ഒരു സര്‍ക്കാറിന്റെ പ്രകടനം വിലയിരുത്തുന്നതില്‍ ഒരുവര്‍ഷമെന്നത് തീരെക്കുറഞ്ഞ കാലയളവാണ്. എന്നാല്‍, പിന്തിരിഞ്ഞുനോക്കുമ്പോള്‍ ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. സര്‍ക്കാറിന്റെ പ്രകടനം തികച്ചും തൃപ്തികരമെന്നുതന്നെ പറയണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പുതിയൊരു തൊഴില്‍സംസ്‌കാരംതന്നെ ഇവിടെ രൂപപ്പെട്ടിരിക്കുന്നു.
  
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. സര്‍ക്കാറിന്റെ കാലത്ത് ഏറ്റവും മുഴച്ചുനിന്നത് അഴിമതിക്കഥകളായിരുന്നു. അതില്‍നിന്ന് ഒരുവര്‍ഷമെന്ന കുറഞ്ഞ കാലയളവിനുള്ളില്‍ ഈ സര്‍ക്കാര്‍ വിജയകഥകളാണു  രചിച്ചിരിക്കുന്നത്. കമ്മീഷനല്ല, മിഷനാണ് (ദൗത്യം) എന്‍.ഡി.എ. സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. കല്‍ക്കരിപ്പാടങ്ങളുടെയും 2ജി സ്‌പെക്ട്രത്തിന്റെയുമൊക്കെ ലേലത്തില്‍ മുന്‍സര്‍ക്കാര്‍ നിര്‍ഭാഗ്യവശാല്‍ തികച്ചും മുതലാളിത്തപ്രീണനസമീപനമാണു പുലര്‍ത്തിയത്. എന്നാല്‍, രാജ്യത്തിന്റെ നന്മ മുന്‍നിര്‍ത്തി തികച്ചും സുതാര്യമായാണ് എന്‍.ഡി.എ. സര്‍ക്കാര്‍ ലേലംനടത്തിയത്. 

 കല്‍ക്കരിപ്പാടം ലേലത്തില്‍ പൊതുഖജനാവിന് 1.86 ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്നാണ് സി.എ.ജി. റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയത്. എന്നാല്‍, ഇപ്പോഴത്തെ കണക്കുവെച്ചു നോക്കുമ്പോള്‍ ഈ തുകയും ചെറുതാണെന്നുവേണം പറയാന്‍. എന്‍.ഡി.എ. സര്‍ക്കാര്‍ വെറും 29 കല്‍ക്കരിപ്പാടങ്ങള്‍ ലേലംചെയ്തപ്പോഴേക്കും ഖജനാവിന് രണ്ടുലക്ഷത്തോളം കോടി രൂപയുടെ നേട്ടമുണ്ടായിക്കഴിഞ്ഞു. 2ജി സ്‌പെക്ട്രം ലേലത്തിലൂടെ ലഭിച്ച വരുമാനമാകട്ടെ 1,09,874 കോടിയിലേറെ രൂപയും. ലേലപ്രക്രിയയിലെ സുതാര്യത, ജനങ്ങളുടെ കണ്ണില്‍ സര്‍ക്കാറിന്റെ വിശ്വാസ്യത ഉയര്‍ത്തി.
  
പെന്‍ഷനും സാമൂഹികസുരക്ഷയും

രാജ്യത്ത് പെന്‍ഷനര്‍ഹതയില്ലാത്തവരെ പെന്‍ഷന്‍ പദ്ധതിയിലുള്‍പ്പെടുത്തിയതും ബാങ്ക് അക്കൗണ്ടുകളില്ലാത്തവര്‍ക്ക് അക്കൗണ്ടുകള്‍ ലഭ്യമാക്കിയതുമാണ് മോദിസര്‍ക്കാറിന്റെ ഏറ്റവുംവലിയ നേട്ടം. അടല്‍ പെന്‍ഷന്‍ യോജന, പ്രധാനമന്ത്രി ജീവന്‍ജ്യോതി ബീമാ യോജന, പ്രധാനമന്ത്രി സുരക്ഷ ബീമാ യോജന എന്നീ പദ്ധതികള്‍ വഴിത്തിരിവുകളാവുകയാണ്. എല്ലാ ഇന്ത്യക്കാര്‍ക്കും സാമൂഹികസുരക്ഷ ഉറപ്പാക്കുന്നവയാണ് ഈ പദ്ധതികള്‍; പ്രത്യേകിച്ച് പാവങ്ങള്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കും. ജീവിതസായന്തനത്തില്‍ അല്ലലില്ലാതെകഴിയാന്‍ അസംഘടിതമേഖലയിലെ തൊഴിലാളികളെ ഈ പദ്ധതികള്‍ നിക്ഷേപത്തിനു പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
 
കഴിഞ്ഞ ആഗസ്തില്‍ തുടക്കമിട്ട പ്രധാനമന്ത്രി ജന്‍ധന്‍ യോജന, പാവങ്ങളുള്‍പ്പെടെ എല്ലാവര്‍ക്കും സാമ്പത്തികസേവനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതാണ്. പദ്ധതിപ്രകാരം കഴിഞ്ഞ ജനവരി 31വരെ 12.54 കോടി ബാങ്ക് അക്കൗണ്ടുകള്‍ പുതുതായാരംഭിച്ചു. ഒരാഴ്ചയ്ക്കകം ഏറ്റവുംകൂടുതല്‍ ബാങ്ക് അക്കൗണ്ടുകളെന്ന ഗിന്നസ് റെക്കോഡുവരെ ഈ പദ്ധതി സൃഷ്ടിച്ചു. 2015 ഏപ്രില്‍ 30വരെയുള്ള കണക്കുപ്രകാരം 15 കോടി ബാങ്ക് അക്കൗണ്ടുകളാണ് പുതിയ പദ്ധതിയുടെ കീഴില്‍ ആരംഭിച്ചത്. പുതിയ അക്കൗണ്ടുകളില്‍ പണമെത്തിക്കാനുള്ള ശ്രമമാണിപ്പോള്‍ നടന്നുവരുന്നത്.

പാചകവാതക സബ്‌സിഡി നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക്, അഞ്ചുകോടിയിലേറെ ചെറുകിടസംരംഭകര്‍ക്ക് മൂലധനലഭ്യതയ്ക്ക് സഹായിക്കാന്‍ മുദ്രബാങ്ക്, ദുരിതത്തിലായ കര്‍ഷകരെ സഹായിക്കുന്നതിന് നിലവിലുള്ള നിബന്ധനകളും നിയന്ത്രണങ്ങളും ലളിതമാക്കല്‍, ദേശീയ തൊഴിലുറപ്പുപദ്ധതിക്ക് കൂടുതല്‍ സഹായധനം തുടങ്ങിയവ പാവങ്ങള്‍ക്കും കര്‍ഷകര്‍ക്കും യുവജനങ്ങള്‍ക്കും സഹായകമായ ചില പ്രവര്‍ത്തനങ്ങള്‍മാത്രം.

സാമ്പത്തികമേഖലയില്‍ ഉണര്‍വ്

 കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ സാമ്പത്തികമേഖലയിലെ അടിസ്ഥാനഘടകങ്ങള്‍ ശക്തിയാര്‍ജിച്ചുവെന്നതാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. സ്ഥിരത തിരിച്ചുവന്നിരിക്കുന്നു. പരിഷ്‌കരണനടപടികള്‍ കൂടുതല്‍ ശക്തമായി. സാമ്പത്തികരംഗം ഉണര്‍വിന്റെ പാതയിലാണിപ്പോള്‍. പണപ്പെരുപ്പം കുറഞ്ഞുതുടങ്ങി. സാമ്പത്തികവളര്‍ച്ച 7.4 ശതമാനമായി ഉയരുമെന്നാണു പ്രതീക്ഷ. ലോകത്തുതന്നെ അതിവേഗം വളരുന്ന സാമ്പത്തികശക്തികളിലൊന്നായി മാറുകയാണ് ഇന്ത്യ. കഴിഞ്ഞവര്‍ഷം എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ സാമ്പത്തികമേഖലയിലെ മനോഭാവം തികച്ചും പരിതാപകരമായിരുന്നു. ആ സ്ഥിതി തികച്ചും മാറി. വിദേശനിക്ഷേപകര്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ വിശ്വാസമര്‍പ്പിച്ചു. വിദേശനിക്ഷേപത്തിന്റെ വരവില്‍ വന്‍വര്‍ധനയാണു രേഖപ്പെടുത്തുന്നത്. 2014'15ല്‍ കറന്റ് അക്കൗണ്ട് കമ്മി 1.3 ശതമാനത്തിലേക്കു കുറയ്ക്കാനും കഴിഞ്ഞു.

  എവിടെയും തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന സംഘം എന്ന പ്രതിച്ഛായയായിരുന്നു പരിസ്ഥിതിമന്ത്രാലയത്തിന്. അതു മാറ്റിയെടുക്കാനും സുതാര്യതയ്ക്കും കാര്യക്ഷമതയ്ക്കും മുന്‍തൂക്കം നല്‍കുന്ന മന്ത്രാലയമെന്ന നിലയിലേക്കെത്തിക്കാനും കഴിഞ്ഞുവെന്നത് പ്രധാനം. പരിസ്ഥിതിസംരക്ഷണം ഒരുഭാഗത്ത്, രാജ്യത്തിന്റെ വികസന അജന്‍ഡ മറുഭാഗത്ത്. രണ്ടിനും പ്രാധാന്യംനല്‍കിക്കൊണ്ടു മുന്നോട്ടുപോകാനാണ് ശ്രമംനടക്കുന്നത്. പ്രധാന പദ്ധതികളുടെ പരിസ്ഥിതി അനുമതി ഓണ്‍ലൈനാക്കിയത് ഉദാഹരണം. പദ്ധതി അനുമതികള്‍ക്കായി ആളുകള്‍ പര്യാവരണ്‍ ഭവനു പുറത്ത് കെട്ടിക്കിടക്കുന്ന കാലം കഴിഞ്ഞു. ശുദ്ധജലം, ശുദ്ധവായു, ശുദ്ധമായ ഊര്‍ജം, വെടിപ്പുള്ള പരിസ്ഥിതി, കൂടുതല്‍ ഹരിതപശ്ചാത്തലം എന്നതാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.

ലക്ഷ്യം പിഴയ്ക്കാതെ

 കൂടുതല്‍ സസ്യലതാദികള്‍ വെച്ചുപിടിപ്പിക്കുന്നതിനും വനവത്കരണത്തിനും പരിസ്ഥിതിമലിനീകരണം നിയന്ത്രിക്കുന്നതിനും പരിസ്ഥിതിദുര്‍ബല മേഖലകള്‍ സംരക്ഷിക്കുന്നതിനുമൊക്കെ നിര്‍ണായകതീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ മന്ത്രാലയത്തിനു കഴിഞ്ഞിട്ടുണ്ട്. വനവത്കരണത്തിനായി നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നിധി സംബന്ധിച്ച ബില്‍ ലോക്‌സഭയിലവതരിപ്പിച്ച് പാസാക്കാനായി. യു.പി.എ. സര്‍ക്കാര്‍ തീരുമാനമെടുക്കാതെ ശീതീകരണിയിലടച്ചതായിരുന്നു ഇത്. വെറുതേകിടന്ന 38,000 കോടി രൂപയുടെ ഫണ്ട് സംസ്ഥാനങ്ങള്‍ക്കനുവദിച്ച് ഫലപ്രദമായി വിനിയോഗിക്കാന്‍ ഇത് അവസരമൊരുക്കുകയാണ്.

  ദേശീയ അഗ്രോ ഫോറസ്ട്രി നയം അംഗീകരിച്ചതാണു മറ്റൊന്ന്. മലിനീകരണം തടയാനും സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. വലിയതോതില്‍ മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങള്‍ കണ്ടെത്തി അവയ്ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുന്നത് ഉദാഹരണം. ഊര്‍ജം ഫലപ്രദമായി വിനിയോഗിക്കാന്‍ എല്‍.ഇ.ഡി. വിളക്കുകള്‍ പ്രോത്സാഹിപ്പിക്കുന്ന പദ്ധതി മറ്റൊന്ന്. 

  മാലിന്യനിര്‍മാര്‍ജനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് വിവിധ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു. വിവിധതരം മാലിന്യങ്ങള്‍ നിയന്ത്രിക്കുന്നതിനായി കരടുചട്ടങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. പ്‌ളാസ്റ്റിക് കാരിബാഗുകള്‍ ഉപേക്ഷിക്കാനായി ബോധവത്കരണപ്രവര്‍ത്തനങ്ങളും നടന്നുവരുന്നു. 

  കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് നമ്മുടെ ആശങ്കകളും കാര്‍ബണ്‍ ബഹിര്‍ഗമനത്തിനെതിരെ സ്വീകരിച്ച നടപടികളും പാരീസ് ഉച്ചകോടിക്കുമുമ്പായി അന്താരാഷ്ട്രതലത്തില്‍ അവതരിപ്പിക്കാന്‍ നമുക്കു കഴിഞ്ഞിട്ടുണ്ട്. 

 അധികാരമേറ്റ് ആദ്യനാള്‍മുതല്‍ ഈ സര്‍ക്കാര്‍ ലക്ഷ്യങ്ങള്‍ നിശ്ചയിച്ചാണു പ്രവര്‍ത്തിക്കുന്നത്. വിവേചനരഹിതവും സുതാര്യവും ആധികാരികവുമായ ഭരണസംവിധാനമുറപ്പാക്കാനാണ് സര്‍ക്കാര്‍ പ്രയത്‌നിക്കുന്നത്. യാത്രയില്‍ ഒരുവര്‍ഷം പിന്നിട്ടുകഴിഞ്ഞു. ഞങ്ങള്‍ നിശ്ചയിച്ച ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പൂര്‍ണ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഈഘട്ടത്തില്‍ ഉറപ്പിച്ചുപറയാന്‍ കഴിയും.