ജനപ്രതിനിധിയെ മാറ്റിനിർത്തി ഐ.എ.എസുകാർക്ക് അധികാരമെല്ലാം കൈമാറുന്നത് ഏതുതരത്തിൽ നോക്കിയാലും ശരിയായ ഏർപ്പാടല്ല. വികലമാണത്, അശാസ്ത്രീയവും
മുഖ്യമന്ത്രിക്കും ചീഫ്‌സെക്രട്ടറിക്കും ഏതുവകുപ്പിലെയും ഫയലുകൾ, വലിയ രഹസ്യസ്വഭാവമുള്ളതുൾപ്പെടെ, വിളിച്ചുവരുത്തി പരിശോധിക്കാനുള്ള അധികാരമുണ്ട്. റൂൾസ് ഓഫ് ബിസിനസ്, സെക്രട്ടേറിയറ്റ് മാന്വൽ എന്നിവപ്രകാരം വർഷങ്ങളായുള്ള അധികാരമാണത്. അതിൽ ഒരു പുതുമയുമില്ല. എന്നാൽ, സെക്രട്ടറിമാരിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നതും മന്ത്രിമാർ രണ്ടാമതാവുകയുംചെയ്യുന്ന സാഹചര്യം ആശാസ്യമല്ല. അപകടംപിടിച്ചതാണത്. ജനാധിപത്യസംവിധാനത്തിന് ഒട്ടും ചേർന്നതുമല്ല.
ഉദ്യോഗസ്ഥരിലേക്ക് അല്ലെങ്കിൽ സെക്രട്ടറിമാരിലേക്ക് അധികാരമെല്ലാം എത്തുന്ന സംവിധാനത്തിൽ ദുരുപയോഗമാണ് വലിയ അപകടം. ജനപ്രതിനിധികളായ മന്ത്രിമാരെ മാറ്റിനിർത്തി മുഖ്യമന്ത്രിയിലും സെക്രട്ടറിമാരിലുമായി അധികാരം ചുരുക്കുന്നു എന്നത് വിശ്വസിക്കാനാവുന്നില്ല. മന്ത്രിമാർ ഉദ്യോഗസ്ഥരെക്കാൾ താഴെയാകുന്നത് ജനാധിപത്യക്രമത്തിന് ചേർന്നതല്ല. ഉത്തരവാദിത്വം മുഴുവനും മന്ത്രിക്ക്, അധികാരമെല്ലാം ഉദ്യോഗസ്ഥന് എന്ന സ്ഥിതി വന്നുചേരും.
ഏതെങ്കിലും വകുപ്പിൽ അഴിമതിനടന്നുവെന്നിരിക്കട്ടെ, അതിന്റെ ഉത്തരവാദിത്വം മന്ത്രിക്കല്ലേ? ചോദ്യങ്ങൾക്ക് മറുപടിപറയേണ്ടതും മന്ത്രിയല്ലേ? ഉദ്യോഗസ്ഥർ, അല്ലെങ്കിൽ വകുപ്പുസെക്രട്ടറിയല്ലല്ലോ? ഉദ്യോഗസ്ഥർ കാട്ടിക്കൂട്ടുന്നതിന്റെ ഉത്തരവാദിത്വം ഒന്നുമറിയാതിരുന്ന മന്ത്രിക്കുമേൽ വരുന്നതിനെ ന്യായീകരിക്കാനാവില്ല. മന്ത്രിമാർക്ക് വലിയ ഉത്തരവാദിത്വങ്ങളുണ്ട്. ജനങ്ങളോട്, കാബിനറ്റിനോട്, നിയമസഭയോട്, സഭാസമിതികളോട്, പാർലമെന്ററി പാർട്ടിയോടൊക്കെ അവർ ഉത്തരം പറയണം. സെക്രട്ടറിമാർക്ക്, മുകളിൽ ആകാശം, താഴെ ഭൂമി -അത്രമാത്രം. ജനങ്ങൾ തിരഞ്ഞെടുത്തുവിട്ട മന്ത്രിക്ക് അങ്ങനെയല്ലല്ലോ.
എക്സിക്യുട്ടീവ് അധികാരംമാത്രമേ ഉദ്യോഗസ്ഥർക്കുള്ളൂ. കേരളസർക്കാരിന്റെ ചീഫ് എക്സിക്യുട്ടീവ് ചീഫ്‌സെക്രട്ടറിയാണ്; സെക്രട്ടറിമാർ വകുപ്പുകളുടെയും. ഭരണഘടനാപരമായും നിയമപരമായും മന്ത്രിയെ ഉദ്യോഗസ്ഥർക്കുതാഴെയാക്കാനാവില്ല.
ഏതെങ്കിലും സാഹചര്യത്തിൽ അവധിയിൽ പോവുകയോ മാറ്റിനിർത്തുകയോ ചെയ്യുന്ന മന്ത്രിയുടെ വകുപ്പുകൾ മുഖ്യമന്ത്രിക്ക് ഏറ്റെടുക്കാം. ഉദാഹരണത്തിന് ആരോഗ്യമന്ത്രി കെ.പി. രാമചന്ദ്രൻ നായരെ പ്രത്യേക സാഹചര്യത്തിൽ മാറ്റിനിർത്തിയപ്പോൾ മുഖ്യമന്ത്രി കെ. കരുണാകരനായിരുന്നു മന്ത്രി കൈകാര്യംചെയ്തിരുന്ന വകുപ്പുകളുടെ ചുമതല. ബ്രിട്ടീഷ് പാർലമെന്റിന്റെ സിസ്റ്റമാണ് നമ്മൾ സ്വീകരിച്ചിരിക്കുന്നത്. തുല്യരിൽ ഒന്നാമനാണ് മുഖ്യമന്ത്രി എന്നോർക്കണം. മന്ത്രിയും സെക്രട്ടറിയും തമ്മിലുള്ള ബന്ധം, പദവിയിലെ വ്യത്യാസം എന്നിവ ബ്രിട്ടനിലേതുപോലെ പകർത്തിയിരിക്കയാണ് നമ്മൾ. ജനപ്രതിനിധിയെ മാറ്റിനിർത്തി ഐ.എ.എസുകാർക്ക് അധികാരമെല്ലാം കൈമാറുന്നത് ഏതുതരത്തിൽ നോക്കിയാലും ശരിയായ ഏർപ്പാടല്ല. വികലമാണത്, അശാസ്ത്രീയവും. (മുൻ ചീഫ്സെക്രട്ടറിയാണ് ലേഖകൻ)