കൊൽക്കത്ത :സംസ്ഥാനത്ത് അവശേഷിക്കുന്ന ഇടതുവോട്ടുബാങ്ക് ഇക്കുറി പൂർണമായും ബി.ജെ.പി.യുടെ പാളയത്തിലെത്തി. ഉത്തരേന്ത്യൻ പാർട്ടിയായി മുദ്രകുത്തി ബംഗാളികൾ മാറ്റിനിർത്തിയ ബി.ജെ.പി. തൃണമൂലിന് തൊട്ടുപിന്നിൽ രണ്ടാമതായി ഫിനിഷ് ചെയ്തു-വംഗരാഷ്ട്രീയത്തിന്റെ ഗതിമാറ്റം ഇനി വേഗത്തിലാകുമെന്ന മുന്നറിയിപ്പുമായി.
ദേശീയപ്രശ്നങ്ങളെക്കാൾ സംസ്ഥാനവിഷയങ്ങളെ മുൻനിർത്തിയായിരുന്നു ഇത്തവണ ബംഗാളിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ കോലാഹലം. മോദി-ദീദി പോര് എന്ന ദ്വന്ദ്വത്തിലേക്ക് അത് ഒതുങ്ങിനിന്നു. മാധ്യമങ്ങൾ, പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങൾ ഈ നേതാക്കളുടെ വാക്‌പോരിൽ ഊന്നിയപ്പോൾ ഇടതുപക്ഷവും കോൺഗ്രസും കാഴ്ചക്കാരുടെ റോളിലായി. ഇതിൽ ദീദിയെ ഏതുവിധേനയും തളർത്തുക എന്ന ഒറ്റലക്ഷ്യം മാത്രം മുൻനിർത്തി മോദി പക്ഷത്തേക്ക് മാറാനാണ് ഇടതുവോട്ടർമാർ തീരുമാനിച്ചത്. പക്ഷേ, ആ പ്രവാഹം എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിക്കുന്ന രീതിയിലായി. തൃണമൂൽ വിരുദ്ധവോട്ടുകൾ ഏകീകരിച്ച് ബി.ജെ.പി.ക്ക് ലഭിച്ചപ്പോൾ ഇടതുപക്ഷവും കോൺഗ്രസും കുത്തിയൊലിച്ചുപോയി.
‘ബാമേർ വോട്ട് രാമേ’
 ‘ബാമേർ വോട്ട് രാമേ’ (ഇടതിന്റെ വോട്ട് രാമന്), ‘എബാർ രാം, പൊടേ ബാം’ (ഇത്തവണ രാമന്, പിന്നെ ഇടതിന്) തുടങ്ങിയ മുദ്രാവാക്യങ്ങൾ ബി.ജെ.പി. പ്രവർത്തകർ ഇടത് അണികൾക്കിടയിൽ പ്രചരിപ്പിച്ചു. അങ്ങനെ സംഭവിക്കില്ലെന്നാണ് സീതാറാം യെച്ചൂരി മുതലിങ്ങോട്ടുള്ള നേതാക്കളെല്ലാം മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. പക്ഷേ, സംഭവിച്ചത് അതായിരുന്നു. അത് തടയാൻ പാർട്ടിനേതൃത്വത്തിന് സാധിച്ചതുമില്ല. കാരണം തൃണമൂൽ അധികാരത്തിലേറിയ കാലംതൊട്ട് തങ്ങൾ നേരിട്ടിരുന്ന കൊലപാതകവും മർദനവും പാർട്ടി ഓഫീസ് പൂട്ടിക്കലുമടക്കമുള്ള എല്ലാ പീഡനങ്ങൾക്കുമെതിരേ കരുതിവെച്ചിരുന്ന രോഷം ഇത്തവണ പൂർണമായും പ്രകടിപ്പിക്കാൻ പാർട്ടിയണികൾ തയ്യാറെടുത്തു നിൽക്കുകയായിരുന്നു. 2017 മുതലുള്ള ഉപതിരഞ്ഞെടുപ്പുകളിൽ ഇടത് വോട്ടർമാരുടെ ഈ മനോഭാവം പ്രകടമായിത്തുടങ്ങിയിരുന്നു.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിക്കാൻപോലും സമ്മതിക്കാതെ തല്ലിയോടിക്കുകയുംകൂടി ചെയ്തതോടെ ആ രോഷം അതിന്റെ പാരമ്യത്തിലെത്തി. ഒരർഥത്തിൽ തങ്ങളുടെ ദുരവസ്ഥയിൽ കൂടെനിന്ന് ശക്തമായ ചെറുത്തുനിൽപ്പിന് മുതിരാത്ത ഇടതുനേതൃത്വത്തിനുള്ള കുറ്റപത്രം കൂടിയാണ് ഈ വിധിയെഴുത്ത്.

​പോയത്‌ കെട്ടിവെച്ച കാശ്‌ 
ബംഗാളിന്റെ ചരിത്രത്തിലെ ഏറ്റവുംവലിയ തോൽവിയിലേക്കാണ് ഇത് സി.പി.എമ്മിനെ തള്ളിവിട്ടിരിക്കുന്നത്. രാജ്യസഭയിലോ ലോക്‌സഭയിലോ ഇനി ബംഗാളിൽനിന്ന് ഇടത് പ്രാതിനിധ്യമില്ല. ജാദവ്പുരിലെ ബികാസ് രഞ്ജൻ ഭട്ടാചാര്യയൊഴിച്ച് മറ്റൊരു സി.പി.എം. സ്ഥാനാർഥിക്കും കെട്ടിവെച്ച കാശുപോലും കിട്ടിയില്ല. കോൺഗ്രസുമായുള്ള സീറ്റ് ധാരണയിലൂടെ രണ്ട് സിറ്റിങ്‌ സീറ്റുകളെങ്കിലും സംരക്ഷിക്കാമെന്ന മോഹവും അസ്ഥാനത്തായി. അവസാനനിമിഷം സീറ്റുധാരണ പാളിയത് പാർട്ടിനേതാക്കളുടെയും പ്രവർത്തകരുടെയും ആത്മവീര്യം തകരാനിടയാക്കി. ഈ തിരിച്ചടിയിൽനിന്ന് തിരിച്ചുകയറുക സി.പി.എമ്മിന് അങ്ങേയറ്റം ക്ളേശകരമാവും.

ലക്ഷ്യം ഭരണം
പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ജനാധിപത്യധ്വംസനത്തിന് തൃണമൂലിന് വലിയവില കൊടുക്കേണ്ടിവന്നെന്നാണ് ഫലം തെളിയിക്കുന്നത്. കേന്ദ്രസേനയുടെ സംരക്ഷണയിൽ സമ്മതിദാനാവകാശം സുരക്ഷിതമായി രേഖപ്പെടുത്തിക്കൊണ്ടാണ് പ്രതിപക്ഷവോട്ടർമാർ പ്രതികരിച്ചത്. എതിർസ്ഥാനാർഥികളില്ലാതെ ഏകപക്ഷീയമായി സ്വന്തമാക്കിയ പഞ്ചായത്തുകളുടെ എണ്ണം കൂടുതലായ 11 ലോക്‌സഭാ മണ്ഡലങ്ങളിലും ജനവിധി തൃണമൂലിനെതിരും ബി.ജെ.പി.ക്ക് അനുകൂലവുമായി. ഗ്രാമമേഖലയിൽ ശക്തിതെളിയിക്കുന്ന പാർട്ടികളാണ് എല്ലാക്കാലത്തും ബംഗാളിൽ ആധിപത്യം പുലർത്തിയിട്ടുള്ളത്. ഇത് കണക്കിലെടുക്കുമ്പോൾ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. തങ്ങളെ മലർത്തിയടിക്കുമോ എന്ന ആശങ്ക ഇതോടെ തൃണമൂൽ ക്യാമ്പിൽ വ്യാപകമായിട്ടുണ്ട്. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ 154 എണ്ണം സ്വന്തമായുള്ള തൃണമൂലിന് തൊട്ടുപിന്നിൽത്തന്നെ 130 എണ്ണവുമായി ബി.ജെ.പി.യുണ്ട്. 43 ശതമാനം വോട്ടുള്ള തൃണമൂലിൽനിന്ന് മൂന്നുശതമാനം മാത്രം കുറവേ ബി.ജെ.പി.ക്കുള്ളൂ. അതായത് 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം കൈയെത്തുംദൂരത്താണെന്ന് സാരം. അതിനുമുമ്പേതന്നെ തൃണമൂലിൽ വിള്ളലുണ്ടാക്കി സാമാജികരെ കൂട്ടമായി മറിക്കാനുള്ള ശ്രമവും ബി.ജെ.പി. തുടങ്ങിവെക്കുമെന്നുറപ്പാണ്. ഇതിനെതിരേ പാർട്ടിയുടെ കെട്ടുറപ്പ് നിലനിർത്തുകയെന്നതാവും മമത ഇനി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. തൃണമൂലിലെ മുതിർന്ന നേതാക്കളും യുവനിരയും തമ്മിലുള്ള ചേരിപ്പോര് തെരുവുയുദ്ധത്തിലേക്കും പരസ്പരമുള്ള ബോംബേറിലേക്കുംവരെ എത്തിയിരുന്നു. ഇതും പാർട്ടിക്ക് വലിയ തിരിച്ചടിയായി മാറി. ഇടത്തട്ടിലുള്ള നേതാക്കളുടെ പണപ്പിരിവും കെട്ടിടനിർമാണസാമഗ്രികൾ നിർബന്ധമായും അടിച്ചേൽപ്പിക്കുന്ന ബിൽഡിങ്‌ സിൻഡിക്കേറ്റുകളുമെല്ലാം തൃണമൂൽവിരുദ്ധവികാരം വലിയതോതിൽ വളർത്തിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ഭരണനേട്ടങ്ങളെക്കാൾ ബി.ജെ.പി. കൂടുതലായി ഊന്നൽനൽകിയത് സാമുദായികധ്രുവീകരണത്തിലാണ്. മമതയുടെ ന്യൂനപക്ഷപ്രീണനം മുൻനിർത്തി നടത്തിയ പ്രചാരണം വലിയ തോതിൽ ഭൂരിപക്ഷവോട്ടുകളുടെ കേന്ദ്രീകരണത്തിന് സഹായിച്ചു. അതോടൊപ്പം എൻ.ആർ.സി. (ദേശീയപൗരത്വ രജിസ്റ്റർ) ബംഗാളിലും നടപ്പാക്കുമെന്ന പ്രഖ്യാപനത്തിന് അതിർത്തി ജില്ലകളിലെ ബംഗ്ളാദേശിൽനിന്ന് കുടിയേറിയ ഹിന്ദുവിഭാഗങ്ങളിൽ, പ്രത്യേകിച്ചും ദളിത് വിഭാഗമായ മത്തുവ സമുദായത്തിൽ വലിയ സീകാര്യത കിട്ടി. ന്യൂനപക്ഷ സമുദായത്തിന്റെ വോട്ട് ഏഴോ എട്ടോ ശതമാനം മാത്രമുള്ള ബാങ്കുറ, പുരുളിയ, ജാർഗ്രാം, പശ്ചിമ മേദിനിപ്പുർ തുടങ്ങിയ ജില്ലകൾ ഉൾപ്പെടുന്ന ജംഗൽമഹൽ എന്ന ആദിവാസിമേഖലയിൽ കഴിഞ്ഞ കുറെനാളുകളായി പ്രത്യേകശ്രദ്ധയൂന്നി ബി.ജെ.പി. നടത്തിയ പ്രചാരണങ്ങളും ലക്ഷ്യംകണ്ടു. 

നിർണായകമായ നീക്കങ്ങൾ
സംസ്ഥാനത്തെ 42 ലോക്‌സഭാസീറ്റുകളിൽ 22 എണ്ണമാണ് തൃണമൂൽ നേടിയത്; 2014-ൽ ഇത് 34 ആയിരുന്നെന്ന് ഓർക്കുക. ബി.ജെ.പി. അവരുടെ അംഗബലം രണ്ടിൽനിന്ന് ഒറ്റയടിക്ക് 18-ലേക്ക് ഉയർത്തിയത് രാഷ്ട്രീയകേന്ദ്രങ്ങളെ അമ്പരപ്പിച്ചു. കോൺഗ്രസിന് രണ്ടു സീറ്റ് മാത്രം.
2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേവലം 10.16 ശതമാനം വോട്ടുമാത്രം കിട്ടിയ ബി.ജെ.പി.യാണ് മൂന്നുവർഷത്തിനുള്ളിൽ 40 ശതമാനത്തിലേക്കുയർന്ന് തൃണമൂലിനെ വീഴ്ത്താനൊരുങ്ങിനിൽക്കുന്നത്. രണ്ട് നീക്കങ്ങളാണ് ഇതിൽ നിർണായകമായത്. രാഹുൽ സിൻഹയെ മാറ്റി മുൻ ആർ.എസ്.എസ്. പ്രചാരക് ദിലീപ് ഘോഷിനെ സംസ്ഥാന അധ്യക്ഷനാക്കി നിയമിച്ചതാണ് ആദ്യത്തേത്. സംഘടനാസംവിധാനം കൂടുതൽ കരുത്തുറ്റതാക്കാൻ ഘോഷിന്റെ വരവ് സഹായകമായി. തൃണമൂലിന്റെ പ്രചാരണതന്ത്രങ്ങളുടെ ആശാനായ മുകുൽ റോയിയെ അടർത്തിയെടുത്തതാണ് മറ്റൊന്ന്. ബി.ജെ.പി.യുടെ ഇത്തവണത്തെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ വിജയകരമായി മെനഞ്ഞത് റോയിയുടെ നേതൃത്വത്തിലായിരുന്നു. തൃണമൂലിൽ തന്റേതായ വിശ്വസ്തരെ സൃഷ്ടിച്ചെടുത്തിട്ടുള്ള മുകുൽ അത്തരം കൂടുതൽപ്പേരെ ഇനിയും ബി.ജെ.പി.യിലേക്ക് കൊണ്ടുവരാനൊരുങ്ങുകയാണ്. 
കാലാവധി തികയ്ക്കുംമുൻപേ ദീദിയെ തള്ളിയിടാനാണ് പഴയ വിശ്വസ്തന്റെ ഇപ്പോഴത്തെ ശ്രമം. ശാരദാ ചിട്ടിഫണ്ട് തട്ടിപ്പിൽ മുൻ കൊൽക്കത്ത കമ്മിഷണർ രാജീവ്കുമാറിനെ സി.ബി.ഐ. അറസ്റ്റ് ചെയ്യാനുള്ള സാധ്യതയേറെയാണ്. ഇത് മുൻനിർത്തി മമതയ്ക്കെതിരെയുള്ള പോരാട്ടം അടുത്തതലത്തിലേക്ക് കൊണ്ടുപോകാനാകും ബി.ജെ.പി.യുടെ ഇനിയുള്ള കരുനീക്കങ്ങൾ.

Content Highlights: 2019LoksabhaElections, mamatha banarjee,  Bengal