ഗൾഫ്‌ കത്ത്

അമേരിക്കയോടുള്ള എതിർപ്പും വിദ്വേഷവും കൂടുന്നു എന്നത് മാത്രമല്ല, അറബ് മനസ്സിലേക്ക് പതിയെ റഷ്യ ആധിപത്യം സ്ഥാപിക്കുന്നു എന്ന യാഥാർഥ്യമാണ്‌ അസ്‌ദാ സർവേ പങ്കുവെയ്ക്കുന്നത്‌. ഡൊണാൾഡ് ട്രംപിന്റെ സൗദി പര്യടനം പ്രഖ്യാപിക്കപ്പെട്ടവേളയിൽതന്നെയാണ്‌ അറബ് യുവത്വത്തിന്റെ ഈ മനംമാറ്റത്തിന്റെ യാഥാർഥ്യവും പുറത്തുവന്നത് എന്നതാണ് കൗതുകകരമായകാര്യം​

അമേരിക്കയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ ഡൊണാൾഡ് ട്രംപിന്റെ ആദ്യത്തെ ഔദ്യോഗിക വിദേശപര്യടനത്തിൽ സൗദി അറേബ്യയും ഉൾപ്പെടുന്നുണ്ട് എന്നതാണ് അറബ് മേഖലയിലെ ചർച്ചാവിഷയം.  ഈമാസം 23-ന് സൗദിയിലെത്തുന്ന ട്രംപ് സൗദി ഭരണത്തലവന്മാരും ഗൾഫ് നാടുകളിലെ ഭരണാധികാരികളും ഉൾപ്പെടെയുള്ള മൂന്ന് ഉച്ചകോടിസമ്മേളനങ്ങളിലാണ് സംബന്ധിക്കുന്നത്.  

അമേരിക്ക സൗദി അറേബ്യയുടെ ഏറ്റവും പ്രധാനപ്പട്ട സൈനികസഖ്യകക്ഷിയാണ്. ഐ.എസ്. ഭീകരവാദത്തിനെതിരേ ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള ഇസ്‌ലാമികരാജ്യങ്ങളെ അണിനിരത്തിക്കൊണ്ടുള്ള സംയുക്ത സൈനികസഖ്യത്തിന്റെ നേതാവാണ് സൗദി അറേബ്യ.  സൗദിയുടെ നിലപാടുകളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതാണ് ബഹുഭൂരിപക്ഷം ഗൾഫ് രാജ്യങ്ങളുടെയും നയം. സൗദിയുടെ അമേരിക്കയുമായുള്ള സൗഹൃദവും സൈനികസഖ്യവുമെല്ലാം ഇതരരാജ്യങ്ങൾക്കും ഹിതകരമാണ്.

ട്രംപിന്റെ വരവും യുവാക്കളുടെ അമർഷവും

 വർഷങ്ങളായി തുടരുന്ന ഈ സഖ്യത്തിന്റെ ശക്തിക്കും പ്രാധാന്യത്തിനും കുറവൊന്നുമില്ല. എന്നാൽ, അറബ് യുവത്വത്തിന്റെ മനസ്സിൽ അമേരിക്കയുടെ സ്ഥാനം പതിയെ കുറഞ്ഞുവരുന്നു എന്നതാണ് യാഥാർഥ്യം. ലോകപ്രശസ്തമായ പബ്ലിക് റിലേഷൻസ് കൺസൽട്ടൻസി സ്ഥാപനമായ അസ്ദാ ബർസൺ മാർസ്‌ടെല്ലർ നടത്തിയ ഒമ്പതാമത് അറബ് യൂത്ത് സർവേയുടെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തൽ ഇതായിരുന്നു. അമേരിക്കയോടുള്ള എതിർപ്പും വിദ്വേഷവും കൂടുന്നു എന്നത് മാത്രമല്ല, അറബ് മനസ്സിലേക്ക് പതിയെ റഷ്യ ആധിപത്യം സ്ഥാപിക്കുന്നു എന്ന യാഥാർഥ്യംകൂടി സർവേ പങ്കുവെയ്ക്കുന്നുണ്ട്. 

അറബ് യൂത്ത് സർവേ അറബ് മേഖലയിലെയും ഗൾഫ് നാടുകളിലെയും ഭരണാധികാരികൾവരെ ഏറെ ഗൗരവത്തോടെ കാണുന്നതാണ്.  ഇത്തവണ സർവേയിൽ പങ്കെടുത്ത അറബ് യുവാക്കളിൽ  മൂന്നിലൊരാളെക്കാൾ കൂടുതൽപേർ ജീവിക്കാൻപറ്റിയ ഏറ്റവും മികച്ച രാജ്യം യു.എ.ഇ.യാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഈ സർവേഫലം പുറത്തുവന്ന ഉടനെ ആ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ യു.എ.ഇ. എല്ലാവരുടെയും രാജ്യം എന്നാണ് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രതികരിച്ചത്. അറബ് യൂത്ത് സർവേ എത്രമാത്രം ശ്രദ്ധേയമാണ് എന്നത് ഈ പ്രതികരണംതന്നെ വെളിപ്പെടുത്തുന്നു.

അമേരിക്കയുടെ പ്രസിഡന്റായി ട്രംപ് വന്നതോടെയാണ് അറബ് മേഖലയിൽ അമേരിക്കയ്ക്കെതിരായ വികാരം ശക്തമായത്. കടുത്ത മുസ്‌ലിം വിരോധിയാണ് ട്രംപ് എന്നാണ് ഭൂരിപക്ഷം അറബ് യുവജനങ്ങളും കരുതുന്നത്. അതുതന്നെയാണ് ഇപ്പോൾ അമേരിക്കയോടുള്ള എതിർപ്പിനുള്ള പ്രധാനകാരണവും. 

ട്രംപ് അധികാരമേറ്റതിന് പിന്നാലെയായിരുന്നു സർവേയും നടന്നത്. അറബ്മേഖലയിലെയും വടക്കൻ ആഫ്രിക്കയിലെയും 3500 അറബ് യുവാക്കൾക്കിടയിലായിരുന്നു സർവേ. ഇതിൽ 83 ശതമാനവും ട്രംപിന് എതിരായാണ് പ്രതികരിച്ചത്. നേരത്തേ പ്രസിഡന്റായിരുന്ന ജോർജ് ബുഷിനെതിരേ ഇത് 77-ഉം ബരാക് ഒബാമയ്ക്കെതിരേ 52-ഉം ശതമാനമായിരുന്നു ഈ എതിർപ്പ് എന്ന കണക്കുകൂടി ഓർക്കണം.

ഇവരിൽ 70 ശതമാനവും ട്രംപ് മുസ്‌ലിം വിരുദ്ധനാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. ഇസ്‌ലാമികരാജ്യങ്ങളിൽനിന്നുള്ളവർക്ക് വിസാ നിയന്ത്രണം കൊണ്ടുവന്ന ട്രംപ് ആ നിലപാട് തുടർന്നാൽ  ഇസ്‌ലാമിക  ഭീകരസംഘടനകളിലേക്കുള്ള റിക്രൂട്ട്‌മെന്റിന് ആക്കംകൂട്ടുമെന്ന് 49 ശതമാനം പേരും കണക്കുകൂട്ടുന്നു. ട്രംപിന്റെ മുസ്‌ലിംവിരുദ്ധ നടപടികൾ ഇസ്‌ലാമിക ഭീകരവാദപ്രസ്ഥാനങ്ങൾക്ക് കൂടുതൽ കരുത്തുപകരുമെന്ന് കരുതുന്നവരും ധാരാളം. 

അമേരിക്കയുടെ പ്രസിഡന്റായി  ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതാണ് അടുത്ത അഞ്ചുവർഷത്തേക്കുള്ള മധ്യപൂർവമേഖലയുടെ ഭാവിനിർണയിക്കുന്ന പ്രധാനഘടകമായി സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷംപേരും അഭിപ്രായപ്പെട്ടത്. എണ്ണവില കുറയുന്നതായിരുന്നു ഇക്കാലമത്രയും അറബ്, ഗൾഫ് രാജ്യങ്ങളെ അലട്ടിയിരുന്ന പ്രധാനപ്രശ്നം. എന്നാൽ, സർവേയിൽ അതിനെ മറികടന്നാണ് ട്രംപ് കയറിവന്നിരിക്കുന്നത്.  

റഷ്യയോട്‌ കൂടുന്ന അടുപ്പം

ഇവിടെയാണ് റഷ്യയുടെ കടന്നുവരവ് ശ്രദ്ധേയമാകുന്നത്.  സർവേ റിപ്പോർട്ട് അമേരിക്കയുടെ സ്ഥാനത്തേക്ക് റഷ്യയെയാണ് കാണാൻ ആഗ്രഹിക്കുന്നതെന്ന സൂചനനൽകുന്നു. റഷ്യക്ക് അറബ് മേഖലയിലും അറബ് ജനതയിലും കാര്യമായ സ്വാധീനമൊന്നും ഇതുവരെ ഉണ്ടായിരുന്നില്ല. 2016-ലെ സർവേയിൽ റഷ്യൻ അനുകൂലികൾ കേവലം ഒമ്പതു ശതമാനം മാത്രമായിരുന്നു. എന്നാൽ, ഈവർഷം സർവേയിൽ പങ്കെടുത്ത 21 ശതമാനം പേർ റഷ്യയെ അവരുടെ ഏറ്റവും മികച്ച സഖ്യരാഷ്ട്രമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.   

മിക്ക അറബുരാജ്യങ്ങളും സൗദി അറേബ്യയെയും യു.എ.ഇ.യെയുമാണ് അവരുടെ ഏറ്റവും മികച്ച സഖ്യകക്ഷിയായും സുഹൃദ്‌രാജ്യമായും കാണുന്നത്. 2015-ൽ യു.എ.ഇ.യുടെ ശതമാനം 28 ആയിരുന്നെങ്കിൽ ഈ വർഷം അത് 36 ശതമാനമായി ഉയർന്നിട്ടുണ്ട്. സൗദിയുടേത് 31 ശതമാനത്തിൽനിന്ന് 34 ആയുമായാണ് ഉയർന്നത്. എന്നാൽ, ഇക്കാര്യത്തിൽ റഷ്യ നടത്തിയ മുന്നേറ്റമാണ് ശ്രദ്ധേയം. ഒമ്പതു ശതമാനത്തിൽനിന്നാണ് അത് 21 ശതമാനത്തിലേക്ക് എത്തിയത്. അമേരിക്കയുടെ ശതമാനം 25-ൽനിന്ന് 17 ശതമാനത്തിലേക്ക് ഇടിയുകയും ചെയ്തു.

അറബ്‌ പ്രതിസന്ധികളും കേരളവും

അറബ് മേഖല നേരിടുന്ന പ്രതിസന്ധികളെയും യുവത്വം കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്, സർവേയിൽ. 35 ശതമാനം പേരാണ് തൊഴിലില്ലായ്മയും ഇസ്‌ലാമിക തീവ്രവാദപ്രസ്ഥാനങ്ങളുടെ ഉദയത്തെയും അറബ് യുവത്വം നേരിടുന്ന ഏറ്റവും വലിയ പ്രയാസമായി കാണുന്നത്. 34 ശതമാനം പേർ തീവ്രവാദത്തെയും പ്രധാനപ്രതിസന്ധിയായി കാണുന്നു. 27 ശതമാനം പേർ ജീവിതച്ചെലവിലുണ്ടാകുന്ന വർധനയിൽ ആശങ്കപ്പെടുന്നുണ്ട്. 

തൊഴിലില്ലായ്മ സംബന്ധിച്ച അറബ് യുവത്വത്തിന്റെ ആശങ്ക പ്രവാസികളെ സംബന്ധിച്ചും നിർണായകമാണ്. തൊഴിലില്ലായ്മയാണ് പലയിടത്തും അസംതൃപ്തിക്ക് കാരണമാവുന്നതെന്നത്‌ അനുഭവപാഠമാണ്. അതുതന്നെയാണ് മിക്കരാജ്യങ്ങളും സ്വദേശിവത്‌കരണത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നത്. സൗദി അറേബ്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ സ്വദേശികൾക്ക് തൊഴിൽനൽകാനായി പലതരത്തിലുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. ചിലരാജ്യങ്ങൾ ഇതിനായി പ്രത്യേക മന്ത്രാലയംതന്നെ രൂപവത്‌കരിച്ചിട്ടുണ്ട്.

സ്വദേശികൾക്ക് തൊഴിൽ നൽകുക എന്നത് ഓരോ രാജ്യത്തിന്റെയും ഉത്തരവാദിത്വം തന്നെയാണ്. എന്നാൽ, ഓരോ മേഖലയായി ഇത്തരത്തിൽ സ്വദേശിവത്‌കരണം നടപ്പാവുമ്പോൾ പുറന്തള്ളപ്പെടുന്നത് പ്രവാസികളാണ്. ഇത് ആത്യന്തികമായി ഏറ്റവും ദോഷംചെയ്യുന്നത് കേരളത്തിനും ഇന്ത്യക്കും തന്നെയായിരിക്കുമെന്നതും യാഥാർഥ്യമാണ്.