2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിക്കും ബി.ജെ.പി.ക്കും വൻവിജയം അനായാസമാക്കിയതിന് പിന്നിലെ പ്രധാനകാരണങ്ങളിലൊന്ന് ചിതറിനിൽക്കുന്ന പ്രതിപക്ഷമായിരുന്നു. ചിതറിനിൽക്കുന്ന ശക്തികളെ കീഴടക്കാൻ എളുപ്പമാണെന്ന ചരിത്രപാഠം ഓർമിപ്പിച്ചുകൊണ്ട്, ഏറക്കുറെ ഏകപക്ഷീയമെന്ന് തോന്നാവുന്ന വിജയമാണ് ബി.ജെ.പി. അന്ന് നേടിയത്. എതിർപക്ഷത്തെ ഈ ശൈഥില്യം നാലുവർഷം എൻ.ഡി.എ. മുന്നണിയുടെ കെട്ടുറപ്പിനെയും മോദി സർക്കാരിന്റെ പ്രവർത്തനങ്ങളെയും സഹായിച്ചു എന്നതാണ് യാഥാർഥ്യം. ആദ്യത്തെ മൂന്നുവർഷം പാർലമെന്റിനുള്ളിലും പുറത്തും മോദി സർക്കാരിന് കനത്ത വെല്ലുവിളികൾ ഉയരാതിരുന്നതിന് കാരണവും പ്രതിപക്ഷത്തിന്റെ അനൈക്യമായിരുന്നു. ഇത്തരം വിവിധ കാരണങ്ങളാൽ 2104-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിൽ നിർണായക പാഠമായി മാറി. സഖ്യകക്ഷിസർക്കാരുകളുടെ വർഷങ്ങൾ നീണ്ട ആവർത്തനങ്ങൾക്കുശേഷം സർക്കാരുണ്ടാക്കാനുള്ള കേവലഭൂരിപക്ഷം ഒരു പാർട്ടിക്ക് മാത്രമായി ലഭിച്ചു എന്നതിനൊപ്പം, ഒരുമിച്ച് നിന്നില്ലെങ്കിൽ കാൽച്ചുവട്ടിലെ മണ്ണ് ചോരുമെന്ന തിരിച്ചറിവ് പ്രതിപക്ഷരാഷ്ട്രീയപ്പാർട്ടികൾക്ക് നൽകുന്നതിനും ജനവിധി സുപ്രധാനമായി.
തിരിച്ചറിവിന്റെ സഖ്യം
2019-ൽ വീണ്ടും രാജ്യം ഒരു പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ, 2014-ന്റെ പാഠങ്ങൾ ഭരണപ്രതിപക്ഷ പാർട്ടികൾ പരിശോധനയ്ക്ക് വിധേയമാക്കുകയാണ്. അഞ്ചുവർഷത്തെ മോദിഭരണം രാജ്യത്തെ ഭരണത്തുടർച്ചകളിലും ഇന്ത്യൻ രാഷ്ട്രീയത്തിലും ജനാധിപത്യ സംവിധാനത്തിലും ഉണ്ടാക്കിയ അനുകൂലമോ പ്രതികൂലമോ ആയ ചലനങ്ങളാണ് ഇരുപക്ഷത്തിന്റെയും പഠനവസ്തുക്കൾ. അതിൽനിന്ന് പാഠമുൾക്കൊണ്ടാണ് രാഷ്ട്രീയപരമായി 2014 ആവർത്തിക്കരുതെന്ന തിരിച്ചറിവ് പ്രതിപക്ഷപാർട്ടികൾക്കുണ്ടായത്. ഈ തിരിച്ചറിവ് പുതിയതല്ല. പൊടുന്നനെ ഉണ്ടായതുമല്ല. മോദിസർക്കാരിന്റെ ഭരണം മൂന്നുവർഷം പിന്നിടുകയും പതിനാറ് സംസ്ഥാനങ്ങളിൽ ഒന്നൊന്നായി ഭരണം പിടിക്കുകയും ചെയ്ത കാലയളവിൽ തന്നെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾക്ക് ഇതേക്കുറിച്ചുള്ള ബോധം കൈവന്നിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി പാർലമെന്റിനുള്ളിൽ പ്രധാനവിഷയങ്ങളിൽ ഒരുമിച്ചുനിന്ന് സർക്കാരിനെതിരേ പോരാടാനുള്ള തീരുമാനവും തുടർന്ന് പാർലമെന്റിന് പുറത്ത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൈകോർക്കാനുള്ള നീക്കവും ഈ തിരിച്ചറിവിന്റെ വളർച്ചയാണ്. എന്നിട്ടും പ്രതിപക്ഷം ഒറ്റമനസ്സും ഒറ്റക്കെട്ടുമായോ എന്ന വിശദവിലയിരുത്തൽ അനിവാര്യമാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് പ്രതിപക്ഷ പാർട്ടികളുടെ ഐക്യം എന്നത് ആരുടെയും മുദ്രാവാക്യമായിരുന്നില്ല. ആരും അതുയർത്തിയുമില്ല. അതെന്തു കൊണ്ടെന്ന ചോദ്യം ഇനിയും ഉത്തരം കിട്ടാത്ത സമസ്യയായി തുടരുകയാണ്. നരേന്ദ്രമോദിയെ പോലെ ഒരു എതിരാളിയെ നേരിടാനുള്ള സാമഗ്രികൾ അന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ കിട്ടുക എളുപ്പമായിരുന്നിട്ടും കോൺഗ്രസ് അത്തരമൊരു നീക്കം നടത്തിയില്ല എന്നത് രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും വലിയ അദ്ഭുതമായി തുടരും. യോജിച്ചുനിന്ന് മോദിയെ നേരിടുക എന്നതിന്റെ സാധ്യതയെക്കുറിച്ച് ഏതെങ്കിലും ഒരു നേതാവ് ആശയം കൈമാറിയതായും രേഖയില്ല. മോദി ഉയർത്താൻ പോകുന്ന തരംഗത്തെയും ബി.ജെ.പി. എന്ന പാർട്ടി കേവല ഭൂരിപക്ഷം നേടുമെന്ന സാധ്യതയെയും ഗൗരവത്തോടെ കാണാൻ, വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള പ്രധാന പ്രതിപക്ഷരാഷ്ട്രീയപ്പാർട്ടികൾക്ക് കഴിഞ്ഞില്ല എന്നത് വിശ്വസിക്കുക എളുപ്പമല്ല. എങ്കിലും അതാണ് സംഭവിച്ചത്. യു.പി.എ. എന്ന് മേലങ്കി ഉണ്ടായിരുന്നെങ്കിലും ഫലത്തിൽ പ്രതിപക്ഷം പലതായി പിരിഞ്ഞ് തിരഞ്ഞെടുപ്പിനെ നേരിടുകയും മോദിയുടെ ഭരണാരോഹണത്തിന് വഴിയൊരുക്കുകയും ചെയ്യുകയായിരുന്നു. പത്തുവർഷം ഒരുമിച്ചുനിന്ന് ഭരിച്ച യു.പി.എ.സഖ്യത്തിലെ പാർട്ടികൾ പോലും പരസ്പരം ഏറ്റുമുട്ടി പരാജയപ്പെട്ടു. ഇടതുപാർട്ടികൾ ചില സംസ്ഥാനങ്ങളിൽ മതേതര സഖ്യങ്ങളുണ്ടാക്കിയെങ്കിലും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായില്ല. തിരഞ്ഞെടുപ്പുകൾക്കുശേഷമാണ് സഖ്യമുണ്ടാക്കുകയെന്ന് ചരിത്രം ഉദ്ധരിച്ച് ന്യായീകരിക്കുമ്പോൾ പോലും ഒരു പരസ്പരധാരണ പോലും ഉണ്ടാകാതിരുന്നതിന് നേതാക്കൾക്ക് രാഷ്ട്രീയന്യായങ്ങളില്ല.
2014-ൽ പ്രതിപക്ഷം ഒറ്റക്കെട്ടായി നിലയുറപ്പിക്കാതിരുന്നതിന് ഒറ്റനോട്ടത്തിൽ ചില കാരണങ്ങൾ കണ്ടെത്താം. പത്തുവർഷത്തെ ഭരണത്തിന്റെ ആലസ്യത്തിലാണ്ടു പോയ കോൺഗ്രസിന്റെ നേതൃത്വത്തിന്റെ അലംഭാവം, രണ്ടാം യു.പി.എ. സർക്കാരിന്റെ ഒടുവിലത്തെ നാളുകളിൽ ഉയർന്ന അഴിമതി ആരോപണങ്ങളിൽ പതറിപ്പോയ സഖ്യം, പ്രാദേശികപാർട്ടികളുടെ ചരിത്രപരമായ പരസ്പര വൈരാഗ്യം, സ്ഥാനമാനങ്ങളെയും പദവികളെയും ചൊല്ലിയുള്ള തർക്കങ്ങൾ, ദേശീയ തലത്തിൽ അതിശക്തമായി ഉയർന്ന സർക്കാർവിരുദ്ധ വികാരം തുടങ്ങിയ വിഷയങ്ങളാണ് പ്രതിപക്ഷ നിരയിൽ ഒരു കൂട്ടായ്മ രൂപപ്പെടുന്നതിന് തടസ്സങ്ങളായത്. രാഷ്ട്രീയപരമായും ഭരണപരമായും സംഘടനാപരമായും ആത്മവിശ്വാസം നഷ്ടപ്പെട്ട കോൺഗ്രസാണ് പ്രതിപക്ഷത്തെ നയിക്കാനുണ്ടായിരുന്നത്. ആരോഗ്യപ്രശ്നങ്ങൾ അലട്ടാൻ തുടങ്ങിയ സോണിയാഗാന്ധിക്ക് പകരക്കാരനായി രാഹുൽഗാന്ധി മുഴുവൻ സമയ നേതാവായി രംഗത്തെത്തിയിരുന്നുമില്ല. എന്നാൽ, 2019-ലെത്തുമ്പോൾ കൂട്ടായ്മയുടെയും ഒരുമിച്ചു നിൽക്കലിന്റെയും അനിവാര്യത കോൺഗ്രസിനെപ്പോലെ തന്നെ രാജ്യത്തെ പ്രാദേശികപാർട്ടികളും മനസ്സിലാക്കിയിരിക്കുന്നു.
കൊൽക്കത്ത കൂട്ടായ്മ വിളിച്ചുപറയുന്നത്
ഇക്കഴിഞ്ഞ 19-ന് കൊൽക്കത്തയിലെ ബ്രിഗേഡ് മൈതാനത്ത് 23 പ്രതിപക്ഷ പാർട്ടികളിലെ 25 നേതാക്കൾ അണി നിരന്ന് പ്രതിപക്ഷപാർട്ടികളുടെ കൂട്ടായ്മ വിളംബരം ചെയ്തത്, അഞ്ചുവർഷം കൊണ്ട് മാറിയ രാജ്യത്തിന്റെ രാഷ്ട്രീയ കാലാവസ്ഥയുടെ പ്രതിഫലനമാണ്. ബിജുജനതാദളിന്റെയും ഇടതുപാർട്ടികളുടെയും നേതാക്കളൊഴികെ രാജ്യത്തെ പ്രമുഖ പ്രതിപക്ഷ നേതാക്കളെല്ലാം മമത വിളിച്ച യോഗത്തിനെത്തി. അരുൺ ഷോരി ബി.ജെ.പി. വിമതരായ യശ്വന്ത് സിൻഹ, ശത്രുഘ്നൻ സിൻഹ എന്നിവരും പങ്കെടുത്തു. അഞ്ചുവർഷത്തെ മോദി ഭരണം രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹികാവസ്ഥകളെ തകർത്തിരിക്കുന്നുവെന്നും ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കുന്നുവെന്നും പ്രതിപക്ഷനേതാക്കൾ കൊൽക്കത്തയിലെ വേദിയിൽ ആവർത്തിച്ചു. സി.ബി.ഐ.മുതൽ സുപ്രീംകോടതിവരെയുള്ള സ്ഥാപനങ്ങളുടെ സ്ഥിതി അവർ വിവരിച്ചു. നോട്ട് പിൻവലിക്കൽ, ജി.എസ്.ടി. തുടങ്ങി മോദി സർക്കാരിന്റെ നയങ്ങളുളവാക്കിയ ജനവിരോധം രാഷ്ട്രീയമായി വളർന്ന് അടുത്ത തിരഞ്ഞെടുപ്പിൽ വോട്ടാകുമെന്ന് അവർ കണക്ക് കൂട്ടുന്നു. എന്നാൽ, ഒരുമിച്ചുനിന്നില്ലെങ്കിൽ ദേശീയതലത്തിൽ മാത്രമല്ല, സ്വന്തം തട്ടകത്തിലും കടപുഴകുമെന്ന 2014-ന്റെ അനുഭവം ഈ പൊതുരാഷ്ട്രീയത്തിനപ്പുറം, പ്രതിപക്ഷ പാർട്ടികളുടെ കൈകോർക്കലിന് പിന്നിലുണ്ട് എന്നതാണ് യാഥാർഥ്യം. മോദിയെന്നും ബി.ജെ.പി.യെന്നുമുള്ള പൊതുശത്രുവിനെ നേരിടാൻ ചരിത്രപരമായ വൈരാഗ്യങ്ങളും സമവാക്യങ്ങളും യുദ്ധങ്ങളും മാറ്റിെവച്ച് പ്രതിപക്ഷ പാർട്ടികൾ കൈകോർക്കുന്നതിനുപിന്നിൽ ഇത്തരം പ്രാദേശിക കാരണങ്ങളുമുണ്ട്.
ഒരു വർഷംമുമ്പ് വരെ അസാധ്യമെന്ന് കരുതിയ എസ്.പി.-ബി.എസ്.പി. കൂട്ടുകെട്ട് സാധ്യമായതും ഈ നിലനില്പുസമരത്തിന്റെ ഭാഗമായി തന്നെ.ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വിളിച്ചു ചേർത്ത കൊൽക്കത്തയിലെ പ്രതിപക്ഷ കൂട്ടായ്മ യാദൃച്ഛികമായി രൂപപ്പെട്ടതല്ല. ബിഹാർ തിരഞ്ഞെടുപ്പിലുണ്ടാക്കിയ മഹാസഖ്യം നരേന്ദ്രമോദിയുടെ വിജയരഥത്തെ പിടിച്ചുനിർത്തിയതോടെ തന്നെ ഇത്തരത്തിലുള്ള ശ്രമത്തിന് വിത്തുപാകിയിരുന്നു. നിതീഷ് കുമാർ മറുകണ്ടം ചാടിയപ്പോഴും പരീക്ഷണത്തിന്റെ സാധ്യതയ്ക്ക് മങ്ങലേറ്റിരുന്നില്ല. തുടർന്ന്, കഴിഞ്ഞ രണ്ടുവർഷമായി പാർലമെന്റിനുള്ളിൽ ഉയർന്ന പ്രധാനവിഷയങ്ങളിൽ സർക്കാരിനെ നേരിടാൻ പ്രധാന പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ചുനിന്നത് ഇതിന്റെ തുടർച്ചയായിരുന്നു. റഫാൽ ഇടപാട്, വിജയ്മല്യ, നീരവ് മോദി പ്രശ്നങ്ങൾ, കാർഷികമേഖലയിലെ പ്രതിസന്ധി, സർക്കാരിനെതിരേയുള്ള അവിശ്വാസപ്രമേയം, സുപ്രധാന ബില്ലുകൾ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളിൽ ഇടതുപാർട്ടികളടക്കമുള്ള പ്രധാന പ്രതിപക്ഷപാർട്ടികൾ യോജിച്ച് നിലപാടുകൾ സ്വീകരിച്ചു.
പാർലമെന്റിന് പുറത്ത് അരങ്ങേറിയ കർഷക സമരം, ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള നീക്കം, റഫാലിലെ കോടതി യുദ്ധം തുടങ്ങിയവയിലും പ്രതിപക്ഷ യോജിപ്പ് ദൃശ്യമായിരുന്നു. കർണാടക തിരഞ്ഞെടുപ്പിനുശേഷം കോൺഗ്രസും ജെ.ഡി.എസും ചേർന്ന് അവിടെ സർക്കാരുണ്ടാക്കിയത് ഈ നീക്കത്തിന് ആക്കം കൂട്ടി. മുഖ്യമന്ത്രി പദം ജെ.ഡി.എസിന് വിട്ടുകൊടുത്ത് കോൺഗ്രസ് സമന്വയത്തിന്റെ പാലം നിർമിച്ചത് ദേശീയരാഷ്ട്രീയത്തിൽ ചെറുകിട പാർട്ടികൾക്ക് വിശ്വാസം നൽകി. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് അനുകൂലമായതോടെ, ഒത്തുപിടിച്ചാൽ ബി.ജെ.പി.യെയും മോദിയെയും നേരിടാമെന്ന ആത്മവിശ്വാസം പ്രതിപക്ഷ ക്യാമ്പിലെത്തി. ഈ ആത്മവിശ്വാസത്തിന്റെ അന്തരീക്ഷത്തിലാണ് കൊൽക്കത്തയിൽ ഇടതുപാർട്ടികൾ ഒഴികെയുള്ള 23 പ്രതിപക്ഷപാർട്ടികൾ ഒരു വേദിയിൽ അണിനിരന്നത്. മോദിയെ വീഴ്ത്തി പുതിയ പ്രധാനമന്ത്രിയെ അധികാരത്തിലെത്തിക്കുമെന്ന് യോഗത്തിൽ നേതാക്കൾ അവകാശപ്പെട്ടു.
ആരുനയിക്കും മഹാസഖ്യത്തെ
കൊൽക്കത്തയിലെ സമ്മേളനത്തിനുപിന്നാലെ ഈ കൂട്ടായ്മയുടെ യോഗം ഡൽഹിയിലും അമരാവതിയിലും വൈകാതെ സംഘടിപ്പിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, കൊൽക്കത്തസമ്മേളനം ഇതോടൊപ്പം സങ്കീർണമായ ചിലചോദ്യങ്ങളും ഉയർത്തിയിട്ടുണ്ട്. ഏറ്റവും പ്രധാന ചോദ്യം മഹാസഖ്യത്തിന്റെ കൂട്ടായ്മയെ ആര് നയിക്കുമെന്നതാണ്. ബി.ജെ.പി.യും മോദിയും വേദികളിൽ ഈ ചോദ്യം ഉയർത്തിക്കഴിഞ്ഞു. ഒട്ടേറെ പ്രധാനമന്ത്രി സ്ഥാനാർഥികളുള്ളതിനാൽ, ഈ ചോദ്യത്തെ നേരിടുക മഹാസഖ്യം നേതാക്കൾക്കും എളുപ്പമല്ല. എന്നാൽ, തിരഞ്ഞെടുപ്പിനുശേഷം നേതാവിനെ നിശ്ചയിക്കുകയാണ് തങ്ങളുടെ രീതിയെന്ന് തൊണ്ണൂറുകളുടെയും 2004-ന്റെയും അനുഭവം ഓർമിപ്പിച്ച് പ്രതിപക്ഷ നേതാക്കൾ ന്യായീകരിക്കുന്നുണ്ട്. എന്നാൽ, രാഹുലിന് പുറമേ മമതയും മായാവതിയും ചന്ദ്രബാബു നായിഡുവും പ്രധാനമന്ത്രിസ്ഥാനത്തിന് വേണ്ടി മുൻനിരയിലുണ്ടാകുമെന്നത് ഈ വിഷയം കടുപ്പിക്കുന്നുണ്ട്. കോൺഗ്രസിനെക്കാൾ സീറ്റ് നില ഈ പ്രാദേശിക പാർട്ടികൾ നേടിയാൽ, നേതൃത്വത്തിന്റെ സമവാക്യങ്ങൾ മാറും.
ഇടതുപാർട്ടികൾ മമതയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെ ഈ കൂട്ടായ്മയുടെ ഭാഗമല്ല എന്നതാണ് സുപ്രധാനമായ അടുത്ത വിഷയം. എന്നാൽ, ഇടതുപാർട്ടികൾ മോദിക്കെതിരേയുള്ള ബദൽ നീക്കത്തിൽ നിന്ന് വിട്ടുനിൽക്കുകയില്ല. തിരഞ്ഞെടുപ്പിനുശേഷം ഉടലെടുക്കുന്ന പ്രതിപക്ഷ കൂട്ടായ്മയുടെ സ്വഭാവം അനുസരിച്ചായിരിക്കും അതിനോടുള്ള സമീപനം സ്വീകരിക്കുകയെന്ന് ഇടത് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
ബദൽരാഷ്ട്രീയമോ, ബദൽ ഭരണപദ്ധതിയോ ബദൽസംവിധാനമോ ക്രിയാത്മകമായി കൂട്ടായ്മ ഇതുവരെ മുന്നോട്ടുവെച്ചിട്ടില്ല എന്നതാണ് മറ്റൊരു വിഷയം. സ്വന്തം സംസ്ഥാനങ്ങളിൽ വിപുലമായ സ്വാധീനമുള്ള ചന്ദ്രശേഖർ റാവു, നവീൻ പട്നായിക് തുടങ്ങിയ നേതാക്കളുടെയും അവരുടെ പാർട്ടികളുടെയും നിലപാട് എന്തായിരിക്കുമെന്നതും നിർണായകമാണ്. ഫെഡറൽ ഫ്രണ്ട് എന്ന ആശയവുമായി വളരെ നേരത്തേ തന്നെ ചന്ദ്രശേഖർ റാവു രംഗത്തുണ്ട്.
ഈ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാൻ പ്രാപ്തിയുള്ള ഒട്ടേറെ നേതാക്കൾ പ്രതിപക്ഷ കൂട്ടായ്മയിലുണ്ട്. പ്രതിപക്ഷ കൂട്ടായ്മ ദൗർബല്യങ്ങൾ വെടിഞ്ഞ് നിലയുറപ്പിച്ചാൽ 2019-ലെ തിരഞ്ഞെടുപ്പിൽ മോദിയെ നേരിടുക രാജ്യത്തെ പ്രതിപക്ഷപാർട്ടികൾ ഒന്നടങ്കമായിരിക്കും.
Content Highlights: 2019 Loksabha Election Opposition Unity