രണഘടനയുടെ 166-ാം വകുപ്പിന്റെ മൂന്നാം ഉപവകുപ്പനുസരിച്ച് ഒരു സംസ്ഥാനത്തിന്റെ ഭരണം സൗകര്യപ്രദമായ രീതിയില്‍ നടത്തുന്നതിനുവേണ്ടി ചട്ടങ്ങളുണ്ടാക്കാന്‍ ഗവര്‍ണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഗവര്‍ണര്‍ക്ക് ഈ ചട്ടങ്ങളൊന്നും സ്വന്തമായും സ്വതന്ത്രമായും ഉണ്ടാക്കാനുള്ള അധികാരമില്ല. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമാണ് അദ്ദേഹം അതുചെയ്യുന്നത്. ഈ ചട്ടങ്ങള്‍ ട്രാന്‍സാക്ഷന്‍ ഓഫ് ബിസിനസ് റൂള്‍സ് എന്നാണ് അറിയപ്പെടുന്നത്. കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും ഭരണനടത്തിപ്പിനുവേണ്ടി ഈ ചട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഈ ചട്ടങ്ങളും അതുപോലെത്തന്നെ അലോക്കേഷന്‍ ഓഫ് ബിസിനസ് റൂള്‍സ് എന്നീ ചട്ടങ്ങളും ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വ്യവസ്ഥാപിതമായ രീതിയില്‍ മുമ്പോട്ടു കൊണ്ടുപോകാനുദ്ദേശിച്ചിട്ടുള്ളവയാണ്. ഈ ചട്ടങ്ങളനുസരിച്ച് ഓരോ വകുപ്പിന്റെ കീഴില്‍ ഏതെല്ലാം ഡിപ്പാര്‍ട്ടുമെന്റുകള്‍ ഉണ്ടെന്നും അവയുടെ പ്രവര്‍ത്തനപരിധി എന്താണെന്നുമൊക്കെ പ്രതിപാദിച്ചിട്ടുണ്ട്. ബിസിനസ് റൂളുകള്‍ അനുസരിച്ച് ഡിപ്പാര്‍ട്ടുമെന്റിന്റെ ഭരണത്തലവനായ (അറാശിശേെൃമശേ്‌ല ഒലമറ) സെക്രട്ടറിയുടെ അധികാരങ്ങള്‍ ചുമതലകള്‍ എന്തൊക്കെയാണെന്നും വകുപ്പുമന്ത്രിയുടെ അധികാരങ്ങള്‍ എന്തൊക്കെയെന്നും മറ്റുമുള്ള അനേകം കാര്യങ്ങള്‍ വിശദമായി പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്.

ബിസിനസ് ചട്ടങ്ങളിലെ ഭേദഗതികള്‍

കേരളത്തില്‍ ഏകദേശം ഒരുദശാബ്ദത്തിനുശേഷമാണ് ബിസിനസ് റൂളുകളില്‍ ഭേദഗതികളിലൂടെ പരീക്ഷണം കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. സെക്രട്ടറിമാരുടെ സമിതിയുടെ ശുപാര്‍ശകള്‍ ഇപ്പോള്‍ മന്ത്രിസഭയുടെ ഉപസമിതിക്കുമുമ്പിലാണുള്ളത് എന്ന് വാര്‍ത്തകളുണ്ട്. എന്തൊക്കെ മാറ്റങ്ങളാണ് കൊണ്ടുവരുന്നത് എന്ന് വ്യക്തമായി അറിയാന്‍ കഴിഞ്ഞിട്ടില്ല.

1961-ല്‍ ഇന്ത്യന്‍ പ്രസിഡന്റ് പുറപ്പെടുവിച്ച ട്രാന്‍സാക്ഷന്‍ ഓഫ് ബിസിനസ് റൂള്‍സ് എന്ന ചട്ടസംഹിതയാണ് കേന്ദ്രഭരണ നടപടികളുടെ അടിസ്ഥാനം. ഏതാണ്ടീ ചട്ടസംഹിതയുടെ മാതൃകയിലാണ് സംസ്ഥാനങ്ങള്‍ തങ്ങളുടെ ഭരണനിര്‍വഹണ ചട്ടങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പ്രാമുഖ്യമുള്ള കാബിനറ്റ് വ്യവസ്ഥയിലുള്ള സര്‍ക്കാരാണ് നമുക്കുള്ളത്. മന്ത്രിമാരെ നിശ്ചയിക്കുന്നത് പ്രധാനമന്ത്രിയുടെയോ, മുഖ്യമന്ത്രിയുടെയോ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ്. ഭരണ നിര്‍വഹണത്തിനുള്ള ചട്ടങ്ങള്‍ സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയുടെ ഉപദേശമനുസരിച്ചാണ് ഗവര്‍ണര്‍ പുറപ്പെടുവിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ചട്ടങ്ങളില്‍ വേണ്ടമാറ്റം വരുത്താനുള്ള അധികാരമുണ്ട്. ഭരണഘടനയില്‍ ചട്ടങ്ങളെക്കുറിച്ചുള്ള ഒരു വിശദീകരണവുമില്ല. സുഗമമായ, സൗകര്യപ്രദമായരീതിയില്‍ ഭരണം നടത്തുന്നതിന് ആവശ്യമായ ചട്ടങ്ങള്‍ ഉണ്ടാക്കാമെന്നുമാത്രമേ പറയുന്നുള്ളൂ. അങ്ങനെ സംസ്ഥാനങ്ങള്‍ക്ക് ചട്ടങ്ങള്‍ ഉണ്ടാക്കാനുള്ള പൂര്‍ണമായ സ്വാതന്ത്ര്യമുണ്ട്. പലപ്പോഴും വിശദമായ പഠനങ്ങള്‍ക്കുശേഷമായിരിക്കും ചട്ടങ്ങളില്‍ കാര്യമായ ഭേദഗതികള്‍ കൊണ്ടുവരുക.

മന്ത്രി അറിയേണ്ടതുണ്ട്

മാതൃഭൂമിയില്‍ വന്ന വാര്‍ത്തയില്‍നിന്ന് മനസ്സിലാകുന്നത് മുഖ്യമന്ത്രി ഫയല്‍ ആവശ്യപ്പെട്ടാല്‍ സെക്രട്ടറി മന്ത്രിയെപ്പോലും കാണിക്കാതെ അതുനേരിട്ട് മുഖ്യമന്ത്രിക്ക് അയച്ചുകൊടുക്കണമെന്നുള്ള വ്യവസ്ഥയുണ്ട് എന്നാണ്. സാധാരണ ഒരു വകുപ്പില്‍നിന്നും ഫയല്‍ മുഖ്യമന്ത്രിക്കുപോകുന്നത് വകുപ്പുമന്ത്രിവഴിയാണ്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമെല്ലാം ആ നടപടിക്രമമാണ് പാലിക്കപ്പെടുന്നത്. ബന്ധപ്പെട്ട മന്ത്രിക്കാണ് ഒരു വകുപ്പിന്റെ ചുമതല. അതുകൊണ്ട് മുഖ്യമന്ത്രിക്ക് ഒരുഫയല്‍ പോകുമ്പോള്‍ ആ മന്ത്രി അതറിഞ്ഞിരിക്കണം. മന്ത്രി അറിയേണ്ട അവശ്യമില്ല എന്നുള്ള സ്ഥിതി ഒരു കാബിനറ്റിന്റെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിക്കും. അതുപോലെ ഉദ്യോഗസ്ഥരും മന്ത്രിമാരും തമ്മിലുള്ള ബന്ധത്തെയും അത് ബാധിക്കുന്നതാണ്.

സെക്രട്ടറിയുടെ ചുമതല

പക്ഷേ, ഇതിനു മറ്റൊരുവശം കൂടിയുണ്ട്. ഏതെങ്കിലുമൊരു മന്ത്രി തെറ്റായ, നിയമാനുസൃതമല്ലാത്ത ഒരു തീരുമാനമെടുത്താല്‍ സെക്രട്ടറി എങ്ങനെയാണ് മുഖ്യമന്ത്രിയെ അറിയിക്കുന്നത്? ഭരണഘടനയ്ക്കും നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി മാത്രം പ്രവര്‍ത്തിക്കാന്‍ സെക്രട്ടറി ബാധ്യസ്ഥനാണ്. അതുകൊണ്ട് മന്ത്രിയുടെ നിയമാനുസൃതമല്ലാത്ത തീരുമാനമടങ്ങുന്ന ഫയല്‍ മുഖ്യമന്ത്രിയുടെ പക്കല്‍ എത്തിക്കുക എന്നുള്ളത് സെക്രട്ടറിയുടെ ബാധ്യതയാണ്. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ സെക്രട്ടറി നേരിട്ട് മുഖ്യമന്ത്രിക്ക് ഫയല്‍ അയ്ക്കുകയേ നിവൃത്തിയുള്ളൂ. വര്‍ഷങ്ങള്‍ക്കുമുമ്പ് എന്റെ സുഹൃത്തുകൂടിയായ മുന്‍ ഡിഫന്‍സ് സെക്രട്ടറി േഡാക്ടര്‍ യോഗേന്ദ്ര നാരായണ്‍ ഒരു പേപ്പര്‍ സര്‍ക്കുലേറ്റു ചെയ്യുകയുണ്ടായി. അതായത് മേല്‍പ്പറഞ്ഞ സാഹചര്യങ്ങളില്‍ നേരിട്ട് ഫയല്‍ പ്രധാനമന്ത്രിക്കയക്കാന്‍ സെക്രട്ടറിമാര്‍ക്ക് അധികാരം നല്‍കണമെന്നും അതിനായി ബിസിനസ് റൂളുകളില്‍ വേണ്ടമാറ്റം വരുത്തണമെന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ പേപ്പറിന്റെ ഉള്ളടക്കം. പക്ഷേ, അതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഒരു തീരുമാനവും എടുത്തില്ല.

ധനകാര്യവകുപ്പിനെ ഒഴിവാക്കരുത്

വാര്‍ത്തകളില്‍നിന്നും മനസ്സിലാകുന്നത് എല്ലാകാര്യങ്ങളും ധനകാര്യവകുപ്പിന്റെ പരിശോധനയ്ക്ക് വിടാതെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സെക്രട്ടറിമാര്‍ക്ക് നല്‍കുന്ന ഭേദഗതി ഇതിലുണ്ട് എന്നാണ്. അത് സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ഒരു കാര്യമാണ്. ധനകാര്യമന്ത്രാലയം ഭരണയന്ത്രത്തെ ചലിപ്പിക്കാനുള്ള ഇന്ധനം നല്‍കുന്നു. പല വകുപ്പതലവന്മാരും ഇഷ്ടപ്പെടാത്ത ഒരു കാര്യമാണ് ധനകാര്യമന്ത്രാലയത്തിന്റെ ഇടപെടല്‍. പല പ്രോജക്ടുകളും 'വീറ്റോ' ചെയ്യാനുള്ള അധികാരം ആ മന്ത്രാലയത്തിനുണ്ട്. പക്ഷേ, അവരുടെ ഇടപെടല്‍ പലപ്പോഴും ആവശ്യമായി വരുമെന്നുള്ളത് ഭരണ പരിചയമുള്ളവര്‍ക്ക് അറിയാം. ധനകാര്യ വകുപ്പിന്റെ പരിശോധന ഒഴിവാക്കുന്ന സംവിധാനം ശരിയായിരിക്കുകയില്ല എന്നുതന്നെയാണെന്റെ അഭിപ്രായം.

കേരള സര്‍ക്കാരിന്റെ ബിസിനസ് ചട്ടങ്ങളിലുണ്ടാക്കാന്‍ പോകുന്ന ഭേദഗതികളെക്കുറിച്ച് വിശദമായ ഒരു വിലയിരുത്തല്‍ ഇപ്പോള്‍ നടത്തുക സാധ്യമല്ല. സര്‍ക്കാരുകള്‍ കാലാകാലങ്ങളില്‍ ചെയ്യുന്ന കാര്യം തന്നെയാണത്. പക്ഷേ, ഭേദഗതികള്‍ ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന ട്രാന്‍സാക്ഷന്‍ ഓഫ് ബിസിനസ് ചട്ടങ്ങളുടെ 'സ്പിരിറ്റി'നെതിരാവാന്‍ പാടില്ല. ഈ ചട്ടങ്ങളെല്ലാം ഭരണയന്ത്രത്തിന്റെ സന്തുലനം നിലനിര്‍ത്താന്‍ വേണ്ടിയുള്ളതാണ്. 'more Convenient transaction' എന്ന വാക്കുകളാണ് ഭരണഘടനയുടെ 166 (3)ല്‍ ഉപയോഗിച്ചിരിക്കുന്നത്. അതായത് കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ ഭരണം നടത്തുന്നതിനുവേണ്ടി എന്നര്‍ഥം. ഏതെങ്കിലും ഒരു വ്യക്തിയുടെ സൗകര്യമല്ല, ഭരണ നടത്തിപ്പിന്റെ സൗകര്യം അതാണുദ്ദേശിക്കുന്നത്.

(ലോക്സഭാ മുന്‍ സെക്രട്ടറി ജനറലാണ് ലേഖകന്‍)