മോദി വീണ്ടും ഒരിക്കൽക്കൂടി അധികാരത്തിൽ വരുമ്പോൾ ഇടതുപക്ഷത്തിന്റെ പ്രസക്തി വർധിക്കുകയാണ് ചെയ്യുന്നത്. ചരിത്രപരമായ ഈ പ്രസക്തിയും അംഗബലവും തമ്മിൽ ബന്ധം കാണേണ്ടതില്ല. കഴിഞ്ഞ ലോക്‌സഭയിൽ ഇടതുപക്ഷത്തിനുണ്ടായിരുന്നത് 12 സീറ്റുകൾ മാത്രമാണ്. എന്നിട്ടും രാജ്യത്തിന്റെ പ്രതിപക്ഷം ഇടതുപക്ഷംതന്നെയായിരുന്നു. പാർലമെന്റിൽ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേ കൂടുതൽ ശബ്ദമുയർന്നത് ഇടതുപക്ഷത്തെ മിടുക്കരായ പാർലമെന്റ് അംഗങ്ങൾക്കിടയിൽനിന്നായിരുന്നു. ജമ്മുകശ്മീരിൽ ഒരു കുഞ്ഞോമന വംശീയവെറിയാൽ പിച്ചിച്ചീന്തപ്പെട്ടപ്പോൾ നിയമസഭയിൽ അവൾക്കായി ഒറ്റയ്ക്കുനിന്ന് പൊരുതിയത് മുഹമ്മദ് യൂസഫ് തരിഗാമിയെന്ന ഏക സി.പി.എം. എം.എൽ.എ. ആയിരുന്നു. ഹിമാചൽ നിയമസഭയിൽ സി.പി.എമ്മിന് ഒരംഗം മാത്രമാണുള്ളത്. തിയോഗ് മണ്ഡലത്തിൽ നിന്ന്‌ ജയിച്ച രാകേഷ് സിംഗ. സംസ്ഥാന നിയമസഭയിൽ സാധാരണക്കാരന്റെ ഒറ്റയാൾ പട്ടാളമാണദ്ദേഹം. കർണാടകയിൽ ഇടതുപക്ഷം ദുർബലമാണ്. പക്ഷേ, ഞങ്ങൾ നടത്തിയ സമരങ്ങളാണ് മഡസ്നാന എന്ന ദുരാചാരത്തെ അവസാനിപ്പിച്ചത്. 45 അംഗങ്ങളുണ്ടായിരുന്ന കോൺഗ്രസ് അല്ല, ഒമ്പത്‌ അംഗങ്ങൾ മാത്രമുണ്ടായിരുന്ന സി.പി.എം. ആണ് കർഷകപ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയത്. 
‘എങ്ങനെയും ജയിക്കുക’ എന്നൊരു അജൻഡ ഇടതുപക്ഷത്തിന് സ്വീകരിക്കാനാവില്ല. നിയുക്ത എം.പി. വി.കെ. ശ്രീകണ്ഠൻ പറഞ്ഞത് മുസ്‍ലിം ലീഗിനോടും കേരള കോൺഗ്രസിനോടും മാത്രമല്ല, വെൽഫെയർ പാർട്ടിയോടും ജമാഅത്തെ ഇസ്‌ലാമിയോടും അകമഴിഞ്ഞ നന്ദിയുണ്ടെന്നായിരുന്നു. പത്തനംതിട്ടയിൽനിന്ന്‌ വിജയിച്ച ആന്റോ ആന്റണി, വിശ്വാസസംരക്ഷണത്തിന് കിട്ടിയ വിജയം എന്ന് കോൺഗ്രസിന്റെ വിജയത്തെ ആഘോഷപൂർവം അവതരിപ്പിക്കുന്നു. ‘വിശ്വാസ സംരക്ഷണം’ തന്നെയായിരുന്നല്ലോ ബി.ജെ.പി.യുടെയും മുദ്രാവാക്യം ! രാജ്യം ബി.ജെ.പി.ക്കെതിരേ യുദ്ധം ചെയ്തു. ഇടതുപക്ഷം ആ യുദ്ധമുന്നണിയുടെ മുമ്പിലുണ്ടായിരുന്നു. കേരളത്തിൽ, കോൺഗ്രസ് ‘വിശ്വാസസംരക്ഷണ’ത്തിന്റെ ബാനറിൽ ബി.ജെ.പി.ക്കൊപ്പം ചേർന്നുനടന്നു! 

രാഷ്ട്രീയം നിലനിൽപ്പിന്റേതല്ല
വിജയംമാത്രം ലക്ഷ്യമാകുമ്പോൾ പ്രത്യയ ശാസ്ത്രവും ഭൂതകാലവും മറന്നുപോകുന്ന ജനപ്രതിനിധികളെയാണ് വമ്പൻ ഹോട്ടലുകളിൽ ഒളിപ്പിച്ചു താമസിപ്പിക്കേണ്ടിവരിക. വിജയിപ്പിക്കേണ്ടത് നിലപാടുകളാണ്. നിലനിൽപ്പിന്റെ രാഷ്ട്രീയം ഇടതുപക്ഷം ചരിത്രത്തിൽ ഒരിക്കലും പ്രയോഗിച്ചിട്ടില്ല. അത് കമ്യൂണിസ്റ്റ് പാർട്ടിയുടെ വഴിയല്ല. അധികാരം നിലപാടുകളെക്കാൾ വലുതെങ്കിൽ 1996-ൽ ഇടതുപക്ഷത്തിന് ജ്യോതി ബസുവിലൂടെ ഒരു പ്രധാനമന്ത്രി ഉണ്ടാവുമായിരുന്നു. പ്രത്യയശാസ്ത്രം അധികാരത്തെക്കാൾ ഉണ്മയുള്ളത് എന്ന തിരിച്ചറിവിൽ ആ അധികാരസാധ്യതയെ തള്ളിയ പ്രബുദ്ധമായ രാഷ്ട്രീയമാണ് സി.പി.എമ്മിന്റേത്. 
കോൺഗ്രസ് കേരളത്തിൽ നേടിയ വിജയം അവർ വിശുദ്ധമായ ഏതെങ്കിലും രാഷ്ട്രീയനിലപാടുകൾ സ്വീകരിച്ചതിന്റെ ഫലമായി ഉണ്ടായതല്ല. മോദി ഭരണം സൃഷ്ടിച്ച അരക്ഷിതാവസ്ഥ യു.ഡി.എഫിന് വലിയ തുണയായി. അത്തരമൊരു രാഷ്ട്രീയ നിലപാടിലേക്ക് കേരളത്തെ എത്തിക്കുന്നതിൽ നിർണായകമായ പങ്ക് യഥാർഥത്തിൽ ഇടതുപക്ഷമാണ് നിർവഹിച്ചത്. ഡൽഹിയിൽ മോദിക്ക് ബദലിനായി ഒരു വലിയവിഭാഗം ജനങ്ങൾ കോൺഗ്രസിന് വോട്ടുചെയ്തു. ഇത് സ്ഥായിയായ രാഷ്ട്രീയപ്രതിഭാസമല്ല. കേരളത്തിൽ ശക്തമായ തിരിച്ചുവരവ് ഇടതുപക്ഷം ആവർത്തിക്കും.  
കേരളത്തിന്റെ മതേതരാടിത്തറയെ തകർത്ത് ആധിപത്യം നേടാനുള്ള സംഘപരിവാർ ശ്രമത്തെ കേരളം ഒരിക്കൽകൂടി പരാജയപ്പെടുത്തി എന്ന വസ്തുതയും അഭിമാനത്തോടെ നാം ഓർക്കണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്നും അരശതമാനത്തിന്റെ വോട്ട് വർധന മാത്രമാണ് എൻ.ഡി.എ.യ്ക്ക് കേരളത്തിലുണ്ടായത്. തിരുവനന്തപുരം ഒഴികെ മറ്റൊരിടത്തും രണ്ടാംസ്ഥാനത്തുപോലും എത്താനായില്ല. നേമം ഒഴികെ ഒരു നിയമസഭാ മണ്ഡലത്തിലും എൻ.ഡി.എ. ഒന്നാം സ്ഥാനത്ത് എത്തിയിട്ടില്ല. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, ബി.ഡി.ജെ.എസ്. അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ബി.ജെ.പി. മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ. പത്മനാഭൻ എന്നിവരുൾപ്പെടെ 13 എൻ.ഡി.എ. സ്ഥാനാർഥികൾക്ക് കെട്ടിവെച്ച കാശ് കിട്ടിയില്ല. ഇതര സംസ്ഥാനങ്ങളിൽ മൃഗീയാധിപത്യം സംഘപരിവാർ കരസ്ഥമാക്കിയപ്പോഴും കേരളം അവരെ അകറ്റിനിർത്തി. സംഘപരിവാർ അപകടമാണെന്ന തിരിച്ചറിവിലേക്ക് മലയാളിയെ ഉയർത്തുന്നതും ഇടതുപക്ഷരാഷ്ട്രീയം മാത്രമാണ്. 

പോറലേൽക്കാത്ത പുരോഗമന അടിത്തറ
ശബരിമലയെ മുൻനിർത്തി വിഭജനരാഷ്ട്രീയത്തിന് ശ്രമിച്ച ആർ.എസ്.എസിനെ പ്രതിരോധിക്കാനും നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സർക്കാരും നവോത്ഥാനപ്രസ്ഥാനങ്ങളും നടത്തിയ സാംസ്കാരിക ഇടപെടലുകളും പ്രചാരണപ്രവർത്തനങ്ങളുമാണ് അമിത്ഷായുടെ ‘കേരള ദൗത്യ’ ത്തെ പരാജയപ്പെടുത്തിയത്. വിജയിച്ചവരുടെ എണ്ണത്തിൽ കുറവുവരുമ്പോഴും ഇടതുപക്ഷ രാഷ്ട്രീയം സൃഷ്ടിക്കുന്ന പുരോഗമനാടിത്തറ പോറലേൽക്കാത ഇവിടുണ്ടാവും. 
പ്രത്യയശാസ്ത്രത്തെ ബലിഷ്ഠപ്പെടുത്തിയതും ജീവിതഗന്ധിയായ നേരുകളോട് സംവദിക്കാൻ തുറന്നവാതിലുകൾ ഉള്ള വിശാലത ഇടതുപക്ഷത്തിന് നൽകിയതും അധികാരത്തിനു പുറത്തിരുന്ന അനേകംവർഷങ്ങളുടെ ചരിത്രാനുഭവങ്ങൾ കൂടിയാണ്. അധികാരപങ്കാളിത്തം മാത്രമല്ല രാഷ്ട്രീയം. അധികാരത്തിന്റെ ദുഷിപ്പുകളെ, അധികാരപ്രമത്തതയുടെ മാവനിക വിരോധങ്ങളെ, അധികാരത്തിൽ മതവും അനാചാരവും ലിംഗാധിപത്യവും കോർപ്പറേറ്റ് മൂലധനവും സമാസമം ചേർത്ത് വലതുപക്ഷം നിർമിക്കുന്ന വെറുപ്പിന്റെയും വിഭജനത്തിന്റെയും റെസിപ്പികളെ ഒക്കെ മുഖാമുഖംനിന്ന് നേരിടൽ കൂടിയാണ് രാഷ്ട്രീയം. ഇടതുപക്ഷം എന്നും പ്രതിപക്ഷത്തായിരുന്നു. അധികാരം ഇല്ലാത്തപ്പോൾ മാത്രമല്ല, അധികാരത്തിലിരിക്കുമ്പോഴും.  ആ രാഷ്ട്രീയദൗത്യം കൂടുതൽ കരുത്തോടെ ഇടതുപക്ഷം തുടരുകതന്നെ ചെയ്യും. 

(ഡി.വൈ.എഫ്‌.ഐ. സംസ്ഥാന 
സെക്രട്ടറിയാണ്‌ ലേഖകൻ)