ഭൂരിപക്ഷം എന്ന വാക്ക് കേൾക്കുമ്പോൾ സാമാന്യ ബുദ്ധിയിൽ വരിക കേവലഭൂരിപക്ഷമാണ്. അതായത് പാതിയിൽ കൂടുതൽ പേർ. അല്ലെങ്കിൽ 50 ശതമാനത്തിൽ കൂടുതൽ പേരുടെ പിന്തുണ. ജനാധിപത്യത്തിന്റെ അടിസ്ഥാനവും ഈ പാതിയിൽ കൂടുതലാണ്. അതുതന്നെയാണ് പാർലമെന്റിലെയും നിയമസഭകളിലെയും മാന്ത്രികസംഖ്യയും. എന്നാൽ ബഹുകക്ഷി തിരഞ്ഞെടുപ്പ് രാഷ്ട്രീയം പിന്തുടരുന്ന നമ്മുടെ നാട്ടിൽ പക്ഷേ, തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പാതിയിലധികം വോട്ട് മിക്കപ്പോഴും കിട്ടാറില്ല. അതായത് പാതിയിലധികം പേരുടെ പിന്തുണയില്ലാത്തവർ നമ്മുടെ ജനപ്രതിനിധികളാവുന്നു എന്നർഥം. തിരഞ്ഞെടുക്കപ്പെടുന്നവർ ചിലപ്പോൾ ഭൂരിപക്ഷത്തെ പ്രതിനിധാനം ചെയ്യുന്നില്ല എന്ന വൈകല്യം ഇപ്പോഴത്തെ തിരഞ്ഞെടുപ്പുരീതിക്കുണ്ട് എന്നത് കാലങ്ങളായുള്ള പരാതിയുമാണ്. എന്നാൽ ഇന്ത്യൻ സാഹചര്യങ്ങളിൽ ഏറ്റവും പ്രായോഗികമാണ് ഇപ്പോഴത്തെ രീതി.  

 ഇപ്പോഴത്തെ സഭ
2014-ൽ നടന്ന തിരഞ്ഞെടുപ്പിൽ രൂപംകൊണ്ടതാണ് ഇപ്പോൾ നിലവിലുള്ള പതിനാറാം ലോക്‌സഭ. 543 അംഗ സഭയിൽ 282 സീറ്റ് നേടി ബി.ജെ.പി. ഒറ്റയ്ക്കുതന്നെ 272 എന്ന കേവലഭൂരിപക്ഷം (പാതിയിൽ കൂടുതൽ) മറികടന്നു. പക്ഷേ, 31.34 ശതമാനം വോട്ടാണ് ബി.ജെ.പി.ക്ക്‌ കിട്ടിയത്. അതായത് ഇന്ത്യയിലെ 68.66 ശതമാനം വോട്ടർമാർ ബി.ജെ.പിക്ക്‌ വോട്ട് ചെയ്തില്ല. മറ്റൊരുതരത്തിൽ പറഞ്ഞാൽ ആകെ വോട്ടർമാരുടെ മൂന്നിൽ ഒന്നുപേരുടെ പോലും വോട്ട് കിട്ടണമെന്നില്ല ഒരു കക്ഷിക്ക് കേവലഭൂരിപക്ഷം കിട്ടാൻ. അതിൽ താഴെപ്പോയാൽപ്പോലും കേവലഭൂരിപക്ഷം എന്ന സംഖ്യ കിട്ടിയേക്കാം. ഇപ്പോഴത്തെ തിരഞ്ഞെടുപ്പുരീതിയുടെ പ്രശ്നമാണത്. ഇതിന് മുമ്പുള്ള ലോക്‌സഭകളിലും സമാനമാണ് സ്ഥിതി.  19.52 ശതമാനം വോട്ട് കിട്ടിയ കോൺഗ്രസിന് ഇപ്പോഴത്തെ സഭയിലുള്ളത് 44 സീറ്റ്.  2014-ലെ തിരഞ്ഞെടുപ്പിൽ 4.19 ശതമാനം വോട്ട് കിട്ടി ബി.ജെ.പി.ക്കും കോൺഗ്രസിനും പിറകിൽ മൂന്നാമതായ ബി.എസ്.പി.ക്ക് ലോക്‌സഭയിൽ ഒരു സീറ്റുപോലും ലഭിച്ചില്ല. എന്നാൽ 3.27 ശതമാനം വോട്ട് മാത്രം കിട്ടിയ എ.ഐ.എ.ഡി.എം.കെ.യ്ക്ക്‌ കിട്ടിയത് 37 സീറ്റ്.
അതിലും രസകരമായ വസ്തുത ഭരണകക്ഷിയായ ബി.ജെ.പി.യുടെയും പ്രതിപക്ഷമായ കോൺഗ്രസിന്റെയും വോട്ടുശതമാനം ഒന്നിച്ച് കൂട്ടിയാൽ പോലും ആകെ ചെയ്ത വോട്ടിന്റെ പാതിമാത്രമേ വരൂ. 50.86 ശതമാനം. 

 ജയിച്ചുവന്നവരുടെ നില
പാർട്ടികൾക്ക് കിട്ടിയ ശതമാനത്തിലെ കൗതുകം പോലെയാണ് ജയിച്ചുവന്ന സ്ഥാനാർഥികൾക്ക് കിട്ടിയ വോട്ടിന്റെ കൗതുകവും. പാതിയിൽകൂടുതൽ എന്നതു പോയിട്ട്, പോൾ ചെയ്തവോട്ടിന്റെ മൂന്നിലൊന്ന് വോട്ടുപോലും കിട്ടാത്ത 19 എം.പി.മാർ ഇപ്പോഴത്തെ ലോക്‌സഭയിലുണ്ട്. ഇനി പോൾചെയ്ത വോട്ടർമാരിൽ 50 ശതമാനത്തിന്റെയെങ്കിലും പിന്തുണ ഇപ്പോഴത്തെ എം.പി.മാരിൽ പാതിപേർക്കു പോലുമില്ല. രാഷ്ട്രീയ ജനതാ ദൾ (ആർ.ജെ.ഡി), ശിരോമണി അകാലി ദൾ(എസ്.എ.ഡി), ആം ആദ്മി പാർട്ടി(എ.എ.പി) എന്നീ പാർട്ടികളിൽനിന്ന് ജയിച്ച എല്ലാ എം.പി.മാരും  50 ശതമാനത്തിൽ കുറവ് വോട്ട് കിട്ടിയവരാണ്. ഏറ്റവും കൂടുതൽ എം.പി.മാരുള്ള ബി.ജെ.പി.യിൽ 50 ശതമാനം പേർക്ക് പോൾചെയ്തതിന്റെ 50 ശതമാനം കിട്ടി. എം.പി.മാരിൽ 69 ശതമാനംപേർ പാതിയിൽ  കൂടുതൽ വോട്ട് നേടി. ടി.ഡി.പി.യാണ് ഇക്കാര്യത്തിൽ മുന്നിൽ. ഇപ്പോഴത്തെ സഭയിൽ എം.പി.മാർക്ക് കിട്ടിയ വോട്ടിന്റെ ശരാശരി ആകെ പോൾചെയ്തതിന്റെ 47 ശതമാനമാണ്. വോട്ട് ചെയ്യാത്തവരും തോറ്റ സ്ഥാനാർഥികൾക്കും നോട്ടയ്ക്കും വോട്ട് ചെയ്തവരുമാണ് ബാക്കി. വോട്ടർപട്ടികയുമായി താരതമ്യം ചെയ്താൽ എല്ലാ എം.പി.മാർക്കുംകൂടി ലഭിച്ചത് 31 ശതമാനം വോട്ടർമാരുടെ പിന്തുണയാണ്. 2009-ൽ ഇത് 29 ശതമാനമായിരുന്നു.
2009 -ൽ വിജയിച്ച എല്ലാ എം.പി.മാർക്കുംകൂടി കിട്ടിയത് പോൾ ചെയ്തതിന്റെ 44 ശതമാനം. 2004-ൽ 48 ശതമാനം. 1999 -ൽ 47 ശതമാനം.

  331 എം.പി.മാർ 50 ശതമാനത്തിന് താഴെ
ഇപ്പോഴത്തെ സഭയിൽ 61 ശതമാനം എം.പി.മാർ (331 പേർ) 50 ശതമാനത്തിൽ താഴെ വോട്ട് നേടിയവരാണ്. 99 എം.പി.മാർ 40 ശതമാനത്തിൽ താഴെ വോട്ട് നേടിയവരാണ്. മൂന്ന് എം.പി.മാർ നേടിയത് അവരുടെ മണ്ഡലത്തിൽ ആകെ പോൾ ചെയ്തതിന്റെ 30 ശതമാനത്തിലും താഴെ.
ലഡാക്കിൽനിന്നുള്ള ബി.ജെ.പി. എം.പി. ആകെ പോൾ ചെയ്തതിന്റെ 26 ശതമാനം വോട്ടുമാത്രം നേടിയാണ് വിജയിച്ചത്. ലുധിയാനയിൽനിന്നുള്ള കോൺഗ്രസ് എം.പി. 27 ശതമാനം വോട്ടുനേടി വിജയിച്ച രൺവീത് സിങ് ബിട്ടുവാണ് പിറകിൽനിന്ന് രണ്ടാമത്. 
സൂറത്തിൽനിന്നുള്ള ജർദോഷ് ദർശ്നബെൻ വിക്രംഭായ് ആണ് പോൾ ചെയ്തതിൽ 76 ശതമാനം വോട്ടുനേടി വിജയിച്ച് ഒന്നാമത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വഡോദരയിൽ പോൾചെയ്ത വോട്ടിന്റെ 73 ശതമാനം നേടി രണ്ടാമതാണ്.

  മുന്നിലെത്തിയവരിൽ കൂടുതൽ പിന്തുണ ആർക്ക്
മാനദണ്ഡങ്ങൾ എല്ലാം പാലിക്കുന്നുണ്ടെങ്കിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആരുടെയും അവകാശം ഇന്ത്യയിൽ തടയില്ല. അതുകൊണ്ടുതന്നെ  സ്ഥാനാർഥികളുടെ എണ്ണം എത്രയും ആവാം. സ്ഥാനാർഥികൾ കൂടുന്പോഴും ഓരോരുത്തരും പിടിക്കുന്ന വോട്ടുകൾ കൂടുമ്പോഴുമാണ് വിജയിക്ക് കിട്ടുന്ന ശതമാനം കുറയുന്നത്. തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്തിയാൽ മുന്നിലെത്തിയവരിൽ കൂടുതൽ പിന്തുണ ആർക്കെന്ന് കണ്ടെത്താം എന്ന ഒരു നിർദേശമുണ്ട്. ഭരണഘടനാ നിർവഹണ  അവലോകന കമ്മിഷന്( എൻ.സി.ആർ.ഡബ്ലു.സി) മുന്പാകെയും നിർദേശം വന്നിരുന്നു
 ഇപ്പോഴത്തെ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തി ഒന്നാമതെത്തുന്ന സ്ഥാനാർഥിക്ക് 50 ശതമാനത്തിലധികം വോട്ട് കിട്ടിയില്ലെങ്കിൽ ഒരു തവണകൂടി വോട്ടെടുപ്പ് നടത്തണം. പക്ഷേ, ഒന്നും രണ്ടും സ്ഥാനത്തെത്തുന്നവർ മാത്രമായിക്കണം വീണ്ടും മത്സരിക്കേണ്ടത്. ആ വോട്ടെടുപ്പ് 
പൂർത്തിയാവുമ്പോൾ ആകെ പോൾ ചെയ്ത വോട്ടർമാരിൽ കൂടുതൽ പിന്തുണ ആർക്ക് എന്ന് വ്യക്തമാവും. 
എന്നാൽ, ഇത്തരത്തിൽ വീണ്ടും ഒരു വോട്ടെടുപ്പ് നടത്തുന്നതിന് നൂലാമാലകളും ഉണ്ട്. പഠനങ്ങളും ചർച്ചകളും വേണ്ട മേഖലയുമാണത്. കൃത്യമായ വോട്ടർ പട്ടികയും കൂടുതൽ വോട്ടർമാർ വോട്ടുചെയ്യാൻ എത്തുന്നതുമാണ് ജനാധിപത്യത്തിന്റെ ശക്തി. 2019-ലെ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങ് (67.11 ശതമാനം) നൽകുന്ന പ്രതീക്ഷയുമതാണ്.  

Content Highlights: 2019 Loksabha Election