• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Features
More
Hero Hero
  • Politics
  • Web Exclusive
  • Sports
  • Open Forum
  • Literature
  • Weekend
  • Women and Children
  • Movies
  • Technology
  • Auto
  • Agriculture

മഗധ ആര്‍ക്ക്?

Oct 30, 2020, 11:59 PM IST
A A A
# മനോജ് മേനോൻ, പട്‌ന
thejaswi
X

തേജസ്വീ യാദവ്, നീതീഷ് കുമാര്‍ | ഫോട്ടോ: മാതൃഭൂമി 

ബിഹാറിന്റെ രാഷ്ട്രീയപുസ്തകത്തിലെ ഒടുവിലത്തെ അമ്പത്  പേജുകളിൽ തെളിയുന്ന മൂന്നുപേരുകളിൽ ഒരാൾ ജയിലിലും മറ്റൊരാൾ അധികാരക്കസേരയിലുമാണ്. മൂന്നാമത്തെയാൾ അപ്രതീക്ഷിതമായി ഭൂമി വിട്ടു. മറ്റ് ചിലരെക്കൂടി ചില താളുകളിൽ കണ്ടേക്കാമെങ്കിലും വേരുകളുള്ള പേരുകൾ ഈ മൂന്നു പേരുടേതാണ്. ഇവരിൽ 1990 മുതൽ 2005 വരെ സംസ്ഥാനത്തെ നയിച്ച  ലാലുപ്രസാദ് യാദവും 2005 മുതൽ 2020 വരെ ഭരിച്ച നിതീഷ് കുമാറും സംസ്ഥാനം ഭരിച്ചില്ലെങ്കിലും നിർണായകമായി മാറിയ രാം വിലാസ് പാസ്വാനും കഴിഞ്ഞ അമ്പത് വർഷത്തെ ബിഹാറിന്റെ ജീവചരിത്രത്തിന്റെ പല നിറങ്ങളുള്ള പുറം ചട്ടകളാണ്. ബിഹാറിൽ ഒരിക്കൽ കൂടി ജനവിധിയെഴുത്ത് നടക്കുമ്പോൾ ഈ നേതാക്കളടങ്ങിയ 50 വർഷത്തെ ഈ രാഷ്ട്രീയചരിത്രവും വിചാരണ ചെയ്യപ്പെടുന്നു.

അമ്പത് വർഷത്തിലാദ്യമായി പാസ്വാൻ രംഗത്തില്ലാത്തതും  റാഞ്ചി ജയിലിൽ കിടന്ന് ലാലുപ്രസാദ് യാദവ് ചുക്കാൻ പിടിക്കുന്നതും ഭരണത്തുടർച്ചയ്ക്കായി നിതീഷ് കുമാർ പടക്കളത്തിലിറങ്ങിയതുമായ  തിരഞ്ഞെടുപ്പാണ് ബിഹാറിൽ നടക്കുന്നത്. എന്നാൽ, പതിവ് നിർവചനങ്ങളിൽ ഒതുങ്ങുമായിരുന്ന ജനവിധി  ഇക്കുറി വീശുന്ന പുതിയ തരം കാറ്റുകളുടെ പിടിയിലായതാണ് ബിഹാറിന്റെ പുതിയ രാഷ്ട്രീയം. പരമ്പരാഗതരാഷ്ട്രീയം ഈ യുവതരംഗത്തിൽ ഉലയുകയാണെന്നാണ് ബിഹാർ നൽകുന്ന ഒടുവിലത്തെ സൂചന. യുവാക്കളുടെ തിരഞ്ഞെടുപ്പാണ് ഇപ്രാവശ്യം. ബിഹാറിൽ. 31 വയസ്സുകാരനായ തേജസ്വി യാദവും 37 കാരനായ ചിരാഗ് പാസ്വാനും 33 വയസ്സുകാരനായ കനയ്യകുമാറുമടങ്ങുന്ന പുതിയ തലമുറയാണ് അറുപത്തിയൊമ്പതുകാരനായ നിതീഷ് കുമാറിനെയും അറുപത്തിയെട്ടുകാരനായ സുശീൽ കുമാർ മോദിയെയും നേരിടുന്നത്. പരിചയസമ്പന്നതയും യുവത്വവും തമ്മിലുള്ള മത്സരമെന്നും തൊണ്ണൂറുകളിൽ തഴച്ചുവളർന്ന രാഷ്ട്രീയവും പുതുതലമുറ രാഷ്ട്രീയവും തമ്മിലുള്ള ഏറ്റുമുട്ടലെന്നും വിശേഷിപ്പിക്കാം.-മണ്ണിൽ വേരൂന്നിയ ജാതിമരങ്ങൾ പടർന്നുപന്തലിച്ചു നിൽക്കുമ്പോൾത്തന്നെ.

 രാഷ്ട്രീയ സമസ്യകൾ
കോവിഡ് കാലത്ത് രാജ്യത്ത് ആദ്യമായി നടക്കുന്ന പൊതുതിരഞ്ഞെടുപ്പാണ് ബിഹാറിൽ മൂന്ന് ഘട്ടങ്ങളായി അരങ്ങേറുന്നത്. കോവിഡ് മാനദണ്ഡങ്ങൾ നിർബാധം ലംഘിച്ചു കൊണ്ടുതന്നെ സ്വയം നിയന്ത്രിക്കാനാവാത്ത രാഷ്ട്രീയാവേശത്തിൽ മുഴുകുന്ന നഗര-ഗ്രാമങ്ങളെയാണ് ബിഹാർ ലോകത്തിന് കാട്ടിത്തരുന്നത്.

നിതീഷ് കുമാർ നയിക്കുന്ന എൻ.ഡി.എ., തേജസ്വി യാദവ് നയിക്കുന്ന മഹാസഖ്യം എന്നിവർ തമ്മിലാണ് ഏറ്റുമുട്ടലെങ്കിലും പഴയ സുഹൃത്തുക്കളായ ഉപേന്ദ്ര കുശ്‌വാഹ, പപ്പുയാദവ് തുടങ്ങിയവർ നയിക്കുന്ന സഖ്യങ്ങളും ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിയും കളത്തിലുണ്ട്. ലളിതമായി പറഞ്ഞാൽ, പതിനഞ്ച് വർഷമായി സർക്കാരിനെ നയിക്കുന്ന നിതീഷ് കുമാറും ജെ.ഡി.യു.വും ഒരു ഭാഗത്തും ബാക്കിയുള്ളവർ  മറുഭാഗത്തുമായി നിലയിറപ്പിക്കുന്ന മത്സരമാണ് ബിഹാർ കാണുന്നത്. കുറച്ചു കൂടി വ്യക്തമാക്കിയാൽ, നിതീഷിനെ ബിഹാറിലെ മറ്റ് രാഷ്ട്രീയപ്പാർട്ടികൾ വളഞ്ഞിരിക്കുന്നു. എന്നാൽ, അതിരൂക്ഷമായ സർക്കാർവിരുദ്ധ വികാരത്തിൽപ്പെട്ടു പോയ നിതീഷിനെ പിന്തുണക്കേണ്ട ബി.ജെ.പി. പാലിക്കുന്ന മൗനമാണ് ബിഹാറിന്റെ പുതിയ രാഷ്ട്രീയത്തിൽ ഒരു ഘടകം.

 കുടിയേറ്റ തൊഴിലാളികളുടെ ദുരിതം
കോവിഡ് കാല ലോക്ഡൗണിനെത്തുടർന്നുണ്ടായ കുടിയേറ്റത്തൊഴിലാളികളുടെ മടങ്ങിവരവും സംസ്ഥാനത്ത് തൊഴിൽ ലഭിക്കാതെയുള്ള അവരുടെ തിരിച്ചു പോക്കുമാണ് നിലവിൽ ബിഹാറിലെ ഏറ്റവും ഗുരുതരമായ സാമൂഹിക വിഷയം. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ തുടക്കംമുതൽ നിതീഷിന് പിഴച്ചു. കോവിഡിനെ തുടർന്നുണ്ടായ ലോക്ഡൗൺമൂലം തൊഴിൽ നഷ്ടപ്പെട്ട 40 ലക്ഷംപേരാണ് മറ്റു സംസ്ഥാനങ്ങളിൽനിന്ന് തിരിച്ചെത്തിയത്. എന്നാൽ, ഇവർക്ക് മടങ്ങിവരാനായി സൗകര്യമൊരുക്കാൻ സർക്കാർ വിമുഖതകാട്ടിയതും കിലോമീറ്ററുകൾ നടന്ന് നാട്ടിലെത്തേണ്ടി വന്നതും കടുത്ത പ്രതിഷേധങ്ങൾക്ക് തീ കൊളുത്തി.
കോവിഡ് - പ്രളയം പ്രശ്നങ്ങൾ കൈകാര്യം ചെയ്തതിലും വമ്പൻ വീഴ്ചകളുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. കോവിഡ് പരിശോധന ബിഹാറിൽ നടക്കുന്നില്ല. അതിനാൽ രോഗികളുടെ എണ്ണമോ ചികിത്സയോ ലഭ്യമല്ല. ബിഹാറിനെ വിഴുങ്ങിയ പ്രളയം 18 ജില്ലകളിലെ 84 ലക്ഷം പേരെ  ബാധിച്ചു. സഹായമെത്തിക്കാൻ  നിതീഷ് നടപടി സ്വീകരിച്ചെങ്കിലും അപര്യാപ്തമായെന്നാണ് പരാതി. പ്രളയം നേരിടുന്നതിലുണ്ടായ വീഴ്ചകളെച്ചൊല്ലി ബി.ജെ.പി.യും ജെ.ഡി.യു.വും പരസ്പരം പലവട്ടം ഏറ്റുമുട്ടിയിരുന്നു. ക്രമസമാധാന പാലനത്തിലെ വീഴ്ചകളാണ് മറ്റൊരു വിഷയമായി വിമർശകർ ചൂണ്ടിക്കാട്ടുന്നത്. ലാലു ഭരണത്തിലെ ക്രമസമാധാന പ്രശ്നങ്ങൾ ഉന്നയിച്ച് വോട്ട് നേടി അധികാരത്തിലെത്തിയ നിതീഷ് ക്രമേണ ക്രമസമാധാന പാലനത്തിലും വീഴ്ചകൾ പതിവാക്കിയെന്നാണ് വിമർശനം. മുസാഫർപുർ അനാഥാലയത്തിന്റെ മറവിൽ നടന്ന കൂട്ടബലാത്സംഗം കൈകാര്യം ചെയ്യുന്നതിൽ വീഴ്ചകൾ പിണഞ്ഞു. സിരിജൻ മഹിളാ സഹയോഗ് സമിതി കുംഭകോണം അഴിമതിയുടെ കരിനിഴലും വീഴ്ത്തി.

 ബി.ജെ.പി.യുടെ തന്ത്രങ്ങൾ
സർക്കാർവിരുദ്ധ വികാരത്തിന്റെ പശ്ചാത്തലത്തിൽ നിതീഷ് പ്രതിപക്ഷ പാർട്ടികളുടെ ആക്രമണത്തിനിരയാകുന്നതാണ് ബിഹാർ തിരഞ്ഞെടുപ്പ് വേദികളിൽ കാണുന്നത്. ഈ ആക്രമണങ്ങൾക്ക് മുന്നിൽ നിതീഷ് ഒറ്റപ്പെട്ട നിലയിലാണ്. സമ്മർദത്തിനിടയിൽ സംയമനം തകർന്ന നിതീഷിനെ പലവട്ടം വേദികളിൽ കണ്ടു. അതേസമയം, നിതീഷിനെ സഹായിക്കാനെത്തേണ്ട ബി.ജെ.പി. പാലിക്കുന്ന മൗനവും തന്ത്രപരമായ അകലവും ബിഹാർ രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾക്കാണ് വഴി മരുന്നിട്ടിരിക്കുന്നത്.

ഇക്കുറി ബിഹാറിൽ സ്വന്തം മുഖ്യമന്ത്രിയെന്നതാണ് ബി.ജെ.പി.യുടെ രഹസ്യ അജൻഡ. തിരഞ്ഞെടുപ്പുഫലം ബംഗാൾ ഉൾപ്പെടെ വരുംകാല  തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ബാധിക്കുമെന്നതിനാൽ ബിഹാറിലെ വിജയം ബി.ജെ.പി.ക്ക് അഭിമാന വിഷയമാണ്. അതിനുള്ള നീക്കത്തിൽ ബി.ജെ.പി.ക്ക് മുന്നിലെ തടസ്സം നിതീഷാണ്. ഇക്കാര്യം നിതീഷിനും അറിയാം. അതുകൊണ്ടാണ് താനാണ് മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി. നേതാക്കളോട് നിതീഷ് തുടക്കത്തിൽ തന്നെ ശഠിച്ചത്. ബി.ജെ.പി.അത് തന്ത്രപരമായി അനുസരിച്ചു. ഒപ്പം അണിയറയിൽ ചരടുകൾ വലിക്കുകയും ചെയ്തു. ഇക്കാര്യം മനസ്സിലാക്കിയ ജെ.ഡി.യു. നേതാക്കൾ ചിരാഗ് പാസ്വാന്റെ നേതൃത്വത്തിൽ എൽ.ജെ.പി. നടത്തുന്ന നീക്കങ്ങളുടെ ചരടുകൾ  അമിത് ഷായുടെ െെകയിലാണെന്ന് രഹസ്യമായി ആരോപിക്കുന്നു !

 ജാതിസമവാക്യങ്ങളുടെ സങ്കീർണത
എഴുപതുകളിൽ കർപ്പൂരി ഠാക്കൂറും ജയപ്രകാശ് നാരായണും ഉയർത്തിയ സോഷ്യലിസ്റ്റ് ആശയങ്ങളുടെയും രാം മനോഹർ ലോഹ്യ ആവിഷ്കരിച്ച  സാമൂഹികനീതി മുദ്രാവാക്യങ്ങളുടെയും പതാകകൾ ഉയർന്ന മണ്ണാണ് ബിഹാർ. തൊണ്ണൂറുകളിൽ ജെ.പി. ശിഷ്യർ തുടങ്ങിെവച്ച സ്വത്വരാഷ്ട്രീയത്തിന്റെ ചേരുവയാണ് ഇപ്പോഴും രാഷ്ട്രീയത്തെ ആഴത്തിൽ സ്വാധീനിക്കുന്നത്. പുറം ഒന്നും അകം മറ്റൊന്നുമായിരിക്കും സംസാരിക്കുക. അതിനാൽ ബിഹാർ തിരഞ്ഞെടുപ്പ് പലപ്പോഴും പ്രവചനങ്ങൾക്ക് അപ്പുറമാണ്. ഇക്കുറിയും മാറ്റത്തിന്റെ മുദ്രാവാക്യങ്ങൾ മുഴങ്ങുന്നതിനൊപ്പം ജാതി ചേരിതിരിവുകളും അടിത്തട്ടിൽ നിർണായകമാണ്.

മുസ്‌ലിം-യാദവ വോട്ടുകളാണ് ആർ.ജെ.ഡി.യുടെ പരമ്പരാഗതമായ അടിസ്ഥാനം. ഒ.ബി.സി.യിൽ ഒരു വിഭാഗം, ഇ.ബി.സി. മഹാദളിത് എന്നിവരാണ് നിതീഷിന്റെ വോട്ടുബാങ്ക്. മേൽ സമുദായങ്ങളും ദളിതുകളിൽ ഒരു വിഭാഗവുമാണ് ബി.ജെ.പി.യുടെ വോട്ടർമാരിലേറെയും. ഈ വോട്ട് ബാങ്കുകൾ പരമ്പരാഗത നിലയിൽ തുടരുമോ, മാറി ചിന്തിക്കുമോ എന്നതാണ് ഇക്കുറി പ്രധാനം. മുസ്‌ലിം-യാദവ വോട്ടുബാങ്കിനപ്പുറം തന്റെ പിന്തുണ വളർത്താനാണ് തേജസ്വി ഇക്കുറി ശ്രമിച്ചത്. തൊഴിലില്ലായ്മപോലെയുള്ള മുദ്രാവാക്യങ്ങൾ ഉയർത്തിയത് അതിന്റെ ഭാഗമായാണ്.

സീമാഞ്ചൽ മേഖലയിലെ മുസ്‌ലിം ഭൂരിപക്ഷമുള്ള നാല്പതോളം മണ്ഡലങ്ങൾ 2015 വരെ ആർ.ജെ.ഡി.യെ പിന്തുണച്ചവയാണ്. എന്നാൽ, 2015-ന് ശേഷം അസദുദ്ദീൻ ഒവൈസി നേതൃത്വം നൽകുന്ന എ.ഐ.
എം.ഐ.എം. പാർട്ടി ഈ മേഖലയിൽ കടന്നുകയറി പ്രവർത്തനം തുടങ്ങി. കിഷൻഗഞ്ച് നിയമസഭാ സീറ്റിലെ ഉപതിരഞ്ഞെടുപ്പിൽ ഒവൈസിയുടെ പാർട്ടിയാണ് വിജയിച്ചത്. ഇത്തവണ കുശ്‌വാഹ-കൊയേരി സമുദായത്തിൽ സ്വാധീനമുള്ള ഉപേന്ദ്ര കുശ്‌വാഹയും ഒവൈസിയും ചേർന്ന് രൂപവത്‌കരിച്ച പുതിയസഖ്യം സീമാഞ്ചൽ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചത്. അയോധ്യ, പൗരത്വനിയമം തുടങ്ങിയവയായിരുന്നു പ്രചാരണ വിഷയങ്ങൾ. ഈ സഖ്യത്തിന്റെ സ്വാധീനം ആർ.ജെ.ഡി.യുടെ വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്താൻ സാധ്യതയുണ്ട്. വിള്ളൽ വീണാൽ അത് ജെ.ഡി.യു.വിനായിരിക്കും ഗുണകരമാകുക.

2005-ൽ അധികാരമേറ്റ നിതീഷ് ആദ്യം ചെയ്തത് ലാലുവിന്റെ വോട്ടുബാങ്കിന് സമാന്തരമായി തനിക്ക് വോട്ടുബാങ്ക് സൃഷ്ടിക്കുകയാണ്. നാലുശതമാനം മാത്രം പ്രാതിനിധ്യമുള്ള കുർമി സമുദായത്തിന്റെ പ്രതിനിധിയാണ് നിതീഷ്. ഭരണത്തിൽ നിലനിൽക്കാൻ ഇതുപോരെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഇതേത്തുടർന്നാണ് സോഷ്യൽ എൻജിനിയറിങ്‌ എന്നുപേരിട്ട പ്രക്രിയയിലൂടെ  2007-ൽ നിതീഷ് ദളിത് വിഭാഗത്തിനുള്ളിൽ  മഹാദളിത് വിഭാഗത്തെ സൃഷ്ടിച്ചത്. 135 മഹാദളിത് വിഭാഗങ്ങൾ നിതീഷിന്റെ ശക്തിയായി മാറി. കൂടാതെ ബിഹാറിന്റെ ജനസംഖ്യയുടെ 28 മുതൽ 30 ശതമാനംവരെ വരുന്ന ഇ.ബി.സി. സമുദായം നിതീഷിനെയാണ് പിന്തുണച്ചിരുന്നത്. ഇതോടൊപ്പം മദ്യനിരോധനം, ജീവിക സ്വയംസഹായസംഘം എന്നിവ ഉൾപ്പെടെയുള്ള സാമൂഹികപദ്ധതികൾ, പെൺകുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയവയും നടപ്പാക്കിയതോടെ സ്ത്രീകളുടെ പിന്തുണയും ഉറപ്പാക്കി. ഈ സമവാക്യങ്ങൾ ഇക്കുറിയും പ്രവർത്തിക്കുമോ എന്നതാണ് ചോദ്യം. എന്നാൽ, മഹാദളിതുകൾക്കിടയിൽ ഇത്തവണ സർക്കാരിനോട് അതൃപ്തി വളരുന്നുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. സാത് നിശ്ചയ് പോലെയുള്ള നിതീഷിന്റെ ക്ഷേമ പദ്ധതികൾ നടപ്പാക്കുന്ന താ​െഴത്തട്ടിലുള്ള ഉദ്യോഗസ്ഥ സംവിധാനത്തിലുള്ള അഴിമതി, കുടിയേറ്റ തൊഴിലാളികളെ കൈകാര്യം ചെയ്ത രീതി, മദ്യനിരോധനംമൂലം തൊഴിലും വരുമാനവും നിലച്ചത് എന്നിവയാണ് ഈ എതിർപ്പിന് കാരണം.
ഈ വെല്ലുവിളികളെ പതിവ് വൈദഗ്ധ്യങ്ങൾ കൊണ്ട്  മറകടക്കാനായാൽ അത് നിതീഷിന്റെ വ്യക്തിപരമായ വിജയമായിരിക്കും. അല്ലെങ്കിൽ ഈ തിരഞ്ഞെടുപ്പ് നിതീഷിന്റെ രാഷ്ട്രീയഭാവി നിശ്ചയിക്കും. ഏറ്റുമുട്ടുന്നത് നിതീഷും യുവതലമുറയും തമ്മിലാണ്. മാറ്റം എന്ന കൊടിയാണ് അവർ ഉയർത്തുന്നത്. സ്വന്തം മുഖ്യമന്ത്രിയാണ് ബി.ജെ.പി.യുടെ ലക്ഷ്യം. നാലാം വട്ടവും മുഖ്യമന്ത്രി പദത്തിനായുള്ള യുദ്ധമുഖത്ത് നിതീഷ് ഏകനാണ്.

മുദ്രാവാക്യങ്ങൾ

പതിനഞ്ച് വർഷത്തിനുശേഷം ഏതെങ്കിലും ഒരു പ്രത്യേക മുദ്രാവാക്യത്തെ കേന്ദ്രീകരിക്കാത്ത തിരഞ്ഞെടുപ്പാണ് ബിഹാറിൽ ഇത്തവണ അരങ്ങേറുന്നത്. 2005-ൽ ജംഗിൾരാജും 2010-ൽ സദ്ഭരണവും 2015-ൽ ബി.ജെ.പി. വിരുദ്ധത എന്നിവയായിരുന്നു പ്രധാന മുദ്രാവാക്യങ്ങൾ. എന്നാൽ, ഇക്കുറി തൊഴിലില്ലായ്മ, വികസനം തുടങ്ങി ഒട്ടേറെ മുദ്രാവാക്യങ്ങളാണ് അരങ്ങേറുന്നത്.
പ്രാദേശികമായി രൂപപ്പെടുന്ന മുദ്രാവാക്യങ്ങൾ വേറെയും. പ്രതിപക്ഷമാണ് ഇക്കുറി വിവിധ മുദ്രാവാക്യങ്ങൾ ഉയർത്തുന്നത്. അതേസമയം, നിതീഷ് ഉയർത്തുന്ന മുദ്രാവാക്യങ്ങളുടെ പ്രസക്തിയും ചോദ്യംചെയ്യപ്പെടുന്നുണ്ട്. 15 വർഷത്തെ ലാലുവിന്റെ ഭരണവും 15 വർഷത്തെ തന്റെ ഭരണവും താരതമ്യം ചെയ്യാനാണ് നിതീഷ് റാലികളിൽ ഉടനീളം ആവശ്യപ്പെടുന്നത്. എന്നാൽ, 15 വർഷത്തെ ലാലുവിന്റെ ഭരണം ഓർമയിലുള്ളത് പഴയ തലമുറ വോട്ടർമാർക്ക് മാത്രമാണ്.


തേജസ്വി എന്ന നേതാവ്

ബിഹാറിന്റെ രാഷ്ട്രീയരംഗത്ത് ജെ.ഡി.യു., ബി.ജെ.പി. എന്നിവ ഒഴികെയുള്ള പാർട്ടികളിൽ തലമുറകളുടെ മാറ്റമാണ് നടക്കുന്നത്. ലാലുവിന്റെ മകൻ ആർ.ജെ.ഡി.യുടെയും പാസ്വാന്റെ മകൻ എൽ.ജെ.പി.യുടെയും നേതൃത്വത്തിലെത്തിയിരിക്കുന്നു. 2015 വരെ അച്ഛന്മാരുടെ വിലാസത്തിൽ രാഷ്ട്രീയം ഒതുക്കിനിർത്തിയിരിക്കുന്ന മക്കൾ രാഷ്ട്രീയനേതാക്കളായി വളർന്നിരിക്കുന്നു. മഹാസഖ്യത്തെ നയിക്കുന്നത് 31-കാരനായ തേജസ്വി യാദവാണ്. 2015 മുതൽ 2017 വരെ മഹാസഖ്യംസർക്കാരിൽ ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വിയാണ് ഇക്കുറി മഹാസഖ്യത്തിന്റെ താരപ്രചാരകൻ. തേജസ്വിയുടെ വിദ്യാഭ്യാസയോഗ്യത, പരിചയസമ്പത്ത് എന്നിവ ഭരണപക്ഷം ചോദ്യംചെയ്യുന്നുണ്ടെങ്കിലും താഴെത്തട്ടിലെ ജനങ്ങൾക്കിടയിൽ തേജസ്വിക്ക് സ്വീകാര്യത വർധിച്ചിട്ടുണ്ട്.

മഹാസഖ്യത്തിന്റെ സീറ്റ് വീതംെവപ്പ്‌ മുതൽ ഇക്കുറി തേജസ്വി കാണിച്ച സമവായ സമീപനത്തിൽ സഖ്യകക്ഷികളും തൃപ്തരാണ്. കോൺഗ്രസ്, സി.പി.ഐ.എം.എൽ, സി.പി.ഐ., സി.പി.എം. എന്നിവരാണ് ഇപ്പോൾ മഹാസഖ്യത്തിന്റെ അംഗബലം. കുടിയേറ്റ തൊഴിലാളികളും ദളിതരും കർഷകരുമേറെയുള്ള മേഖലകളിൽ മഹാസഖ്യം ഇടതുപാർട്ടികൾക്ക് സീറ്റ് നൽകിയത് രാഷ്ട്രീയ ബലമുറപ്പിക്കുന്നു. എന്നാൽ, ബഗുസരായിയിൽ സ്ഥാനാർഥിയാകുമെന്ന് പൊതുവേ കരുതപ്പെട്ടിരുന്ന കനയ്യ കുമാർ മത്സര രംഗത്തില്ല. മഹാസഖ്യത്തിലെ ചില അന്തർനാടകങ്ങളുടെ പരിണതിയാണിതിന് പിന്നിലെന്നാണ് സൂചന. എങ്കിലും ഇടതുപാർട്ടികളുടെ പ്രധാന പ്രചാരകനാണ് കനയ്യ എന്ന മുപ്പത്തിമൂന്നുകാരൻ. മഹാസഖ്യത്തിന് അനുകൂലമാണ് ജനവിധിയെങ്കിൽ അത് ഇടതുപാർട്ടികളുടെ മടങ്ങിവരവിനും വഴിയൊരുക്കും.

ബിഹാർ തിരഞ്ഞെടുപ്പിലെ ഇത്തവണത്തെ ക്രൗഡ് പുള്ളർ തേജസ്വിയാണ്. ജനക്കൂട്ടത്തെ ഇളക്കി മറിക്കാനുള്ള ലാലുവിന്റെ പഴയ പ്രസംഗശൈലി പിന്തുടരാതെത്തന്നെ തേജസ്വി ആൾക്കൂട്ട സദസ്സുകളെ ആകർഷിക്കുന്നു. ആർ.ജെ.ഡി.യുടെ മുസ്‌ലിം-യാദവ ജാതിസമവാക്യത്തിന്റെ അപ്പുറത്തേക്ക് ഇറങ്ങിച്ചെല്ലാൻ തേജസ്വി ശ്രദ്ധിക്കുന്നുമുണ്ട്.

സാമൂഹികനീതി മുദ്രാവാക്യങ്ങൾ ഉയർത്താതെ, തൊഴിലില്ലായ്മ, വികസനം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളാണ് തേജസ്വി ഉയർത്തുന്നത്. പത്തുലക്ഷം പേർക്ക് സർക്കാർ ജോലിയെന്ന തേജസ്വി യാദവിന്റെ വാഗ്ദാനത്തിന് താഴെത്തട്ടിൽ പിന്തുണ ലഭിക്കുന്നുണ്ട്. ഡിജിറ്റൽ യുഗത്തിലെത്തിയ യുവാക്കളുടെ പരിഗണനയും യുവനേതാക്കൾക്ക് അനുകൂലമാണ്. എങ്കിലും യുവാക്കൾ ഒന്നടങ്കം യുവനേതാക്കൾക്ക് വോട്ട് ചെയ്യുമെന്ന് കരുതാനാവില്ല. ജാതി, പ്രാദേശിക താത്‌പര്യങ്ങൾ വോട്ട് വീഴലിനെ സ്വാധീനിക്കും.


നിതീഷിന് മുന്നിലെ കടമ്പകൾ

15 വർഷമായി ബിഹാറിൽ പ്രത്യക്ഷപ്പെടാതിരുന്ന സർക്കാർ വിരുദ്ധ വികാരമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ നിർവചനത്തെ കുഴമറിച്ചത്. ലാലു-റാബ്രി ഭരണത്തിനെതിരേ ഉയർന്ന ജനവികാരത്തെ വോട്ടാക്കി മാറ്റി  2005-ൽ അധികാരത്തിലേറിയ നിതീഷിനെ ഒടുവിലത്തെ അഞ്ച് വർഷത്തെ ഭരണവീഴ്ചകളാണ് വേട്ടയാടുന്നത്. നിതീഷ് ഭരണത്തിന്റെ ആദ്യത്തെ അഞ്ചു വർഷത്തിലാണ് ബിഹാറിൽ  അടിസ്ഥാന സൗകര്യങ്ങളും ക്രമസമാധാനപാലനവും ഒരളവുവരെ നടപ്പായത്. ഇത് ഭരണത്തുടർച്ച നൽകി. എന്നാൽ, 2015-ൽ  വന്ന നിതീഷ് സർക്കാരിന് പല കാരണങ്ങളാൽ മികച്ച ഭരണം പുറത്തെടുക്കാനായില്ല.
വികസനത്തിന് തുടർച്ചയോ സാമൂഹിക പുരോഗതിയോ ഉറപ്പാക്കുന്നതിൽ നിതീഷിന് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കാര്യമായി നേട്ടമുണ്ടാക്കാനായില്ല എന്നതാണ് ഉയരുന്ന പ്രധാന വിമർശനം. വിദ്യാഭ്യാസ -ആരോഗ്യസംവിധാനങ്ങൾ, തൊഴിൽ ലഭ്യത എന്നിവയിൽ പുരോഗതിയുണ്ടായില്ല. അതിനാൽ ഈ മൂന്ന് കാര്യങ്ങൾക്കും ബിഹാർ ജനതയ്ക്ക് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട നിലയായി. രാജ്യത്ത് ഏറ്റവും കൂടുതൽ കുടിയേറ്റ തൊഴിലാളികളെ സംഭാവന ചെയ്യുന്നത് ബിഹാറാണ്.


ചിരാഗിന്റെ  ചരടുവലികൾകറുത്ത  കുതിര ?

ചിരാഗ് പാസ്വാനെ പ്രധാനമന്ത്രിയടക്കം ബി.ജെ.പി. നേതാക്കൾ പുറമേ തള്ളിപ്പറഞ്ഞെങ്കിലും ജെ.ഡി.യു. മുഖവിലയ്ക്ക് എടുത്തിട്ടില്ല. ചിരാഗിന്റെ ആക്രമണമുന മുഴുവൻ നിതീഷിനുനേരെയാണ്. ബി.ജെ.പി.ക്കെതിരേ ഒരു വാക്കുപോലും ചിരാഗ് പറയുന്നില്ല. തേജസ്വിയെയും വിമർശിക്കുന്നില്ല. ഇതോടൊപ്പം സീറ്റ്‌ പങ്കുവെപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട ബി.ജെ.പി. നേതാക്കൾ അതേ മണ്ഡലങ്ങളിൽ എൽ.ജെ.പി. ടിക്കറ്റിൽ ജെ.ഡി.യു.വിനെതിരേ മത്സരക്കളത്തിലുണ്ട്. ആർ.എസ്.എസും ബി.ജെ.പി.യും ഈ സ്ഥാനാർഥികൾക്കായി അടിത്തട്ടിൽ പ്രവർത്തിക്കുന്നുമുണ്ട്. ദിനാര, ബിക്രം, സസാറാം മണ്ഡലങ്ങളിൽ ബി.ജെ.പി. പ്രവർത്തകർ എൽ.ജെ.പി. ടിക്കറ്റുകളിൽ മത്സരിക്കുന്ന ബി.ജെ.പി. വിമതരെയാണ് പിന്തുണയ്ക്കുന്നത്. സ്വന്തമായി സീറ്റുകൾ കാര്യമായി നേടിയില്ലെങ്കിലും ജെ.ഡി.യു.വിന്റെ സീറ്റെണ്ണം കുറയ്ക്കാൻ എൽ.ജെ.പി.ക്ക് സാധിക്കും. ദളിത് സ്ഥാനാർഥികൾക്കൊപ്പം 25 മേൽജാതി  സ്ഥാനാർഥികൾക്കും ചിരാഗ് സീറ്റുകൾ നൽകിയതും തന്ത്രപരമായ സമീപനമാണ്. കുടിയേറ്റത്തൊഴിലാളികൾ ഏറെയുള്ള മഹാദളിത്, ഇ.ബി.സി. വിഭാഗങ്ങളിൽ ഒരുവിഭാഗം ജെ.ഡി.യു.വിനെതിരായി എൽ.ജെ.പി.ക്ക് വോട്ട് നൽകിയേക്കുമെന്നാണ് സൂചന. ഇത് നിതീഷിന്റെ ജാതിപിന്തുണയുടെ അടിത്തറയിൽ ഇളക്കമുണ്ടാക്കും.

സഖ്യബന്ധം സുഗമമല്ല എന്ന സൂചന നൽകി എൻ.ഡി.എ.യ്ക്കുള്ളിൽ ബി.ജെ.പി.യും ജെ.ഡി.യു.വും വേർതിരിഞ്ഞാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രധാനമന്ത്രിയും നിതീഷും സംയുക്തറാലികളിൽ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും താഴെത്തട്ടിൽ അത് ചലനമുണ്ടാക്കുന്നില്ല.

Content Highlight: 2020 Bihar Legislative Assembly election 

PRINT
EMAIL
COMMENT
Next Story

ഉമ്മൻചാണ്ടി നന്ദി കാണിച്ചില്ലെന്ന് പി.സി ജോർജ്ജ്

കേരള രാഷ്ട്രീയത്തിൽ എന്നും ശ്രദ്ധാകേന്ദ്രമാണ് പി.സി. ജോർജ്‌. അത് ചിലപ്പോൾ രാഷ്ട്രീയനിലപാടുകൊണ്ടാകും .. 

Read More
 

Related Articles

ബിഹാറിലെ വോട്ടെണ്ണല്‍: പ്രതിപക്ഷ സഖ്യത്തിന്റെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍
News |
News |
പരമ്പരാഗത മേഖലകളിൽ അടിതെറ്റി കോണ്‍ഗ്രസ്; കരുത്ത് കാട്ടി ഇടതുപാര്‍ട്ടികള്‍
Videos |
തപാല്‍വോട്ടുകളില്‍ കുതിച്ച മഹാസഖ്യം വോട്ടിങ് യന്ത്രത്തില്‍ കിതച്ചു; പിടിതരാതെ ബിഹാര്‍ ഫലം
News |
ബിഹാറില്‍ ഫലം കാത്ത് രാജ്യം; വോട്ടെണ്ണല്‍ തുടങ്ങി
 
  • Tags :
    • Bihar Election 2020
More from this section
p c george
ഉമ്മൻചാണ്ടി നന്ദി കാണിച്ചില്ലെന്ന് പി.സി ജോർജ്ജ്
SABARIMALA
മുറിവുണക്കാൻ രണ്ടടി പിന്നോട്ട്
g sukumaran nair
വിതച്ചാൽ കൊയ്യാം...
തൃശ്ശൂർ
ശക്തന്റെ തട്ടകത്തിൽ
ഇടുക്കി
ഈ പുഴ ആരു കടക്കും
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.