‘മലബാറിലെ വെള്ളപ്പൊക്കത്തിൽപ്പെട്ടവർക്ക് സഹായം നൽകാൻ അഭ്യർഥിച്ചുകൊണ്ട് എനിക്ക് കമ്പിസന്ദേശങ്ങൾ പലതും കിട്ടിക്കൊണ്ടിരിക്കുന്നു. ആയിരക്കണക്കിന് വീടുകൾ തകർന്നുവീഴുമ്പോൾ, വിളകൾ ഒലിച്ചുപോകുമ്പോൾ, ഫലഭൂയിഷ്ഠമായ പ്രദേശങ്ങൾ മരുഭൂമിയാകുമ്പോൾ ആർക്കാണ് സഹായിക്കാൻ കഴിയുക? ഈ സന്ദർഭത്തിൽ സർക്കാർ ചെയ്യുന്ന പ്രവൃത്തികൾ മതിയെന്നുകരുതി തൃപ്തിപ്പെടാതിരിക്കുകയാണ് ഒരു മാർഗം...’
 
1924-ൽ കേരളത്തെ പിടിച്ചുലച്ച പ്രളയവാർത്ത അറിഞ്ഞയുടൻ ഗാന്ധിജി ‘നവജീവൻ’ പത്രത്തിൽ പ്രസിദ്ധംചെയ്ത ലേഖനത്തിന്റെ തുടക്കമാണിത്. കേരളത്തെ സഹായിക്കണമെന്ന്‌ ഗുജറാത്തികളോടാണ് അദ്ദേഹം അഭ്യർഥനനടത്തിയത്. ഗുജറാത്തികൾ മാത്രമല്ല, ഇന്ത്യയുടെ പലഭാഗത്തുനിന്നും ഗാന്ധിജിയുടെ അഭ്യർഥനപ്രകാരം ആളുകൾ സംഭാവന നൽകി. ആദ്യഘട്ടത്തിൽത്തന്നെ പണമായി 6994 രൂപ ലഭിച്ചു. കൂടുതൽ പണവും വസ്ത്രവും താൻ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും ആഹാരവും പാർപ്പിടവും വസ്ത്രവുമില്ലാതെ കഷ്ടപ്പെടുന്ന നാട്ടുകാരെ ഓർത്താണ് തന്റെ ദുഃഖമെന്നും ഗാന്ധിജി, മലബാറിലെ കോൺഗ്രസ് നേതാവ് കെ. മാധവൻ നായർക്ക് അയച്ച കത്തിൽ പറഞ്ഞു. 

വെള്ളപ്പൊക്ക കാര്യത്തിൽ മാത്രമല്ല, വെടിയേറ്റുമരിക്കുന്ന ആ ദിവസംപോലും ആദ്ദേഹം ദുഃഖിതനായത് മലബാറിലെ ഭക്ഷ്യക്ഷാമത്തെ ഓർത്താണ്. നാളികേരവും ധാരാളം വാഴപ്പഴങ്ങളുമുള്ള ആ നാട്ടിൽ എങ്ങനെയാണ് ഭക്ഷ്യക്ഷാമം ഉണ്ടാകുന്നതെന്ന് അദ്ദേഹം ചോദിച്ചു. അത് കൃത്യമായി ശേഖരിച്ച് വിതരണംചെയ്യാൻ സിവിൽ ഭരണം പരാജയപ്പെട്ടതുകൊണ്ടാണ് ക്ഷാമം ഉണ്ടായതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  

കേരളവും ഗാന്ധിജിയും തമ്മിലുള്ള ബന്ധത്തിന്റെ തുടക്കം 1920 ഓഗസ്റ്റ് 18-ന്‌ ആണ്. അടുത്തവർഷമാകുമ്പോൾ ഗാന്ധിജി മലബാർ സന്ദർശിച്ചതിന്റെ നൂറുവർഷം തികയും. ബ്രിട്ടീഷ് മലബാർ, തിരുവിതാംകൂർ, കൊച്ചി എന്നിങ്ങനെ മൂന്നായി വേർതിരിഞ്ഞുകിടന്ന കേരളത്തിൽ അഞ്ചുപ്രാവശ്യമാണ് ഗാന്ധിജി സന്ദർശിച്ചിട്ടുള്ളത്. 1920 ഓഗസ്റ്റ് 18-ന്റേത് ഒറ്റദിവസത്തെ സന്ദർശനമായിരുന്നു. 1925 (മാർച്ച്‌ 8-19), 1927 (ഒക്ടോബർ 9-25), 1934 (ജനുവരി 10-21), 1937 (ജനുവരി 12-21) എന്നീ കാലത്തായിരുന്നു മറ്റ്  സന്ദർശനങ്ങൾ. ഇതിൽ ഖിലാഫത്ത് പ്രചാരണാർഥം ആദ്യസന്ദർശനമായ 1920 ഓഗസ്റ്റ് 18-ന് കോഴിക്കോട്ട് എത്തിയശേഷം അടുത്തദിവസം അവിടെനിന്ന്‌  മംഗലാപുരത്തേക്കുപോയി. അവസാനത്തെ സന്ദർശനമായ 1937 ജനുവരിയിലേത്, ശ്രീചിത്തിരതിരുനാൾ മഹാരാജാവ് നടത്തിയ ക്ഷേത്രപ്രവേശന വിളംബരത്തോടനുബന്ധിച്ച്  തിരുവിതാംകൂർ ഭാഗത്ത് മാത്രമായിരുന്നു.
ഈ സന്ദർശനങ്ങൾക്കപ്പുറം വിശാലമായ ബന്ധം ഗാന്ധിജിക്ക് കേരളവുമായി ഉണ്ടായിരുന്നു. വിവിധ വിഭാഗം ജനങ്ങളുമായി അദ്ദേഹം ആശയവിനിമയം നടത്തി. രാഷ്ട്രീയനേതാക്കൾ മാത്രമല്ല, സാഹിത്യകാരന്മാരും സാമൂഹികപ്രവർത്തകരും എന്നുവേണ്ട സാധാരണക്കാർവരെ ഗാന്ധിജിയെ കത്തുകളിലൂടെ ബന്ധപ്പെട്ടുകൊണ്ടിരുന്നുവെന്ന്  അക്കാലത്ത് കേരളത്തിൽനിന്ന്‌ ലഭിച്ച കത്തുകൾ തെളിയിക്കുന്നു. തന്റെ മരുന്നുകൾ ഉപയോഗിക്കണമെന്നും താൻ എഴുതിയ ‘അഷ്ടാംഗശാരീര’ത്തിന്റെ നിരൂപണം ‘യങ് ഇന്ത്യ’യിൽ എഴുതണമെന്നും കോട്ടയ്ക്കൽ ആര്യവൈദ്യശാല സ്ഥാപകൻ പി.എസ്. വാരിയരും തന്റെ ‘സ്വരാജ്യഗീത’ എന്ന പുസ്തകം സമർപ്പിക്കാൻ അനുവാദം ചോദിച്ചുകൊണ്ട് മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പും പരുത്തിക്കൃഷിയുടെ വിവരങ്ങളന്വേഷിച്ചുകൊണ്ട് ഒലവക്കോട് ശബരി ആശ്രമത്തിൽനിന്ന് ടി.ആർ. കൃഷ്ണസ്വാമി അയ്യരും ഇതരജാതിക്കാരനുമായുള്ള തന്റെ മകളുടെ വിവാഹം സംബന്ധിച്ച് തിരുവിതാംകൂറിൽനിന്ന്‌ ദുഃഖത്തോടെ ഒരു പിതാവുമടക്കം എത്രയെത്ര പേരാണ് ഗാന്ധിജിക്ക് മലയാളക്കരയിൽനിന്ന്‌ കത്തുകളയച്ചിട്ടുള്ളത്. 
കേരളത്തിന്റെ നവോത്ഥാനനായകനായ ശ്രീനാരായണഗുരുവിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ ഗാന്ധിജി ശിവഗിരിമഠത്തിൽ അതിഥിയായെത്തി. ചുരുങ്ങിയ കാലംകൊണ്ട് കേരള ജനതയുടെ ഒരു വലിയ കാരണവരായി അദ്ദേഹം മാറി. ഇതുകാരണമാണ് അദ്ദേഹത്തിന്റെ കേരള സന്ദർശനവേളകളിൽ പതിനായിരക്കണക്കിന് ആബാലവൃദ്ധം തടിച്ചുകൂടിയത്. ജനങ്ങൾക്ക്  ഗാന്ധിജിയോട് അതിരറ്റ വിശ്വാസവും സ്നേഹവും ഉണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ഫണ്ടുപിരിവിന് ജനങ്ങൾ കൈയിലുള്ളതെല്ലാം നൽകാൻ തയ്യാറായത്. സ്ത്രീകൾ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ ഒരു മടിയുംകൂടാതെ അഴിച്ചുനൽകിയത് ഗാന്ധിജിയെത്തന്നെ അദ്‌ഭുതപ്പെടുത്തി. കേരളീയ വനിതകളുടെ ശാലീനതയെയും ശുചിത്വത്തെയും വിദ്യാഭ്യാസരംഗത്ത് അവർ ഉണ്ടാക്കിയ മുന്നേറ്റത്തെയും ഗാന്ധിജി അഭിനന്ദിച്ചിട്ടുണ്ട്. 

കേരളത്തിന്റെ പ്രകൃതിസൗന്ദര്യം അദ്ദേഹത്തെ ആകർഷിച്ചിരുന്നു. 1925-ൽ നവജീവനിൽ അദ്ദേഹം എഴുതിയ കന്യാകുമാരി ദർശനം എന്ന ലേഖനം കവിതതുളുമ്പുന്നതായിരുന്നു. അതിൽത്തന്നെ അദ്ദേഹം തന്റെ ദുഃഖവും രേഖപ്പെടുത്തി. ഇംഗ്ലണ്ടിൽപ്പോയി തിരിച്ചുവന്നതുകാരണം ക്ഷേത്രത്തിനുള്ളിൽ കയറാൻ അനുവദിച്ചില്ല എന്നതായിരുന്നു അത്‌. കേരളത്തിൽ നിലനിന്നിരുന്ന അയിത്തത്തിന്റെപേരിലുള്ള തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും മനുഷ്യരുടെ മദ്യാസക്തിയും ഗാന്ധിജിയെ വേദനിപ്പിച്ചു. അതേപ്പറ്റിയെല്ലാം അദ്ദേഹം പ്രസംഗിക്കുകയും എഴുതുകയും ചെയ്തിട്ടുണ്ട്. അക്രമത്തിനും കൊലപാതകങ്ങൾക്കുമെല്ലാം ഗാന്ധിജി എതിരായിരുന്നു. കമ്യൂണിസ്റ്റ് നേതാവ് കെ.പി.ആർ. ഗോപാലനെ തൂക്കിക്കൊല്ലാനുള്ള വിധിക്കെതിരേ ഗാന്ധിജി രംഗത്തുവന്നു. ഗോപാലൻ നമ്പ്യാർ (കെ.പി.ആർ.) ദേശാഭിമാനിയായ യുവാവാണെന്നും ദുരുദ്ദേശ്യം തെല്ലും അടങ്ങിയിട്ടില്ലാത്ത ഒരു പ്രവൃത്തിയെച്ചൊല്ലി ആ ചെറുപ്പക്കാരനെ തൂക്കുമരത്തിലേക്ക് അയക്കുന്നത്  അപഹാസ്യമാണെന്നും അദ്ദേഹം ഹരിജൻ പത്രത്തിലെഴുതി.

Content Highlights: 100 years of mahathma gandhi's kerala visit