തെളിയിക്കപ്പെടാത്ത കുറ്റത്തിന് അന്യായമായി 13 വർഷം തടവിൽക്കഴിയേണ്ടിവന്ന സ്വാതന്ത്ര്യസമര പോരാളി എന്നനിലയിൽ മാത്രമല്ല എം.പി. നാരായണമേനോന്റെ ത്യാഗത്തെ കാലം ഓർമിക്കുക, ബ്രിട്ടീഷ് സർക്കാരിന്റെ ഉപാധികൾ അംഗീകരിച്ചാൽ മോചിപ്പിക്കാമെന്ന വാഗ്ദാനം നിരസിച്ച രാജ്യസ്നേഹത്തിന്റെ വീരഗാഥകൂടിയാണ് അദ്ദേഹത്തിന്റെ ജീവിതം. മലബാറിൽ ഹിന്ദു-മുസ്‌ലിം ഐക്യത്തിനുവേണ്ടി ശക്തമായ നിലപാടെടുത്ത ഖിലാഫത്ത് നിസ്സഹകരണ പോരാളി. 

സംഭവബഹുലമായ ജീവിതം

കുടിയാന്മാരുടെയും കൃഷിക്കാരുടെയും പ്രയാസങ്ങൾ കണ്ടുവളർന്ന മേനോൻ കുടിയാൻസംഘം സ്ഥാപിച്ച് കർഷകസമരത്തിന് നേതൃത്വംനൽകി. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തനം തുടങ്ങിയ കാലത്താണ് ബ്രിട്ടീഷ് യുദ്ധഫണ്ടിലേക്ക് പണക്കിഴി നൽകണമെന്ന മലബാർ കളക്ടറുടെ അഭ്യർഥന നിരസിക്കണമെന്ന് നാരായണമേനോൻ പ്രസംഗിച്ചത്. 1920-ൽ മലബാറിലെ പല പ്രദേശങ്ങളിലും നടന്ന കർഷകസമരങ്ങളുടെ സൂത്രധാരൻ നാരായണമേനോനായിരുന്നു. ഇതേസമയംതന്നെ കോൺഗ്രസിലും സജീവമായി. വടക്കേമലബാറിലെ കോൺഗ്രസ് ഓർഗനൈസിങ്‌ സെക്രട്ടറിയായി പ്രവർത്തിച്ചു. ഈ സമയത്താണ് കോഴിക്കോട്ട് സ്വരാജ് ട്രെയിനിങ്‌ സ്കൂൾ സ്ഥാപിച്ചത്. താമസിയാതെ ഏറനാട് കോൺഗ്രസ് സെക്രട്ടറിയായി. മഞ്ചേരിയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തു.
 

വാറന്റില്ലാത്ത അറസ്റ്റ്

മലബാറിൽ ലഹള തുടങ്ങിയപ്പോൾ ഹിന്ദു-മുസ്‌ലിം മൈത്രിക്കായി അക്ഷീണം പ്രയത്നിച്ച അഹിംസാവാദിയായ മേനോൻ പല പ്രദേശങ്ങളിലും നേരിട്ടെത്തി സമാധാനം ഉറപ്പുവരുത്താൻ കഠിനാധ്വാനം ചെയ്തു. മേനോന്റെ സമാധാനശ്രമങ്ങൾ ബ്രിട്ടീഷ് അധികാരികളെ ചൊടിപ്പിച്ചു. ഏതു വിധേനയും എം.പി.യെ മലബാറിൽനിന്ന് നാടുകടത്തണമെന്ന് നിശ്ചയിച്ചുറപ്പിച്ച മലബാർ കളക്ടർ കരുനീക്കം തുടങ്ങി.  1921 സെപ്‌റ്റംബർ 10-ന് അറസ്റ്റുവാറന്റ്‌ പോലുമില്ലാതെയാണ് മഞ്ചേരിയിൽവെച്ച്  പട്ടാളനിയമപ്രകാരം അദ്ദേഹത്തെ അറസ്റ്റുചെയ്തത്. കൈയിലും കാലിലും ചങ്ങലയിട്ടു പൂട്ടി 30 നാഴിക അദ്ദേഹത്തെ റോഡിലൂടെ നടത്തിച്ചു. മുസ്‌ലിങ്ങൾക്കിടയിൽ വലിയ സ്വാധീനമുണ്ടായിരുന്ന എം.പി.യുടെ അറസ്റ്റ് മലബാറിലെ സ്ഥിതി കലുഷിതമാക്കി. ഹിന്ദു-മുസ്‌ലിം ഐക്യം തകർക്കുകയായിരുന്നു അധികാരികളുടെ ലക്ഷ്യം. മാപ്പിള ആക്ടുപ്രകാരം അറസ്റ്റു ചെയ്യാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. ഇതുപ്രകാരം അറസ്റ്റുവാറന്റ്‌ തയ്യാറാക്കി കളക്ടർ ഒപ്പുവെച്ചു. 29 പേരെ മാപ്പിള ആക്ടുപ്രകാരം തടങ്കലിലാക്കാനാണ് അന്ന് 1921 ഓഗസ്റ്റ്‌ 18-ന് കളക്ടർ ഉത്തരവിട്ടത്. നാരായണമേനോൻ ഹിന്ദുവായതിനാൽ മാപ്പിള ആക്ട് അദ്ദേഹത്തിന് ബാധകമാവില്ലെന്നു കളക്ടർക്ക്‌ മനസ്സിലായി. 29 പേരുടെ വാറന്റു ഷീറ്റിൽ  നാരായണമേനോന്റെ പേരിനുനേരെ ‘അറസ്റ്റ് ഇപ്പോൾ വേണ്ടാ’ എന്ന് എഴുതി. 1921 സെപ്‌റ്റംബറിൽ പട്ടാളനിയമം നടപ്പാക്കിയശേഷമാണ് മേനോനെ അറസ്റ്റുചെയ്യുന്നത്. കോയമ്പത്തൂർ ജയിലിലടച്ച് ഒരുവർഷത്തോളമായിട്ടും കുറ്റപത്രം സമർപ്പിക്കുകയോ മജിസ്‌ട്രേറ്റിനുമുന്നിൽ ഹാജരാക്കുകയോ ചെയ്തില്ല. അറസ്റ്റിന്റെ നിയമസാധുത ചോദ്യംചെയ്ത് അഭിഭാഷകൻകൂടിയായ മേനോൻ മദിരാശി ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. താമസിയാതെ, ബ്രിട്ടീഷ് സർക്കാരിനെതിരേ യുദ്ധംചെയ്തു എന്ന കുറ്റംചുമത്തി സ്പെഷ്യൽ ജഡ്ജിമുമ്പാകെ ഹാജരാക്കി. മാപ്പിളമാരെ ബ്രിട്ടീഷ് സർക്കാരിനെതിരേ യുദ്ധംചെയ്യാൻ ഇളക്കിവിട്ടു എന്നായിരുന്നു കുറ്റം. 

തട്ടിയെറിഞ്ഞ ഉപാധികൾ

കെ. മാധവൻനായരുടെ സഹോദരൻ  കെ. കേശവൻനായരാണ് നാരായണമേനോന്റെ കേസ് വാദിച്ചത്. കുറ്റംചെയ്തു എന്നുപറയുന്ന ദിവസം നാരായണമേനോൻ തന്റെ കൂടെയായിരുന്നുവെന്ന്  കെ. മാധവൻനായർ കോടതിയിൽ സാക്ഷിമൊഴി നൽകി. എങ്കിലും കോടതി ജീവപര്യന്തത്തിന് ശിക്ഷിച്ചു. അന്തമാനിലേക്ക് നാടുകടത്താനും തീരുമാനിച്ചു. അന്യായമായ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ. കേളപ്പന്റെ നേതൃത്വത്തിൽ പ്രമുഖർക്ക് നിവേദനമയച്ച് പ്രതിഷേധം രേഖപ്പെടുത്തി. കേന്ദ്ര അസംബ്ലിയിൽ അന്യായ അറസ്റ്റിനെച്ചൊല്ലി തർക്കം നടന്നു. വൈസ്രോയിക്ക് നിവേദനം ലഭിച്ചതിനെത്തുടർന്ന്‌ ഉപാധികൾ അംഗീകരിച്ചാൽ എം.പി.യെ വിട്ടയക്കാമെന്നു പറഞ്ഞു.
രണ്ടുകൊല്ലത്തേക്ക് മലബാറിൽ കാലുകുത്തില്ല എന്ന് ഉറപ്പുനൽകണം, എം.പി. മാപ്പുപറയണം. ഇതായിരുന്നു ഉപാധികൾ. പ്രതീക്ഷിച്ചതുപോലെ  ഉപാധികൾ എം.പി. നിരസിച്ചു. ജനരോഷം തിരിച്ചറിഞ്ഞ ബ്രിട്ടീഷ് സർക്കാർ ഉപാധികൾ മയപ്പെടുത്തി. ലഹളയ്ക്ക് ആഹ്വാനം ചെയ്തിട്ടില്ലെന്നും ബ്രിട്ടീഷ് ഭരണകൂടത്തിനെതിരായി ഒരു നിലയ്ക്കും പ്രവർത്തിക്കില്ലെന്നും എഴുതിക്കൊടുത്താൽ നാരായണമേനോനെ വിട്ടയക്കാമെന്നറിയിച്ചു. ‘‘ഒന്നാമത്തെ നിബന്ധന എനിക്ക് സ്വീകാര്യമാണ്. കാരണം, ഞാൻ ലഹളയ്ക്കോ യുദ്ധത്തിനോ നേതൃത്വം കൊടുത്തിട്ടില്ല. രണ്ടാമത്തെ നിബന്ധന സ്വീകാര്യമല്ല.  കാരണം, നാളത്തെ ഇന്ത്യയിലെ സംഭവവികാസങ്ങൾ എന്തെല്ലാമാണെന്ന് ഇപ്പോൾ പ്രവചിക്കാൻ സാധിക്കില്ലല്ലോ. അതുകൊണ്ട് നിബന്ധന എനിക്ക് സ്വീകാര്യമല്ല.’’ ഇതായിരുന്നു എം.പി.യുടെ മറുപടി. അങ്ങനെ 13 വർഷം ജയിൽവാസമനുഷ്ഠിച്ചു. മലബാറിലാകെ പ്രതിഷേധമുയർന്നതോടെ നാടുകടത്താനുള്ള നീക്കം ഉപേക്ഷിക്കേണ്ടിവന്നു.

വീണ്ടും ജയിൽവാസം

നാരായണമേനോന്റെ മോചനത്തിനായി ഭാര്യ ഗാന്ധിജിയെ സമീപിച്ചിരുന്നു. നിബന്ധനകൾക്കു വഴങ്ങി ജയിൽമുക്തനാവണമെന്ന് നിർബന്ധിക്കാനാണെങ്കിൽ ഇങ്ങോട്ടു വരണമെന്നില്ല എന്നാണ് പിന്നീട് ജയിലിൽ കാണാൻ ചെന്നപ്പോൾ മേനോൻ ഭാര്യയോടു പറഞ്ഞത്. 1931-ൽ വടകരയിൽ നടന്ന അഞ്ചാം കോൺഗ്രസ് സമ്മേളനനഗരിക്ക് എം.പി. നാരായണമേനോന്റെ പേരിട്ടാണ് കോൺഗ്രസ് ഈ ദേശാഭിമാനിയുടെ നടപടിയെ പ്രശംസിച്ചത്. ജയിൽമോചിതനായശേഷം താമസിയാതെ നാരായണമേനോനെ കെ.പി.സി.സി.യുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു. ക്രിമിനൽക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടതിനാൽ എം.പി.യുടെ വക്കീൽജോലിക്കുള്ള സനദ് സർക്കാർ എടുത്തുകളഞ്ഞതിനാൽ പ്രാക്ടീസ് ഉപേക്ഷിക്കേണ്ടിവന്നു. 1936-ൽ കേന്ദ്ര അസംബ്ലിയിലേക്ക് നാരായണമേനോനെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചെങ്കിലും ക്രിമിനൽക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരെ സ്ഥാനാർഥിയാക്കരുതെന്ന് ഭക്തവത്സലം ആവശ്യപ്പെട്ടപ്പോൾ എം.പി. സ്വമേധയാ പിന്മാറി.
ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്ത് പിന്നെയും നാലുവർഷം ജയിലിൽ. കേരളത്തിലെ സ്വാതന്ത്ര്യസമരസേനാനികളിൽ ഏറ്റവും കൂടുതൽക്കാലം ജയിൽശിക്ഷ അനുഭവിച്ചത് നാരായണമേനോനായിരിക്കും. രാജ്യം സ്വതന്ത്രമായശേഷം മദ്രാസ് സർക്കാർ  നാരായണമേനോനെ ദുർഗുണപാഠശാലയുടെയും കാരാഗൃഹ പുനർനിർമാണ വകുപ്പിന്റെയും തലവനായി നിയമിച്ചു. അങ്ങനെ 60-ാം വയസ്സിൽ ആദ്യമായി സർക്കാരുദ്യോഗസ്ഥനായി. ഈ പ്രായത്തിൽ ഇങ്ങനെയൊരു നിയമനം വേണോ എന്നു സംശയിച്ചവരോട് രാജാജി പറഞ്ഞു: ‘‘ദീർഘകാലം ജയിലിൽക്കഴിഞ്ഞ എം.പി.യെക്കാൾ ജയിലിനെക്കുറിച്ചറിയുന്ന മറ്റൊരാൾ ഇന്ത്യയിലില്ല.’’ ജയിലുകളുടെ നവീകരണത്തിനും തടവുകാരുടെ ക്ഷേമത്തിനുമായി ഒട്ടേറെ പദ്ധതികൾക്ക്‌ തുടക്കമിട്ടത് നാരായണമേനോന്റെ നേതൃത്വത്തിലാണ്.