ഈദി അമീൻ എന്ന കിരാതഭരണാധികാരി യുഗാൺഡയിൽനിന്ന്‌ തലമുറകളായി അവിടെ വസിച്ചിരുന്ന ഇന്ത്യൻ വംശജരെ രായ്ക്കുരാമാനം പുറത്താക്കി. അഭയാർഥികളായി ഇവരൊക്കെ ബ്രിട്ടനിലും അമേരിക്കയിലുമെത്തി. ബിസിനസ് തന്ത്രങ്ങൾ പാരമ്പര്യമായി ലഭിച്ചിരുന്ന ഇക്കൂട്ടർ എത്തിയയിടത്തൊക്കെ വ്യാപാരത്തിൽത്തന്നെ ഏർപ്പെട്ട് കഠിനാധ്വാനംചെയ്ത് ലക്ഷപ്രഭുക്കളോ കോടീശ്വരന്മാരോ ആയി. അമേരിക്കയിലെ ഉൾനാടൻപ്രദേശത്തുള്ള മിക്കഹോട്ടലുകളും ഇവരുടെ ഉടമസ്ഥതയിലായി. അക്കാലത്ത് ഒരു അമേരിക്കൻ ടാബ്ലോയിഡ് വെണ്ടയ്ക്കനിരത്തിയത് ഓർക്കുന്നു - ‘Where there is a motel there is a Patel’.

ഭാരതീയ വ്യാപാര-വ്യവസായ സമൂഹത്തെ നാടുകടത്തിയത് യുഗാൺഡയിലെ  മണ്ണിന്റെ മക്കൾക്ക് അവസരം നൽകാനായിരുന്നു. അവർക്ക് അവസരം ലഭിച്ചു, പക്ഷേ, എന്തുചെയ്യണമെന്നറിയില്ലായിരുന്നു. നാടിന്റെ സാമ്പത്തികാവസ്ഥ ശോചനീയമായി. ഈദി അമീൻ പുറത്താക്കപ്പെട്ടു. തുടർന്നുവന്ന ഭരണകൂടം ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചു, ആരും വന്നില്ല, അവരൊക്കെ വീണിടം വിഷ്ണുലോകമാക്കിയിരുന്നു. ഇതൊക്കെ നടന്ന് അരനൂറ്റാണ്ടുകഴിഞ്ഞിട്ടും യുഗാൺഡൻ ഇക്കണോമി ഇന്നും മുടന്തുകയാണ്.

പതിനെട്ടുനൂറ്റാണ്ടോളം ലോകത്തിലെ ഏറ്റവും വലിയ ധനികരാഷ്ട്രം ചൈനയായിരുന്നു. രണ്ടുനൂറ്റാണ്ടുകളുടെ ഇടവേളയ്ക്കുശേഷം ആ പൗരസ്ത്യരാഷ്ട്രം നഷ്ടപ്പെട്ട പദവി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണിപ്പോൾ. അതിനുവേണ്ടി തനതായ മാനവശേഷിമാത്രമാണ് ചൈന ഉപയോഗിക്കുന്നത്. ജപ്പാന്റെയും ഇന്ത്യയുടെയും അവസ്ഥയും ഇക്കാര്യത്തിൽ വ്യത്യസ്തമല്ല. എന്നാൽ, ഇന്നും ഒന്നാം ലോക സാമ്പത്തികശക്തിയായി വിരാജിക്കുന്ന അമേരിക്കൻ ഐക്യനാടുകൾ കുടിയേറ്റവഴികൾ മലർക്കെത്തുറന്നാണ് ആ പദവിയിലെത്തിയത്. ആ നാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായ നൈൻ ഇലവൻ ഭീകരാക്രമണം നടന്നകാലത്തും ഇമിഗ്രേഷൻ വാതിലുകൾ കൊട്ടിയടയ്ക്കപ്പെട്ടിരുന്നില്ല. കാരണം ജനസംഖ്യാവർധന അവിടെ കുടിയേറ്റത്തിലൂടെ മാത്രമേ സാധ്യമാകുന്നുള്ളൂ. എന്നാൽ, ഇമിഗ്രേഷൻ നിയമങ്ങൾ കർക്കശമായി പാലിക്കാതിരുന്നത് അവിടെയൊരു പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. 

വിദേശികൾവന്ന് നാട് കുട്ടിച്ചോറാക്കുന്നു എന്ന വ്യാജപ്രചാരണം തിരഞ്ഞെടുപ്പിൽ ഫലംകണ്ടതോടെ അതിലൂടെ പ്രസിഡന്റായ ഡൊണാൾഡ് ട്രംപ് ഇമിഗ്രേഷൻ നിയമങ്ങൾ കർക്കശമാക്കാനുള്ള ശ്രമത്തിലാണിപ്പോൾ. ആദ്യപടിയായി എച്ച്.വൺ വിസ നൽകുന്നകാര്യത്തിൽ പുനർവിചിന്തനം ഉണ്ടാകുമെന്ന് അറിവായിരിക്കുന്നു. ഗ്രീൻ കാർഡ് എന്നറിയപ്പെടുന്ന സ്ഥിരതാമസത്തിനുള്ള വിസയടക്കം അമ്പതോളം വിഭാഗങ്ങളിലെ വിസകൾ നൽകുന്നത് ഇപ്പോഴും തടയപ്പെട്ടിട്ടില്ല. സമഗ്രമായൊരു ഇമിഗ്രേഷൻ നിയമപരിഷ്കരണത്തിലൂടെ മാത്രമേ വിസകൾ നൽകുന്നകാര്യത്തിൽ മാറ്റമുണ്ടാവുകയുള്ളൂ.

കഴിഞ്ഞ അരനൂറ്റാണ്ടായി മാറിമാറിവന്ന സർക്കാരുകൾ ഇമിഗ്രേഷൻ നിയമം പൊളിച്ചെഴുതാൻ കിണഞ്ഞുശ്രമിച്ചിട്ടും സെനറ്റിലും കോൺഗ്രസിലും അഭിപ്രായസമന്വയം ഉരുത്തിരിയാത്തതിനാൽ ഒന്നും നടന്നില്ല. ഐ.ടി. തുടങ്ങിയ മേഖലകളിൽ അവശ്യംവേണ്ടുന്ന സങ്കീർണ സാങ്കേതിക ജോലിനിർവഹണത്തിനായി വിദേശികളെ താത്‌കാലികമായി എത്തിക്കാനുള്ള ഏർപ്പാടാണ് എച്ച്.വൺ വിസ. അമേരിക്കയിൽ ഈ പണി ചെയ്യാനുള്ള ആൾക്ഷാമം രൂക്ഷമൊന്നുമല്ല. ഇന്ത്യപോലുള്ള വിദേശരാജ്യങ്ങളിൽനിന്ന്‌ ഇറക്കുമതിചെയ്യുന്നവർക്ക് അടിമവേതനം നൽകിയാൽ മതിയാകും എന്നതാണ് ആകർഷണം. ഈ പ്രവണതയ്ക്ക് തടയിടാൻ പ്രസിഡന്റ് ട്രംപ് മുതിരുന്നത് എങ്ങനെ അധാർമികമാകും? 

ഏതായാലും ഇന്ത്യയിൽ ഇതൊരു നീറുന്നപ്രശ്നമായി ഐ.ടി. മുതലാളിവർഗം വിലയിരുത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനതിവിദൂരത്തിലല്ലാത്ത അമേരിക്കൻ യാത്രയിലും ഒരു മുഖ്യ അജൻഡ എച്ച്.വൺ വിസകൾ ഭാരതീയ ഐ.ടി. തൊഴിലാളികൾക്ക് നിർലോപം നേടിയെടുക്കുകയെന്നതാണ്. ഇന്ത്യൻ ഐ.ടി. മൾട്ടി നാഷണലുകളുടെ റവന്യൂ മോഡലിന്റെ പ്രധാനഘടകം ജീവനക്കാരെ കയറ്റിയയച്ച് വിദേശനാണ്യം നേടുക എന്നതായിരിക്കുന്നു. ഈ നയം അന്തിമവിശകലനത്തിൽ പ്രതിലോമമാണ്. വേണ്ടത് ഐ.ടി. പ്രോഡക്ടുകളുടെ കയറ്റുമതിയാണ്. അതുസാധ്യമാക്കാൻ ഐ.ടി. പ്രൊഫഷണലുകൾ ഇന്ത്യയിൽ തങ്ങി ജോലിയെടുക്കുകയാണ് വേണ്ടത്. 

ഐ.ടി. മേഖലയുടെ ബീജാവാപം ഇന്ത്യയിൽ നടന്ന കാലത്ത് എല്ലാം ഐ.ബി.എം. മയമായിരുന്നു. ഐ.എസ്.ആർ.ഒ. തുടങ്ങി നൂറിൽപ്പരം ഇടങ്ങളിൽ ഐ.ബി.എം. മെയിൻ ഫ്രെയിം സ്ഥാപിക്കപ്പെട്ടു. ഈ ഭീമൻ കമ്പനിയുടെ നയങ്ങളിൽ വിയോജിപ്പു പ്രകടിപ്പിച്ച വകുപ്പുമന്ത്രിയെ പാഠംപഠിപ്പിക്കാൻ ഐ.ബി.എം. രായ്ക്കുരാമാനം കൂടുംകുടുക്കയുമായി സ്ഥലംവിട്ടു. അവർ സ്ഥാപിച്ച കംപ്യൂട്ടറുകൾ മെയിന്റനൻസിന്റെ അഭാവത്തിൽ പ്രവർത്തനരഹിതമാകുമെന്നായിരുന്നു കണക്കുകൂട്ടൽ.

ഈ പ്രതിസന്ധി തരണംചെയ്യാൻ ഇന്ത്യാഗവൺമെന്റ് തട്ടിക്കൂട്ടിയ കംപ്യൂട്ടർ മെയിന്റനൻസ് കോർപ്പറേഷൻ ശ്ലാഘനീയമായ പ്രവർത്തനം കാഴ്ചവെച്ചു എന്നുമാത്രമല്ല ഇന്ത്യയുടെ തനതായ കംപ്യൂട്ടർ വിപ്ലവത്തിന് തിരികൊളുത്തുകയും ചെയ്തു. യൂണിക്സ് ഓപ്പറേറ്റിങ്‌ സിസ്റ്റത്തിന് ഐ.ബി.എമ്മിന് ബദലായി ആഗോളപ്രചാരണം ലഭിച്ചതിൽ ഇന്ത്യയുടെ പങ്ക് വളരെവലുതാണ്. ഇന്ത്യൻ ഐ.ടി. പ്രൊഫഷണലുകളെ നിർബന്ധിതമായി മെയ്‌ക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി പ്രവർത്തിപ്പിച്ചാൽ ആപ്പിളിനുപകരം മാങ്ങയോ പേരയ്ക്കയോ ഒക്കെ ഇവിടെ ഉദയംചെയ്യും. ആമസോണിനെവെല്ലാൻ ചൈനയ്ക്ക് ആലിബാബ ഉണ്ടാക്കാമെങ്കിൽ സോഫ്‌റ്റ്‌വെയർ മേഖല ചൈനയേക്കാൾ മുന്നിലാണെന്ന് ചൈനതന്നെ സമ്മതിച്ചിരിക്കുന്ന ഇവിടെ അദ്‌ഭുതങ്ങൾ സംഭവിച്ചുകൂടെന്നില്ല. 

ഐ.എസ്.ആർ.ഒ.യ്ക്ക് നൂറിൽപ്പരം ഉപഗ്രഹങ്ങളെ ഒറ്റയേറിൽ ഭ്രമണപഥത്തിലെത്തിക്കാനൊത്തത് അമേരിക്കയുടെ രണ്ടുദശകങ്ങളോളംനീണ്ട ബഹിരാകാശസാമഗ്രികൾ നൽകാനുള്ള ഉപരോധം ഉർവശീശാപം ഉപകാരമായതുകൊണ്ടാണ്. അമേരിക്കയിലേക്കുള്ള എച്ച്.വൺ പ്രവാഹം നിർത്തലായാൽ ദരിദ്രമാകാൻപോകുന്നത് സിലിക്കൺ വാലിയാണ്. കാലക്രമേണ സിലിക്കൺ വാലികൾ ഇന്ത്യൻ മണ്ണിൽ ഉരുത്തിരിയും. മോദിഭരണകൂടം ഇതു മനസ്സിലാക്കാതെപോകുന്നതിന്റെ പൊരുൾ പിടികിട്ടുന്നില്ല.