ശിവമോഗയിലെ രാഷ്ട്രീയച്ചൂടിൽനിന്ന് ഹുബ്ബള്ളിയിലെ തിളയ്ക്കുന്ന ഉച്ചവെയിലിലേക്ക് ഹെലികോപ്‌റ്റർ പറന്നിറങ്ങി. ഹുബ്ബള്ളിയിലെ ചെറുവിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ ജാഗ്രതയിൽ ഹെലികോപ്റ്ററിൽ നിന്നിറങ്ങി അടുത്ത വിമാനത്തിലേക്ക് അമിത് ഷാ കയറി. അതാണ് രീതി. ദീർഘസമയയാത്രയ്ക്ക് 14 സീറ്റുള്ള ആധുനിക ചെറുവിമാനവും ഹ്രസ്വയാത്രയ്ക്ക് ഹെലികോപ്‌റ്ററും. ശനിയാഴ്ച ഉച്ചയ്ക്ക് 1.30. പത്തനംതിട്ടയിലെ റാലിയിൽ പങ്കെടുക്കാൻ തിരുവനന്തപുരം വിമാനത്താവളം ലക്ഷ്യമാക്കി അമിത് ഷായുടെ പ്രത്യേക വിമാനം പറക്കാൻ ഒരുങ്ങുകയായി. ശിവമോഗയിലെ റാലിയിൽക്കണ്ട ആൾക്കൂട്ടം നൽകിയ ആവേശം ബി.ജെ.പി.യുടെ അമരക്കാരനായ അമിത് ഷായുടെ മുഖത്ത് വായിച്ചെടുക്കാം. വിമാനത്തിലിരുന്നുതന്നെ ഫോണിൽ വിവിധ സംസ്ഥാനങ്ങളിലെ നേതാക്കൾക്ക് നിർദേശങ്ങൾ പായുന്നു. വിമാനം പറന്നുയരുമ്പോൾ അദ്ദേഹം സംസാരിച്ചുതുടങ്ങി. ഹുബ്ബള്ളിയിൽനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പറന്ന ഒരു മണിക്കൂർ ആകാശദൂരത്തിൽവെച്ച് മാതൃഭൂമിക്ക്‌ അനുവദിച്ച അഭിമുഖത്തിൽ തിരഞ്ഞെടുപ്പും ബി.ജെ.പി.യുടെ സാധ്യതകളും ദേശീയ-സംസ്ഥാന രാഷ്ട്രീയവും അമിത് ഷാ പങ്കുെവച്ചു

? തിരഞ്ഞെടുപ്പ് മൂന്നാംഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. എന്താണ് ബി.ജെ.പി.യുടെ സാധ്യത

കഴിഞ്ഞ കുറെ ദിവസമായി ഞാൻ രാജ്യത്തെ എല്ലാ മണ്ഡലത്തിലും പര്യടനംനടത്തുന്നുണ്ട്. നരേന്ദ്രമോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാനുള്ള ആവേശമാണ്  കാണാൻ കഴിയുന്നത്. 2014-ൽ ലഭിച്ച ഭൂരിപക്ഷത്തെക്കാൾ കൂടുതൽ ഭൂരിപക്ഷത്തിൽ ബി.ജെ.പി. ഇക്കുറി സർക്കാർ രൂപവത്‌കരിക്കും. ദീർഘനാളത്തെ കാത്തിരിപ്പിനുശേഷം രാജ്യത്തെ ജനങ്ങൾക്ക് ശക്തമായ സർക്കാരിനെ നൽകിയത് നരേന്ദ്രമോദിയാണ്. ഈ തോന്നൽ ജനങ്ങൾക്കുണ്ട്. രാജ്യസുരക്ഷയുടെ കാര്യത്തിൽ ഈ സർക്കാരാണ് സുനിശ്ചിതമായ തീരുമാനങ്ങൾ എടുത്തതെന്ന ചിന്ത ജനങ്ങൾക്കുണ്ട്. രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥ ബലപ്പെടുത്തിയതും ലോകംമുഴുവൻ രാജ്യത്തിന്റെ അഭിമാനമുയർത്തിയതും മോദിസർക്കാരാണെന്ന് ജനങ്ങൾ കരുതുന്നു. ഇക്കാരണത്താൽ ഒരു വട്ടംകൂടി നരേന്ദ്രമോദിയെ പ്രധാനമന്ത്രിയാക്കാൻ രാജ്യം ആഗ്രഹിക്കുന്നു.

? 2014-ൽ രാജ്യമാകെ മോദിതരംഗം ദൃശ്യമായിരുന്നു. ബി.ജെ.പി.യുടെ അവകാശവാദം വാസ്തവമായിരുന്നുവെന്ന് തിരഞ്ഞടുപ്പുഫലം തെളിയിച്ചു. ഇത്തവണ അങ്ങനെ മോദിതരംഗമുണ്ടോ

 2014-നെക്കാൾ ശക്തമായ തരംഗം ഇത്തവണയുണ്ട്. രണ്ടും തമ്മിലുള്ള വ്യത്യാസം 2014-ൽ കോൺഗ്രസിനെക്കുറിച്ചും യു.പി.എ. സർക്കാരിനെക്കുറിച്ചും ജനങ്ങൾക്ക് നിരാശയായിരുന്നു. എന്നാൽ, ഇത്തവണ മോദിയെക്കുറിച്ച് ആശയും പ്രതീക്ഷയുമാണ് . ഇതുരണ്ടും ചേർന്ന് വലിയൊരു തരംഗമാണുള്ളത്.

? നോട്ട് പിൻവലിക്കൽ, ജി.എസ്.ടി. തുടങ്ങിയ കേന്ദ്രസർക്കാർനടപടികൾ ജനങ്ങൾക്കിടയിൽ ബി.ജെ.പി.യോട്‌ വിരോധമുണ്ടാക്കിയിട്ടുണ്ടോ

 രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥയുടെ വിഷയമാണത്. സാമ്പത്തികരംഗം നിയന്ത്രണവിധേയമാക്കുന്നതിനും ശുദ്ധീകരിക്കുന്നതിനുമാണ് രണ്ടും നടപ്പാക്കിയത്. ജനങ്ങൾക്കാണ് അതിന്റെ ആനുകൂല്യങ്ങൾ. ജി.എസ്.ടി.യുടെ ആനുകൂല്യങ്ങൾ ജനങ്ങൾക്കും വ്യാപാരികൾക്കും ലഭിക്കുന്നു. അത് തിരഞ്ഞെടുപ്പ് വിഷയമാകുന്നത് ബി.ജെ.പി.ക്ക് അനുകൂലമാകും.

? കാർഷികമേഖല സർക്കാർ നയങ്ങൾക്കെതിരേ പ്രക്ഷോഭരംഗത്താണ്. ഇത് ബി.ജെ.പി.ക്കെതിരായി മാറില്ലേ 

കൃഷി ആരാണ് കൈകാര്യംചെയ്യേണ്ടത്‌? കൃഷി സംസ്ഥാനവിഷയമല്ലേ? സംസ്ഥാന സർക്കാരുകൾ വീഴ്ചവരുത്തിയതിന് കേന്ദ്രത്തെ പഴിക്കുന്നത് എന്തിനാണ്? ഒരു ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനവിഷയങ്ങൾ സംസ്ഥാനസർക്കാരുകളല്ലേ പരിഹരിക്കേണ്ടത്?

? റഫാൽ ഇടപാട്‌ കടുത്ത അഴിമതിയാണെന്ന്‌ കോൺഗ്രസും രാഹുലും ആരോപിക്കുന്നു

സുപ്രീംകോടതി ഇക്കാര്യത്തിൽ നിലപാട്‌ വ്യക്തമാക്കിയതാണ്‌. അതിനാൽ കൂടുതൽ പറയുന്നില്ല. എന്നാൽ, ഒരുകാര്യം പറയുന്നു. റഫാലിൽ ഒരു നിക്ഷിപ്ത താത്‌പര്യവും കാണിച്ചിട്ടില്ല. റഫാൽ ഇടപാടിൽ മുഴുവൻ മാർഗനിർദേശങ്ങളും പാലിച്ചിട്ടുണ്ട്‌. രാഹുൽ ഗാന്ധിക്ക്‌ മറ്റ്‌ മുദ്രാവാക്യങ്ങൾ ഉയർത്താനില്ലാത്തതിനാൽ ഇതുമാത്രം പറഞ്ഞുകൊണ്ടിരിക്കുന്നു.

? ബി.ജെ.പി. ഇത്തവണ ഉയർത്തുന്ന പ്രധാന മുദ്രാവാക്യങ്ങൾ എന്താണ്

വികസനം, പാവങ്ങളുടെ ക്ഷേമം, രാജ്യസുരക്ഷ എന്നിവയാണ് ബി.ജെ.പി. മുന്നോട്ടുവെക്കുന്ന പ്രധാന മുദ്രാവാക്യങ്ങൾ. ഇവ ഉയർത്തിയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മിന്നലാക്രമണവും വ്യോമാക്രമണവുംവഴി രാജ്യത്തിന്റെ സുരക്ഷ സർക്കാർ വർധിപ്പിച്ചു. ഭീകരവാദത്തോട് ഇന്ത്യയ്ക്ക്‌ വിട്ടുവീഴ്ചയില്ലെന്ന് ലോകം മുഴുവൻ സന്ദേശമെത്തിച്ചു. കോൺഗ്രസ് ഭരണകാലത്ത് ഓരോ വർഷവും രാജ്യവളർച്ച പിന്നോട്ടായിരുന്നു.

? 2014-ൽ വികസനത്തിനായിരുന്നു ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പുപ്രചാരണത്തിൽ മുൻതൂക്കം ലഭിച്ചത്. എന്നാൽ, ഇത്തവണ ദേശീയത, ദേശസുരക്ഷ എന്നിവയാണ് കാര്യമായി ഉയർത്തുന്നത്.  

രണ്ടും തമ്മിൽ പരസ്പരവൈരുധ്യമില്ല. മോദിസർക്കാരാണ് വികസനവേഗം കൂട്ടിയത്. കഴിഞ്ഞ യു.പി.എ. സർക്കാർ  വെറും 500 ഗ്രാമങ്ങളെയാണ് ഇന്റർനെറ്റ് ശൃംഖലയിൽ ഉൾപ്പെടുത്തിയതെങ്കിൽ, മോദി സർക്കാർ ഒരു ലക്ഷം ഗ്രാമങ്ങളെ ഉൾപ്പെടുത്തി. ബഹിരാകാശം, സൗരോർജം തുടങ്ങിയ മേഖലകളിലെല്ലാം മോദിസർക്കാർ വൻ കുതിച്ചുകയറ്റം നടത്തി. വികസനം നേരത്തേതന്നെ മുദ്രാവാക്യമായി ഉയർത്തിയിരുന്നു. സുരക്ഷ, ദേശീയത എന്നിവയും മുദ്രാവാക്യമായിരുന്നു. ഇവയിലെല്ലാം ബി.ജെ.പി. സർക്കാർ നന്നായി പ്രവർത്തിച്ചിട്ടുണ്ട്. ഇവ പരസ്പരം ബന്ധപ്പെട്ട വിഷയങ്ങളാണ്.

? പ്രിയങ്കയുടെ രാഷ്ട്രീയപ്രവേശത്തെക്കുറിച്ച് എന്തുപറയുന്നു

 ഇത് പ്രിയങ്കയുടെ പുതിയ രാഷ്ട്രീയ പ്രവേശനമല്ല. ഇക്കാര്യം മനസ്സിലാക്കണം. കഴിഞ്ഞ 12 വർഷമായി പ്രിയങ്ക രാഷ്ട്രീയത്തിലുണ്ട്. എല്ലാ തിരഞ്ഞെടുപ്പിലും രാഷ്ട്രീയപ്രചാരണം നടത്തുന്നുണ്ട്. കോൺഗ്രസ് പ്രതീക്ഷ പുലർത്താറുമുണ്ട്. വാരാണസി, അലഹാബാദ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പ്രിയങ്ക പ്രചാരണം നടത്താറുണ്ട്. അതിനാൽ പുതുതാണെന്ന് പറയുന്നത് ശരിയല്ല.

? തിരഞ്ഞെടുപ്പുകളിൽ ദേശീയതലത്തിൽ ബി.ജെ.പി.ക്ക് കിട്ടുന്ന സീറ്റെണ്ണം താങ്കൾ മുൻകൂട്ടി പ്രവചിക്കാറുണ്ട്. ഇത്തവണ അത്തരത്തിൽ പ്രവചനങ്ങൾ കണ്ടില്ല. എത്ര സീറ്റുകിട്ടും ഇക്കുറി ബി.ജെ.പി.ക്ക് 

തിരഞ്ഞെടുപ്പ് നടക്കുന്നതല്ലേയുള്ളൂ. പൂർത്തിയായിട്ടില്ല. ഒരുകാര്യം ഉറപ്പുപറയാം, എൻ.ഡി.എ.യ്ക്ക് കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷം കൂടും.

? രാഹുൽഗാന്ധി വയനാട്ടിൽ സ്ഥാനാർഥിയായിരിക്കുന്നു. മോദിസർക്കാർ ദക്ഷിണേന്ത്യയെ അവഗണിച്ചെന്നും വടക്ക്‌-തെക്ക് ബന്ധം ഊട്ടിയുറപ്പിക്കാനാണ് താൻ വയനാട്ടിൽ മത്സരിക്കുന്നതെന്നുമാണ് രാഹുലിന്റെ ന്യായീകരണം. ഇതേക്കുറിച്ച് എന്തുപറയുന്നു

 ഒരു കാര്യം എനിക്കറിയാം. അമേഠിയിൽ ഇത്തവണ രാഹുൽ പരാജയപ്പെടും. തെക്ക്, വടക്ക് എന്നൊക്കെപ്പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കണ്ട. അമേഠിയിൽ രാഹുലിന്റെ പരാജയം ഉറപ്പാണ്.

? വയനാടിനെക്കുറിച്ച് താങ്കൾ നടത്തിയ പരാമർശം വിവാദമാണ്. വയനാടിനെ പാകിസ്താനുമായി ചേർത്ത് നടത്തിയ പരാമർശം കോൺഗ്രസ് ആയുധമാക്കിയിട്ടുണ്ട്. എന്താണ് ഇക്കാര്യത്തിൽ നിലപാട്

 ഞാൻ വയനാടിനെക്കുറിച്ച് ഒന്നും ആക്ഷേപകരമായി പറഞ്ഞിട്ടില്ല. ഒരു മോശം പരാമർശവും നടത്തിയിട്ടില്ല. കോൺഗ്രസിന്റെ മനോഭാവത്തെക്കുറിച്ചാണ് പറഞ്ഞത്. തിരഞ്ഞെടുപ്പ് ഏതെങ്കിലും ഒരു മണ്ഡലത്തെമാത്രം കേന്ദ്രീകരിച്ച് നടക്കുന്ന ഒന്നല്ലല്ലോ. രാജ്യം മുഴുവൻ തിരഞ്ഞെടുപ്പ് നടക്കുകയാണ്.

? കേരളത്തിൽ ആരാണ് ബി.ജെ.പി.യുടെ പ്രധാന ശത്രു? കോൺഗ്രസാണോ സി.പി.എമ്മാണോ

 രണ്ടുപേരും ബി.ജെ.പി.യുടെ എതിരാളികളാണ്. രണ്ടുപേരെയും ബി.ജെ.പി. എതിർക്കുന്നുണ്ട്. ശബരിമല സംബന്ധിച്ച സുപ്രീംകോടതിവിധി സി.പി.എം. വളച്ചൊടിക്കുകയാണ്. ശബരിമയിൽ സി.പി.എം. സർക്കാർ ഭക്തരുടെ വികാരങ്ങൾ വ്രണപ്പെടുത്തി. രണ്ടായിരംപേരെ ജയിലിലടച്ചു. മുപ്പതിനായിരം കേസുകളെടുത്തു. ഇക്കാര്യങ്ങൾ കേരളത്തിലെ ജനങ്ങൾ തിരഞ്ഞടുപ്പുകാലത്ത് ചിന്തിക്കും.

? ശബരിമലവിഷയം തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് അനുകൂലമാകുമോ

ആർക്ക് അനുകൂലം ആർക്ക് പ്രതികൂലം എന്നതല്ല വിഷയം. രാജ്യത്തിന്റെ  സംവിധാനവുമായി ബന്ധപ്പെട്ട വിഷയമാണത്. എല്ലാവരെയും തുല്യതയോടെ കാണണം. ഒരു വിധിന്യായം നടപ്പാക്കുന്നു. മറ്റൊന്ന് നടപ്പാക്കുന്നില്ല. അത് ശരിയല്ല.

? ശബരിമലവിഷയത്തിൽ ബി.ജെ.പി.ക്ക് ഇരട്ടത്താപ്പാണെന്ന പൊതുആക്ഷേപം നിലവിലുണ്ട്. കോടതിവിധി വരുന്നതുവരെ യുവതീപ്രവേശനത്തെ അനുകൂലിക്കുക, വിധി വന്നതിനുശേഷം എതിർക്കുക  

 ബി.ജെ.പി.യുടെ നിലപാട് വ്യക്തമാണ്. ഒരു ഇരട്ടത്താപ്പുമില്ല. ബി.ജെ.പി. തുടക്കംമുതൽ ഭക്തരുടെ വിഷയമുന്നയിച്ച് സമരരംഗത്തുണ്ട്. പ്രകടനപത്രികയിലും ശബരിമലവിഷയം പറഞ്ഞിട്ടുണ്ട്.

? കേരളത്തിൽ ബി.ജെ.പി.ക്ക് എത്ര സീറ്റ്‌ കിട്ടും

എൻ.ഡി.എ. കുറഞ്ഞത് അഞ്ചുസീറ്റ്‌ നേടും.  അതിൽ കൂടുതൽ കിട്ടാനും സാധ്യതയുണ്ട്.

? മധ്യപ്രദേശ്, ഛത്തീസ്ഗഢ്‌, രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പുകൾ ബി.ജെ.പി.ക്ക് കനത്ത തിരിച്ചടിയാണ് നൽകിയത്. ഈ സംസ്ഥാനങ്ങളിൽ ലോക്‌സഭാതിരഞ്ഞെടുപ്പിൽ ഈ പരാജയങ്ങൾ പ്രതിഫലിക്കില്ലേ

കോൺഗ്രസ് ജയിച്ചു, ബി.ജെ.പി.തോറ്റു എന്ന തരത്തിലുള്ള വിലയിരുത്തൽ ശരിയല്ല. നേരിയ ശതമാനം വോട്ടുകളുടെ വ്യത്യാസംമാത്രമാണ് മുന്നണികൾ തമ്മിലുള്ളത്. ഞങ്ങളുടെ അടിത്തറയ്ക്ക് ഒരു ക്ഷീണവുമില്ല. മാത്രമല്ല, ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പാണ്. സംസ്ഥാനവിഷയങ്ങളുടെ അടിസ്ഥാനത്തിലല്ല തിരഞ്ഞെടുപ്പ്. രാജ്യത്തെ ആര്‌ നയിക്കണം, ആര് പ്രധാനമന്ത്രിയാകണം എന്നതാണ് ചോദ്യം. പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാൻ പ്രതിപക്ഷത്തിന് ഒരു പേരുപോലുമില്ല എന്നതുകൂടി ഓർക്കണം.

? മാലേഗാവ് സ്ഫോടനത്തിൽ കുറ്റാരോപിതയായ പ്രജ്ഞാസിങ്‌ ഭോപാലിൽ ബി.ജെ.പി. സ്ഥാനാർഥിയാണ്. എന്ത് സന്ദേശമാണ് ഇതിലൂടെ ബി.ജെ.പി. നൽകാൻ ശ്രമിക്കുന്നത് 

ഞങ്ങളുടെ നിലപാട് വളരെ വ്യക്തമാണ്. കോൺഗ്രസ് അവരുടെ വോട്ടുബാങ്ക് രാഷ്ട്രീയത്തിനുവേണ്ടി ഹിന്ദുഭീകരവാദം എന്ന വിഷയം ഉയർത്തുകയായിരുന്നു. ഹിന്ദു ഭീകരവാദം എന്ന വിഷയംതന്നെ കോൺഗ്രസ് ഉണ്ടാക്കിയതാണ്. ലോകം മുഴുവൻ ഹിന്ദുസമൂഹത്തെ കോൺഗ്രസ് ഇതിലൂടെ അപമാനിച്ചു. വലിയ ഭീകരവാദ ആക്രമണങ്ങൾ നടത്തിയവരെ വെറുതേ വിട്ടിട്ട് ഒരു ബന്ധവുമില്ലാത്തവരെ പിടികൂടി. ഇത്തരം വിഷയങ്ങൾ മാധ്യമങ്ങൾ ഇതുവരെ ഉയർത്തിയിട്ടില്ല. അതിനാൽ സത്യം പുറത്തുവരാനാണ് പ്രജ്ഞയെ സ്ഥാനാർഥിയാക്കിയത്. അതിൽ ബി.ജെ.പി.യുടെ നിലപാട് സുവ്യക്തമാണ്.

? കോൺഗ്രസിന്റെ  ന്യായ് പദ്ധതി വോട്ടാകർഷിക്കാൻ സാധ്യതയില്ലേ

ജനാധിപത്യത്തിൽ ഏതുപദ്ധതിയും ആർക്കും പ്രഖ്യാപിക്കാം. എന്നാൽ, പ്രഖ്യാപിക്കുന്നവരുടെ ട്രാക്ക് റെക്കോഡ്‌ ജനം പരിശോധിക്കും. കഴിഞ്ഞ  അഞ്ചുതലമുറയായി കോൺഗ്രസ് ദാരിദ്ര്യനിർമാർജനം പറയുന്നു. എന്നാൽ, ദാരിദ്ര്യനിർമാർജനം യഥാർഥത്തിൽ നടത്തിയത് മോദിയാണ്.

? പുൽവാമ തിരഞ്ഞെടുപ്പിൽ നിർണായക വഴിത്തിരിവുണ്ടാക്കുമോ? 

അങ്ങനെയല്ല. അതും പ്രധാനപ്പെട്ട വിഷയമാണ്‌. നിർണായക വിഷയങ്ങളിൽപ്പെട്ടത്‌.

? 2014-ൽ നിന്ന്‌ വ്യത്യസ്തമായി ഇക്കുറി പ്രതിപക്ഷം സഖ്യം രൂപവത്‌കരിക്കുന്നു. ഇത്‌ വെല്ലുവിളിയാകുമോ 

കർണാടകത്തിലും യു.പി.യിലുമല്ലാതെ മഹാസഖ്യം ഒരിടത്തും വിജയമല്ല. യു.പി.യിൽ കോ ൺഗ്രസ്‌ മഹാസഖ്യത്തിലില്ല. മോദിയെ തോല്പിക്കാനാവില്ലെന്നു കണ്ടപ്പോൾ പ്രതിപക്ഷം നടത്തുന്ന ദുർബല ശ്രമങ്ങൾ മാത്രമാണത്‌. 

? യു.പി.യിലെ എസ്‌.പി.-ബി.എസ്‌.പി. സഖ്യം ബി.ജെ.പി.യുടെ പ്രതീക്ഷകളെ എങ്ങനെ ബാധിക്കും

രണ്ടു നേതാക്കൾ കൈകൊടുത്താൽ വോട്ടർമാർ അവരോടൊപ്പം പോകുമോ? വോട്ടർമാർക്ക്‌ മുതലാളിമാരില്ല. അവർ സ്വന്തം ബോധ്യത്തിലാണ്‌ വോട്ടുചെയ്യുന്നത്‌. യു.പി.യിലെ ജനങ്ങൾ വികസനത്തിന്‌ വോട്ടുചെയ്യും എന്നെനിക്കുറപ്പുണ്ട്‌. 

? വ്യക്തികൾ തമ്മിലുള്ള പോരാട്ടമാണോ ആശയങ്ങൾ തമ്മിലുള്ള യുദ്ധമാണോ തിരഞ്ഞെടുപ്പിൽ അരങ്ങേറുന്നത്‌

ബി.ജെ.പി. ആശയസംഹിതകളുള്ള പാർട്ടിയാണ്‌. രാഷ്ട്രീയത്തിനുള്ളിൽ ആശയങ്ങളുയർത്തുന്ന പാർട്ടിയാണ്‌. നടപ്പാക്കുന്ന വികസനങ്ങൾ നേതൃത്വം നൽകുന്ന വ്യക്തികളിലേക്ക്‌ കേന്ദ്രീകരിക്കുന്നത്‌ സ്വാഭാവികമാണ്‌. വികസനവും ആശയസംഹിതകളും ഇവിടെ മോദിയിൽ കേന്ദ്രീകരിച്ചിരിക്കുന്നു. കഴിഞ്ഞ അഞ്ചു വർഷമായി അഴിമതിയാരോപണങ്ങളില്ല. അവധിപോലുമെടുക്കാതെയാണ്‌ അദ്ദേഹം ജോലി ചെയ്യുന്നത്‌. 

? താങ്കളും ലോക്‌സഭാതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാണ്. എൻ.ഡി.എ. സർക്കാരുണ്ടാക്കിയാൽ മന്ത്രിയാകുമെന്നും മന്ത്രിസഭയിൽ രണ്ടാമനാകുമെന്നുമാണ് ഡൽഹിയിലെ സംസാരം? എത്രമാത്രം വാസ്തവമുണ്ട്

എനിക്ക് മന്ത്രിയാകണമെങ്കിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നില്ല. ഞാൻ ഇപ്പോൾത്തന്നെ പാർലമെന്റ് അംഗമാണ്. രാജ്യസഭാംഗമാണ്. മന്ത്രിയാകാൻ വേണ്ടിയല്ല ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഞാൻ  അഞ്ചുവട്ടം നിയമസഭാംഗമായിരുന്നു. നേരത്തേ സംസ്ഥാനരാഷ്ട്രീയത്തിലായിരുന്നു. ഇപ്പോൾ ദേശീയരാഷ്ട്രീയത്തിൽ. എന്റെ നിയമസഭാംഗമെന്നനിലയിലുള്ള കാലാവധി കഴിഞ്ഞ വേളയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പുസമയമായിരുന്നില്ല. അതിനാൽ രാജ്യസഭാംഗമായി. ഇപ്പോൾ ലോക്‌സഭാ തിരഞ്ഞെടുപ്പിന് സമയമായി. അതിനാൽ ലോക്‌സഭയിലേക്ക് മത്സരിക്കുന്നുവെന്നുമാത്രം.

ശബരിമല കേരളത്തിൽ തിരഞ്ഞെടുപ്പുവിഷയമാണോ

ജനങ്ങൾ ശബരിമലപ്രശ്നം പ്രധാന വിഷയമായി കാണുമെന്നതിൽ സംശയമില്ല. സ്വാഭാവികമായും അത് തിരഞ്ഞെടുപ്പ് വിഷയമാകും. വിഷയം യുക്തമായി ഉന്നയിച്ചവരുടെ പേരിൽ കേസെടുക്കുക, വീണ്ടും വീണ്ടും ജയിലിലടയ്ക്കുക തുടങ്ങിയവയൊക്കെ ജനങ്ങൾ കാണുന്നുണ്ട്. ഇത് തിരഞ്ഞെടുപ്പുവിഷയമാക്കിയതിന് ഉത്തരവാദി സി.പി.എം. സർക്കാരാണ്. എത്രയോ സുപ്രീംകോടതി ഉത്തരവുകൾ വരുന്നു. അതൊന്നും കേരളത്തിൽ നടപ്പാക്കുന്നില്ലല്ലോ. മുഖ്യമന്ത്രി എന്താ ഇക്കാര്യത്തിൽ മിണ്ടാത്തത്? മുസ്‌ലിം വിഭാഗവുമായി ബന്ധപ്പെട്ട കോടതി  ഉത്തരവുകളില്ലേ? എന്താ നടപ്പാക്കാത്തത്? ശബരിമലമാത്രം തിടുക്കപ്പെട്ട് നടപ്പാക്കിയതെന്തിനാ? നിയമം നടപ്പാക്കാനുള്ള ഏജൻസിയാണെങ്കിൽ നിങ്ങൾ എല്ലാം നടപ്പാക്കണം.

content highlights: amit shah interview loksabha election 2019