തിരഞ്ഞെടുപ്പ് പോരാട്ടം, യുദ്ധം എന്നൊക്കെ ആലങ്കാരികമായി പറയാറുണ്ടെങ്കിലും അക്ഷരാർഥത്തിൽ അതുണ്ടാവുന്ന സമയവും ചരിത്രത്തിൽ കാണാം. തിരിച്ചടിയുണ്ടായാലും എതിരാളിയെ വിടാതെ പിന്തുടർന്ന് വീഴ്ത്തിയ ചരിത്രവും തിരഞ്ഞെടുപ്പ് രംഗത്തുണ്ട്. ഗാന്ധികുടുംബത്തിനും അവരുടെ രാഷ്ട്രീയത്തിനും  എത്രത്തോളം പ്രാധാന്യമുണ്ടോ അത്രത്തോളം പ്രാധാന്യമുണ്ട് ആ കുടുംബത്തിന്റെ പ്രാധാന്യമില്ലാതാക്കാനുള്ള ശ്രമങ്ങൾക്കും. ശ്രമം തുടങ്ങിയിട്ട്  കാലങ്ങളായെങ്കിലും അത് വിജയിച്ചത് 2019-ലാണ്. 1999-ൽ സുഷമാസ്വരാജിന് കഴിയാതിരുന്നത്  20 കൊല്ലത്തിനുശേഷം സ്മൃതി ഇറാനിക്ക് കഴിഞ്ഞു -കോൺഗ്രസ് പ്രസിഡന്റായ ഗാന്ധികുടുംബാംഗത്തെ തിരഞ്ഞെടുപ്പിൽ വീഴ്ത്തുക എന്നത്. 
1999-ൽ ബി.ജെ.പി.യിലെ തീപ്പൊരി നേതാവ് സുഷമാ സ്വരാജ് കർണാടകയിലെ ബെല്ലാരിയിലാണ് കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കെതിരേ മത്സരിക്കാനെത്തിയത്. സോണിയാഗാന്ധിയുടെ വിദേശപൗരത്വം ഉൾപ്പെടെയുള്ള കാര്യങ്ങൾ ബി.ജെ.പി. വിഷയമാക്കിയ തിരഞ്ഞെടുപ്പായിരുന്നു അത്‌. സോണിയ വിദേശി മരുമകൾ, താൻ ഇന്ത്യയുടെ മകൾ തുടങ്ങിയ  കടുത്ത പരാമർശങ്ങളുമായി സുഷമയും പോരാട്ടം കടുപ്പിച്ചു. അതുവരെ കോൺഗ്രസ് മാത്രം ജയിച്ച മണ്ഡലമാണ് ബല്ലാരി. എങ്കിലും പോൾ ചെയ്തതിന്റെ 51.7 ശതമാനം വോട്ടുനേടി 56,100 എന്ന ഭൂരിപക്ഷത്തോടെ സോണിയ വിജയിച്ചു. അതേ തിരഞ്ഞെടുപ്പിൽ അമേഠിയിലും മത്സരിച്ച് മൂന്ന് ലക്ഷത്തിലധികം വോട്ടിന് വിജയിച്ച സോണിയ അമേഠി നിലനിർത്തി ബല്ലാരി സീറ്റ് രാജിവെച്ചു. 

‘തലമൊട്ടയടി’ പ്രഖ്യാപനം
തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും 1999-ലെ വാജ്പേയി മന്ത്രിസഭയിൽ സുഷമ മന്ത്രിയായി. 2004-ൽ  യു.പി.എ. അധികാരത്തിൽ വരും മുമ്പ് സോണിയ പ്രധാനമന്ത്രിയായാൽ താൻ തലമൊട്ടയടിക്കും എന്ന് വരെ സുഷമ പ്രഖ്യാപിച്ചിരുന്നു. യു.പി.എ. അധികാരത്തിൽ വന്നെങ്കിലും സോണിയാഗാന്ധി മാറിനിന്നതോടെ മൻമോഹൻ സിങ്ങാണ്‌ പ്രധാനമന്ത്രിയായത്‌. പക്ഷേ, മോദിസർക്കാരിൽ സുഷമ വിവാദങ്ങൾക്കൊന്നുമില്ലാതെ ഏറ്റവും പക്വതയും പ്രവർത്തനമികവുമുള്ള മന്ത്രിയായി. 

2004-ൽ സോണിയ റായ്‌ബറേലി മണ്ഡലത്തിലേക്ക് മാറിയപ്പോൾ പകരം രാഹുൽ വന്നു, 2,90,853 വോട്ടിന് വിജയിച്ചു. 2009-ൽ 3,70,198 വോട്ടിനും വിജയിച്ചു.  2014-ൽ കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായിരുന്ന രാഹുൽ ഗാന്ധിക്കെതിരേ ബി.ജെ.പി. സ്മൃതി ഇറാനിയെ രംഗത്തിറക്കി. സംഘപരിവാറിെന്റ എല്ലാ ശക്തിയും ഉപയോഗിച്ച് സ്മൃതി പോരാടിയെങ്കിലും 1,07,903 വോട്ടിന് രാഹുൽ വിജയിച്ചു. തോറ്റെങ്കിലും സ്മൃതി ഇറാനിയും മോദിസർക്കാരിൽ മന്ത്രിയായി. വിദ്യാഭ്യാസയോഗ്യത, ചലചിത്ര അവാർഡ് വിവാദം തുടങ്ങി പലതും സ്മൃതിയെച്ചുറ്റിപ്പറ്റി വന്നു. രണ്ട് തവണ വകുപ്പും മാറി. പക്ഷേ, ഇതിനിടയിലും അവർ ഒരു കാര്യം വിടാതെ പിന്തുടർന്നു. താൻ തോറ്റ അമേഠിയിൽ സ്മൃതി പതിവായെത്തി. ഒരു എം.പി.യെപ്പോലെ പ്രവർത്തിച്ചു. രാഹുലിനെതിരേ നിരന്തരം വിമർശനവും ഉന്നയിച്ചിരുന്നു അവർ. 

ഗ്രാമങ്ങളിലിറങ്ങിയ സ്മൃതി
മന്ത്രിപദവും ബി.ജെ.പി.യിലെ സ്വാധീനവും കൊണ്ട് സ്മൃതി അമേഠിയിൽ സ്വാധീനം ഉറപ്പിക്കുകയായിരുന്നു. മണ്ഡലത്തിൽ ഇടയ്ക്കിടെ വന്നെങ്കിലും രാഹുൽ നഗരത്തിലൊതുങ്ങി. ഗ്രാമങ്ങളിലേക്കിറങ്ങിയായിരുന്നു സ്മൃതിയുടെ പ്രവർത്തനം. അതിന് ഫലവും കണ്ടു. 2019-ൽ കോൺഗ്രസ് അധ്യക്ഷനെ പരാജയപ്പെടുത്തി. 55,120 വോട്ടിന്റെ ഭൂരിപക്ഷത്തിന്. ചെറിയച്ഛൻ സഞ്ജയ്ഗാന്ധിയും അച്ഛൻ രാജീവ്ഗാന്ധിയും അമ്മ സോണിയാഗാന്ധിയും വിജയിച്ച മണ്ഡലത്തിൽ ഒടുവിൽ രാഹുൽഗാന്ധി തോറ്റു. സഹോദരി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രചാരണത്തിന് നേതൃത്വം നൽകിയെങ്കിലും ഗുണം ചെയ്തില്ല
2017-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അമേഠിക്ക് കീഴിലെ ഒരു മണ്ഡലവും കോൺഗ്രസിന് കിട്ടിയിരുന്നില്ല. ബി.ജെ.പി. നാലും എസ്.പി. ഒരു സീറ്റും നേടി. 2012-ലെ നിയമസഭയിൽ അമേഠിക്ക് കീഴിൽ ജഗ്‌ദീശ്പുർ മാത്രം കോൺഗ്രസിന് കിട്ടിയിരുന്നു. പക്ഷേ, 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അമേഠി രാഹുലിനൊപ്പം നിന്നു. ഇത്തവണ എസ്.പി.യും ബി.എസ്.പി.യും അമേഠിയിൽ സ്ഥാനാർഥിയെ നിർത്താതെ രാഹുലിനെ പിന്തുണച്ചിരുന്നു. പക്ഷേ, അപകടം നേരത്തേ മണത്തിരുന്ന കോൺഗ്രസ് രാഹുലിനെ വയനാട്ടിലും മത്സരിപ്പിക്കുകയായിരുന്നു.

Content Highlights: Amethi, smrithi irani