വര്‍ഷങ്ങള്‍ക്കു മുമ്പാണ്. കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന വി കെ കൃഷ്ണമേനോന്‍ ന്യൂയോര്‍ക്കില്‍ പത്രസമ്മേളനം നടത്തുന്നു. ഇടയ്ക്കുവെച്ച് ഒരു അമേരിക്കന്‍ പത്രപ്രവര്‍ത്തകന്റെ ചോദ്യം ''കാശ്മീര്‍ പാകിസ്താന് കൈമാറിയാല്‍ കാശ്മീര്‍ പ്രശ്നത്തിന് പരിഹാരമാവില്ലേ ? ''കൃഷ്ണമേനോന്റെ മറുപടി ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങളെക്കുറിച്ചുള്ള ക്ലാസ്സുകളില്‍ പലപ്പോഴും പരാമര്‍ശിക്കപ്പെടുന്ന ഒന്നാണ്.''നിങ്ങള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാം. പരിഹാരം നിര്‍ദ്ദേശിക്കേണ്ട.''

എന്തിനും ഏതിനും അതിര്‍ത്തിയുണ്ടെന്നതാണ് സാമൂഹിക ജീവിതത്തിന്റെ അടിസ്ഥാന പാഠങ്ങളിലൊന്ന്. അതിര്‍ത്തി അറിഞ്ഞുവേണം കളിക്കാനുള്ളതെന്നത് കളിയില്‍ മാത്രമല്ല ജീവിതത്തിന്റെ സമസ്ത തലങ്ങളിലും ബാധകമാണ്. അമേരിക്കയിലെ ഹൂസ്റ്റണില്‍ പ്രധാനമന്ത്രി മോദി ഈ പാഠം മറന്നുപോയി എന്നാണ് ഇപ്പോഴുയരുന്ന വിമര്‍ശം. ട്രംപിനും മോദിക്കുമിടയില്‍ സമാനതകളുടെ പാലങ്ങള്‍ പലതുമുണ്ടാവാം. ലോകത്തെ  പ്രബലമായ രണ്ട് ജനാധിപത്യ രാജ്യങ്ങളുടെ അമരക്കാരാണ് ഇരുവരും. യാഥാസ്ഥിതിക വലതുപക്ഷത്തിന്റെ തീവ്ര ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്നതില്‍ ഇരുവര്‍ക്കും മടിയൊന്നുമില്ല. രണ്ടുപേര്‍ക്കും അവരവരുടെ രാജ്യങ്ങളില്‍ വലിയ ജനപിന്തുണയുണ്ട്. മോദിക്ക് ഇന്ത്യന്‍ ജനത രണ്ടാമൂഴം നല്‍കിക്കഴിഞ്ഞു. ട്രംപ് അദ്ദേഹത്തിന്റെ രാജ്യത്തില്‍ രണ്ടാമൂഴം തേടുന്ന തിരക്കിലാണ്.

പ്രധാനമന്ത്രിയുടെ പ്രസംഗം അതിപ്പോള്‍ ഇന്ത്യയിലായാലും വിദേശത്തായാലും നേരത്തെ തയ്യാറാക്കുകയാണ് പതിവ്. ഒരു വാക്ക് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ അതു മതി പ്രശ്നങ്ങളുടെ കടല്‍ തുറന്നിടാന്‍. ''അബ്കി ബാര്‍ ട്രംപ് സര്‍ക്കാര്‍''എന്നാണ് ഹൂസ്റ്റണില്‍ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചത്. സുഹൃത്തും അഭ്യുദയകാംക്ഷിയുമായ ട്രംപ് കൂടെയുള്ളതിന്റെ ആവേശത്തിലായിരിക്കാം ചിലപ്പോള്‍ മോദി ഇങ്ങനെയൊരു വെടി പൊട്ടിച്ചത്. നേരത്തെ തയ്യാറാക്കിയ പ്രസംഗത്തില്‍ ഈ വാക്യമുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. '' അബ് കി ബാര്‍ മോദി സര്‍ക്കാര്‍'' എന്നത് ബിജെപിയുടെ പ്രശസ്തമായ മുദ്രാവാക്യമാണ്. 

ഇന്ത്യന്‍ ജനതയില്‍ വലിയൊരു വിഭാഗത്തിന്റെ ഭാവന പിടിച്ചെടുത്ത മുദ്രാവാക്യം. പൊതുവേദിയില്‍ ജനത്തെ കൈയ്യിലെടുക്കാന്‍ പ്രസംഗകര്‍ പലപ്പോഴും ചില പൊടിക്കൈകള്‍ പ്രയോഗിക്കും. പ്രഭാഷണകലയില്‍ മോദിക്കുള്ള പ്രാവീണ്യം രാഹുല്‍ഗാന്ധി പോലും നിഷേധിക്കാനിടയില്ല. പക്ഷേ, തിരഞ്ഞെടുപ്പ് യോഗത്തിലല്ല, അമേരിക്കയില്‍ ഒരു സ്വീകരണയോഗത്തിലാണ് താന്‍ പ്രസംഗിക്കുന്നതെന്ന് പ്രധാനമന്ത്രി മോദി തീര്‍ച്ചയായും ഓര്‍ക്കണമായിരുന്നു.

ഇക്കഴിഞ്ഞ മെയില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് ലണ്ടനില്‍ നിന്ന് പുറത്തിറങ്ങുന്ന ഇക്കോണമിസ്റ്റ് വാരികയില്‍ വന്ന ഒരു കുറിപ്പ് വന്‍ പ്രതിഷേധത്തിനിടയിക്കിയിരുന്നു. ഇന്ത്യയെ പല തട്ടുകളാക്കി കീറിമുറിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നും മോദി സര്‍ക്കാരിനെ ഒന്നുകില്‍ വോട്ടു ചെയ്ത് പുറത്താക്കണമെന്നും അല്ലെങ്കില്‍ ഒരു കൂട്ടുകക്ഷി മന്ത്രിസഭയെങ്കിലും വരുന്ന വിധത്തിലായിരിക്കണം ഇന്ത്യന്‍ ജനതയുടെ വിധിയെഴുത്തെന്നുമുള്ള ആഹ്വാനം ആ കുറിപ്പിലുണ്ടായിരുന്നു. കക്ഷിവ്യത്യാസമില്ലാതെയാണ് ഇന്ത്യാക്കാര്‍ ഈ കുറിപ്പിനെതിരെ പ്രതികരിച്ചത്. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ഇന്ത്യക്കാരോട് പറയാന്‍ ഇക്കോണമിസ്റ്റിന് ഒരധികാരവുമില്ലെന്നും ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ഇന്ത്യാക്കാര്‍ക്കറിയാമെന്നും വിവിധ രാഷ്ട്രീയ നിലപാടുകള്‍ വെച്ചുപുലര്‍ത്തുന്നവര്‍ ചൂണ്ടിക്കാട്ടി.

 

modi & trump

'അബ് കി ബാര്‍ മോദി' സര്‍ക്കാര്‍ എന്ന് റഷ്യന്‍ പ്രസിഡന്റ് പുതിനോ ശ്രീലങ്കന്‍ പ്രസിഡന്റ് സിരിസേനയോ എന്തിന് മോദിജിയുടെ പ്രിയതോഴന്‍ ഡൊണാള്‍ഡ് ട്രംപോ ഇന്ത്യയില്‍ വന്ന് പറയില്ല. അതില്‍ ഒരു ഔചിത്യക്കേടുണ്ടെന്നത് പകല്‍പോലെ തെളിച്ചമുള്ള സംഗതിയാണ്. അമേരിക്കയെന്നല്ല ലോകത്തെ ഒരു രാഷ്ട്രത്തിലും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഇന്ത്യന്‍ ഭരണാധികാരികളുടെ ചുമതലയല്ല. ട്രംപന് ഒരു വട്ടം കൂടി അവസരം കൊടുക്കണോ എന്നത് അമേരിക്കന്‍ വോട്ടര്‍മാര്‍ തീരുമാനിക്കേണ്ട കാര്യമാണ്. ഉള്ളിന്റെയുള്ളില്‍ അങ്ങനെയൊരു ആഗ്രഹമുള്ളപ്പോള്‍ പോലും പൊതുവേദികളില്‍ അത് വെളിപ്പെടുത്താതിരിക്കുയാണ് ഉചിതവും ധര്‍മ്മവും.

ചേരി ചേരാ നയമായിരുന്നു ഒരു കാലത്ത് ആഗോളതലത്തില്‍ ഇന്ത്യയുടെ നിലപാട്. അമേരിക്കയും റഷ്യയുമായി രണ്ട് ചേരികള്‍ ഉടലെടുത്തപ്പോള്‍ രണ്ടിലും പെടാതെയുള്ള വഴിയാണ് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നെഹ്രു തിരഞ്ഞെടുത്ത്. ഒരര്‍ത്ഥത്തില്‍ അത് ഗൗതമ ബുദ്ധന്റെ മദ്ധ്യ മാര്‍ഗ്ഗമായിരുന്നു. അമേരിക്കയോടും റഷ്യയോടും ഒരുപോലെ ഇടപെടുന്നതിന് ഈ സമീപനം ഇന്ത്യയെ സഹായിക്കുകയും ചെയ്തു. ബംഗ്ലാദേശ് യുദ്ധകാലത്ത് അമേരിക്കയുടെ സമ്മര്‍ദങ്ങള്‍ക്ക് വഴിപ്പെടാതെ മുന്നോട്ട് പോവുന്നതിന് ഇന്ദിരാഗാന്ധിയെ സഹായിച്ചതും ഇതേ നയമായിരുന്നു.

ഈ നയത്തില്‍ നിന്നും ഇന്ത്യ ഇന്നിപ്പോള്‍ വല്ലാതെ വ്യതിചലിച്ചുകഴിഞ്ഞു. അമേരിക്കയോടും ഇസ്രായേലിനോടുമുള്ള അടുപ്പത്തില്‍  പലപ്പോഴും ഇന്ത്യ അതിര്‍ത്തികള്‍ നോക്കുന്നില്ല എന്ന ആക്ഷേപം വ്യാപകമാണ്. റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ത്ഥിയായി വീണ്ടും അമേരിക്ക ഭരിക്കാന്‍ വട്ടംകൂട്ടുന്ന ട്രംപിനെ പിന്തുണയ്ക്കേണ്ട കാര്യം മോദിക്കുണ്ടോ എന്ന ചോദ്യം ഉയര്‍ത്തുന്നവരെ ദേശദ്രോഹികള്‍ എന്ന് വിളിക്കുക എളുപ്പമാണ്. പക്ഷേ, കഴിഞ്ഞ ദിവസം ഹൂസ്റ്റണ്‍ ക്രോണിക്കിളില്‍ എഴുതിയ ലേഖനത്തില്‍ ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവാന്‍ മത്സരിക്കുന്ന ബെര്‍ണി സാന്‍ഡേഴ്സ് കാശ്മീരിലെ ജനാധിപത്യ ധ്വംസനത്തെക്കുറിച്ച് എഴുതിയത് കാണാതിരിക്കാനാവില്ല. അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഇന്ത്യന്‍ വംശജരായ അഞ്ച് പ്രതിനിധികളില്‍ നാലുപേര്‍ (നാലു പേരും ഡെമോക്രാറ്റുകള്‍) മോദി പങ്കെടുത്ത യോഗത്തിനെത്തിയില്ലെന്നതും ശ്രദ്ധേയമാണ്.

ദക്ഷിണാഫ്രിക്കയിലേക്ക് ഫുട്ബോള്‍ ലോകകപ്പ് വന്നപ്പോള്‍ പോപ്പ് ഗായിക ഷക്കീറ പാടിയ പാട്ട് ഓര്‍മ്മയില്ലേ.

''സാമിന മിന ഏഹ്, ഏഹ്
വക്കാ വക്കാ ഏഹ് ,ഏഹ് 
ദിസ് ടൈം ഫോര്‍ ആഫ്രിക്ക. ''

ഏതാണ്ടിതേ ആവേശത്തിലാണ് മോദിജി ട്രംപ്ജിക്കായി ബാറ്റ് വീശിയത്. നമ്മുടെ ആര്‍ . ബാലകൃഷ്ണപിള്ള നടത്തിയ പഞ്ചാബ് മോഡല്‍ പ്രസംഗം എല്ലാ രാഷ്ട്രീയ നേതാക്കളും ഇടയ്ക്കൊന്നോര്‍ക്കുന്നത് നല്ലതാണ്.  ഉച്ചരിക്കാത്ത വാക്കിന്റെ ഉടമയും ഉച്ചരിച്ച വാക്കിന്റെ അടിമയുമാണ് മനുഷ്യന്‍ എന്ന് പറയുന്നത് വെറുതെയല്ല.

Content Highlights: PM praises US President at Houston event