ആ സമരങ്ങളുടെ ഓർമ ഞങ്ങളിൽ നിറയ്ക്കുന്നത് അഭിമാനമാണ്. അന്ന് രക്തസാക്ഷികളായ സഖാക്കളുടെ ഓർമകൾക്കു മുന്നിൽ ഒരിക്കൽക്കൂടി ലാൽസലാം പറയുന്നു. രക്തസാക്ഷികൾ അനശ്വരരാണ്. അവർക്കു മരണമില്ല. 

പുന്നപ്ര വയലാർ സമരത്തിന്റെ തീക്ഷ്ണത വരച്ചുകാട്ടുന്ന ‘വയലാർ ഗർജിക്കുന്നു’ എന്ന കവിതയിൽ പി. ഭാസ്കരൻ ഇങ്ങനെ എഴുതുന്നു:  ‘ഉയരും ഞാൻ നാടാകെ, പടരും ഞാൻ ഒരു പുത്തൻ ഉയിർ നാടിനേകി​െക്കാണ്ടുയരും വീണ്ടും...’ സമരത്തിനുശേഷം ഒട്ടും വൈകാതെയാണ് ഈ ഖണ്ഡകാവ്യം എഴുതപ്പെട്ടത്. ഇന്നും ജനഹൃദയങ്ങളിൽ അതു ചുവപ്പുപടർത്തുന്നു. പുന്നപ്ര വയലാർ രക്തസാക്ഷികളുടെ ത്യാഗം പകർത്താൻ ‘കഴിവറ്റ തൂലികേ ലജ്ജിക്കു നീ...’ എന്നാണ് ഭാസ്കരൻ മാഷ് എഴുതിയിട്ടുള്ളത്. 

അടിച്ചമർത്തലിനെതിരേ ഉയിർപ്പ്‌

കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനായ പി. കൃഷ്ണപിള്ളയാണ് പുന്നപ്ര വയലാർ സമരത്തിന്റെ സംവിധായകൻ. ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലാണ് ആദ്യം പാർട്ടിയുണ്ടാകുന്നത്.   1936-ൽ തിരുവിതാംകൂർ കയർഫാക്ടറി തൊഴിലാളികളുടെ നേതൃത്വത്തിൽ പണിമുടക്കു നടന്നു. ഇതിനു നേതൃത്വം നൽകിയ പി. കൃഷ്ണപിള്ള അറസ്റ്റിലായി. 1938-ൽ തിരുവിതാംകൂർ ട്രേഡ് യൂണിയൻ ആക്ട് വന്നു. 600 നാട്ടുരാജ്യങ്ങളിൽ ആദ്യമായി ഇങ്ങനെ ആക്ടുണ്ടായത് ഇവിടെയാണ്. അക്കാലത്ത് അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ ജന്മിത്വം ശക്തമായിരുന്നു. രാജവാഴ്ചയും രാജാവിന്റെ ഇംഗിതം നടപ്പാക്കാൻ സർ സി.പി.യുടെ കിങ്കരന്മാരും. ബ്രിട്ടീഷ് സർക്കാരുമായുള്ള ചങ്ങാത്തം. ഇതായിരുന്നു അന്നത്തെ രീതി. കയർ ഫാക്ടറിയല്ലാതെ ആലപ്പുഴയിൽ വേറെ കാര്യമായ വ്യവസായമൊന്നുമില്ല. യൂറോപ്യന്മാരുടെയും നാട്ടിലെ ജന്മിമാരുടെയും കയർ ഫാക്ടറികളുണ്ടായിരുന്നു. ജന്മിമാരുടെ ഗുണ്ടകൾ തൊഴിലാളികളെ ഉപദ്രവിക്കുന്നത് അവകാശം പോലെയായിരുന്നു. പിടിച്ചുകെട്ടി തല്ലുക, സ്ത്രീകളെ ഉപദ്രവിക്കുക തുടങ്ങി എന്തും ചെയ്യാവുന്ന സ്ഥിതി. ഇതിനെതിരായ പ്രതിരോധം കമ്യൂണിസ്റ്റു പാർട്ടി എല്ലായിടത്തും തുടങ്ങി. ഇതുവളർന്നുവന്നാണ് കയർ ഫാക്ടറി തൊഴിലാളികൾ പണിമുടക്കിയതും പിന്നീട് ആക്ട് വന്നതും.

സർ സി.പി.യുടെ പട്ടാളവും ജന്മിമാരുടെ ഗുണ്ടകളും ചേർന്നുള്ള അക്രമവും സഹിക്കാൻ പറ്റാതെ വന്നപ്പോഴാണ് പോരാട്ടത്തിലേക്ക് കടക്കുന്നത്. അതിനൊരു രാഷ്ട്രീയമുഖവും വന്നു. സ്വതന്ത്ര തിരുവിതാംകൂർ എന്നൊരു വാദം സർ സി.പി. മുന്നോട്ടുവെച്ചു. സ്വാതന്ത്ര്യം കിട്ടുമെന്ന തോന്നൽ വന്നപ്പോൾ മറ്റു നാട്ടുരാജ്യങ്ങളൊക്കെ അതിനോട് ചേർന്നുപോകുന്ന നിലപാടാണ് സ്വീകരിച്ചത്. ഹൈദരാബാദ് നൈസാം, തിരുവിതാംകൂർ രാജാവ് എന്നിവരൊക്കെ എതിർക്കുന്നവരായിരുന്നു. ഇന്ത്യൻ യൂണിയനിൽനിന്ന് വേർപെട്ട് സ്വതന്ത്ര തിരുവിതാംകൂർ എന്ന വാദത്തിനെതിരായ രാഷ്ട്രീയമായ പോരാട്ടമായിക്കൂടി പുന്നപ്ര വയലാർ സമരം മാറി. ട്രേഡ് യൂണിയൻ അവകാശങ്ങൾക്കൊപ്പം പ്രായപൂർത്തി വോട്ടവകാശവും നേതാക്കൾ ചോദിച്ചു. ഇതിന്റെ കൂടിയാലോചനയ്ക്കായി സർ സി.പി. യൂണിയൻ നേതാക്കളെ വിളിച്ചു. ചർച്ചയ്ക്കു പോയ ടി.വി.തോമസിന്‌ ഇരിക്കാൻ ഒരു കസേരപോലും കൊടുത്തില്ല. ഉയർന്ന പീഠത്തിലിരിക്കുകയായിരുന്ന സി.പി.ക്കു മുന്നിൽ അത്രയും പൊക്കമുള്ള മേശയുടെ പുറത്ത് ടി.വി. കയറിയിരുന്നു. പ്രായപൂർത്തി വോട്ടവകാശം ഒഴിച്ചുള്ള എല്ലാ സാമ്പത്തിക ആവശ്യങ്ങളും അംഗീകരിക്കാമെന്ന് സർ സി.പി. പറഞ്ഞു. എന്നാൽ, പ്രായപൂർത്തി വോട്ടവകാശം അംഗീകരിക്കുകയും സ്വതന്ത്ര തിരുവിതാംകൂർ എന്ന വാദം ഉപേക്ഷിക്കുകയും ചെയ്താൽ മറ്റെല്ലാ ഡിമാൻഡുകളും വേണ്ടെന്നുവെക്കാമെന്നായിരുന്നു ടി.വി.യുടെ മറുപടി. ഇതോടെ ചർച്ച പരാജയപ്പെട്ടു. തുടർന്ന് സർ സി.പി.യുടെ പട്ടാളം ഉപദ്രവങ്ങൾ തുടങ്ങി. ഇത് പോരാട്ടത്തിലേക്കു നയിക്കുകയായിരുന്നു. 

പോരാട്ടം തുടരുന്നു

1946 ഒക്ടോബർ 23-ന് പുന്നപ്രയിൽ ആദ്യപോരാട്ടം നടന്നു. വയലാറിൽ 27-നായിരുന്നു വെടിവെപ്പ്. വയലാർ അന്ന് ദ്വീപാണ്. 27-ന് അവിടെ സമ്മേളിച്ച ജനക്കൂട്ടത്തിനുനേരെ നാലുവശത്തും ബോട്ടിലൂടെ വന്ന പട്ടാളം ഒരു കാരണവുമില്ലാതെ വെടിവെക്കുകയായിരുന്നു. നൂറുകണക്കിനാളുകൾ മരിച്ചു. നിരായുധരെയാണ് വെടിവെച്ചത്. എന്നാൽ, പുന്നപ്രയിലേത് പോരാട്ടമായിരുന്നു. ചെത്തിക്കൂർപ്പിച്ച വാരിക്കുന്തങ്ങളുമായി പാവപ്പെട്ട തൊഴിലാളികൾ പട്ടാളത്തിന്റെ തോക്കിനെയും പീരങ്കിയെയും ലാത്തികളെയും നേരിട്ടു. സി.പി.യുടെ ചോറ്റുപട്ടാളക്കാരിൽ കുറെപ്പേരും മരിച്ചു. പട്ടാളത്തിൽനിന്ന് പിരിഞ്ഞുവന്ന കുറെപ്പേരാണ് ആക്രമണത്തിന് തൊഴിലാളികളെ പരിശീലിപ്പിച്ചത്. ഇതിന്റെ പ്രധാനകേന്ദ്രമായിരുന്നു ആലപ്പുഴയിലെ കുതിരപ്പന്തി, തുമ്പോളി പ്രദേശങ്ങൾ. വാരിക്കുന്തങ്ങളുമായി ഇഴഞ്ഞുചെന്നാണ് തോക്കുധാരികളായ പട്ടാളക്കാരെ നേരിട്ടത്. എങ്കിലും തോക്കിനു പകരമാവില്ലല്ലോ വാരിക്കുന്തം. ഒട്ടേറെ തൊഴിലാളികൾ കൊല്ലപ്പെട്ടു. പോരാട്ടത്തിലെ ഒരു സ്‌ക്വാഡ്രൺ ലീഡറായിരുന്നു പി.കെ. ചന്ദ്രാനന്ദൻ. എം.ടി. ചന്ദ്രസേനനും രംഗത്തുണ്ടായിരുന്നു. സമരരംഗത്തുണ്ടായിരുന്ന വി.എസിനെ ഇടയ്ക്ക് പാർട്ടി പൂഞ്ഞാറിലേക്കു നിയോഗിച്ചു. അവിടെവെച്ചാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്യുന്നതും ക്രൂരമായി പീഡിപ്പിക്കുന്നതും.

പുന്നപ്രയിലെ പോരാട്ടത്തിനു പിന്നാലെ മാരാരിക്കുളം, മേനാശ്ശേരി, ഒളതല എന്നിവിടങ്ങളിലും വെടിവെപ്പുണ്ടായി. മരിച്ചവരുടെ എണ്ണം ഇപ്പോഴും അറിയില്ല. ഏറ്റവും ഒടുവിലത്തേതായിരുന്നു വയലാറിലെ വെടിവെപ്പ്. വെടിയേറ്റു മരിച്ചവരെയും മുറിവേറ്റവരെയും പിടികൂടിയവരെയും പട്ടാളവണ്ടികളിൽ വാരിവലിച്ചിട്ട് ആലപ്പുഴ വലിയ ചുടുകാട്ടിൽ കൊണ്ടുവന്ന് പെട്രോൾ ഒഴിച്ച് തീവെച്ചു ദഹിപ്പിച്ചു. അങ്ങനെയാണ് വലിയ ചുടുകാട് പുന്നപ്ര വയലാർ രക്തസാക്ഷി നഗരിയായത്. അവിടെയാണ് സ്മരണാമണ്ഡപങ്ങൾ. പുന്നപ്രയിൽ വെടിയേറ്റു മരിച്ചവർക്ക് പുന്നപ്ര കടൽത്തീരത്താണ് മണ്ഡപം. മേനാശ്ശേരിയിലും ഒളതലയിലും അവിടെത്തന്നെയാണ് മണ്ഡപങ്ങൾ.

അമേരിക്കൻ മോഡൽ അറബിക്കടലിൽ

പുന്നപ്ര വയലാർ തൊഴിലാളികൾ പോരാടിയത് അവർക്കു വേണ്ടിയായിരുന്നില്ല. പൊതു സമൂഹത്തിനുവേണ്ടിയാണ്. പ്രായപൂർത്തി വോട്ടവകാശത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി അവർ പോരാടി. ‘അമേരിക്കൻ മോഡൽ അറബിക്കടലിൽ’ എന്ന മുദ്രാവാക്യം അറബിക്കടലിന്റെ ഗർജനത്തെപ്പോലും അപ്രസക്തമാക്കി. ‘വിപ്ലവം ജയിക്കട്ടെ’ എന്ന മുദ്രാവാക്യം അലറിവിളിച്ചു ചെന്നാണ് തൊഴിലാളികൾ പട്ടാളത്തെ നേരിട്ടത്. ചരിത്രത്തിൽ സമാനതകളില്ലാത്ത പോരാട്ടമായി ഇതു മാറുന്നതും അതുകൊണ്ടാണ്.പുന്നപ്ര വയലാറിൽ ഒഴുകിയ രക്തം പാഴായില്ല. അടുത്തവർഷം ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടി. 600 നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ച കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനത്തോടെ തിരുവിതാംകൂർ രാജഭരണം അവസാനിച്ചു. സ്വതന്ത്ര തിരുവിതാംകൂർ എന്ന സർ സി.പി.യുടെ ദിവാസ്വപ്നം പൊലിഞ്ഞു. ഇന്ത്യ ഒന്നാണ് എന്ന ആശയം സാക്ഷാത്കരിക്കരിക്കാനായി തിരുവിതാംകൂറിലെ കമ്യൂണിസ്റ്റുകാർ ജീവരക്തം കൊണ്ട് സൃഷ്ടിച്ചത് ത്യാഗോജ്ജ്വല ചരിത്രമാണ്. സർ സി.പി. വെട്ടേറ്റ് നാടുവിട്ടോടേണ്ടിവന്നത് പിൽക്കാല ചരിത്രം. ആർ.എസ്.പി.ക്കാരനായ കെ.സി.എസ്. മണിയാണ് വെട്ടിയത്. പുന്നപ്ര വയലാർ സമരചരിത്രകാലത്തു നടന്ന സമരങ്ങളാണ് കയ്യൂർ, കരിവെള്ളൂർ, മൊറാഴ, പാടിക്കുന്ന്, മുനയംകുന്ന്, തില്ലങ്കേരി എന്നിവിടങ്ങളിലേത്. അവിടെയെല്ലാം കാർഷിക കലാപങ്ങളായിരുന്നു. കൃഷിക്കാരാണ് പങ്കെടുത്തത്. പുന്നപ്ര വയലാറിൽ വിവിധ മേഖലകളിലെ തൊഴിലാളികളാണ് പങ്കെടുത്തത്.

കോൺഗ്രസ്‌ നിലപാട്

സ്വാതന്ത്ര്യത്തിനുശേഷം അധികാരത്തിൽവന്ന കോൺഗ്രസ് സർക്കാരുകൾ പുന്നപ്ര വയലാർ സമരത്തെ സ്വാതന്ത്ര്യസമരമായി അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. കമ്യൂണിസ്റ്റ് പാർട്ടിക്കെതിരേ സർ സി.പി.യെ ഫലത്തിൽ പിന്തുണയ്ക്കുന്ന സമീപനമാണ് സ്റ്റേറ്റ് കോൺഗ്രസ് സ്വീകരിച്ചിരുന്നത്. ആദ്യമൊക്കെ കോൺഗ്രസ് വഞ്ചനദിനം ആചരിക്കുകയും ചെയ്തു. ബഹുജനരോഷത്തെത്തുടർന്ന് പിന്നീടത് ഉപേക്ഷിച്ചു. വഞ്ചനദിനം ആചരിക്കാൻ ഒരുകൂട്ടം കോൺഗ്രസുകാർ വയലാറിൽ എത്തി. കരിങ്കൊടി പിടിക്കുന്നവന്റെ കൈവെട്ടിക്കളയുമെന്ന് പാർട്ടിനേതൃത്വം പ്രഖ്യാപിച്ചു. പിന്നീടത് ഉണ്ടായില്ല.

മുക്കാൽ നൂറ്റാണ്ടായി കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ പുന്നപ്ര വയലാർ രക്തസാക്ഷിദിനം ആചരിക്കുന്നു. 1964 വരെ അവിഭക്ത പാർട്ടിയുടെ നേതൃത്വത്തിലാണ് നടന്നത്. 1964 മുതൽ 1980 വരെ സി.പി.എമ്മും സി.പി.ഐ.യും വെവ്വേറെ ആചരിച്ചു. പിന്നീട് വീണ്ടും ഒന്നിച്ചായി. അടിയന്തരാവസ്ഥക്കാലത്തുപോലും ആലപ്പുഴ വലിയചുടുകാട്ടിൽനിന്ന് വയലാറിലേക്കുള്ള ഒക്ടോബർ 27-ലെ ദീപശിഖാ റാലി സി.പി.എം. മുടക്കിയിട്ടില്ല. അവിഭക്ത പാർട്ടിയുടെ കാലത്ത് എം. എൻ. ഗോവിന്ദൻനായർ, ടി.വി. തോമസ്, വി. എസ്. അച്യുതാനന്ദൻ, പി.കെ. ചന്ദ്രാനന്ദൻ, പി.ടി. പുന്നൂസ്, കെ.ആർ. ഗൗരിയമ്മ, എം.ടി. ചന്ദ്രസേനൻ, എ.കെ.ജി., ഇ.എം.എസ്., പി.കെ.വി. തുടങ്ങിയ നേതാക്കൾ ദീപശിഖാറാലി കൊളുത്തി നൽകിയിട്ടുണ്ട്. പാർട്ടി രണ്ടായ ശേഷം സി.പി.എമ്മിനുവേണ്ടി ഇ.എം.എസും. എ.കെ.ജി.യും സി.എച്ച്. കണാരനും നായനാരും വി.എസും ഗൗരിയമ്മയും ചന്ദ്രാനന്ദനും പിണറായി വിജയനും ചടയൻ ഗോവിന്ദനുമൊക്കെ എത്തി. കഴിഞ്ഞവർഷം ഈ ലേഖകനെയാണ് ദീപശിഖ കൊളുത്താൻ പാർട്ടി നിയോഗിച്ചത്. ഇത്തവണയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയായി കാണുന്നു. 

(മുതിർന്ന സി.പി.എം. നേതാവും മുൻ മന്ത്രിയുമാണ്‌ ലേഖകൻ)

content highlights:75th anniversary of punnapra-vayalar uprising