യുപി രാഷ് ട്രീയം അടിമുടി മാറുന്നു. യുപി രാഷ്ട്രീയത്തിലെ ബദ്ധവൈരികളായ എസ്.പിയും ബിഎസ്പിയും ശത്രുത മറന്ന് സഖ്യം പ്രഖ്യാപിച്ചിരിക്കുന്നു. ഗോരഖ്പൂര്‍, ഫൂല്‍പ്പൂര്‍, കൈരാന ഉപതിരഞ്ഞെടുപ്പായിരുന്നു അതിന്റെ ട്രെയിലര്‍. പൊതുതിരഞ്ഞെടുപ്പിലും അത് തുടരുന്നതോടെ ചതുഷ്കോണ മത്സരത്തില്‍ നിന്ന് നേരിട്ടുള്ള മത്സരത്തിലേക്ക്(20 ല്‍ താഴെ സീറ്റുകള്‍ ഒഴികെ) തന്നെ യുപി രാഷ് ട്രീയം മാറുകയാണ്. ബിജെപിക്ക് നിലവിലുള്ളതിന്റെ പകുതി സീറ്റെങ്കിലും നഷ് ടമായേക്കാമെന്ന ചിത്രമാണ് അതില്‍ തെളിയുന്നത്.
കോണ്‍ഗ്രസ് മഹാസഖ്യത്തില്‍ ചേരാത്തതാണോ, അതോ ഒഴിവാക്കിയതാണോ എന്ന ചോദ്യവും ഇതോടൊപ്പമുണ്ട്. യുപിയില്‍ ഏതാനും സീറ്റുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ കോണ്‍ഗ്രസ് ഒരു ശക്തിയല്ല. അപ്പോഴും കോണ്‍ഗ്രസിന് പത്ത് ശതമാനത്തോളം വോട്ടുണ്ട് യുപിയില്‍(2014 ലില്‍ കിട്ടിയത് 7.5 ശതമാനം). നഗര വോട്ടര്‍മാരും മുന്നോക്കക്കാരുമാണ് കോണ്‍ഗ്രസിന്റെ ശേഷിക്കുന്ന വോട്ട് ബാങ്ക്. എസ്പിയുമായോ ബിഎസ്പിയുമായോ ചേര്‍ന്നാലും ഈ വോട്ട് ഒരിക്കലും ആ പാര്‍ട്ടികളിലേക്ക് പോകാറില്ല. കോണ്‍ഗ്രസ് മത്സരിച്ചില്ലെങ്കില്‍ ആ വോട്ട് ബിജെപി ഇതര പാര്‍ട്ടിയിലേക്ക് പോകില്ല. നേരെ മറിച്ച് കോണ്‍ഗ്രസില്ലെങ്കില്‍ ആ വോട്ട് ബിജെപിയിലേക്ക് പോകാറാണ് പതിവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നു. ജാതി രാഷ് ട്രീയം നിര്‍ണായകമായ യുപിയില്‍ പിന്നാക്ക യാദവ, മുസ് ലിം വോട്ടുകളാണ് എസ്പിയുടെ വോട്ടു ബാങ്ക്. ദളിത്-മുസ് ലിം വോട്ടുകളാണ് ബിഎസ്പിയുടെ ശക്തി
എന്‍ഡി തിവാരിയുടെ കാലത്ത് 1996 ല്‍ ബിഎസ്പിയുമായും 2017 ല്‍ എസ്പിയുമായും കോണ്‍ഗ്രസ് സഖ്യമായി മത്സരിച്ചു. പക്ഷേ രണ്ട് തവണയും കോണ്‍ഗ്രസ് വോട്ട് സഖ്യത്തിന് കിട്ടിയില്ല. അത് ബിജെപിയിലേക്ക് ഒഴുകി. അത് തന്നെയാണ് ഫൂല്‍പ്പൂരിലും ഗോരഖ്പൂരിലും കോണ്‍ഗ്രസ് പരീക്ഷിച്ചത്. മഹാസഖ്യം മത്സരിച്ചപ്പോഴും കോണ്‍ഗ്രസ് ഇവിടെ സ്ഥാനാര്‍ഥിയെ നിര്‍ത്തി. ഇത് ബോധപൂര്‍വ്വമായിരുന്നു എന്നാണ് നേതാക്കള്‍ തന്നെ പറയുന്നത്. ഫൂല്പ്പൂരില് ബ്രാഹ്മണ സമുദായക്കാരനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ലായിരുന്നെങ്കില്‍ അത് ബിജെപിക്ക് കിട്ടിയേനെ. ഗോരഖ്പൂരില്‍ എസ്പി സ്ഥാനാര്‍ഥിക്ക് കിട്ടിയ ഭൂരിപക്ഷത്തിന്റെ അത്രയും വോട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും പിടിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് എസ്പിയുമായി ചേരാതിരുന്നെങ്കില്‍ എസ്പിക്കോ ബിഎസ്പിക്കോ പല സീറ്റും നില നിര്‍ത്താന്‍ കഴിഞ്ഞേനെ എന്നും രാഷ് ട്രീയ നിരീക്ഷകര്‍ പറയുന്നു. ബിജെപിയുടെ മുന്നാക്ക വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്താന്‍ കഴിയുന്ന പദ്ധതി തയ്യാറാക്കാന്‍ രാഹുല്‍ ഗാന്ധി തന്നെ അഖിലേഷിനോട് നിര്‍ദേശിച്ചതായി കഴിഞ്ഞയിടെ വാര്‍ത്തകളുണ്ടായിരുന്നു. അതായത് ബിജെപി വിരുദ്ധ ചേരിയുടെ ഭാഗമാകാതെ തന്നെ സ്ഥാനാര്‍ഥിയെ നിര്‍ത്തി ബിജെപിയുടെ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്തുക എന്ന ദൗത്യമാണ് യുപിയില്‍ കോണ്‍ഗ്രസിനുള്ളതെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പദ്ധതി അനുസരിച്ച് പാര്‍ട്ടിക്ക് ശക്തിയുള്ള ഒരു ഡസന്‍ സീറ്റുകളില്‍ എസ്പി-ബിഎസ്പി സഖ്യം തന്ത്രപരമായി സ്ഥാനാര്‍ഥികളെ നിര്‍ത്തിയാലും അത്ഭുതപ്പെടാനില്ല. അങ്ങനെയെങ്കില്‍ സഖ്യത്തില്‍ ചേരാതെ തന്നെ കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമായി തന്ത്രം മെനയുകയായിരുന്നു എന്ന് കരുതേണ്ടി വരും. അതറിയാന്‍ സ്ഥാനാര്‍ഥി നിര്‍ണയം വരെ കാക്കേണ്ടി വരും. സഖ്യത്തില്‍ കോണ്‍ഗ്രസില്ലെങ്കിലും സോണിയയുടേയും രാഹുലിന്റെയും സീറ്റുകളില്‍ മഹാസഖ്യം മത്സരിക്കുന്നില്ല എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.
കോണ്‍ഗ്രസിനെ സഖ്യത്തില്‍ ഉള്‍പ്പെടുത്തിയതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല എന്നാണ് മായാവതിയും അഖിലേഷും പറയുന്നത്. കോണ്‍ഗ്രസിന് സംസ്ഥാനത്ത് ശക്തിയില്ല. തന്നെയുമല്ല കോണ്‍ഗ്രസിന്റെ വോട്ടുകള്‍ തങ്ങള്‍ക്ക് കിട്ടില്ല എന്നതാണ് പഴയ ചരിത്രമെന്നും മായാവതി പറയുന്നു. 1996 ഉം 2017 ഉം ഉദാഹരണമായി മായാവതി ഇന്ന് എടുത്ത് പറയുകയും ചെയ്തു.
എസ്പിയും ബിഎസ്പിയും കൈകോര്‍ക്കുന്നതോടെ അടുത്ത തവണ ഒറ്റയ്ക്ക് ഭരിക്കാം എന്ന ബിജെപിയുടെ സ്വപ്നങ്ങള്‍ കൂടിയാണ് ഇതോടെ അവസാനിക്കുന്നത്. കഴിഞ്ഞ തവണ ആകെയുള്ള 80 സീറ്റില്‍ 71 ഉം നേടിയായിരുന്നു ബിജെപിയുടെ തേരോട്ടം. 35 സീറ്റ് നഷ് ടമായാല്‍ ഇന്നത്തെ നിലയില്‍ ബാക്കി നിലനിര്‍ത്തി അത്രയും സീറ്റ് മറ്റ് എവിടെയെങ്കിലും നിന്ന് അധികമായി കിട്ടുക ബിജെപിക്ക് എളുപ്പമല്ല താനും.
അഖിലേഷുമായി തെറ്റിപ്പിരിഞ്ഞ ശിവ്പാല്‍ യാദവുമായി ചേര്‍ന്ന് ത്രികോണ പോരിന് കോണ്‍ഗ്രസ് ഒരുങ്ങുമോ അതോ ഈ രീതിയിലൂള്ള നീക്കുപോക്കിലൂടെ ഏതാനും സീറ്റുകള്‍ നേടുകയും ബാക്കി മഹാസഖ്യത്തിന് കാര്യങ്ങള്‍ അനുകൂലമാക്കുകയാണോ നടക്കുക എന്ന് അറിയാന്‍ ഇനി കാത്തിരിക്കാം.
Content highlights: SP BSP Alliance, Akhilesh, Mayawati, Congress