പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ ബഹുജനനേതാവോ അല്ലെങ്കിൽ അന്തരിച്ച മുൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെപ്പോലെ തീപ്പൊരിപ്രസംഗം നടത്തുന്നയാളോ ആണെന്ന് അരുൺ ജെയ്റ്റ്‍ലി ഒരിക്കലും അവകാശപ്പെട്ടിട്ടില്ല.

ബി.ജെ.പി.യുടെ ബൗദ്ധികകേന്ദ്രമായിരുന്നു ജെയ്റ്റ്‍ലി. എ.ബി. വാജ്‌പേയിയും എൽ.കെ. അദ്വാനിയും (രാമക്ഷേത്ര യാത്രയ്ക്കുമുമ്പ്) പരുവപ്പെടുത്തിയെടുത്ത പുരോഗമനവാദിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ഒരിക്കൽപ്പോലും കടുംപിടിത്തക്കാരന്റെ കുപ്പായമണിഞ്ഞില്ല. മാധ്യമങ്ങളുൾപ്പെടെ ഒരു വലിയ വിഭാഗത്തെ ഒപ്പം നടത്തുന്നതിലും തങ്ങളുടെ ആശയങ്ങൾ ബോധ്യപ്പെടുത്തുന്നതിലും ഏറ്റവും പ്രധാനമായി ബി.ജെ.പി.ക്കെതിരേ ജനങ്ങൾക്കിടയിലുണ്ടായിരുന്ന അകൽച്ച കുറയ്ക്കുന്നതിലും അദ്ദേഹം വിജയിച്ചു.

പ്രശ്നം 370-ാം അനുച്ഛേദമായാലും മുത്തലാഖായാലും രാമക്ഷേത്രമായാലും അതിൽ അനുകൂലതീരുമാനമുണ്ടാക്കാനായി നിയോഗിക്കപ്പെട്ടവരുടെ കൂട്ടത്തിൽ എന്നും ജെയ്റ്റ്‍ലിയുണ്ടായിരുന്നു. വലതു വീക്ഷണത്തിലൂന്നി ബി.ജെ.പി.ക്ക്‌ അനുകൂലനിലപാടുകളുയർത്തിക്കൊണ്ടുവരാൻ മികച്ച അഭിഭാഷകനെന്നനിലയിൽ താൻ സ്വായത്തമാക്കിയിരുന്ന കഴിവുകൾ ജെയ്റ്റ്‍ലി ഉപയോഗിക്കുകയും ചെയ്തു. ഇതിലുടനീളം കടുംപിടിത്തക്കാരായ നേതാക്കളിൽനിന്നുയർന്ന വിമതസ്വരങ്ങളില്ലാതാക്കാനും സ്വപക്ഷത്തെ എടുത്തുചാട്ടക്കാരെ ശാന്തരാക്കാനും അതേസമയംതന്നെ ഇടതുബുദ്ധിജീവികൾക്ക് കൃത്യമായ മറുപടിനൽകാനും അദ്ദേഹത്തിനായി.

സൗഹൃദവലയം

ജെയ്റ്റ്‍ലിയുടെ ജീവിതരീതികൾക്കനുസൃതമായിരുന്നു അദ്ദേഹത്തിന്റെ സ്വാധീനവലയവും. മാധ്യമപ്രവർത്തകർ, അഭിഭാഷകർ, ജഡ്ജിമാർ, കോർപ്പറേറ്റുകൾ, മാധ്യമ ഭീമന്മാർ, പ്രൊഫഷണലുകൾ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിൽനിന്നുള്ളവരുമായി അദ്ദേഹം ഹൃദ്യമായ സൗഹൃദം നിലനിർത്തി.

2014 മുതൽ 2019 വരെ മോദി മന്ത്രിസഭയിലെ മുതിർന്ന അംഗമെന്നനിലയ്ക്ക് അദ്ദേഹത്തിന്റെ പങ്ക് കൂടുതൽ പ്രാധാന്യമർഹിക്കുന്നു. പുതിയ നയങ്ങൾക്ക് രൂപംനൽകുകയും പ്രതിപക്ഷത്തിന്റെ ആത്മവിശ്വാസമില്ലാതാക്കിക്കൊണ്ട് പ്രധാനമന്ത്രിയെ അനുകൂലിച്ച് സധൈര്യം നിലപാടെടുക്കുകയും ചെയ്തു. കഴിവുറ്റ പാർലമെന്റേറിയൻ എന്നനിലയിൽ പാർട്ടിയുടെ അതിർവരമ്പുകൾക്കുമപ്പുറത്തേക്ക് ജെയ്റ്റ്‍ലിയുടെ സ്വാധീനം വ്യാപിച്ചിരുന്നു. ഒട്ടേറെ സന്ദർഭങ്ങളിൽ ബി.ജെ.പി.യ്ക്ക് അത് സഹായകമായിട്ടുമുണ്ട്.

പ്രതിപക്ഷവുമായി, പ്രത്യേകിച്ചും കോൺഗ്രസുമായുള്ള അദ്ദേഹത്തിന്റെ സൗഹാർദപരമായ ഇടപെടലിൽ പലപ്പോഴും സഹയാത്രികർതന്നെ നെറ്റിചുളിച്ചു.  മോദിയെ തുറന്നെതിർക്കുന്നവരോടും മൃദുസമീപനം പാലിക്കുന്നുവെന്ന് പലരും ജെയ്റ്റ്‍ലിയെ വിമർശിച്ചു. എന്നിരുന്നാലും ജെയ്റ്റ്‍ലി എന്നും മോദിയെ അനുസരിച്ചിരുന്നു, മുമ്പ് വാജ്‌പേയിയെയും അദ്വാനിയെയും കേട്ടിരുന്നതുപോലെ തന്നെ ബി.ജെ.പി. അധ്യക്ഷൻ അമിത് ഷാ ദേശീയതലത്തിലേക്ക് ഉയരുന്നതിന് വളരെ മുമ്പ്, ലോ‍ക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ തന്ത്രങ്ങൾ മെനയുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നത് ജെയ്റ്റ്‌ലിയായിരുന്നു.

മഹാജന്റെ വിടവാങ്ങലും ജെയ്റ്റ്‍ലിയുടെ ഉദയവും

2006-ൽ പ്രമോദ് മഹാജൻ വിടവാങ്ങിയതിനുശേഷമാണ് ബി.ജെ.പി.യുടെ മുഖ്യധാരയിലേക്ക് ജെയ്റ്റ്‍ലി രംഗപ്രവേശം ചെയ്യുന്നത്. അതുവരെ ബി.ജെ.പി.യുടെ പ്രധാനസംഘാടകനായി അറിയപ്പെട്ടത് മഹാജനായിരുന്നു. തൊണ്ണൂറുകളുടെ അവസാനം ഗുജറാത്തിൽനിന്ന് ഹിമാചൽപ്രദേശ്, ഹരിയാണ, ജമ്മുകശ്മീർ എന്നീ സംസ്ഥാനങ്ങളുടെ ചുമതലയേറ്റെടുക്കാൻ മോദിയെ നിയോഗിച്ചപ്പോഴാണ് വാസ്തവത്തിൽ അദ്ദേഹവും ജെയ്റ്റ്‍ലിയുമായുള്ള സൗഹൃദമാരംഭിക്കുന്നത്. പിന്നീട് മോദി ഗുജറാത്ത് മുഖ്യമന്ത്രിയാവുകയും 2002-ലെ ഗുജറാത്ത് കലാപത്തെത്തുടർന്നുണ്ടായ വിവാദങ്ങളിലൂടെ അദ്ദേഹം ഏറ്റവും മോശം കാലഘട്ടത്തിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയും ചെയ്ത സമയത്താണ് ഈ സൗഹൃദം ശക്തമാകുന്നത്.

2014-ലെ ലോ‍ക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യുടെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് സുഷമാ സ്വരാജുൾപ്പെടെയുള്ളവർ എൽ.കെ. അദ്വാനിയെ പിന്തുണച്ചപ്പോൾ സ്ഥാനാർഥി മോദിതന്നെയാവണമെന്ന് ജെയ്റ്റ്‍ലിയും കൂട്ടരും ശക്തമായി വാദിച്ചു. അത് നടപ്പാവുകയും ചെയ്തു. മോദിയെ ശക്തനായ പ്രധാനമന്ത്രിസ്ഥാനാർഥിയായി ഉയർത്തിക്കൊണ്ടുവന്നതിനുപിന്നിൽ മുഖ്യ തന്ത്ര ഉപദേഷ്ടകനായുണ്ടായിരുന്നത് ജെയ്റ്റ്‍ലിയാണ്. അന്ന് ബി.ജെ.പി. അധ്യക്ഷനായിരുന്ന രാജ്നാഥ് സിങ് ആർ.എസ്.എസിനൊപ്പം ചേർന്ന് സംഘടനാപരമായ പിന്തുണ നൽകുകയാണുണ്ടായത്.  

മോദിയുടെ മനഃസാക്ഷിസൂക്ഷിപ്പുകാരൻ

കേന്ദ്രമന്ത്രിസ്ഥാനത്തും സഹമന്ത്രിസ്ഥാനത്തും ഏതൊക്കെ നേതാക്കൾ വേണമെന്ന ജെയ്റ്റ്‍ലിയുടെ തീരുമാനത്തെ മറ്റുള്ളവർക്കൊപ്പം മോദിയും ആശ്രയിച്ചു. അതുകൊണ്ടുതന്നെ മന്ത്രിപദവി ലഭിക്കാത്തവർക്ക് ജെയ്റ്റ്‍ലിയോട് നീരസമുണ്ടായെന്നതും സ്വാഭാവികം. എന്നാൽ, തന്റെ സഹപ്രവർത്തകരുടെ രാഷ്ട്രീയഭാവിക്ക്‌ താൻ തടസ്സമുണ്ടാക്കിയെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നില്ല. ഉപദേശമെന്നനിലയിൽ മാത്രമാണ് നിർദേശങ്ങൾ അദ്ദേഹം മോദിക്ക്‌ നൽകിയത്. അന്തിമതീരുമാനം മോദിയുടേതായിരുന്നു. എങ്കിൽപ്പോലും ഒട്ടേറെപ്പേരുടെ കല്ലേറും പൂച്ചെണ്ടും ജെയ്റ്റ്‍ലിയെത്തേടിയെത്തി. കേന്ദ്രഭരണം പുതുമയായിരുന്ന മോദിക്ക്‌ രാജ്യതലസ്ഥാനത്തെ നൂലാമാലകളഴിക്കാൻ ജെയ്റ്റ്‍ലിയുടെ സൂക്ഷ്മവും കുശാഗ്രവുമായ ബുദ്ധി ചെറുതായല്ല സഹായകമായത്.

ജെയ്റ്റ്‍ലിയുടെ തീരുമാനങ്ങളെ എത്രയോ സാഹചര്യങ്ങളിൽ മോദി വിശ്വസിക്കുകയും മുഖവിലയ്ക്കെടുക്കുകയും ചെയ്തതും അതുകൊണ്ടാണ്. ഭരണസംവിധാനത്തെ അഴിമതിയിൽനിന്നും വിവാദങ്ങളിൽനിന്നും മുക്തമാക്കാനും അദ്ദേഹം പ്രതിജ്ഞാബദ്ധനായിരുന്നു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവരെ മന്ത്രിസഭയിലുൾപ്പെടുത്തരുതെന്ന ബി.ജെ.പിയുടെ അലിഖിത നിയമത്തിൽനിന്ന് വ്യതിചലിച്ച് തന്റെ ആദ്യമന്ത്രിസഭയിലെ ധനവകുപ്പ് മോദി ജെയ്റ്റ്‍ലിക്ക്‌ നൽകി. ധനമന്ത്രാലയത്തിനു പുറമേ ഇടക്കാലത്ത് പ്രതിരോധവകുപ്പും അദ്ദേഹം ഭരിച്ചു. 2014-16 വർഷങ്ങളിൽ വിവര സാങ്കേതിക, പ്രക്ഷേപണമന്ത്രിയായിരുന്നു  ജെയ്റ്റ്‍ലി. അദ്ദേഹം ധനമന്ത്രിയായിരുന്ന സമയത്താണ് നോട്ടുനിരോധനം, ചരക്ക്-സേവന നികുതി തുടങ്ങിയ പ്രധാന നടപടികൾ മോദി സർക്കാർ നടപ്പാക്കിയത്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പവഗണിച്ചായിരുന്നു ഇത്. ജെയ്റ്റ്‍ലിയുടെ നേതൃത്വത്തിലാണ് മോദി റെയിൽവേ ബജറ്റും പൊതുബജറ്റും ഏകീകരിച്ചതും. പൊതുബജറ്റവതരണം ഫെബ്രുവരി ഒന്നിലേക്ക് മാറ്റിയ തീരുമാനവും അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.

(ഹിന്ദുസ്ഥാൻ ടൈംസിന്റെ മുൻ സീനിയർ അസോസിയേറ്റ് എഡിറ്ററും ഡെക്കാൻ ഹെറാൾഡിലെ മുൻ പൊളിറ്റിക്കൽ എഡിറ്ററുമാണ് ലേഖകൻ)

Content Highlights: Arun Jaitley the man who has Friendship with in all parties