റായ്ബറേലിയിലെ ഹോട്ടൽ 'ശാന്തി ഇൻ'-ലെ റിസപ്ഷനിസ്റ്റ് ജഗദീഷ് പാണ്ഡെയോട് ഗ്രാമങ്ങളിലേക്കുപോകാൻ ഒരു കാർ ഏർപ്പാടാക്കാമോ എന്നു ചോദിച്ചപ്പോൾ ഹോട്ടലിന്റെ കാർതന്നെ അദ്ദേഹം വിട്ടുതന്നു. ഡ്രൈവർ  ദിനേശ് പ്രതാപ് യാദവ് കാറുമായി വന്നപ്പോൾ പിന്നിലെ ചില്ലിൽ ഹോട്ടലുടമ രാജ് വർധൻസിങ്ങിന്റെ മുത്തശ്ശൻ സുരേന്ദ്ര ബഹാദൂർ സിങ്ങിന്റെ കൂപ്പുകൈകളോടെയുള്ള ചിത്രം. ഓട്ടോറിക്ഷ അടയാളത്തിൽ സ്വതന്ത്രനായി റായ്ബറേലിയിൽ ജനവിധി തേടുകയാണദ്ദേഹം.  1996-ലും 98-ലും റായ്ബറേലിയിൽനിന്ന് ജയിച്ച ബി.ജെ.പി. നേതാവ് അശോക് സിങ്ങിന്റെ അടുത്ത ബന്ധുവാണ് ഹോട്ടലുടമ. 

സോണിയയുടെ മണ്ഡലത്തിൽ
 ഹോട്ടലിലെ ജോലിക്കാരുടെ വോട്ട് ഉടമയുടെ മുത്തശ്ശനായിരിക്കുമല്ലേ എന്നു ചോദിച്ചപ്പോൾ എല്ലാവരുടെ മുഖത്തും ചിരി... ആരും അദ്ദേഹത്തിനു വോട്ടുചെയ്യില്ല. ജഗദീഷ് പാണ്ഡെ കൈപ്പത്തി ഉയർത്തിക്കാട്ടി. സമാജ് വാദി പാർട്ടിക്കാരനായ ദിനേശ് പ്രതാപ് 'സോണിയാജി' എന്നു പറഞ്ഞു. അടുത്തുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാർക്കും അപ്പോൾ ആവേശമായി. ബി.എസ്.പി.ക്കാരനായ കൃഷ്ണകുമാറും സമാജ് വാദി പാർട്ടിക്കാരൻതന്നെയായ ഡി.ആർ. യാദവും വോട്ടുചെയ്യുക കോൺഗ്രസിനുതന്നെ. സമാജ് വാദി പാർട്ടിയും ബി.എസ്.പി.യും ഉൾപ്പെടുന്ന മഹാസഖ്യത്തിന്റെ സ്ഥാനാർഥിയാണ് സോണിയാ ഗാന്ധി എന്ന്  ഡി.ആർ. യാദവ് ആവേശത്തോടെ പറഞ്ഞു.  

റായ്ബറേലിയിൽനിന്ന് 15 കിലോമീറ്റർ അകലെയാണ് പൂർവ ശേഖൻ പുരബിന്ദ ഗ്രാമങ്ങൾ. വൈക്കോൽ മേഞ്ഞ നൂറോളം വീടുകളുണ്ട് രണ്ടിടത്തുമായി. ഒരിടത്തും കക്കൂസോ കുളിമുറിയോ ഇല്ല. വൈദ്യുതിയുണ്ടെങ്കിലും ടെലിവിഷനുള്ളത് ഏഴെട്ട് വീടുകളിൽ. അതും പഴയ മാതൃകയിലുള്ളവ. മിക്കയിടത്തും ഏക ആർഭാടം ഓരോ ഫാൻ. 43 ഡിഗ്രി വരെയെത്തുന്ന ചൂടിൽ രാത്രി കുറച്ചുസമയം മാത്രം കറങ്ങുന്നവയാണവ. കുടിവെള്ളത്തിനാശ്രയം കുഴൽക്കിണറുകൾ. പത്തും പതിനഞ്ചും കുടുംബാംഗങ്ങൾക്കു താമസിക്കാൻ ഒന്നോ രണ്ടോ ഇടുങ്ങിയ മുറികൾ. മിക്കവരും രാത്രി കിടത്തം പുറത്തിട്ടിരിക്കുന്ന കയറു കട്ടിലുകളിൽ. ഉത്തർപ്രദേശിലെ മിക്കഗ്രാമങ്ങളുടെയും അവസ്ഥ ഇതുതന്നെയെന്ന് കാറിൽ പലയിടത്തും പോയി പരിചയമുള്ള ദിനേശ് പ്രതാപ് പറഞ്ഞു.
  പ്രധാനമന്ത്രിയുടെ സ്വച്ഛഭാരത് പദ്ധതി പ്രകാരം  കക്കൂസുകൾ നിർമിക്കുന്നുണ്ടിപ്പോൾ എന്നുപറഞ്ഞത് പുരബിന്ദയിലെ സൂരജ് പ്രകാശ് യാദവാണ്. ഗ്രാമത്തിലെ ആദ്യത്തെ കക്കൂസ് കാണിക്കാനുള്ള ആവേശമുണ്ട് അവന്റെ വാക്കുകളിൽ.  യാത്ര അവസാനിച്ചത് പണിതീരാത്ത രണ്ടു കുഴികൾക്കുമുന്നിൽ. പണി തീർന്നതുണ്ടെന്നുപറഞ്ഞ് സൂരജ് മുന്നോട്ടു നടന്നു.  കാണാൻ അല്പം ഭേദപ്പെട്ട ഒരു വൈക്കോൽ വീടിനു മുന്നിലെത്തി. നാൽപ്പതുകാരനായ രാജേഷ് കുമാറും ഭാര്യ ജമുനാദേവിയും മക്കളായ അജയും അമിതയുമാണവിടെ താമസം.   അമിത എട്ടാം ക്ലാസിൽ.  അജയ് 12-ാം ക്ലാസിലും. ഗ്രാമത്തിലെ വിദ്യാസമ്പന്നർ. മൂത്തമകൾ അനാമികയുടെ വിവാഹം കഴിഞ്ഞു.  

കക്കൂസ് കാണണമെന്നാവശ്യപ്പെട്ടപ്പോൾ ഉപയോഗിച്ചു തുടങ്ങാനായിട്ടില്ലെന്ന് ജമുനാദേവി. സ്വന്തമായി വീട്ടിൽ കക്കൂസ് വരുന്നതിന്റെ ആവേശത്തോടെ അവർ പറഞ്ഞു: 'മൂത്തവളുടെ കല്യാണത്തിന് കക്കൂസുണ്ടായിരുന്നില്ല. ഇളയവളുടെ കല്യാണത്തിനുമുമ്പ് ആയത് വലിയ സന്തോഷം'.  അക്ഷയ് കുമാർ നായകനായഭിനയിച്ച 'ടോയ്‌ലറ്റ് - ഏക് പ്രേം കഥ' എന്ന സിനിമ പോലെയാണ് കാര്യങ്ങൾ. കക്കൂസില്ലാത്ത നായകന്റെവീട്ടിൽ പ്രേമിച്ചെത്തുന്ന നായികയും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. മിക്കവരും കർഷകത്തൊഴിലാളികളോ കർഷകരോ ആണ്. ഒന്നോ രണ്ടോ ഏക്കറുള്ള കർഷകരുടെ ജീവിതം പരിതാപകരം. വിളവെടുപ്പിലെ തുച്ഛമായ വരുമാനം മാത്രമാണാശ്രയം. കർഷകത്തൊഴിലാളികൾക്ക് പണിയുണ്ടെങ്കിൽ ദിവസം 100 മുതൽ 200 രൂപ വരെ  ലഭിക്കും. സർക്കാരിൽനിന്ന് എന്തെങ്കിലും സഹായം ലഭിക്കുന്നുണ്ടോ എന്നുചോദിച്ചപ്പോൾ  വൈദ്യുതിബില്ലിന്റെ രൂപത്തിലാണ് സഹായമെന്ന് മിക്കവരുടെയും പരിഹാസം.  യോഗി ആദിത്യനാഥ് വന്നതോടെ കറവ വറ്റിയ പശുവിനെ വിൽക്കാനാവുന്നില്ലെന്ന്‌ പരിതപിക്കുന്നു. ഇത് ഗ്രാമീണരെ  പ്രതികൂലമായി ബാധിച്ചിരിക്കുന്നു. സ്വയം തിന്നാനില്ലാത്തപ്പോൾ ഗുണമില്ലാത്ത പശുവിന് തീറ്റ നൽകേണ്ട അവസ്ഥയാണെന്ന് പുരബിന്ദയിലെ  ശാന്താദേവി പറഞ്ഞു. റേഷൻകാർഡുള്ളതിനാൽ മാസത്തിൽ കിട്ടുന്ന 15 കിലോ അരിയും 20 കിലോ ഗോതമ്പുമാണ് ഇവർക്ക് വലിയ ആശ്വാസം. എങ്കിലും എല്ലാവരും വോട്ട് ചെയ്യും.  രണ്ടു ഗ്രാമങ്ങളിലുള്ളവരും ഒരേ സ്വരത്തിൽ പിന്തുണയ്ക്കുന്നത് സോണിയാഗാന്ധിയെയാണ്.

ശോച്യാവസ്ഥയിൽ ഗ്രാമങ്ങൾ
പൂർവ ശേഖനിലെ 70-കാരനായ മൈക്കുവിന് അഞ്ചുമക്കളാണ്. ഒരാളുടെ കല്യാണം കഴിഞ്ഞു.  രണ്ടു മക്കളും ഭാര്യയുമടക്കം 10 പേർ ഇടുങ്ങിയ കുടിലിൽ ഞെരുങ്ങിക്കഴിയുന്നു. രണ്ടു ബൾബുകളും ഒരു ഫാനും മാത്രമുള്ള ഇവിടെ 13,000 രൂപ വൈദ്യുതിബിൽ വന്നതിന്റെ ആഘാതത്തിലാണ്  കുടുംബാംഗങ്ങൾ. അയൽപക്കക്കാരനായ രാംനന്ദിന് 15 അംഗങ്ങൾ തടവറയിൽ കഴിയുന്നതുപോലുള്ള ദുരിതമാണ് പറയാനുള്ളത്. പെൺമക്കളെല്ലാം നേരം പുലരുംമുമ്പ് എണീറ്റ് അടുത്തുള്ള പറമ്പിലേക്ക് പ്രാഥമികാവശ്യം നിർവഹിക്കാൻ പോകും. പിന്നാലെ ആണുങ്ങൾ ഒളിയിടം തേടും. 'വേറെന്താണ് ചെയ്യുക'- രാംനന്ദിന്റെ നിസ്സഹായത.  

റായ്ബറേലി ടൗണിലെ പുറംപോക്കിൽ സമാന അവസ്ഥയിലാണ് സഹീർ അലിയുടെയും സക്കീനയുടെയും വീടുകൾ കണ്ടത്. പശുക്കൾക്കും ആടുകൾക്കുമൊപ്പം ആലപോലുള്ള കുടിലുകളിൽ ദുരിതജീവിതം. പണിയില്ല, വേറൊന്നും ചെയ്യാനുമില്ല. ടി.വി.യോ റേഡിയോയോ സ്മാർട്ട് ഫോണോ ഇല്ല.  അതിനാൽ ഉറങ്ങിത്തീർക്കുകയാണ് ചൂടിലെ ഒഴിവുസമയം. റേഷൻകാർഡുള്ളതിനാൽ നാലുകിലോ അരിയും അത്രതന്നെ ഗോതമ്പും കിട്ടുന്നുണ്ട്.  പവർ സ്റ്റേഷന്റെ അടുത്താണ് വീടെങ്കിലും വൈദ്യുതി ലഭിച്ചിട്ടില്ല. മുന്നിലുള്ള തൂണിൽനിന്ന് മോഷ്ടിച്ചാണ് വീട്ടിൽ ആകെയുള്ള രണ്ട് ബൾബുകൾ കത്തിക്കുന്നത്.  ശൗചാലയം ഇവർക്കും കേട്ടുകേൾവി മാത്രമാണ്. വോട്ടാർക്കെന്നു ചോദിച്ചപ്പോൾ സോണിയക്കല്ലാതെ  മറ്റാർക്കെന്ന് സഹീർ അലിയുടെ മറു ചോദ്യം
കർഷകനായ  രവീന്ദ്ര ബഹാദുർ സിങ്ങും ഹീരാ ലാലും  ബിരുദവിദ്യാർഥിയായ ജിതേന്ദ്രകുമാറും തികഞ്ഞ മോദി ഭക്തരാണ്. എന്തുകൊണ്ട് റായ്ബറേലി ഇത്ര വികസിച്ചിട്ടും പലർക്കും കക്കൂസില്ല  എന്നു ചോദിച്ചപ്പോൾ, രവീന്ദ്ര ബഹാദൂർ സിങ് പറഞ്ഞു:  'ഉത്തരേന്ത്യയിൽ പലയിടത്തും ഇങ്ങനെതന്നെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒട്ടേറെ പേർക്ക് കക്കൂസുകൾ നിർമിച്ചുനൽകുന്നുണ്ട്. ഇനിയും അധികാരം നൽകൂ, എല്ലാവർക്കും കക്കൂസ് ലഭിക്കും'. താങ്കളുടെ വീട്ടിൽ കക്കൂസുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് വീടില്ലെന്ന നിരാശ നിറഞ്ഞ മറുപടി. 'ഒരേക്കർ കൃഷിസ്ഥലം മാത്രമേയുള്ളൂ. ഇത്രകാലം അധ്വാനിച്ചിട്ടും വീടാക്കാനായില്ല. സർക്കാർ സഹായവും കിട്ടിയില്ല. ഇപ്പോൾ എൻ.ഡി.എ. സർക്കാർ വീടുനൽകുന്നുണ്ട്. അതിനാലാണ് ബി.ജെ.പി. ആയത്.  നരേന്ദ്രമോദി  സർക്കാർ വീണ്ടും വന്നാൽ തനിക്കും വീടു ലഭിക്കും' - രവീന്ദ്ര ബഹാദൂർ സിങ്  പ്രതീക്ഷ പങ്കുവെച്ചു. 

ഹോട്ടലിലേക്ക് തിരിക്കാൻ കാറിൽ കയറുമ്പോളാണ് ശ്രദ്ധിച്ചത്, പിന്നിലെ ചില്ലിലുള്ള സുരേന്ദ്ര ബഹാദൂർ സിങ്ങിന്റെ പോസ്റ്റർ കാണാനില്ല.  സമാജ് വാദി പാർട്ടി ഓഫീസിൽ പോയപ്പോൾ അത് അഴിച്ചുകളഞ്ഞതായി എസ്.പി. അനുഭാവിയായ ഡ്രൈവർ ദിനേശ് പ്രതാപ് പറഞ്ഞു. സുരേന്ദ്ര ബഹാദൂറോ ഉടമയോ വല്ലപ്പോഴുമേ ഹോട്ടലിൽ വരൂ എന്നും അപ്പോൾ പുതിയതൊന്ന് ഒട്ടിക്കാമെന്നുമുള്ള ആത്മഗതത്തോടെ ദിനേശ് കാർ സ്റ്റാർട്ട് ചെയ്തു.

Content Highlights:2019 Loksbha Elections Raebareli