രാജനൈതികരംഗത്ത് സമാനതകളില്ലാത്ത നേട്ടത്തിനുടമയാവുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അരനൂറ്റാണ്ടിലെ പൊതുപ്രവർത്തനത്തിനിടയിൽ രണ്ടു പതിറ്റാണ്ടുനീണ്ട പൊതുസേവനത്തിന്റെ അസുലഭ ഭാഗ്യം. നരേന്ദ്രമോദി തുടർച്ചയായി ഭരണാധികാരിയായി തിളങ്ങാൻ തുടങ്ങിയിട്ട് ഇന്ന് രണ്ടുപതിറ്റാണ്ട് പൂർത്തിയാവുന്നു. അദ്ദേഹത്തിന്റെ 71-ാം ജന്മദിനവും ഇന്നുതന്നെ.

മോദിമോഡൽ
രാജ്യത്തെ ഏറ്റവും ജനപ്രിയ നേതാവ് എന്നതിനപ്പുറം, ഏറ്റവും പുതിയ സർവേകൾ പുറത്തുവരുമ്പോൾ, അന്താരാഷ്ട്രതലത്തിൽത്തന്നെ ഏറ്റവും അംഗീകാരമുള്ള ഭരണാധികാരിയായി തിളങ്ങുകയാണ് മോദി. 2014 മേയിൽ പ്രധാനമന്ത്രിയായി അധികാരമേറ്റ അദ്ദേഹം ഏഴുവർഷംകൊണ്ട് ശക്തമായ തീരുമാനങ്ങൾകൊണ്ടും ജനപ്രിയനടപടികൾകൊണ്ടും   തലയെടുപ്പോടെ രാജ്യത്തെ നയിക്കുന്നു. ജന്മനാടായ ഗുജറാത്തിൽ കേശുഭായ് പട്ടേലിന്റെ പകരക്കാരനായാണ് 2001 ഓഗസ്റ്റിൽ അധികാരരാഷ്ട്രീയത്തിലേക്കുള്ള മോദിയുടെ അരങ്ങേറ്റം. ഭരണരംഗത്ത് മുൻപരിചയമില്ലാതെ അൻപതാം വയസ്സിൽ മുഖ്യമന്ത്രിയായി അധികാരമേറ്റ മോദി, പെട്ടെന്നു ജനപ്രിയനായി. പരമ്പരാഗത ശൈലിവിട്ട് ചടുലമായ നീക്കങ്ങളിലൂടെയും തീരുമാനങ്ങളിലൂടെയും ഗുജറാത്തിൽ വികസനമുന്നേറ്റത്തിന്റെ പെരുമഴ പെയ്യിക്കാൻ അദ്ദേഹത്തിനായി. ഒരു വികസന അജൻഡതന്നെ അദ്ദേഹം ഗുജറാത്തിനായി തയ്യാറാക്കി. എല്ലാ മേഖലകളിലും അത് പ്രാവർത്തികമാക്കി. ഒരു ‘മോദി ടച്ച്'! അതോടെ മോദിയുടെ കീർത്തി ഗുജറാത്ത് പിന്നിട്ട് രാജ്യമാകെ പടർന്നു. ‘ഗുജറാത്ത് മോഡൽ’  രാജ്യവും ലോകവും ചർച്ചചെയ്തു. കുത്തുവാക്കുകൾ കൊണ്ട് സത്‌കീർത്തി തകർക്കാൻ എതിരാളികൾ ശ്രമിച്ചെങ്കിലും 2014-ലെ തിരഞ്ഞെടുപ്പിൽ നയിക്കാൻ ബി.ജെ.പി. മോദിയെ നിയോഗിച്ചതോടെ ഇന്ത്യയുടെ രാഷ്ട്രീയചരിത്രംതന്നെ തിരുത്തിക്കുറിക്കപ്പെടുകയായിരുന്നു.
2014-ലെ തിരഞ്ഞെടുപ്പിൽ കൊടുങ്കാറ്റായി മാറിയ മോദിപ്രഭാവം, ചരിത്രംകുറിച്ചുകൊണ്ട് ബി.ജെ.പി.യെ അധികാരത്തിലെത്തിച്ചു. ബി.ജെ.പി.ക്കുമാത്രം 282 സീറ്റു നേടാനായി. തുടർന്നുള്ള നാളുകൾ ബി.ജെ.പി.യുടെയും സഖ്യകക്ഷികളുടേതുമായി മാറി. ഇരുപതോളം സംസ്ഥാനങ്ങളിൽ ഭരണം നേടാൻ എൻ.ഡി.എ.യ്ക്കു കഴിഞ്ഞു. 2019-ലെ തിരഞ്ഞെടുപ്പിൽ 303 സീറ്റ്‌ ബി.ജെ.പി. ഒറ്റയ്ക്കും എൻ.ഡി.എ. ഒട്ടാകെ 352 സീറ്റും നേടി തകർപ്പൻ തിരച്ചുവരവു നടത്തിയപ്പോൾ നരേന്ദ്രമോദി അക്ഷരാർഥത്തിൽ  ആഗോളതലത്തിൽത്തന്നെ ഒരു വലിയ ചർച്ചാവിഷയമാവുകയായിരുന്നു. 

എന്താണ് മോദി മാജിക്
എന്താണ് മോദി മാജിക്? പലരും ചോദിക്കുന്നതു കാണാറുണ്ട്. ഒന്നുമില്ല, അദ്ദേഹം വിഭാവനംചെയ്യുന്ന പദ്ധതികളിൽ നിറഞ്ഞുനിൽക്കുന്നത് ഇന്ത്യയാണ്, ഇന്ത്യയുടെ ജനതയാണ്. അതാണ്‌ മാജിക്‌. അവർക്ക് എന്തു നേടിക്കൊടുക്കാനാവുമെന്നാണ് അദ്ദേഹം ഓരോ നിമിഷവും ആലോചിക്കുന്നത്. ഇന്ത്യയുടെ അടുത്ത തലമുറയ്ക്കായി രാജ്യത്തെ സ്വപ്നംകാണുന്ന മോദിയെയാണ് ഇക്കഴിഞ്ഞ ഇരുപതുവർഷം രാജ്യം കണ്ടത്. ഒരു സാധാരണ ചായക്കടക്കാരന്റെ മകനായി ജീവിച്ചുവളർന്ന അനുഭവങ്ങളിൽനിന്ന് അധികാരം തന്റെ സഹജീവികൾക്കുള്ളതാണെന്ന ബോധ്യത്തിലേക്കാണ് നരേന്ദ്രമോദി എത്തിച്ചേർന്നത്. അദ്ദേഹം വിഭാവനംചെയ്ത ഓരോ പദ്ധതികളിലും ആ ചിന്ത നിഴലിക്കുന്നതു കാണാം. ‘ഇദം ന മമ’ എന്നുപറയാറില്ലേ. എല്ലാം സമാജത്തിനുവേണ്ടിയാണ് എന്ന ചിന്ത. ഒരു സന്ന്യാസിയുടെ മനസ്സുള്ള ഒരാൾക്കേ ആ നിലയിലേക്ക് സ്വയം എത്താനാവൂ. അതാണ് നാം മോദിയിൽ കണ്ടത്, കാണുന്നതും.

അടിസ്ഥാന ജനവിഭാഗത്തിന്റെ സ്വപ്നങ്ങൾക്കു ചിറകുനൽകിയ പ്രധാനമന്ത്രി എന്നായിരിക്കും ഭാവിഭാരതം മോദിയെ രേഖപ്പെടുത്തുക. കുട്ടികൾക്കും സ്ത്രീകൾക്കും കർഷകർക്കും തെരുവിൽക്കഴിയുന്നവർക്കും തൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കും വ്യാപാരികൾക്കും വ്യവസായികൾക്കുമടക്കം സമസ്ത ജനവിഭാഗത്തിനും  പുതുജീവിതം നൽകിയ വ്യക്തിത്വം. അവർക്കൊക്കെ ഭാവിയെക്കുറിച്ച് ചിന്തിക്കാനും തീരുമാനിക്കാനും കെല്പും സാധ്യതകളും സമ്മാനിച്ച പ്രധാനമന്ത്രി.


തലയുയർത്തി ഇന്ത്യ
സാധാരണക്കാർക്കുവേണ്ടി നിലകൊള്ളുമ്പോൾത്തന്നെ ശക്തമായ നിലപാടുകളിലൂടെ രാജ്യവിരുദ്ധ ശക്തികളോടു പൊരുതിയും കർശന നീക്കങ്ങളിലൂടെ ശത്രുരാജ്യങ്ങളോട് പോരാടിയും മോദി തന്റെ ശക്തി തെളിയിച്ചിരിക്കുന്നു. ശക്തമായ നയതന്ത്ര നീക്കങ്ങളിലൂടെ മറ്റു വികസിത ലോകരാജ്യങ്ങൾക്കൊപ്പം തലയുയർത്തിനിൽക്കുന്ന രാജ്യമായി ഇന്ത്യയെ മാറ്റാനും മോദിഭരണകൂടത്തിനായി. ലോകം നേരിടുന്ന കോവിഡ് മഹാമാരിയുടെ കാലത്ത് വാക്സിനിലൂടെയും  ഔഷധങ്ങളിലൂടെയും രോഗപ്രതിരോധത്തിൽ നായകസ്ഥാനത്തെത്താനായതും ഇന്ത്യൻ പ്രധാനമന്ത്രിയെ ലോകാരാധ്യനാക്കി മാറ്റിയിരിക്കുന്നു. പ്രതിപക്ഷപ്പാർട്ടികൾ നിരന്തരം നടത്തുന്ന പ്രതിലോമപ്രവർത്തനങ്ങൾ കാണാതെ പോയിക്കൂടാ.  എന്നാൽ, അവയ്ക്ക് സർക്കാരിന്റെ സത്‌പ്രവൃത്തികൊണ്ട് തിരിച്ചടിനൽകുന്ന രാഷ്ട്രതന്ത്രത്തിലാണ് മോദിക്കു വിശ്വാസം.
പറയുന്നതു പ്രാവർത്തികമാക്കുക,  നടപ്പാക്കാനാവുന്നതു മാത്രം പറയുക എന്നതാണ് മോദിസിദ്ധാന്തം. അധികാരമേറ്റയുടൻ നടത്തിയ പ്രഖ്യാപനങ്ങൾ രാജ്യത്ത് വൻചലനം സൃഷ്ടിച്ചു എന്നതോർക്കുക. ജീവിതത്തിൽ ശുചിത്വത്തിനുള്ള പ്രാധാന്യത്തിന്റെ സന്ദേശവുമായി സ്വച്ഛ് ഭാരത്, എല്ലാവർക്കും വീട്, എല്ലാവർക്കും ബാങ്ക് അക്കൗണ്ട് എന്ന ജൻ ധനയോജന, വീട്ടമ്മമാർക്കെല്ലാം ഗ്യാസ് കണക്‌ഷൻ, എല്ലാവീട്ടിലും ശൗചാലയം, വൈദ്യുതി, കുടിവെള്ളം, എല്ലാവർക്കും വിദ്യാഭ്യാസം തുടങ്ങിയ ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾക്കായുള്ള നടപടികൾ ഗ്രാമീണഭാരതത്തിന്റെ മുഖച്ഛായതന്നെ മാറ്റുകയാണ്. ഇവയെയൊക്കെ ഇന്ത്യൻജനത കൈനീട്ടി സ്വീകരിക്കുന്നതിന്റെ തെളിവാണ് ഓരോദിവസവും വർധിക്കുന്ന കേന്ദ്രസർക്കാരിനുള്ള ജനപിന്തുണ. സർക്കാർ ആനുകൂല്യങ്ങൾ എല്ലാം ബാങ്ക് അക്കൗണ്ടിലൂടെ നേരിട്ടുനൽകുന്നത് നടപ്പാക്കി രാജ്യത്തെ അഴിമതിമുക്തമാക്കുന്നതിന് തുടക്കമിട്ടു. കാർഷികവിഭവങ്ങൾക്ക് തറവില നിരന്തരം ഉയർത്തിയും കർഷകർക്ക് നേരിട്ട് സാമ്പത്തികസഹായം നൽകിയും വളത്തിന് സബ്‌സിഡി കുട്ടിയും കർഷകർക്കായി വിപ്ളവകരമായി മാറ്റങ്ങൾ സൃഷ്ടിച്ചു.

വിൽപ്പന, സേവന നികുതികൾ ഏകീകരിച്ച് ജി.എസ്.ടി. നടപ്പാക്കി നികുതിരംഗം സുതാര്യമാക്കി. ഭരണഘടനയുടെ 370-ാം വകുപ്പ് എടുത്തുകളഞ്ഞ്  രാജ്യത്താകമാനം പൗരന്മാർ സമന്മാരാണെന്ന തത്ത്വം പ്രാവർത്തികമാക്കി.

ഇതിനൊക്കെയിടയിലും രാജ്യത്തിന്റെ സമ്പദ്ഘടന ശക്തമായി മുന്നേറുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്. അഞ്ച് ട്രില്യൺ ഇക്കണോമി എന്നതാണ് മോദി ലക്ഷ്യംവെച്ചിരിക്കുന്നത്. കോവിഡ് പ്രതിസന്ധി കുറെയൊക്കെ വിഷമങ്ങൾ സൃഷ്ടിച്ചെങ്കിലും അതിൽനിന്നൊക്കെ കരകയറി മുന്നേറാൻ ഇന്ത്യക്കായി എന്നതാണല്ലോ ഈ സാമ്പത്തികവർഷത്തെ ഒന്നാംപാദത്തിലെ ജി.ഡി.പി. വളർച്ചനിരക്ക് കാണിക്കുന്നത്. രാജ്യത്തെ മുഴുവൻ ജനതയ്ക്ക് സൗജന്യമായി മഹാമാരിയെ തടയാനുള്ള വാക്സിനേഷൻ നടപ്പാക്കിയ സർക്കാരിന് ഇത്രയ്ക്കൊക്കെ കഴിയുന്നു എന്നതാണ് കാണേണ്ടത്. ഇന്നിപ്പോൾ നമ്മുടെ ഓഹരിവിപണി എവിടെ നിൽക്കുന്നു എന്നു നോക്കൂ; 58,250-നടുത്ത്. നമ്മുടെ വിദേശനാണ്യശേഖരം 642.453 ബില്യൺ യു.എസ്. ഡോളറിലെത്തി. കയറ്റുമതി എന്നത്തെക്കാളും ഭേദപ്പെട്ട അവസ്ഥയിൽ. ഏതു രാജ്യത്തിനാണ് ഇത്തരത്തിൽ എത്തിപ്പെടാൻ സാധിക്കുക, അതാണ് നരേന്ദ്രമോദിയുടെ ഇന്ത്യ.

എന്താണ് മോദി മാജിക്? പലരും ചോദിക്കുന്നതു കാണാറുണ്ട്. അദ്ദേഹം വിഭാവനംചെയ്യുന്ന പദ്ധതികളിൽ നിറഞ്ഞുനിൽക്കുന്നത് ഇന്ത്യയാണ്, ഇന്ത്യയുടെ ജനതയാണ്. 
അതാണ്‌ ആ മാജിക്‌

(ബി.ജെ.പി. സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ)