എ.കെ. ആന്റണി എണ്‍പതിലേക്ക് എത്തുകയാണ്. ആദര്‍ശ രാഷ്ട്രീയം മുറുകെ പിടിക്കുന്ന ജനസേവകന്‍. മുഖ്യമന്ത്രിയായും കേന്ദ്രമന്ത്രിയായും സംസ്ഥാന, ദേശീയ രാഷ്ട്രീയത്തില്‍ ഇത്രയേറെ തിളങ്ങിയ കേരളീയര്‍ അധികമില്ല. പിറന്നാള്‍ദിനത്തില്‍ തന്റെ സീനീയറിനെ, സഹയാത്രികനെ, സുഹൃത്തിനെക്കുറിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എഴുതുന്നു.

പുതുപ്പള്ളി സെയ്‌ന്റ് ജോർജ് ഹൈസ്കൂളിൽ കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റായിരിക്കുമ്പോൾ എറണാകുളത്ത് ഒരു പരിപാടിയിൽ പങ്കെടുക്കവേയാണ് കെ.എസ്.യു. ട്രഷററായ എ.കെ. ആന്റണിയെ ആദ്യമായി കാണുന്നത്. വാക്കും പ്രവൃത്തിയും ഒന്നായിരിക്കണമെന്ന് നിർബന്ധമുള്ള അദ്ദേഹത്തോടൊപ്പം കെ.എസ്.യുവിലും യൂത്ത് കോൺഗ്രസിലും പ്രവർത്തിച്ച അതേ ഒത്തൊരുമയോടെ ഇപ്പോൾ കോൺഗ്രസിലും പ്രവർത്തിക്കുന്നു. പ്രവർത്തനമണ്ഡലങ്ങളിലെല്ലാം വിജയം കണ്ടെത്താൻ കഠിനാധ്വാനംചെയ്യുന്ന വ്യക്തിയാണ് ആന്റണി. എന്നും എന്നെ പിന്തുണയ്ക്കുന്ന അദ്ദേഹം, കേരളത്തിലെ കോൺഗ്രസിന്റെ അവസാനവാക്കെന്നതിൽ ആർക്കും സംശയവുമില്ല.

 പറയുന്നതും പ്രവർത്തിക്കുന്നതും ഒന്നാവണമെന്ന്‌ നിർബന്ധം

കെ.പി.സി.സി. പ്രസിഡന്റായിരിക്കെ ടി.ഒ. ബാവ നയിച്ച പട്ടിണിസമരത്തിൽ എ.കെ. ആന്റണിയുമുണ്ടായിരുന്നു. അന്ന് ജാഥാക്യാപ്റ്റന് ലഭിച്ച അംഗീകാരംതന്നെ  സംസ്ഥാനത്തൊട്ടാകെ ആന്റണിക്ക് ലഭിച്ചു. അതുകഴിഞ്ഞ് ആന്റണിതന്നെ തൊഴിലില്ലായ്മയ്ക്കെതിരേയും തൊഴിലില്ലായ്മാവേതനത്തിന് വേണ്ടിയും ഒരു ജാഥ നയിച്ചു. കെ.എസ്.യു., യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനങ്ങളിൽ തിളങ്ങിയ അദ്ദേഹം ശ്രദ്ധേയനാകുന്നത് ഈ ജാഥയിൽ കൂടിയായിരുന്നു. കെ.പി.സി.സി. ജനറൽ സെക്രട്ടറിയായി, യു.ഡി.എഫ്. കൺവീനറായി, പിന്നീട് ഏറ്റവും കുറഞ്ഞ പ്രായത്തിൽ കേരളത്തിലെ മുഖ്യമന്ത്രിയുമായി.

കാർക്കശ്യവും കൃത്യതയും എല്ലാം ഭംഗിയായി നടത്തണമെന്ന നിർബന്ധബുദ്ധിയും ആന്റണിയുടെ സവിശേഷതയാണ്. 1977-ൽ അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുമ്പോൾ ഞാൻ തൊഴിൽ മന്ത്രിയായിരുന്നു. തൊഴിലില്ലായ്മാവേതനം എന്ന പ്രധാന പദ്ധതി നടപ്പാക്കിയത് അപ്പോഴായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും ഏറെക്കാലം വിളിച്ച ആ മുദ്രാവാക്യത്തോട് അദ്ദേഹം നീതിപുലർത്തി. അതിനായി താത്പര്യമെടുത്തതും പദ്ധതി തയ്യാറാക്കിയതുമൊക്കെ ആന്റണിതന്നെയായിരുന്നു.

അതുപോലെ, ചെങ്കൽച്ചൂള വികസനപദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണമെന്ന നിർബന്ധവും ആന്റണിയ്ക്കുണ്ടായിരുന്നു. മൂന്നുഘട്ടങ്ങളിലായി വീടുകൾ പണിയാൻ പദ്ധതിയിട്ടു. 1977 ഒക്ടോബർ രണ്ടിന് ആന്റണിയാണ് ഒന്നാംഘട്ടത്തിന് തറക്കല്ലിട്ടത്. 1978 ഒക്ടോബർ രണ്ടിന് അദ്ദേഹംതന്നെ ഉദ്ഘാടനവും നിർവഹിച്ചു. അടുത്ത ഘട്ടങ്ങളിലേക്ക് കടക്കുംമുമ്പ് ഒക്ടോബർ 25-ന് അദ്ദേഹം രാജിവെച്ചു. വളരെ സമയമെടുത്താണ് ബാക്കി ഘട്ടങ്ങൾ പൂർത്തിയാക്കാനായത്. വ്യക്തിജീവിതത്തിലെന്നപോലെത്തന്നെ രാഷ്ട്രീയ-ഭരണ കാര്യങ്ങളിലും കൃത്യതയ്ക്ക് മുൻതൂക്കം നൽകിയിരുന്നുവെന്നതിന് ഉദാഹരണമാണത്.

 കൃത്യമായ നിലപാടുകൾ, വ്യക്തവും

എല്ലാകാലത്തും വ്യക്തവും ശക്തവുമായ നിലപാടുകൾ കൈക്കൊള്ളുന്ന വ്യക്തിയാണ് എ.കെ ആന്റണിയെന്നത് എല്ലാവർക്കും അറിയാവുന്നതാണ്. 2004-ലെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നുള്ള അദ്ദേഹത്തിന്റെ രാജി ഉദാഹരണം. 2004-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ടു. അതിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് അദ്ദേഹം അന്നുതന്നെ രാജിവെക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. തുടർന്ന് സോണിയാഗാന്ധി മൂന്നംഗ കമ്മിറ്റിയെ ഇങ്ങോട്ടയച്ചു. ഹൈക്കമാൻഡ് ആന്റണിയെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു. ഞങ്ങളോടൊന്നും പറഞ്ഞിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ മനസ്സിൽ രാജിയെന്നത് മാറ്റമില്ലാതെ കിടന്നു.

പിന്നീട് സോണിയാഗാന്ധി കേരളത്തിലെ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ രാജിക്കാര്യം അദ്ദേഹം ആവർത്തിച്ചു. അക്കാര്യം ആരും അറിഞ്ഞില്ല. സോണിയാഗാന്ധിയും ആരോടും അക്കാര്യം പറഞ്ഞില്ല. രാജിക്കാര്യം സോണിയാഗാന്ധി  ഇവിടെവെച്ച് സമ്മതിച്ചു. സോണിയാഗാന്ധിയെ ഡൽഹിയിലേക്ക് യാത്രയാക്കിയശേഷമാണ് അദ്ദേഹം പത്രക്കാരെ കണ്ടത്. അവിടെ രാജി പ്രഖ്യാപിക്കുകയും ചെയ്തു. ആന്റണി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറാൻ പാടില്ലെന്ന നിലപാടായിരുന്നു എന്റേത്. ആന്റണിയുടെ പേരിൽ ഒരു ആക്ഷേപവും ഒരു ആരോപണവും ഉണ്ടായിരുന്നില്ല. ആന്റണി മാറേണ്ട കാര്യമില്ല എന്നുതന്നെയായിരുന്നു എം.എൽ.എ.മാരുടെയും അഭിപ്രായം.
ഗ്രൂപ്പടിസ്ഥാനത്തിൽപ്പോലും ഒരാളും രാജി ആവശ്യപ്പെട്ടിരുന്നില്ല. ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിയെന്ന നിലപാടിൽത്തന്നെ അദ്ദേഹം ഉറച്ചുനിൽക്കുകയായിരുന്നു. ഇതേക്കുറിച്ചൊക്കെ ആന്റണിതന്നെ അടുത്തിടെ പറഞ്ഞിരുന്നു.

 പാർട്ടിയുടെ കരുത്ത്

പാർട്ടിക്ക് ക്ഷീണമുണ്ടാക്കുന്ന ഒരു പ്രവൃത്തിക്കും കൂട്ടുനിൽക്കാത്ത നേതാവ്. അതിനായി എന്തുവിട്ടുവീഴ്ചയും ചെയ്യും. 2001-ലെ മന്ത്രിസഭയിൽ ഞാൻ അംഗമാകണമെന്ന് അദ്ദേഹത്തിന് തീരുമാനമുണ്ടായിരുന്നു. അക്കാര്യം അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, തോമസ് മാഷിനെ മന്ത്രിയാക്കണമെന്ന നിർദേശമുണ്ടായതോടെ ഇക്കാര്യത്തിൽ അഭിപ്രായഭിന്നതകൾ വന്നു. എന്നാൽ, ആന്റണിക്ക് തീരുമാനം മാറ്റാൻ താത്പര്യമുണ്ടായില്ല. എന്റെ പേരിൽ പ്രശ്നങ്ങളുണ്ടാകരുതെന്നും ഞാൻ മന്ത്രിസ്ഥാനം സ്വീകരിക്കില്ലെന്നും അദ്ദേഹത്തെ അറിയിച്ചു. അന്നത്തെ കെ.പി.സി.സി. പ്രസിഡന്റ് ശങ്കരനാരായണൻ മന്ത്രിസഭയിലേക്ക് എത്തുന്നതിനാൽ ഒഴിവുവരുന്ന യു.ഡി.എഫ്. കൺവീനർസ്ഥാനം ഞാൻ ഏറ്റെടുക്കാമെന്ന് അറിയിച്ചു. അതോടെയാണ് ആന്റണിക്ക് ആശ്വാസമായത്.

1991 മന്ത്രിസഭാരൂപവത്‌കരണ സമയത്തും ഇത്തരത്തിലൊരു അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. അന്ന് മറ്റൊരാളുടെ മന്ത്രിസ്ഥാനത്തെച്ചൊല്ലിയായിരുന്നു ഭിന്നത ഉടലെടുത്തത്. അത് ആവർത്തിക്കരുതെന്ന നിർബന്ധത്തോടെയാണ് ഞാൻ യു.ഡി.എഫ്. കൺവീനറാകാമെന്ന നിലപാടെടുത്തത്.

1970-ൽ കെ.ജി. അടിയോടിക്കെതിരായ ഒരു വാർത്തയുടെ പേരിൽ സർക്കാർ അനുമതിയോടെ അടിയോടി കേസുകൊടുത്തു. എന്നാൽ, കേസ് പിൻവലിക്കണമെന്ന കർക്കശനിലപാടാണ് ആന്റണി കൈക്കൊണ്ടത്. ഈ നിലപാട് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന് അംഗീകരിക്കേണ്ടിവന്നു. ചില കാര്യങ്ങളിൽ അദ്ദേഹം ഇത്തരത്തിൽ കർക്കശനിലപാടുകളും സ്വീകരിച്ചെന്നതും ഓർക്കേണ്ടതുണ്ട്.

ആദർശ രാഷ്ട്രീയത്തിന്റെ പോരാളി

ആദർശരാഷ്ട്രീയത്തിന് ശക്തികൂട്ടത്തക്കവിധത്തിലുള്ള ഇടപെടലുകളാണ് എക്കാലത്തും അദ്ദേഹത്തിൽനിന്ന് ഉണ്ടാകുന്നത്. ദേശീയതലത്തിൽ ആന്റണിക്ക് ലഭിച്ചിട്ടുള്ള അംഗീകാരം കേരളത്തിൽ ഒരു നേതാവിനും ലഭിച്ചിട്ടില്ല. 1992-ൽ സംഘടനാതിരഞ്ഞെടുപ്പിൽ എ.കെ. ആന്റണി കേരളത്തിൽ പരാജയപ്പെട്ടു. അതുകഴിഞ്ഞാണ് തിരുപ്പതി എ.ഐ.സി.സി. സമ്മേളനം നടന്നത്. അന്ന് വർക്കിങ്‌ കമ്മിറ്റിയിലേക്ക് മത്സരമാണ്. കോൺഗ്രസ് ഒന്നായി ആന്റണിയെ നാമനിർദേശം ചെയ്തിരുന്നു. എന്നാൽ, ആന്റണി മത്സരിക്കണം, ഇവിടെ പരാജയപ്പെട്ടതുകൊണ്ട് നോമിനേഷനിൽ വേണ്ടാ എന്നതായിരുന്നു ഞങ്ങളുടെ അഭിപ്രായം. അദ്ദേഹം സമ്മതിച്ചു, മത്സരിച്ചു.  ഏതാണ്ട് മുഴുവൻ പ്രതിനിധികളും വോട്ടുചെയ്ത മൂന്നുസ്ഥാനാർഥികളേ ഉണ്ടായിരുന്നുള്ളൂ-ശരദ്‌ പവാർ, അർജുൻ സിങ്, പിന്നെ ആന്റണി. അത് വലിയൊരു അംഗീകാരമായിരുന്നു. എ.ഐ.സി.സി. വൃത്തങ്ങളിൽ വലിയ ചർച്ചാവിഷയവുമായി. അർജുൻസിങ്ങും ശരദ്‌ പവാറും ദേശീയതലത്തിലെ പ്രവർത്തനങ്ങളിൽ കുറെക്കൂടി നിറഞ്ഞുനിൽക്കുന്നവരായിരുന്നു. ദേശീയതലത്തിൽ അന്നും ആന്റണിക്കുണ്ടായിരുന്ന അംഗീകാരമായിരുന്നു തിരഞ്ഞെടുപ്പിലൂടെ പ്രകടമായത്. അതുകഴിഞ്ഞ് യു.പി.എ. സർക്കാരിന്റെ കാലത്ത് പ്രതിരോധമന്ത്രിയായി. ഒരാക്ഷേപത്തിനും ഇടനൽകാതെ അദ്ദേഹം പ്രവർത്തിക്കുകയും ചെയ്തു. എ.കെ. ആന്റണിക്ക് അദ്ദേഹം ആഗ്രഹിക്കുന്ന ഏതുറോളിലും പ്രവർത്തിക്കാനാകും. അതിന് ഹൈക്കമാൻഡ് അനുമതിയുമുണ്ടാകും. അദ്ദേഹം സമ്മതിച്ചാൽമാത്രം മതി.

തയ്യാറാക്കിയത്:   എം. ബഷീർ