25 വർഷത്തെ അനുഭവങ്ങളിലേക്ക് കണ്ണോടിക്കുമ്പോൾ, ജനകീയാസൂത്രണ പ്രസ്ഥാനത്തിന് അഭിമാനിക്കാൻ ഏറെ വകയുണ്ട്. കാൽനൂറ്റാണ്ടായി നമ്മുടെ 1200 തദ്ദേശഭരണ സ്ഥാപനങ്ങളും ഈ പ്രസ്ഥാനത്തിന്റെ ചിട്ടകൾ പാലിച്ചുകൊണ്ട് പഞ്ചവത്സരപദ്ധതികളും വാർഷിക പദ്ധതികളും സമയബന്ധിതമായി തയ്യാറാക്കി നടപ്പാക്കുന്നു എന്നതുതന്നെ അതിന്റെ ഏറ്റവും വലിയ തെളിവ്. എന്നാൽ, പരിമിതികളും പോരായ്മകളും ഒട്ടും കുറവല്ല. അവ തിരിച്ചറിഞ്ഞ് പരിഹരിക്കുകയാണല്ലോ ചെയ്യേണ്ടത്. അതാകട്ടെ, ഒരു നിരന്തര പ്രക്രിയയുമാണ്.1994-ൽ നമ്മുടെ തദ്ദേശഭരണനിയമങ്ങൾ നിലവിൽ വന്നതിനുശേഷം 1999-ലാണ് സമഗ്രമായ ഒരു ഭേദഗതിക്ക് വിധേയമായത്. 

ജനകീയാസൂത്രണ പ്രസ്ഥാനത്തോടൊപ്പം പ്രവർത്തനമാരംഭിച്ച സെൻ കമ്മിറ്റിയുടെ ശുപാർശകളും ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ അനുഭവങ്ങളുമാണ് ഈ സമഗ്ര ഭേദഗതികൾക്ക് നിദാനം. അതുകഴിഞ്ഞ് രണ്ട് ദശകങ്ങൾ പിന്നിട്ടിരിക്കുന്നു. തദ്ദേശഭരണകൂടങ്ങളുടെ പ്രവർത്തനാനുഭവങ്ങൾ ഒരുപാട് വർധിച്ചു. പ്രളയകാലത്തും കോവിഡ് കാലത്തും അവയുടെ പ്രവർത്തനശേഷിയിലുണ്ടായ മികവ് നാം കാണുകയുണ്ടായി. എന്നാൽ, ഇതിനനുസരിച്ചുള്ള മാറ്റങ്ങൾ അവയുടെ അധികാരഘടനയിൽ ഉണ്ടായിട്ടില്ല. ഇക്കാര്യത്തിൽ സർക്കാരിന് ആവശ്യമായ നിർദേശങ്ങളും ശുപാർശകളും നൽകുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കേരള ലോക്കൽ ഗവൺമെന്റ് കമ്മിഷൻ രൂപവത്‌കരിച്ചത്. എന്നാൽ, അതിന്റെ പ്രവർത്തനങ്ങൾ വേണ്ടത്ര ഗൗരവത്തിൽ കാണാനോ നൽകിയ ശുപാർശകൾ യഥാസമയം നടപ്പാക്കാനോ ഉള്ള ശ്രമങ്ങൾ ഉണ്ടായിക്കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. 

നിയമവും ചട്ടവും എവിടെ

25 വർഷമായി പ്രയോഗിച്ചുകൊണ്ടിരിക്കുന്ന ആസൂത്രണ നടപടിക്രമങ്ങൾ ഇതുവരെയും നിയമത്തിന്റെയും ചട്ടങ്ങളുടെയും ഭാഗമായിക്കഴിഞ്ഞിട്ടില്ലല്ലോ. അതുകൊണ്ട് ആസൂത്രണ ബോർഡിന് ഓരോ വർഷവും ആസൂത്രണ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കേണ്ടിവരുന്നു. തദ്ദേശഭരണ സ്ഥാപനങ്ങൾ അതിനായി കാത്തിരിക്കേണ്ടിയും വരുന്നു. 

ആസൂത്രണ പ്രവർത്തനം ഫലപ്രദമാവണമെങ്കിൽ, വിശ്വസനീയവും ആധികാരികവുമായ വിവരാടിത്തറ (Data base) അനിവാര്യമാണ്. ഇതാകട്ടെ, നിരന്തരം പുതുക്കിക്കൊണ്ടിരിക്കുകയും വേണം. സംസ്ഥാനത്താണെങ്കിൽ, ഈ പ്രവർത്തനത്തിനായി പ്രത്യേക വകുപ്പ്‌ തന്നെയുണ്ട്. എന്നിട്ടും 2011-നുശേഷമുള്ള അടിസ്ഥാന വിവരങ്ങൾ പ്രാദേശിക തലത്തിൽ ലഭ്യമല്ല എന്നതാണ് സ്ഥിതി. ശക്തമായ ഒരു വിവരാടിത്തറ സൃഷ്ടിക്കാൻ പറ്റുന്ന വിധത്തിൽ ഒരു വിവര സൂചനാസംവിധാനം നമുക്കില്ല. എന്തിന്, പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള വിവിധ സ്ഥാപനങ്ങളിൽ ശേഖരിക്കുന്ന വിവരങ്ങൾ പോലും ക്രോഡീകരിച്ച് സൂക്ഷിച്ചുവെക്കുന്ന രീതി ഇന്നും നിലവിലില്ല. 

ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ തുടക്ക ഘട്ടത്തിൽ, അതിന്റെ ഏറ്റവും ഉദാത്തമായ സംഭാവനയായി കരുതപ്പെട്ടിരുന്ന സംവിധാനമാണ് പദ്ധതികളുടെ സാങ്കേതിക മികവ് ഉറപ്പുവരുത്തുന്നതിനും സാങ്കേതിക പരിശോധന നടത്തി അംഗീകാരം നൽകുന്ന പ്രക്രിയയിൽ അഴിമതി ഇല്ലാതാക്കാനും ജനാധിപത്യപരമാക്കാനും ലക്ഷ്യമിട്ട് രൂപവത്‌കരിച്ച സന്നദ്ധ സാങ്കേതിക സേന. വിരമിച്ചവരും സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്നവരുമായ ആയിരക്കണക്കിന് സാങ്കേതിക വിദഗ്ധരാണ് ഈ സംവിധാനത്തിന്റെ ഭാഗമായി പ്രതിഫലമില്ലാതെ, സന്തോഷപൂർവം സേവനം നൽകിയത്. എന്നാൽ, പിൽക്കാലത്ത്, സ്ഥാപനവത്‌കരണത്തിന്റെ ഭാഗമായി ഈ സംവിധാനം ഉപേക്ഷിക്കപ്പെട്ടു. 

ദുർബലമായ കണ്ണികൾ

പ്രാദേശികാസൂത്രണ സംവിധാനത്തിലെ ഏറെ ദുർബലമായ ഒരു കണ്ണിയാണ് നമ്മുടെ ജില്ലാ ആസൂത്രണസമിതികൾ. ഗ്രാമ-നഗര ഭരണകൂടങ്ങൾക്ക് പൊതുവായി, റവന്യുജില്ലയ്ക്ക് മൊത്തമായുള്ള ഏക സംവിധാനമാണത്. ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ആസൂത്രണ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനും പൊതു മാർഗനിർദേശങ്ങൾ നൽകാനും ജില്ലാ ആസൂത്രണ സമിതികൾക്ക് കഴിയേണ്ടതുണ്ട്. എന്നാൽ, ഇതൊക്കെ ചെയ്യാൻ കഴിയുന്ന വിധത്തിൽ ഫലപ്രദമല്ല അതിന്റെ നിലവിലുള്ള സെക്രട്ടേറിയറ്റ് സംവിധാനം.

ഡോക്യുമെന്റൽ അഭാവം

ഡോക്യുമെന്റേഷന്റെ അഭാവം ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ മാത്രം പരിമിതിയല്ല. എന്നാൽ, ഇവിടെ അത് അത്യന്തം നിർണായകമായ ഒന്നാണ്. എത്രയോ ചരിത്രസംഭവങ്ങൾ ഈ പ്രസ്ഥാനത്തിന്റെ ഭാഗമായി പലേടത്തും നടന്നിട്ടുണ്ട്. പക്ഷേ, അവയുടെ രേഖകൾ സൂക്ഷിക്കുന്ന കാര്യത്തിൽ നാം വിമുഖരാണ്. അക്ഷന്തവ്യമായ അപരാധമാണത്. ഉദാഹരണമായി, 2000-നു മുമ്പായി മിക്കവാറും എല്ലാ പഞ്ചായത്തുകളുടെയും വിഭവഭൂപടങ്ങൾ തയ്യാറാക്കുകയുണ്ടായി. അവ ഇന്നെവിടെയും ലഭ്യമല്ല

പങ്കാളിത്തം പരിമിതമായി

ഗ്രാമസഭകളുടെയും വാർഡ് സഭകളുടെയും പങ്കാളിത്തം ഗണ്യമായി കുറഞ്ഞിട്ടുണ്ട് എന്നതാണ് പൊതുസ്ഥിതി. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ആദ്യ ദശകത്തിലെ അനുഭവങ്ങൾ വിലയിരുത്താൻവേണ്ടി നിയോഗിക്കപ്പെട്ട പ്രൊഫ. എം.എ. ഉമ്മൻ കമ്മിറ്റിക്ക്‌, ഗ്രാമസഭകളുടെ എണ്ണം വർഷത്തിൽ രണ്ടായി കുറയ്ക്കണം എന്നുപോലും ശുപാർശ ചെയ്യേണ്ടിവന്നത് ഈ പശ്ചാത്തലത്തിലാണ്. 

ഉത്‌പാദനരംഗത്ത് വേണ്ടത്ര മികവ് കാണിക്കാനായില്ല എന്നും പ്രൊഫ. ഉമ്മൻ കമ്മിറ്റി നിരീക്ഷിക്കുകയുണ്ടായി. ഒമ്പതാം പദ്ധതിയുടെ അവസാന വർഷത്തിൽ, പ്രാദേശിക പദ്ധതികളെല്ലാം നീർത്തടാടിസ്ഥാനത്തിലാക്കണം എന്ന ലക്ഷ്യത്തോടെ ഒട്ടേറെ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. അതിനുശേഷം പലേടത്തും ബ്ലോക്കുതല നീർത്തട മാസ്റ്റർ പ്ലാനുകൾ രൂപപ്പെട്ടെങ്കിലും മിക്കതും വേണ്ടത്ര ശുഷ്കാന്തിയോടെ നടപ്പാക്കുകയുണ്ടായില്ല. 

വിഭവലഭ്യതയുടെ കുറവ്

നിർബന്ധമായും തുക മാറ്റിവെക്കേണ്ട പദ്ധതികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്നും അതൊക്കെ നീക്കിവെക്കുമ്പോൾ സ്വതന്ത്രമായി പദ്ധതി ആസൂത്രണത്തിന് ഉപയോഗിക്കാൻ കഴിയുന്ന തുക നാമമാത്രമാണെന്നുമുള്ള ആക്ഷേപം തദ്ദേശഭരണ സ്ഥാപനങ്ങൾക്കിടയിൽ ശക്തമാണ്. ഉത്തരവാദിത്വങ്ങൾ വർധിക്കുന്നതിനനുസരിച്ച്, വിഭവ ലഭ്യതയും വർധിക്കാത്തിടത്തോളം ഈ പരാതി കൂടിക്കൊണ്ടേയിരിക്കും. ഇവിടെയാണ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ തനത്‌ വരുമാന വർധനയ്ക്കുള്ള നടപടികൾ പ്രധാനമാവുന്നത്. ദൗർഭാഗ്യവശാൽ, നികുതിവരുമാനം വർധിപ്പിക്കുന്ന കാര്യത്തിൽ ജനപ്രിയ സമീപനമാണ് നമ്മുടെ തദ്ദേശഭരണ സ്ഥാപനങ്ങൾ സ്വീകരിക്കാറുള്ളത്. 

പ്രഖ്യാപിതലക്ഷ്യങ്ങൾ നേടിയോ‌

നിർമാണ പ്രവർത്തനങ്ങൾ ഒഴികെയുള്ള പല പദ്ധതികളിലും അവയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ നേടിയോ എന്ന പരിശോധന വളരെ  ദുർബലമാണിന്ന്. തുക എത്രത്തോളം ചെലവഴിച്ചു എന്ന കാര്യംമാത്രമേ സാധാരണഗതിയിൽ പരിശോധിക്കപ്പെടുന്നുള്ളു. ഈ കുറവ് പരിഹരിക്കാനും പദ്ധതി നിർവഹണത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകാനുമായാണ് നിർവഹണ പരിശോധന സംവിധാനം നടപ്പാക്കിയത്. എന്നാൽ, ഈ സംവിധാനം അമ്പേ പരാജയപ്പെട്ടുപോയി. 

1997-ലാണ് ദേശീയതലത്തിലുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിലും ശുചിത്വമിഷൻ ആരംഭിച്ചത്. ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിൽ വളരെ വേഗം കേരളത്തിൽ സമ്പൂർണ ശുചിത്വം എന്ന ലക്ഷ്യം നേടാനാവും എന്നതായിരുന്നു പ്രതീക്ഷ. മുഴുവൻ പഞ്ചായത്തുകളും നിർമൽ പദവി നേടിയെടുത്തെങ്കിലും ഇപ്പോഴും സുസ്ഥിരമായ ഖര-ദ്രവ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഭൂരിഭാഗം ഇടങ്ങളിലും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം.  

പരിസ്ഥിതി സംരക്ഷണം ഏട്ടിലെ പശു

പരിസ്ഥിതി സംരക്ഷണമാണ് ജനകീയാസൂത്രണ പ്രസ്ഥാനം തുടക്കംമുതൽ ശ്രദ്ധിച്ചതും എന്നാൽ വേണ്ടത്ര വിജയിക്കാതെ പോയതുമായ ഒരു മേഖല. ഓരോ വികസന പദ്ധതികളും നടപ്പാക്കുമ്പോൾ ഉണ്ടാകാനിടയുള്ള പരിസ്ഥിതി ആഘാതവും അതിനുള്ള പരിഹാരവും പദ്ധതി രേഖകളിൽതന്നെ രേഖപ്പെടുത്തുന്ന രീതി ആദ്യം മുതൽതന്നെ സ്വീകരിക്കുകയുണ്ടായി. എന്നാൽ, വൈകാതെ ഇത് ഏട്ടിലെ പശു മാത്രമായി ഒതുങ്ങി. 

ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ സംസ്ഥാന കോർ ഗ്രൂപ്പ് അംഗമായിരുന്ന ലേഖകൻ  ശാസ്ത്ര സാഹിത്യ പരിഷത്ത്‌ സംസ്ഥാന പ്രസിഡന്റായിരുന്നു.

Content Highlights: 25 years of peoples planning