അമേഠിയിലെ നന്ദ മഹറിലെത്തുമ്പോൾ പകൽസൂര്യൻ ഉച്ചിയിൽ കത്തിനിൽക്കുന്നു. ചൂട് 43 ഡിഗ്രിക്കുമുകളിൽ. ഇവിടെ പി.എം. മൈതാനിയിൽ രണ്ടേമുക്കാലിന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പുയോഗമുണ്ട്. ഒരു മണിയാകുമ്പോഴേ മൈതാനിയിൽ സ്ത്രീകളടങ്ങുന്ന നൂറുകണക്കിന്‌ ആളുകളെത്തി. വഴിയരികിൽ മുഴുവൻ കൈപ്പത്തിചിഹ്നങ്ങൾ. ‘അമേഠിയിലെ എം.പി. 2019-ലെ പ്രധാനമന്ത്രി’ എന്നെഴുതിയ പോസ്റ്ററും കാണാം.  

റോഡരികിലെ ഉയരം കുറഞ്ഞ വൈക്കോൽ കടമുറികളിലെല്ലാം വെയിലിൽനിന്ന് രക്ഷതേടി ആൾക്കാർ നിറഞ്ഞിരിക്കുന്നു. ഇവിടെയെല്ലാം അങ്ങിങ്ങായി കരിമ്പുജ്യൂസ്‌ കച്ചവടക്കാർ. ഗ്ലാസൊന്നിന് 10 രൂപയ്ക്കുള്ള ജ്യൂസും പുകയിലയും അടയ്ക്കയുംമാത്രമേ  കിട്ടാനുള്ളൂ. പിന്നെ യോഗം പ്രമാണിച്ചുള്ള ഐസ്‌വിൽപ്പനയുമുണ്ട്. രാഹുൽ എത്തുമ്പോൾ സമയം നാലുമണി. അപ്പോഴേക്കും മൈതാനം ഗ്രാമീണരാൽ നിറഞ്ഞു. രാഹുലിന് ജയ് വിളിച്ച് സ്ത്രീകളുടെയും പുരുഷന്മാരുടെയും ആരവം.   പ്രസംഗത്തിലുടനീളം പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രസർക്കാരും  അഴിമതിനടത്തിയെന്നാരോപിച്ച രാഹുൽ, ബി.ജെ.പി. അഞ്ചുവർഷവും ജനങ്ങളെ വാഗ്ദാനംനൽകി പറ്റിക്കുകയായിരുന്നു  എന്നാവർത്തിച്ചു. ബി.ജെ.പി. സ്ഥാനാർഥിയായ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പേര്‌ പരാമർശിക്കാതെയുള്ള പ്രസംഗത്തിനുശേഷം പത്രക്കാരുടെ അടുത്തേക്കുവന്ന്‌ സംസാരിച്ച രാഹുൽ, ജനങ്ങളെയും അഭിവാദ്യം ചെയ്ത് അടുത്തകേന്ദ്രമായ റായ്ഗഞ്ചിലേക്ക് നീങ്ങി...

മത്സരം കടുക്കുമോ

രാഹുൽഗാന്ധിയും  സ്മൃതി ഇറാനിയും മത്സരിക്കുന്ന അമേഠിയിൽ, ഗ്രാമങ്ങളിൽ വീശിയടിക്കുന്ന പൊടിക്കാറ്റുപോലെ തപിക്കുകയാണ് തിരഞ്ഞെടുപ്പുരംഗവും. രണ്ടാം തിരഞ്ഞെടുപ്പിലൊഴികെയെല്ലാം ഭൂരിപക്ഷം കുറഞ്ഞ രാഹുൽ ഇത്തവണ ബി.ജെ.പി.യിൽനിന്ന് കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.  കഴിഞ്ഞതവണ മത്സരിച്ച് കാൽ ലക്ഷത്തിലധികം വോട്ടുനേടിയ എ.എ.പി.യും സമാജ്‌വാദി പാർട്ടിയും ബി.എസ്.പി.യും സ്ഥാനാർഥികളെ നിർത്തിയിട്ടില്ല; അവർ കോൺഗ്രസിനെ പിന്തുണയ്ക്കുകയാണ്. രാഹുലിന്റെ മാറിയ പ്രതിച്ഛായയും അനുകൂലമാകുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷമുള്ള തിരഞ്ഞെടുപ്പിലൂടെ മൂന്നുവർഷവും 1998-ലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് ഒരു വർഷവുംമാത്രം  കോൺഗ്രസിനെ  കൈവിട്ട അമേഠിയിൽ രാഹുലിന്റെ നാലാമങ്കമാണിത്. നെഹ്രുകുടുംബത്തിന്റെ ഈ വൈകാരികമണ്ഡലം എങ്ങനെയും കൈപ്പിടിയിലൊതുക്കാനാണ് ഇത്തവണ സ്മൃതി ഇറാനിയുടെ ശ്രമം.
കഴിഞ്ഞതവണ രാഹുലിന്റെ ഭൂരിപക്ഷം 1,07,903 ആയി കുറച്ചാണ് സീരിയൽ നടിയായി പേരെടുത്ത സ്മൃതി അമേഠിയിൽ തോൽവി വഴങ്ങിയത്. പക്ഷേ, രാജ്യസഭയിലൂടെ പാർലമെന്റിലെത്തി കേന്ദ്രമന്ത്രിയായ അവർ കഴിഞ്ഞ അഞ്ചുവർഷവും തോറ്റ എം.പി.യായി അമേഠിയിൽത്തന്നെ ശ്രദ്ധകേന്ദ്രീകരിച്ചു. അതുതന്നെയാണ് ബി.ജെ.പി.യുടെ പ്രചാരണവും അവകാശവാദവും. അടുത്ത തിരഞ്ഞെടുപ്പുവിജയത്തിനുള്ള ഗൃഹപാഠമായിരുന്നു സ്മൃതിയുടെ ഇവിടെയുള്ള ഓരോ പ്രവർത്തനമെന്ന് ബി.ജെ.പി. നേതാക്കൾ പറയുന്നു. 

സ്മൃതിയുടെ മുന്നേറ്റത്തെക്കുറിച്ച് കോൺഗ്രസിനും രാഹുലിനും ബോധമുദിച്ചത് 2017-നുശേഷം മാത്രമാണെന്നുവേണം പറയാൻ. ഉത്തർപ്രദേശ് നിയമസഭാതിരഞ്ഞെടുപ്പിൽ അമേഠി ലോക്‌സഭാമണ്ഡലത്തിന്റെ ഭാഗമായ  അമേഠി, തിലോയി, സാലൻ, ജഗദീഷ്്‌പുർ മണ്ഡലങ്ങളിൽ ബി.ജെ.പി.യാണ് വിജയിച്ചത്. അമേഠിയിലെ പ്രധാന നഗരകേന്ദ്രമായ ഗൗരിഗഞ്ചിൽ ജയിച്ചതാകട്ടെ സമാജ് വാദി പാർട്ടിയും. അമേഠിയിലെ നിയമസഭാമണ്ഡലങ്ങൾ മുഴുവൻ നഷ്ടപ്പെട്ട അവസ്ഥയിൽനിന്നാണ് കോൺഗ്രസ് അധ്യക്ഷന്റെ മത്സരമിപ്പോൾ. ഇതുതന്നെയാണ് ബി.ജെ.പി.യുടെ പ്രതീക്ഷയും.
സ്മൃതി മുഴുവൻസമയവും ചെലവഴിച്ചത് അമേഠിയിലാണെന്ന ബി.ജെ.പി.യുടെ പ്രചാരണം പക്ഷേ, അർഥമില്ലാത്തതാണെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.  രാഹുൽ 17 തവണയും സ്മൃതി 21 തവണയും  കഴിഞ്ഞ അഞ്ചുവർഷം അമേഠി സന്ദർശിച്ചതായാണ് രേഖകൾ വ്യക്തമാക്കുന്നത്. രാഹുൽ 35 ദിവസം അമേഠിയിൽ ചെലവഴിച്ചപ്പോൾ സ്മൃതി 21 ദിവസംമാത്രമാണ്‌ അവിടെ ഉണ്ടായിരുന്നത്. സന്ദർശനകാലത്ത് ചിലപ്പോൾ രണ്ടുദിവസമോ മൂന്നുദിവസമോ രാഹുൽ അമേഠിയിൽ താമസിച്ചപ്പോൾ സ്മൃതി ഒരുദിവസത്തിലധികം തങ്ങിയത് വിരളം. 

ബി.ജെ.പി. പ്രതീക്ഷകൾ

ഗൗരിഗഞ്ചിലെ ബി.ജെ.പി. കാര്യാലയത്തിൽ ചെല്ലുമ്പോൾ നിറയെ പ്രവർത്തകർ. തിരഞ്ഞെടുപ്പുനോട്ടീസ്‌ അടുക്കി ഓരോ മേഖലയിലും നൽകാനുള്ള ഒരുക്കങ്ങളും ചർച്ചകളും നടക്കുകയാണവിടെ. യുവമോർച്ചയുടെ അമേഠി മുൻ ജില്ലാ ഉപാധ്യക്ഷനായ അരുൺ മിശ്ര  ചൗക്കിദാർ എന്ന്‌ സ്വയം പരിചയപ്പെടുത്തി ഓഫീസിലേക്ക് സ്വീകരിച്ചു. ‘ഗരീബി ഹഠാവോ’ മുദ്രാവാക്യംവിളികളും മറ്റുമായി വർഷങ്ങളായി കോൺഗ്രസ് പറ്റിക്കുകയായിരുന്നെന്നും അമേഠിയാണ് യു.പി.യിലെ ഏറ്റവും വികസനംകുറഞ്ഞ നാടെന്നും അരുൺ മിശ്ര പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷമായി സ്മൃതി ഇറാനിയാണ് അമേഠിയിൽ വികസനം കൊണ്ടുവന്നതെന്നും അരുൺ ആവേശംകൊണ്ടു. 
‘‘അമേഠിയിൽ എല്ലാവരും സ്മൃതി ഇറാനിയെ ‘ദീദി’ എന്നാണ് വിളിക്കുന്നത്. അവരെ തോല്പിച്ചെങ്കിലും കേന്ദ്രമന്ത്രിയായശേഷം അവരീ നാട്ടുകാർക്കുവേണ്ടിയാണ് സമയം ചെലവഴിച്ചത്. അത്‌ വോട്ടാവും. ഇത്തവണ ബി.ജെ.പി. രണ്ടുലക്ഷത്തിലേറെ വോട്ടിന് വിജയിക്കും’’ -അരുൺ മിശ്രയ്ക്ക് ആത്മവിശ്വാസം.
‘‘അമേഠിയിൽ സ്മൃതി ഇറാനി വികസനമെത്തിച്ചു എന്നുപറയുന്നതിൽ കാര്യമുണ്ടെന്ന് പത്രപ്രവർത്തകനായ ഹൃഷഭ് തിവാരിയും പറയുന്നു. രണ്ടുലക്ഷത്തോളം ശൗചാലയങ്ങൾ, പ്രധാനമന്ത്രി ആവാസ് യോജനവഴി പാവപ്പെട്ടവർക്ക് 20,000 വീടുകൾ, 1.5 ലക്ഷം സൗജന്യ ഉജ്ജ്വല പാചകവാതക സിലിൻഡറുകൾ എന്നിവ അവർവഴി അനുവദിച്ചിട്ടുണ്ട്. ഇതിൽ ചിലതൊക്കെ വോട്ടാവുമല്ലോ. മത്സരം ഇത്തവണ കടുത്തതാണ്. എങ്കിലും രാഹുലിനാണ് വിജയസാധ്യത’’ -ഹൃഷഭ് പറയുന്നു. 
അമേഠിയിലെ വികസനം തൊട്ടടുത്ത മണ്ഡലമായ റായ്ബറേലിയുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ പിന്നിലാണ്. ഇതുതന്നെയാണ് ബി.ജെ.പി. ആയുധമാക്കുന്നതും. എന്നാൽ, ബി.ജെ.പി. വിജയിച്ച തൊട്ടടുത്ത ഫൈസാബാദിലും സുൽത്താൻപുരിലും വികസനമുണ്ടോ എന്ന മറുചോദ്യത്തിലൂടെയാണ് കോൺഗ്രസ് ഇതിനെ നേരിടുന്നത്. 

രാഹുൽ മാത്രം 

അമേഠിയിലെ ജനങ്ങളുടെ ഹൃദയത്തിലാണ് രാഹുലിന്റെ സ്ഥാനമെന്നാണ് കോൺഗ്രസ് നേതാക്കളുടെ പക്ഷം. ‘‘ഒന്നുമില്ലാത്ത കാലത്ത് ഇവിടെ എല്ലാം തന്നത് ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമാണ്. പിന്നീട് രാഹുൽ ഗാന്ധിയെത്തി. അതൊന്നും ഇവിടത്തുകാർക്ക് മറക്കാനാവില്ല. രാഹുൽ എന്തായാലും രണ്ടുലക്ഷത്തിലധികം വോട്ടിന്‌ വിജയിക്കും’’ - രാഹുലിന്റെ പൊതുസമ്മേളനത്തിനെത്തിയ കോൺഗ്രസ് മുസാഫർബാദ് ബ്ലോക്ക് സെക്രട്ടറി അഞ്ജനികുമാർ ശ്രീവാസ്തവ പറഞ്ഞു. 
കഴിഞ്ഞതവണ 52.38 ശതമാനമായിരുന്നു അമേഠിയിലെ പോളിങ്. 46.70 ശതമാനം രാഹുൽ നേടി. ഇതിൽക്കൂടുതൽ ഇത്തവണ നേടിയാലേ പക്ഷേ, രാഹുലിന് നല്ല ഭൂരിപക്ഷം ഉറപ്പിക്കാനാവൂ. അക്കാര്യത്തിൽ പാർട്ടികേന്ദ്രങ്ങളിലെല്ലാം ആശങ്കയുണ്ടെന്ന്‌ വ്യക്തമാവും അവരുടെ വാക്കുകളിലൂടെ...

Content Highlights: 2019 lok sabha elections amethi lok sabha constituency, Ameti