വോട്ടുവിഹിതം മൂന്നുശതമാനത്തിൽ താഴെയാണെങ്കിലും തമിഴകത്തിൽ താമര വിരിയിച്ചേ അടങ്ങൂവെന്ന വാശിയിലാണ് ബി.ജെ.പി. നിയമസഭയിൽ ഒരു അംഗം പോലുമില്ലാതെ പളനിസ്വാമി സർക്കാരിനെ വരച്ചവരയിൽ നിർത്തുന്ന പാർട്ടി ഇത്തവണ അദ്‌ഭുതം പ്രതീക്ഷിക്കുന്നു. പിൻസീറ്റ് ഡ്രൈവിങ് മതിയാക്കി സ്റ്റിയറിങ് പിടിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ നേരിട്ടിറങ്ങിയിരിക്കുകയാണ്. വെട്രിവേൽ യാത്രയുടെ പേരിൽ സഖ്യത്തിലുണ്ടായ ഭിന്നത ഷായുടെ ഒറ്റദിവസത്തെ സന്ദർശനംകൊണ്ട് പരിഹരിച്ചു. സഖ്യമുറപ്പിച്ച്, സീറ്റ് പങ്കിടൽ സംബന്ധിച്ച് പ്രാഥമികധാരണയുണ്ടാക്കിയായിരുന്നു ഷായുടെ മടക്കം. കരുണാനിധികുടുംബത്തിൽ കയറി  ബി.ജെ.പി. കളി തുടങ്ങിയതോടെ പ്രതിരോധനത്തിന് പുതിയമാർഗങ്ങൾ തേടുകയാണ് ഡി.എം.കെ. കരുണാനിധിയുടെ മകനും മുൻ കേന്ദ്രമന്ത്രിയുമായ അഴഗിരിയെ സ്വന്തം പാളയത്തിലെത്തിക്കാൻ ബി.ജെ.പി. ശ്രമം ശക്തമാക്കിയപ്പോൾ തടയിടാനുള്ള നീക്കങ്ങൾ ഡി.എ.കെ.യും തുടങ്ങി.

ശരണം വേൽമുരുകനിൽ

ഉത്തരേന്ത്യയിൽ രാമനെങ്കിൽ തമിഴകത്തിൽ മുരുകന്റെ കടാക്ഷത്തിൽ നിലയുറപ്പിക്കാമെന്നാണ് ബി.ജെ.പി.യുടെ കണക്കുകൂട്ടൽ. മുരുകന്റെ ആയുധമായ വേൽ ഉയർത്തിക്കാട്ടിയാണ് വെട്രിവേൽ യാത്രയ്ക്ക് തുടക്കമിട്ടത്. വെട്രി എന്നാൽ വിജയമെന്നാണ് അർഥം. പക്ഷേ, നവംബർ ആറിന് ആരംഭിച്ച യാത്ര ഇതുവരെ അത്രവിജയമല്ല. കോവിഡ് വ്യാപനത്തിന്റെയും ക്രമസമാധാന നിലയുടെയും പേരിൽ യാത്രയ്ക്ക് സർക്കാർ അനുമതി നിഷേധിച്ചതോടെ ബി.ജെ.പി., എ.ഐ.എ.

ഡി.എം.കെ. പോരിനും കാരണമായി. മതത്തിന്റെപേരിൽ ജനങ്ങളെ വിഭജിക്കാൻ കാവിക്കൊടി പിടിക്കുന്നവരെ അനുവദിക്കില്ലെന്ന് വ്യക്തമാക്കി എ.ഐ.എ.ഡി.എം.കെ. മുഖപത്രമായ ‘നമത് അമ്മ’യിൽ ലേഖനം പ്രസിദ്ധീകരിച്ചു. അറസ്റ്റ് വരിച്ചും യാത്ര തുടരാനായിരുന്നു ബി.ജെ.പി. യുടെ തീരുമാനം. പോര് കൊടുമ്പിരിക്കൊണ്ടിരിക്കേയായിരുന്നു അമിത് ഷായുടെ വരവ്. തല്ലുകൂടിക്കൊണ്ടിരിക്കേ അച്ഛൻ വരുന്നതുകണ്ട കുട്ടികളെപ്പോലെ എ.ഐ.എ.ഡി.എം.കെ.യും ബി.ജെ.പി. സംസ്ഥാനനേതൃത്വവും പൊടുന്നനേ ഭിന്നത മറക്കുകയായിരുന്നു. പെരുമാറ്റച്ചട്ടങ്ങൾ മറന്ന് സർക്കാർ ചടങ്ങിൽ സഖ്യം പ്രഖ്യാപിച്ചു. പനീർശെൽവത്തിന്റെ പ്രഖ്യാപനം പളനിസ്വാമി ആവർത്തിച്ചതോടെ ഷായ്ക്ക് കാര്യങ്ങൾ എളുപ്പമാകുകയായിരുന്നു.

രജനിയിൽ തുടങ്ങി അഴഗിരിയിൽ എത്തി

ജയിച്ചാൽ രാജ്യം, തോറ്റാൽ സ്വർഗം എന്നുപറഞ്ഞ് മൂന്നുവർഷംമുമ്പ് രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ച രജനിയുടെ വരവ് ഏറെ ആഗ്രഹിക്കുന്നത് ബി.ജെ.പി.യാണ്. രജനിയെ ഇറക്കാൻ ബി.ജെ.പി. കൊണ്ടുപിടിച്ച് ശ്രമിക്കുമ്പോൾ ഇറക്കാതിരിക്കാൻ ഡി.എം.കെ.യും സമ്മർദം ചെലുത്തുന്നു. അമിത് ഷായുടെ തമിഴ്‌നാട് സന്ദർശനത്തിന് മുന്നോടിയായി ആർ.എസ്.എസ്. സൈദ്ധാന്തികൻ എസ്. ഗുരുമൂർത്തി നേരിട്ട് രജനിയുമായി ചർച്ച നടത്തിയിരുന്നു. കഴിഞ്ഞദിവസം ഷായെയും ഗുരുമൂർത്തി കണ്ടു. കോവിഡ് വ്യാപനം തുടരുന്നതിനാൽ ഉടൻ പൊതുരംഗത്തേക്ക് വരേണ്ടെന്നാണ്‌ ഡോക്ടർമാർ രജനിക്ക്‌ നൽകിയിരിക്കുന്ന ഉപദേശം. ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് താരം പരസ്യമായി വെളിപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയപ്രവേശത്തെക്കുറിച്ചുള്ള അന്തിമതീരുമാനം അറിയാൻ അടുത്ത പഞ്ച് ഡയലോഗ് വരെ കാത്തിരിക്കണം.

നമിത, ഖുശ്ബു, രാധാരവി അടക്കം സിനിമാതാരങ്ങളുടെ ഒരു പടയെത്തന്നെ പാർട്ടിയിലെത്തിച്ച ബി.ജെ.പി.യുടെ, ഡി.എം.കെ.യ്ക്കെതിരായ പൂഴിക്കടകനാണ് അഴഗിരി. ഡി.എം.കെ. അധ്യക്ഷൻ സ്റ്റാലിന്റെ മുഖ്യമന്ത്രി മോഹത്തിന് തിരിച്ചടിനൽകാൻ സഹോദരൻ അഴഗിരിയോളം പോന്ന തുറുപ്പുചീട്ടുണ്ടാകുമെന്ന് കരുതുന്നില്ല. അഴഗിരിയുടെ അടുത്ത അനുയായിയായിരുന്ന മുൻ എം.പി. കെ.പി. രാമലിംഗം അമിത് ഷാ ചെന്നൈയിൽ എത്തിയദിവസം ബി.ജെ.പി.യിൽ ചേർന്നു.

സ്വന്തം സഹോദരനെപ്പോലെ കരുതുന്ന അഴഗിരിയെ ബി.ജെ.പി.യിൽ എത്തിക്കാൻ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന് രാമലിംഗം വ്യക്തമാക്കി. അഴഗിരിയെ അനുനയിപ്പിക്കാനുള്ള ശ്രമം ഡി.എം.കെ.യും ആരംഭിച്ചിട്ടുണ്ട്. മകൻ ദുരൈനിധി അഴഗിരിക്ക്‌ പാർട്ടിയിൽ ഇടംനൽകി പ്രശ്നം പരിഹരിക്കാനാണ് നീക്കം. ജനുവരിയിൽ നിലപാട് പ്രഖ്യാപിക്കുമെന്നാണ് അഴിഗിരി അറിയിച്ചിരിക്കുന്നത്.

കിങ് മേക്കറാകാൻ കമൽ

അരയുംതലയും മുറുക്കി കമൽഹാസനും രംഗത്തുണ്ട്. തിരഞ്ഞെടുപ്പുപ്രചാരണം ആരംഭിച്ചുകഴിഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നാലുശതമാനം വോട്ടുനേടിയ  മക്കൾ നീതി മയ്യം നില മെച്ചപ്പെടുത്തിയാൽ തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാകും. കമൽ മത്സരിക്കാൻ ഇറങ്ങുന്നത് അണികളിൽ ആവേശമുണ്ടാക്കുമെന്നാണ് കരുതുന്നത്. മുന്നാക്ക ഹൈന്ദവർക്ക് നിർണായക സ്വാധീനമുള്ള ചെന്നൈയിലെ മൈലാപൂർ, ജാതി സമവാക്യങ്ങൾക്ക് കാര്യമായ സ്വാധീനമില്ലാത്ത തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ മണ്ഡലങ്ങളാണ് നിലവിൽ കമലിന് മത്സരിക്കാനായി പരിഗണിക്കുന്നത്. മൂന്നാംമുന്നണിയെന്ന് സ്വയം പ്രഖ്യാപിച്ച കമൽ പ്രധാനപാർട്ടികളുമായി സഖ്യമില്ലെന്നും പ്രഖ്യാപിച്ചുകഴിഞ്ഞു.

അച്ഛനെ തള്ളി വിജയ്

ഏതുവിധത്തിലും മകനെ രാഷ്ട്രീയത്തിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് സൂപ്പർതാരം വിജയ്‌യുടെ അച്ഛൻ എസ്.എ. ചന്ദ്രശേഖർ. മടിച്ചുനിൽക്കുന്ന വിജയ്‌യെ വാശിപിടിപ്പിക്കാൻ സ്വന്തമായി പാർട്ടിയുണ്ടാക്കിയെങ്കിലും നീക്കം തുടക്കത്തിലേ പാളി. രജിസ്‌ട്രേഷനായി തിരഞ്ഞെടുപ്പ് കമ്മിഷനിൽ അപേക്ഷ നൽകിയ അടുത്തദിവസംതന്നെ വിജയ്‌യുടെ അമ്മ ശോഭ പാർട്ടിയെ തള്ളിപ്പറഞ്ഞു. ശോഭയായിരുന്നു പാർട്ടിയുടെ ഖജാൻജി. പാർട്ടി പ്രസിഡന്റും സ്ഥാനമൊഴിഞ്ഞതോടെ ജനറൽ സെക്രട്ടറിയായ ചന്ദ്രശേഖർ മാത്രമായി അഖിലേന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം ചുരുങ്ങി. തന്റെ പേരും ചിത്രവും ദുരുപയോഗം ചെയ്താൽ നടപടിയെടുക്കുമെന്ന്‌ വിജയ് മുന്നറിപ്പുനൽകിയിട്ടുണ്ട്.

Content Highlights: AIADMK-BJP alliance and tamil nadu politics