1970-കളിൽ സെയ്ൻറ് സ്റ്റീഫൻസ്‌ കോളേജിൽ വിദ്യാർഥിയായിരിക്കുമ്പോഴാണ് ഞാൻ ആദ്യമായി ജെയ്‌റ്റ്‍ലിയെ പരിചയപ്പെടുന്നത്. അന്നദ്ദേഹം ഡൽഹി സർവകലാശാലയിലെ  വിദ്യാർഥി യൂണിയന്റെ (ഡി.യു.എസ്.യു.) പ്രസിഡന്റായിരുന്നു.

ആകാശവാണിയിലെ യുവവാണിയിൽ അവതരിപ്പിക്കുന്ന റോവിങ് മൈക്രോഫോൺ എന്ന പരിപാടിയിലേക്ക് അദ്ദേഹത്തിന്റെ ഇൻറർവ്യൂ തരപ്പെടുത്താനുള്ള ശ്രമം നടത്തുകയായിരുന്നു ഞാൻ. ഒടുവിൽ ജെയ്റ്റ്‍ലിയെ കണ്ടു. ഒരിക്കലും മറക്കാനാവാത്ത കൂടിക്കാഴ്ചയായിരുന്നു അത്. പ്രാദേശിക, ദേശീയ രാഷ്ട്രീയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ദർശനങ്ങളും വിദ്യാർഥിപ്രശ്നങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും അദ്ദേഹം അന്നു പങ്കുവെച്ചു. അടിയന്തരാവസ്ഥയ്ക്കുശേഷം ഡൽഹി സർവകലാശാലയിൽ ജയപ്രകാശ് നാരായൺ പങ്കെടുത്ത റാലിയിൽവെച്ച് ഞങ്ങൾ പിന്നെയും കണ്ടുമുട്ടി. അന്നും ഒട്ടേറെക്കാര്യങ്ങൾ ചർച്ച ചെയ്യുകയുണ്ടായി. അന്ന് തന്റെ ഇരുപതുകളിലായിരുന്നു അദ്ദേഹമെങ്കിൽപ്പോലും വലിയ പേരുനേടിക്കഴിഞ്ഞിരുന്നു.  

പിന്നീട് എടുത്തുപറയാവുന്ന കൂടിക്കാഴ്ച നടന്നത് 2000-2001-ലെ അദ്ദേഹത്തിന്റെ കേരളസന്ദർശനത്തിലാണ്. അന്നദ്ദേഹം നിയമ, കമ്പനികാര്യ വകുപ്പുമന്ത്രിയാണ്. ഞാൻ കേരളത്തിലെ ടൂറിസം സെക്രട്ടറിയും വ്യവസായ വികസന കോർപ്പറേഷന്റെ മാനേജിങ് ഡയറക്ടറും. ഈ മേഖലകളിലെ പ്രവർത്തനങ്ങളെ അദ്ദേഹം അന്ന് വളരെയധികം അഭിനന്ദിക്കുകയും അദ്ദേഹം കൈയാളുന്ന ഏതെങ്കിലുമൊരു മന്ത്രാലയത്തിന്റെ ജോയൻറ് സെക്രട്ടറിയാകാൻ കേന്ദ്രത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.

കമ്പനികാര്യ മന്ത്രാലയത്തിലേക്കുള്ള ചുരുക്കപ്പട്ടികയിലേക്ക് എന്നെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, അതേസമയംതന്നെ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി കേരളത്തിലെത്തുകയും ഇവിടത്തെ പ്രവർത്തനങ്ങളിൽ മതിപ്പുതോന്നിയ അദ്ദേഹം എന്നെ കേന്ദ്രടൂറിസം മന്ത്രാലയത്തിലേക്ക് നിയമിക്കുകയും ചെയ്തതോടെ ജെയ്റ്റ്‍ലിയുടെ ക്ഷണം സ്വീകരിക്കാനായില്ല. എങ്കിലും ഞങ്ങൾ തമ്മിലുള്ള ബന്ധം തുടർന്നിരുന്നു.

രാജ്യത്തിന്റെ മികച്ച വക്താവ്‌

ദാവോസിൽ അദ്ദേഹം പങ്കെടുത്ത ചില പരിപാടികളിൽ ഞാനുമുണ്ടായിരുന്നു. ഇന്ത്യയിൽ നടപ്പാക്കിയ പരിഷ്കാരങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നതുകേൾക്കുന്നതു തന്നെ വലിയ സന്തോഷമുണ്ടാക്കുന്നതാണ്. ഇന്ത്യയുടെ ഏറ്റവും മികച്ച വക്താക്കളിലൊരാളായിരുന്നു ജെയ്റ്റ്‍ലിയെന്ന് നിസ്സംശയം പറയാം.

ഇന്ത്യയുടെ പാചകചരിത്രത്തെക്കുറിച്ചു പഠിക്കുകയും പാചകകലയെ വാണിജ്യതലത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്ത ജിജ്ഞാസുവായൊരാളായിരുന്നു ജെയ്റ്റ്‍ലിയെന്ന് അധികമാർക്കും അറിയില്ല. ദാവോസിൽവെച്ചുണ്ടായ ഒരു ചർച്ചയിൽ ഇന്ത്യയിലെ പ്രാദേശിക പാചകചരിത്രത്തെക്കുറിച്ചും ഇന്ത്യയിലെ ഭക്ഷണങ്ങളെയും അതിന്റെ വൈവിധ്യത്തെയുംകുറിച്ചും അദ്ദേഹം ദീർഘസംഭാഷണം നടത്തിയത് ഇന്നും അദ്ഭുതത്തോടെ ഓർക്കുന്നു.  

ഡൽഹി-മുംബൈ വ്യവസായ ഇടനാഴി വികസന കോർപ്പറേഷന്റെ സി.ഇ.ഒ. ആയിരുന്നപ്പോൾ ‘വൈബ്രൻറ് ഗുജറാത്ത്’ സംഗമത്തിൽ ഓരോ വർഷവും എനിക്ക് പങ്കെടുക്കേണ്ടിയിരുന്നു. ആ ഓരോ വർഷവും ഗുജറാത്തിന്റെ വികസനസാധ്യതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഞാൻ ആരായുകയും ചെയ്തിട്ടുണ്ട്. വികസനത്തിലും പരിഷ്‍കാരങ്ങളിലും അദ്ദേഹം അത്രമേൽ വിശ്വാസം പുലർത്തിയിരുന്നുവെന്നതിന്റെ തെളിവായിരുന്നു അന്നത്തെ ഓരോ സംഭാഷണങ്ങളും. ഭൂമിയേറ്റെടുക്കൽ ബില്ലിനെക്കുറിച്ച് ഞാനും അദ്ദേഹവും നടത്തിയ ചർച്ചയാണ് മനസ്സിൽ നിൽക്കുന്ന ഒന്ന്. ബിൽ അടിസ്ഥാനസൗകര്യ വികസനത്തെ ബാധിക്കുകയും കർഷകർക്ക് ഇത് സഹായകമാകില്ലെന്നുമുള്ള നിഗമനത്തിൽ ഞങ്ങളെത്തിച്ചേരുകയും ചെയ്തു.

ഞാൻ വ്യവസായനയ വിഭാഗത്തിന്റെ (ഡി. ഐ.പി.പി.) സെക്രട്ടറിയായപ്പോൾ അദ്ദേഹമായിരുന്നു ധനമന്ത്രി. അതോടെ ഞങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ചകളും ചർച്ചകളും പതിവായി. നേരിട്ടുള്ള വിദേശനിക്ഷേപത്തിനുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ചതുൾപ്പെടെയുള്ള നയങ്ങളെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തിരുന്നു. ഇതടക്കമുള്ള പരിഷ്‍കാരങ്ങൾ ഇന്ത്യയിൽ വ്യവസായം എളുപ്പമാക്കുന്നതിന് സഹായകമാകുകയും ചെയ്തു.

ഔദ്യോഗികവിഷയങ്ങളിൽ അദ്ദേഹവുമായുള്ള ചർച്ചകളും എടുത്തുപറയേണ്ടതാണ്. നിയമജ്ഞാനവും ഓരോ വിഷയങ്ങളെയും എളുപ്പത്തിൽ മനസ്സിലാക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവും അപാരമാണ്. ഒരിക്കൽ സ്റ്റാർട്ടപ്പ് ഇന്ത്യ പരിപാടിയിൽ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തുകയുണ്ടായി. സംരംഭകരെ വലിയരീതിയിൽ പ്രോത്സാഹിപ്പിച്ച പ്രസംഗമായിരുന്നു അന്നത്തേത്. പിന്നീട് അദ്ദേഹം ധനമന്ത്രിയായി അധികാരമേറ്റ സമയത്ത് സ്റ്റാർട്ടപ്പുകൾക്കും സംരംഭകർക്കുമായി ഒട്ടേറെ നടപടികളെടുക്കുകയും ചെയ്തിട്ടുണ്ട്. അന്നത്തെ പ്രസംഗത്തിൽ എന്നെ ‘സുവിശേഷകനായ കാന്ത്’ എന്നാണ് അദ്ദേഹം അഭിസംബോധന ചെയ്തത്.

കഴിഞ്ഞവർഷം, അദ്ദേഹം ഗുരുതര ആരോഗ്യപ്രശ്നങ്ങളിൽനിന്ന് മുക്തനായി വന്നുതുടങ്ങിയ സമയത്ത്, ഞാൻ എഡിറ്റ് ചെയ്ത പുസ്തകമായ ‘ദി പാത്ത് എഹെഡി’ന്റെ പ്രകാശനവേളയിൽ സംസാരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. അരുതെന്ന് ഡോക്ടർമാർ അദ്ദേഹത്തോട്  ആവശ്യപ്പെട്ടിട്ടുപോലും അദ്ദേഹം ക്ഷണം സ്വീകരിക്കുകയും പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയും ചെയ്തു.

370, 35 എ അനുച്ഛേദങ്ങളിലെ ഭേദഗതിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് ഓഗസ്റ്റ് ആദ്യവാരം ബ്ലോഗിൽ കുറിച്ചുവെന്നത് വർത്തമാനകാല സംഭവങ്ങളിൽ അദ്ദേഹമെത്രത്തോളം ശ്രദ്ധ പുലർത്തിയിരുന്നുവെന്നതിന് തെളിവാണ്. ആരോഗ്യം അത്രയും ഗുരുതരമായിരുന്ന സമയത്താണിതെന്നോർക്കണം. അടുത്തിടപഴകാനും അടുത്തറിയാനുമുള്ള സാഹചര്യമുണ്ടായെങ്കിൽപ്പോലും ഒരിക്കലെങ്കിലും അദ്ദേഹത്തോടൊപ്പം ജോലിചെയ്യാനായില്ലെന്നതൊരു വലിയ സങ്കടമായിത്തുടരുന്നുണ്ട് ഇന്നും.

(നീതി ആയോഗ് സി.ഇ.ഒ.യാണ് ലേഖകൻ)

Content Highlight: arun jaitley was a glowing star