സത്യത്തിൽ ഡൽഹിയിലെ പ്രാദേശിക മാധ്യമങ്ങൾ എന്നാണ് വിളിക്കേണ്ടത്. ദേശീയമാധ്യമങ്ങളെന്നല്ല. അവർ ഇപ്പോൾ ഭരണകൂടത്തെ ഭയന്നാണ് കഴിയുന്നത്. മോദി സർക്കാർ പകപോക്കുന്ന കാര്യത്തിൽ പേരു കേട്ടതാണ്. പത്രങ്ങളുടെയും ചാനലുകളുടെയും കാര്യത്തിൽ അത്തരം ചില ഉദാഹരണങ്ങളുമുണ്ട്. രാജസ്ഥാനിലെ രാജസ്ഥാൻ പത്രികയ്ക്ക് പരസ്യം നിഷേധിക്കപ്പെട്ടിട്ടുണ്ട്. 

അതെ. ടെലിവിഷൻ ചാനലുകൾ റെയ്ഡ് ചെയ്യുന്നു. 

അതെ. എൻ.ഡി.ടി.വി.യിൽ റെയ്ഡ് നടത്തിയിട്ടുണ്ട്. അതിനെക്കുറിച്ചാണ് സുപ്രീംകോടതി പറഞ്ഞത് മറ്റ് മാധ്യമങ്ങളെ ശിഥിലമാക്കിയ നടപടിയെന്ന്. അതാണ് ഒരു വസ്തുത. പിന്നെയൊന്ന്, മാധ്യമങ്ങൾക്കുള്ളിലെ നിയമനങ്ങളിലും ചിലരെ പദവികളിൽനിന്ന് നീക്കുന്നതിലും ഇടപെടാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. അതിന് വലിയതോതിൽ പ്രതിഫലനവും ഉണ്ടായിട്ടുണ്ട്. മൂന്നാം കാരണം, ഇപ്പോൾ മാധ്യമപ്രവർത്തകർ ധനികരായി മാറിയിട്ടുണ്ട് എന്നതാണ്.

അതുകൊണ്ടുതന്നെ സമൂഹത്തിൽനിന്ന് അവർ അകന്നുമാറിയിരിക്കുന്നു. ലക്ഷക്കണക്കിന് രൂപ അവർക്ക് ശമ്പളമായി കിട്ടുന്നുണ്ട്. അതോടെ അവരുടെ പൂർണമായ ശ്രദ്ധ ഈ വരുമാനസ്രോതസ്സ് എങ്ങനെ സംരക്ഷിക്കുമെന്ന കാര്യത്തിൽ മാത്രമാണ്. സ്വന്തം ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിലല്ല. 

മറ്റൊന്ന്, മാധ്യമങ്ങളുടെ വാണിജ്യവത്കരണമാണ്. ചാനലുകൾ കൃത്രിമമായ ടി.ആർ.പി. റേറ്റിങ്ങിനുപിന്നാലെ പോകുന്നതാണ്. വാണിജ്യവത്കരണമെന്നു വെച്ചാൽ, വിനീത് ജെയ്ൻ (മാനേജിങ് ഡയറക്ടർ, ബെന്നറ്റ് കോൾമാൻ ആൻഡ് കമ്പനി) പറഞ്ഞിട്ടുണ്ട് ‘വാർത്തയെന്നാൽ പത്രത്തിൽ പരസ്യങ്ങൾ കൊടുക്കുന്നതിനിടയിലെ സ്ഥലംനിറയ്ക്കാനുള്ള ഫില്ലറുകളാണെന്ന്’. ഒരു വിദേശപത്രത്തിനോ മാസികയ്ക്കോ നൽകിയ അഭിമുഖത്തിൽ വിനീത് ജെയ്ൻ പറയുന്നത്, ഞങ്ങൾ വാർത്തകളുടെ ബിസിനസ്സല്ല, പരസ്യത്തിന്റെ ബിസിനസ്സാണ് നടത്തുന്നതെന്ന്. അതെ, അതുപോലെ, അമിത് ഷായുടെ മകനെപ്പറ്റി ‘ദ വയറി’ൽ വന്ന വാർത്ത നോക്കൂ.

വളരെ പ്രധാനപ്പെട്ട ഒരു വാർത്തയായിരുന്നു അത്. അന്ന് ടൈംസ് ഓഫ് ഇന്ത്യയടക്കം ഡൽഹിയിലെ മിക്കപത്രങ്ങളിലും വന്ന തലക്കെട്ട് എടുത്തു നോക്കൂ. ഇന്ത്യൻ എക്സ്പ്രസ് ഒഴികെയുള്ള പത്രങ്ങളുടേത്. ദ വയറിനെതിരെ ഷാ നൂറുകോടിയുടെ മാനനഷ്ടക്കേസ് നൽകി എന്ന്. ദ വയറിലെ വാർത്തയിലുള്ള വസ്തുതകളൊന്നും അവരുടെ വാർത്തകളിലില്ല. സത്യത്തിൽ ആ വാർത്ത പിന്തുടരുകയായിരുന്നു മറ്റ് പത്രങ്ങൾചെയ്യേണ്ട ധാർമികമായ കാര്യം. ചിലപ്പോൾ അവർക്ക് ആ വാർത്തയിൽ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞേക്കും.

ചിലപ്പോൾ വസ്തുതകൾ കണ്ടെത്താനായേക്കും. ഇനി പുതിയ ചില വസ്തുതകൾ അവർക്ക് കണ്ടെത്താനും കഴിഞ്ഞേക്കാം. എന്നിട്ടും ഒരു പത്രം പോലും ആ വാർത്തയെ പിന്തുടർന്നില്ല. അതാണ് മാധ്യമങ്ങളുടെ ഇന്നത്തെ അവസ്ഥ. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഒരുകാരണം, വാണിജ്യവത്കരണമാണ്. പക്ഷേ, മറ്റൊരു കാരണം ഭയംതന്നെയാണ്.

താങ്കൾ പറഞ്ഞല്ലോ, രാജസ്ഥാൻ പത്രികയ്ക്ക് പരസ്യം നിഷേധിക്കപ്പെട്ടെന്ന്. ഒരു മാധ്യമപ്രവർത്തകനെന്ന നിലയിൽ താങ്കൾക്ക് നന്നായി അറിയാം, പത്രമാധ്യമങ്ങളുടെ വരുമാനത്തിന്റെ ഏറിയപങ്കും വരുന്നത് പരസ്യത്തിൽ നിന്നാണെന്ന്. സർക്കാരിനെതിരേ സംസാരിക്കുന്ന മാധ്യമങ്ങൾക്ക് പരസ്യങ്ങൾ നൽകുന്നതിൽനിന്ന് പരസ്യ ഏജൻസികളെയും വാണിജ്യസ്ഥാപനങ്ങളെയും വിലക്കിയതാണെന്ന് താങ്കൾ കരുതുന്നുണ്ടോ?

അതുതന്നെയാണ് സംഭവിച്ചതെന്ന് എനിക്കുറപ്പുണ്ട്. ഒരു ടെലിവിഷൻ ചാനലിന്റെ കാര്യം എനിക്ക് നേരിട്ടറിയാം. ആ ചാനലിന്റെ സീനിയർ എക്സിക്യുട്ടീവ് എന്നോട് നേരിട്ട് പറഞ്ഞതാണ്. അവരുടെ പരസ്യക്കാരെ സർക്കാരിന്റെ പ്രതിനിധികൾ ബന്ധപ്പെട്ട് ചാനലുമായി സഹകരിക്കുന്നതിൽ അതൃപ്തി അറിയിച്ചു. അതുകൊണ്ട് നമ്മൾ പുതിയവഴി കണ്ടെത്തണമെന്നാണ് എനിക്കു തോന്നുന്നത്. കാരണം ഈ രീതി ഭാവിയിൽ കൂടുതൽ കൂടുതൽ ശക്തമാകും.

കാരണം സർക്കാരിന്റെ എടുത്തുചാടിയുള്ള നയതീരുമാനങ്ങൾ കൊണ്ട്, തുഗ്ലക് പരിഷ്കാരങ്ങൾ കൊണ്ട് ഇനിയങ്ങോട്ട് സാമ്പത്തികസ്ഥിതി കൂടുതൽ വഷളാകാൻ പോകുകയാണ്. ആരേയും അവർ മുഖവിലയ്ക്കെടുക്കുന്നില്ല. അതുകൊണ്ടുതന്നെ വീണ്ടും വലിയ തെറ്റുകൾ സംഭവിച്ചുകൊണ്ടേയിരിക്കും. സാന്പത്തികനില കൂടുതൽ ഗുരുതരമായ നിലയിലേക്ക് വീഴുമെന്നാണ് എന്റെ കാഴ്ചപ്പാട്. അത് തൊഴിലില്ലായ്മ രൂക്ഷമാക്കും. അതോടെ സർക്കാർ പരമ്പരാഗത മാധ്യമരീതികൾക്കുമേൽ കൂടുതൽ അധികാരപ്രയോഗങ്ങൾ തുടങ്ങും. 

കഴിഞ്ഞ എതാണ്ട് രണ്ടര, മൂന്ന് കൊല്ലങ്ങളായി ഞാൻ പറഞ്ഞുകൊണ്ടിരിക്കുന്നത്, ദയവു ചെയ്ത് വിവരങ്ങൾ ശേഖരിക്കുന്നതിനും ജനങ്ങളിലേക്ക് എത്തിക്കുന്നതിനും സമാന്തരരീതികൾ കണ്ടെത്തൂ. ഇന്റർനെറ്റ് പോലെ, ഭരണകൂടത്തിന്റെ നീക്കങ്ങളെ മറികടക്കാൻ കഴിയുന്ന വഴികൾ കണ്ടെത്തണം. നമ്മൾ ഇന്റർനെറ്റ് ഉപയോഗിച്ചുതുടങ്ങിയാൽ സർക്കാർ വെബ്‌സൈറ്റുകൾ നിരോധിക്കാൻ തുടങ്ങും. ആ സാഹചര്യത്തിൽ അതിനെ മറികടക്കാൻ ശേഷിയുള്ളവരെ, പ്രൊഫഷണൽ ഹാക്കർമാരെപ്പോലുള്ളവരെ കണ്ടെത്തണം. അങ്ങനെയാണ് ഭരണകൂടത്തിന്റെ മർദനോപാധികളെ മറികടക്കേണ്ടത്.

എന്തുകൊണ്ടാണ് ഈ സർക്കാർ ജനങ്ങളെ ഭയക്കുന്നത്? എന്തുകൊണ്ടാണ് അവർ മാധ്യമങ്ങളിൽ ഇടപെടൽ നടത്തുന്നത്? എന്തുകൊണ്ടാണ് അവർ വ്യാജവാർത്തകളും വസ്തുതാവിരുദ്ധമായ കാര്യങ്ങളും ഊതിവീർപ്പിച്ച വിവരങ്ങളും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്?

 അതിന്റെകാരണം ഒന്നേയുള്ളൂ. അധികാരം ആഘോഷിക്കുന്നവരുടെ ഭരണകൂടമാണത്. അങ്ങനെയുള്ള ഭരണകൂടങ്ങൾ എല്ലാത്തിനെയും നിയന്ത്രിക്കാൻ നോക്കും. സർവാധിപത്യ ഭരണകൂടം എന്നു പറയില്ലേ. അവർ സർവതിനെയും നിയന്ത്രിക്കാൻ ആഗ്രഹിക്കും. ഉദ്യോഗസ്ഥരെ,  നീതിപീഠങ്ങളെ ഒക്കെ. കഴിഞ്ഞ മൂന്നു വർഷങ്ങളായി നീതിപീഠങ്ങളെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ നമ്മൾ കണ്ടു.

മനുഷ്യമനസ്സുകളെയും ചിന്തകളെയും പോലും നിയന്ത്രിക്കാൻ അവർ ആഗ്രഹിക്കും. ആ അർഥത്തിലാണ് അവർ ഒരു സർവാധിപത്യ ഭരണകൂടമാകുന്നത്. പാർലമെന്റ് അവരുടെ വരുതിക്കാകണം. നിയമമോ കീഴ്‌വഴക്കങ്ങളോ അവർക്കൊരു പ്രശ്നമേയല്ല. രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്തതുകൊണ്ട് രാജ്യസഭയെ നോക്കുകുത്തിയാക്കി. കണ്ടില്ലേ, എത്ര ബില്ലുകളാണ് അവർ മണിബില്ലുകളാക്കി (പണബില്ലുകൾ) മാറ്റിയത്. അതിശയം തോന്നും. അങ്ങനെയൊന്ന് ഇന്ത്യയിൽ മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. അതുവഴി പാർലമെന്റിന്റെ പകുതിയെതന്നെ ഇല്ലാതാക്കിക്കളഞ്ഞു. 

അധികാരത്തിലുള്ള പാർട്ടിയെന്നാൽ അധോസഭയെ നിയന്ത്രിക്കുന്ന പാർട്ടിയെന്നാണ് അർഥം. അങ്ങനെയാണ് അവർ അധികാരത്തിലെത്തുന്നത്. ഇവിടെയിപ്പോൾ അവർ രണ്ട് സഭകളെയും നിയന്ത്രിക്കുന്നു. ഫലത്തിൽ പാർലമെന്റിനെ പൂർണമായി നിയന്ത്രിക്കുന്നു. നീതിപീഠത്തെ നിയന്ത്രിക്കുന്നു. മാധ്യമങ്ങളെയും നിയന്ത്രിക്കുന്നു. അതുവഴി ജനങ്ങൾ അറിയുന്നതിനെയും അവർ ചിന്തിക്കുന്നതിനെയും നിയന്ത്രിക്കുന്നു. അങ്ങേയറ്റം വേദനാജനകമാണത്. നിഷ്ഠുരമാണ്. എന്റെയും നിങ്ങളുടെയും സഹപ്രവർത്തകർ, ഈ ജോലി ചെയ്യുന്നവർ വളരെ വേഗം ഇതിന് കീഴടങ്ങിയിരിക്കുന്നു. 

സത്യത്തിൽ ഇന്നേവരെ, പേടിക്കാൻ അങ്ങനെ ഏറെ കാരണങ്ങളൊന്നുമുണ്ടായിട്ടില്ല. എങ്കിലും ദ്രോഹിക്കൽ നടക്കുന്നു. അതുതന്നെയാണ് ഭരണകൂടത്തിന്റെ കളിപ്പാവകളായി ഈ ആളുകളെ മാറ്റാൻ കാരണം. ഒരു സുലു പഴഞ്ചൊല്ലുണ്ട്. ‘വായിൽ എല്ലിൻകഷണമുള്ള നായയ്ക്ക് കുരയ്ക്കാൻ കഴിയില്ല’. മാധ്യമങ്ങൾ ഇപ്പോൾ വായിൽ എല്ലിൻകഷണമുള്ള നായ്ക്കളായി മാറിയിരിക്കുന്നു.

പരസ്യവരുമാനം ആ എല്ലിൻകഷണങ്ങളാണ്. മാധ്യമപ്രവർത്തകർക്കാണെങ്കിൽ ഉയർന്ന വേതനവും അധികാരത്തിലിരിക്കുന്നവരുമായുള്ള അടുപ്പവും ആ എല്ലിൻകഷണങ്ങളാണ്. അങ്ങനെയാണ് അവരുടെ വായ മൂടപ്പെട്ടത്. അത് നമ്മുടെ തെറ്റുതന്നെയാണ്. മാർക്സ് മനോഹരമായ ഒരു കാര്യം പറഞ്ഞിട്ടുണ്ട്. ‘അവർ ഭീമാകാരമായി നമുക്ക് തോന്നും; കാരണം നമ്മൾ മുട്ടുകുത്തി നിൽക്കുകയാണ്. നമ്മൾ ഒരിക്കലും അങ്ങനെയാകാൻ പാടില്ല’. 

(തുടരും)