കേന്ദ്രസര്‍വീസില്‍നിന്ന് രണ്ടായിരാമാണ്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് കേരള സര്‍ക്കാരിന്റെ സെക്രട്ടറിയായി എനിക്ക് നിയമനം ലഭിച്ചത്. റവന്യൂവകുപ്പില്‍. ജനങ്ങളുടെ പരാതി പരിഹരിക്കുന്നതില്‍ പ്രത്യേകശ്രദ്ധ ചെലുത്തണമെന്ന് ഞാന്‍ നിഷ്‌കര്‍ഷിച്ചുവെങ്കിലും നടപടികള്‍ ഒച്ചിഴയുന്നവേഗത്തിലായിരുന്നു. സെക്ഷനിലേക്ക് അയക്കുന്ന കടലാസുകള്‍ ഒന്നും തിരികെ വരുന്നില്ല! കാരണം അന്വേഷിച്ചപ്പോഴാണ് മനസ്സിലായത്. സെക്ഷന്‍ ഓഫീസര്‍ കടലാസുകള്‍ ഒന്നും 'പുട്ട് അപ്പ്' (സമര്‍പ്പിക്കുന്നതിന് അതാണ് ഭരണഭാഷ!) ചെയ്യുന്നില്ല. അയാള്‍ക്കെതിരേ നടപടിയെടുക്കാന്‍ ആരും ധൈര്യപ്പെടുന്നില്ല. കാരണം ടിയാന്റെ യൂണിയന്‍ ബന്ധംതന്നെ. അയാളെ, അങ്ങനെവിട്ടാല്‍ പറ്റില്ലല്ലോ, ഒരു ദിവസം മുന്നറിയിപ്പ് നല്‍കാതെ ഞാന്‍ സെക്ഷനില്‍ ഒരു മിന്നല്‍ പരിശോധന നടത്തി.
'സജീവപരിഗണനയില്‍...'
സെക്ഷന്‍ ഓഫീസറുടെ കസേര ശൂന്യം. പരാതികളെല്ലാം ചുരുട്ടി റബ്ബര്‍ബാന്‍ഡിട്ട് ഭദ്രമായി മേശയ്ക്കടിയില്‍ കൂട്ടിവെച്ചിട്ടുണ്ട്. കുറ്റം പറയരുതല്ലോ, എല്ലാം അടുക്കിവെച്ചിട്ടുണ്ട്. മാസങ്ങള്‍ പഴക്കമുള്ള പരാതികളാണെല്ലാം. ഏതെങ്കിലും ഒരു പരാതിയില്‍ എടുത്ത നടപടിയെക്കുറിച്ച് നിയമസഭയില്‍ ചോദ്യം ഉന്നയിക്കുമ്പോള്‍, ''അത് സര്‍ക്കാരിന്റെ സജീവപരിഗണനയിലാണ്'' എന്ന് ഉത്തരം നല്‍കുന്നത് ഇതുപോലുള്ള കടലാസുകളെക്കുറിച്ചാണ്. അവയെല്ലാം മേശയ്ക്കടിയില്‍ സുഖസുഷുപ്തിയാണെന്നാണ് അതിന്റെ അര്‍ഥം. പരിശോധന കഴിഞ്ഞ് മടങ്ങിവന്ന ഉടന്‍ ഞാന്‍ സെക്ഷന്‍ ഓഫീസറെ സസ്‌പെന്‍ഡു ചെയ്തു. 'ബുദ്ധിമോശമാണ്' എന്ന മുന്നറിയിപ്പുകള്‍ ഒന്നും ഞാന്‍ വകവെച്ചില്ല. പ്രതീക്ഷിച്ചതുപോലെ യൂണിയന്‍കാര്‍ ശക്തമായി പ്രതികരിച്ചു. 'സസ്‌പെന്‍ഷന്‍ പിന്‍വലിക്കുക', 'സെക്രട്ടറിയുടെ അധികാരദുര്‍വിനിയോഗം അവസാനിപ്പിക്കുക' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എന്നെ എതിരേറ്റു. വിട്ടുകൊടുക്കാന്‍ ഞാനും തയ്യാറായില്ല. ഫലമോ? റവന്യൂസെക്രട്ടറിയായി ആറുമാസമേ എനിക്കു കാലാവധി ഉണ്ടായുള്ളൂ.
നമ്മുടെ ഭരണരംഗത്തുള്ള അപചയങ്ങള്‍ക്ക് ഒരു പ്രധാനകാരണം ചൂണ്ടിക്കാണിക്കാനാണ് ഞാന്‍ ഈ സംഭവം വിവരിച്ചത്. സെക്ഷന്‍ ഓഫീസര്‍ പോയിട്ട്, ഒരു ശിപായിയെപ്പോലും മാറ്റാന്‍ സെക്രട്ടറിമാര്‍ക്കു കഴിയുകയില്ല. പിന്നെ എങ്ങനെ ഭരണം കാര്യക്ഷമമാകും? ചീഫ് സെക്രട്ടറിയുടെ 'കോണ്‍ഫിഡന്‍ഷ്യല്‍ സെക്ഷനി'ല്‍നിന്നും ഒരാളെ മാറ്റാന്‍ കഴിയുകയില്ല. പോലീസ് അസോസിയേഷന്റെ താത്പര്യങ്ങള്‍ അവഗണിച്ച് ഒരു പോലീസുകാരനെപ്പോലും മാറ്റാന്‍ ഡി.ജി.പി.ക്കു കഴിയുമോ?
ചില മാറ്റങ്ങള്‍ വേണം
സര്‍ക്കാരിന്റെ ബിസിനസ് റൂള്‍സില്‍ മാറ്റംവരുത്തുകയാണെങ്കില്‍ ആദ്യം വരുത്തേണ്ട മാറ്റം ഇതാണ്. വായനക്കാര്‍ക്ക് സംശയം തോന്നാം; മേലുദ്യോഗസ്ഥന് കീഴ് ഉദ്യോഗസ്ഥനെ രഹസ്യറിപ്പോര്‍ട്ട് എഴുതി മര്യാദ പഠിപ്പിച്ചുകൂടേ? അയ്യോ, ശാന്തം, പാവം! ഭവാന്‍ എന്തറിഞ്ഞു? ഓഫീസില്‍ സ്ഥിരമായി മദ്യപിച്ചുവരുന്ന ഒരുദ്യോഗസ്ഥനെക്കുറിച്ച് എന്തെങ്കിലും കുറ്റമെഴുതിയാല്‍ 'വെവരം അറിയും!' അങ്ങനെയുള്ളവരെക്കുറിച്ച് ഞാന്‍ 'വസ്തുനിഷ്ഠമായി' എഴുതാറുണ്ട്. എങ്ങനെയെന്നല്ലേ? 'അദ്ദേഹത്തിന്റെ കഴിവുകള്‍ ഇവിടെ വേണ്ടത്ര പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല!' എന്നെഴുതിയാല്‍ വസ്തുനിഷ്ഠമാവില്ലേ? ഇരുപത്തിനാലു മണിക്കൂറും യൂണിയന്‍ പ്രവര്‍ത്തനങ്ങളുമായി നടക്കുന്ന നേതാവിനെ വിലയിരുത്തുമ്പോള്‍ 'ഇങ്ങനെ ഒരാളെ കണ്ടുകിട്ടാന്‍ വിഷമമാണ്' എന്ന് എഴുതിയാല്‍ ഭംഗിയായി; ഇലയ്ക്കും മുള്ളിനും കേടില്ല! ഇത്തരം കസര്‍ത്തുകള്‍ നടത്തിയാണ് സെക്രട്ടറിമാര്‍ തടികേടാകാതെ നടക്കുന്നത്. ഇതിലൊക്കെ ഒരു മാറ്റമുണ്ടാകണ്ടേ? 'പെര്‍ഫോര്‍മന്‍സ് അപ്രൈസല്‍' എന്നൊക്കെ പറയാറുണ്ടെങ്കിലും ഇതൊന്നും സെക്രട്ടേറിയറ്റില്‍ (സര്‍ക്കാരില്‍ എന്നു പറഞ്ഞാലും തെറ്റില്ല) നടക്കുന്നില്ല എന്നതാണ് വാസ്തവം. ഭരണം കാര്യക്ഷമമാക്കണമെങ്കില്‍ ആദ്യം ഈ രംഗങ്ങളില്‍ മാറ്റമുണ്ടാക്കണം.
അധികാരം വേലിചാടരുത്
സര്‍ക്കാര്‍ചട്ടങ്ങള്‍ പരിഷ്‌കരിക്കുന്നു എന്നുകേട്ടപ്പോള്‍ എനിക്കു സന്തോഷമായി. പക്ഷേ, വിശദാംശങ്ങളിലേക്കു കടന്നപ്പോള്‍ സന്ദേഹമായി. സെക്രട്ടറിമാര്‍ക്കു കൂടുതല്‍ അധികാരം കൊടുക്കുമ്പോള്‍ അത് വകുപ്പ് ഭരിക്കുന്ന മന്ത്രിമാരെ പാടേ അവഗണിച്ചുകൊണ്ടാവരുത്.
ഉദാഹരണങ്ങള്‍ പറയാം. നിലവിലുള്ള വ്യവസ്ഥ അനുസരിച്ച് ഒരു വകുപ്പിന്റെ ചുമതലയുള്ള മന്ത്രിക്കാണ് പ്രസ്തുത വകുപ്പിന്റെ ഇടപാടുകളുമായി ബന്ധപ്പെട്ട പ്രാഥമിക ഉത്തരവാദിത്വം. എന്നാല്‍, നിര്‍ദേശിക്കപ്പെട്ട ഭേദഗതി പ്രകാരം സെക്രട്ടറിയെക്കൂടി പ്രാഥമിക ഉത്തരവാദിത്വത്തില്‍ ഉള്‍പ്പെടുത്തുന്നു. മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം ഏതൊരു വകുപ്പിന്റെ ഫയലും വിളിച്ചു വരുത്തി തീരുമാനം എടുക്കാനും അല്ലെങ്കില്‍ മന്ത്രിസഭ മുമ്പാകെ കൊണ്ടുവരാനും അധികാരമുണ്ട്. എന്നാല്‍, ഇത് വകുപ്പുമന്ത്രിയെ ഓവര്‍ടേക്ക് ചെയ്തു കൊണ്ടാവരുത്. ഒരു വകുപ്പുമായി ബന്ധപ്പെട്ട ഏതൊരു ഫയലും മുഖ്യമന്ത്രിയുടെ അടുത്ത് എത്തുന്നതിനുമുമ്പ്, ആ വകുപ്പിന്റെ മന്ത്രി കണ്ടിരിക്കണം. സര്‍ക്കാര്‍ ബിസിനസ് റൂള്‍സിലെ ഏതുചട്ടം വേണമെങ്കിലും മുഖ്യമന്ത്രിക്ക് മറികടക്കാമെന്ന വ്യവസ്ഥ അപകടകരമാണ്. സര്‍ക്കാര്‍ ഭരണം സുതാര്യമാണെങ്കില്‍ 'ചെക്സ് ആന്‍ഡ് ബാലന്‍സസ് ' പാലിച്ചേ മതിയാവൂ.
ചട്ടങ്ങള്‍ ഇങ്ങനെ
റൂള്‍ 22 പ്രകാരം, സാധാരണയായി ഒരു വകുപ്പിനെ സംബന്ധിച്ച്, വകുപ്പുമന്ത്രി ഫയലുകള്‍ തീര്‍പ്പാക്കും. എന്നാല്‍, നിര്‍ദേശിക്കപ്പട്ട ഭേദഗതി പ്രകാരം മൂന്നാം ഷെഡ്യൂളില്‍ പറഞ്ഞിരിക്കുന്നതിനു വിധേയമായി മന്ത്രിക്കു ഫയല്‍ തീര്‍പ്പാക്കാം. മൂന്നാം ഷെഡ്യൂളില്‍ നയപരമായ തീരുമാനം വേണ്ട ചില കാര്യങ്ങള്‍ക്കുള്‍പ്പെടെ സെക്രട്ടറിതലത്തില്‍ തീരുമാനമെടുക്കാമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. കൂടാതെ, പ്രസ്തുത ഷെഡ്യൂള്‍ ചീഫ് സെക്രട്ടറിക്ക്, സമയാസമയങ്ങളില്‍ ഭേദഗതി ചെയ്യാമെന്നും മുഖ്യമന്ത്രിയുടെ ഉത്തരവിനനുസരിച്ച് അപ്പപ്പോള്‍ ഭേദഗതി ചെയ്യാമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. ഷെഡ്യൂള്‍ ബിനിനസ് റൂള്‍സിന്റെ ഭാഗമാണ്. അതുകൊണ്ട് അത് ഭേദഗതി ചെയ്യണമെങ്കില്‍ മന്ത്രിസഭയുടെ ശുപാര്‍ശയോടെ ഗവര്‍ണറുടെ അംഗീകാരം വേണ്ടിവരും. പിന്നെ, അത് ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും വേണം.
മൂന്നാം ഷെഡ്യൂളില്‍ സെക്രട്ടറിക്കും മറ്റ് കീഴുദ്യോഗസ്ഥര്‍ക്കും തീര്‍പ്പാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ പ്രതിപാദിക്കുന്നു. ഇതനുസരിച്ച് കേസുകള്‍ പി.എസ്.സി.ക്ക് റഫര്‍ ചെയ്യുന്നതിനും, നിലവിലുള്ള ഒഴിവുകളില്‍ ക്ലാസ് എ, ക്ലാസ് 3 ജീവനക്കാരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കുന്നതിനും അച്ചടക്കനടപടികള്‍ തീര്‍പ്പാക്കുന്നതിനും വ്യവസ്ഥ ചെയ്തിട്ടുണ്ട്. പി.എസ്.സി. മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയിലെ ചെയര്‍മാന്‍മാരെയും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍മാരെയും നിയമിക്കുന്നതിനു സെക്രട്ടറിയുടെ അഭിപ്രായം ഉള്‍പ്പെടുത്തി മുഖ്യമന്ത്രിക്കോ, മന്ത്രിസഭയ്‌ക്കോ, ഫയല്‍ സമര്‍പ്പിക്കാവുന്നതാണ് എന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. ഇതു ചെയ്യുമ്പോള്‍ വകുപ്പുമന്ത്രിയുടെ അറിവും സമ്മതവും അനിവാര്യമല്ലേ?
മൂന്നാം ഷെഡ്യൂളില്‍ വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ മന്ത്രിക്ക് അയയ്ക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍, പ്രധാനപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് സെക്രട്ടറിക്ക് അധികാരവും നല്‍കിയിരിക്കുന്നു. അപ്പോള്‍ 'വളരെ പ്രധാനപ്പെട്ടതും' 'പ്രധാനപ്പെട്ടതും' ഏതൊക്കെയാണെന്ന് നിര്‍വചിക്കേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ പല പ്രശ്‌നങ്ങളുമുണ്ടാകും. ഒരു വിദേശകമ്പനിയെ നിയമിക്കുമ്പോള്‍ അത് 'വളരെ പ്രധാനപ്പെട്ട' കാര്യമല്ലാത്തതുകൊണ്ട്. മന്ത്രിയെ അറിയിക്കേണ്ടതില്ല എന്ന നിലപാട് സെക്രട്ടറി എടുത്താല്‍ എന്താവും സ്ഥിതി? സര്‍ക്കാരിനുവേണ്ടി കേസുകൊടുക്കേണ്ടതും സര്‍ക്കാരിനെതിരേ കേസ് വരുമ്പോള്‍ എതിര്‍കക്ഷി (Respondent) ആകേണ്ടതും ചീഫ് സെക്രട്ടറിയാണ്. ഇതില്‍ ഒരു മാറ്റംവരുത്താന്‍ കഴിയുമോ?
മന്ത്രി കാണണം
മന്ത്രിസഭായോഗതീരുമാനം പുനഃപരിശോധിക്കുന്നതിന് വകുപ്പ് സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവര്‍ മുഖേന മുഖ്യമന്ത്രിക്ക് ഫയല്‍ നല്‍കണമെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു. ബന്ധപ്പെട്ട മന്ത്രി കാണാതെ ഈ ഫയല്‍ പുനഃസമര്‍പ്പിക്കുന്നത് ഒരിക്കലും ശരിയായ നടപടി ആവില്ല.
ഒരു ജനാധിപത്യവ്യവസ്ഥയില്‍ മന്ത്രിമാര്‍ക്കാണ് അവരുടെ വകുപ്പിന്റെ പൂര്‍ണചുമതല. തന്റെ മുമ്പില്‍ വരുന്ന ഫയലില്‍ ന്യായാന്യായങ്ങള്‍ പരിശോധിച്ച്, കൃത്യമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതാണ് ഒരു സിവില്‍ സര്‍വന്റിന്റെ ജോലി. അതു പരിഗണിച്ച്, തീരുമാനമെടുക്കേണ്ടത് മന്ത്രിയാണ്. മന്ത്രിമാരെ വെറും കാഴ്ചക്കാരായി മാറ്റി അധികാരം മുഴുവന്‍ ബ്യൂറോക്രാറ്റുകള്‍ക്കു നല്‍കുന്നത് ഒരിക്കലും അഭിലഷണീയമാവില്ല. ഒരു കൂട്ടുകക്ഷി ഭരണത്തില്‍ പ്രത്യേകിച്ചും.
ദൈനംദിന ഭരണം കാര്യക്ഷമമാക്കാന്‍ സെക്രട്ടറിമാര്‍ക്ക് അധികാരം കൊടുക്കണം. ട്രാന്‍സ്ഫര്‍, സസ്‌പെഷന്‍ തുടങ്ങിയ അച്ചടക്കനടപടികള്‍ പൂര്‍ണമായും സെക്രട്ടറിമാര്‍ കൈകാര്യം ചെയ്യണം; നയപരമായ കാര്യങ്ങള്‍ മന്ത്രിമാരും. ഇത് കൃത്യമായി ചെയ്താല്‍ മാത്രം മതി, ഭരണം കാര്യക്ഷമമാക്കാന്‍.
(മുന്‍ചീഫ് സെക്രട്ടറിയാണ് ലേഖകന്‍)