സമ്പദ് വ്യവസ്ഥ തിരിച്ചുവരുകയാണോ? രണ്ടക്ക വളർച്ചനിരക്കിലേക്കുള്ള പാതയിലാണോ നമ്മൾ? 2021-’22 സാമ്പത്തികവർഷത്തിന്റെ രണ്ടാംപാദത്തിൽ (ജൂലായ്‌മുതൽ സെപ്റ്റംബർവരെ) സി.എസ്.ഒ.യുടെ (സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ്) വളർച്ചനിരക്ക് അനുമാനം സർക്കാരിന് സന്തോഷമുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞവർഷം ഇതേപാദത്തിൽ വളർച്ചനിരക്ക് 7.4 ശതമാനമായിരുന്നെങ്കിലും ഇത്തവണയത് 8.4 ശതമാനമാകുന്ന പ്രവചനത്തെ കളിയാക്കാനൊന്നുമില്ല. ആദ്യപാദത്തിലുണ്ടാകുമെന്നു പറഞ്ഞ 20.1 ശതമാനത്തെക്കാൾ എന്തായാലും കുറവാണല്ലോ.
സർക്കാരിന്റെ മുഖത്ത് പുഞ്ചിരിവിരിയിച്ച ഈ സംഖ്യയെയാണ് നാം ഹൈ ഫ്രീക്വൻസി സൂചകങ്ങൾ എന്നുവിളിക്കുന്നത്. നികുതിലഭ്യത, യു.പി.ഐ. ഇടപാടുകൾ, ഇ-വേ ബില്ലുകളിൽനിന്നുള്ള വരുമാനം, റെയിൽ മാർഗമുള്ള ചരക്കുനീക്കം, വൈദ്യുതി ഉപഭോഗം തുടങ്ങിയവയെല്ലാം ഈ സൂചകങ്ങളിലുൾപ്പെടുന്നു. ഇവയെല്ലാം വെറും സംഖ്യകൾ മാത്രമാണ്, ജനങ്ങളല്ല. പ്രത്യേകിച്ചും അനൗപചാരിക മേഖലയെ ആശ്രയിച്ചുകഴിയുന്ന ജനതയെക്കുറിച്ചോ സാമ്പത്തിക പിരമിഡിന്റെ ഏറ്റവും താഴെത്തട്ടിലുള്ള ജനങ്ങളെക്കുറിച്ചോ ഉള്ള ഒരു വിവരവും നമ്മുടെ പക്കലില്ല.
 
നേരത്തേയായ ആഘോഷം
 
ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ മതിമറന്നാഘോഷിക്കുമ്പോൾ മറ്റു മന്ത്രിമാരും ഭരണകക്ഷിയിലെ എം.പി.മാരും നിശ്ശബ്ദരായിരിക്കുന്നു. ജനങ്ങളാണെങ്കിൽ ആഘോഷിക്കുന്നേയില്ല. ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണിത്. സി.എസ്.ഒ.യുടെ പ്രവചനമുണ്ടാക്കുന്ന തലക്കെട്ടുകൾ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അപ്രത്യക്ഷമാകും. എന്നാൽ, പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും തക്കാളിയുടെയും ഉള്ളിയുടെയും വിലയും വിപണിയിൽ ഉപഭോക്താക്കളില്ലാത്തതിന്റെയും വാർത്തകളാകും പിന്നീട് ആ സ്ഥാനം കൈയടക്കാൻ പോകുന്നത്.
ജനങ്ങൾ ആവശ്യത്തിന് വാങ്ങുകയും ഉപഭോഗം നടത്തുകയും ചെയ്യുന്നില്ലെന്ന സത്യം ചൂണ്ടിക്കാട്ടിയതും ഇതേ സി.എസ്.ഒ.യാണ്. സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെ ത്വരപ്പെടുത്തുന്ന നാല് ഘടകങ്ങളിൽ ഏറ്റവും പ്രധാനം സ്വകാര്യ ഉപഭോഗമാണ്. മൊത്ത ആഭ്യന്തരോത്‌പാദനത്തിന്റെ 55 ശതമാനം വരുമിത്. കോവിഡിനു മുമ്പുള്ള വർഷങ്ങളിലെയും (2018-’19, 2019-’20) കോവിഡ് ബാധിത വർഷത്തെയും (2020-’21) കോവിഡിനുശേഷമുള്ള തിരിച്ചുവരവിന്റെ വർഷത്തെയും (2021-’22) സ്വകാര്യ ഉപഭോഗത്തിന്റെ കണക്കുകൾ പരിശോധിക്കാം.
 
സ്വകാര്യ ഉപഭോഗം (കോടിയിൽ)
വർഷം ഒന്നാംപാദം രണ്ടാംപാദം
2018-’19 19,07,366 19,29,859
2019-’20 20,24,421 20,19,783
2020-’21 14,94,524 17,93,863
2021-’22 17,83,611 19,48,346
 
നടപ്പുവർഷത്തിലെ ഒന്ന്, രണ്ട് പാദങ്ങളിലെ സ്വകാര്യ ഉപഭോഗം 2019-’20 സാമ്പത്തിക വർഷത്തേതിനെക്കാൾ കുറവാണ്. അർധവാർഷിക സ്വകാര്യ ഉപഭോഗത്തിന്റെ കണക്കെടുത്താലും 2018-’19ലേതിനെക്കാൾ കുറവാണെന്നതാണ് ഏറ്റവും മോശമായ കാര്യം. 2021-22ലെ അർധവാർഷിക മൊത്ത ആഭ്യന്തരോത്‌പാദനം (ജി.ഡി.പി.) 68,11,471 കോടിയാണ്. 2019-’20ൽ ഇത് 71,28,238 കോടിയായിരുന്നു. കോവിഡ്പൂർവകാലത്തെ അവസ്ഥയിലേക്കെത്താൻ നമുക്കിനിയും പലതും ചെയ്യേണ്ടതുണ്ടെന്നു വ്യക്തം.
 
മിതവ്യയം ശീലമാക്കി ജനത
 
സമ്പദ്‌വ്യവസ്ഥ തിരിച്ചുവരുന്ന വർഷമെന്നു വിളിക്കപ്പെടുമ്പോഴും കോവിഡ്പൂർവ വർഷങ്ങളെ അപേക്ഷിച്ച് ജനങ്ങൾ ചെലവുചുരുക്കുന്നതെന്തുകൊണ്ടാണ്? അതിന് ജനസംഖ്യയുടെ ഭൂരിഭാഗത്തിനും ബാധകമായ ഒട്ടേറെ കാരണങ്ങളുണ്ടാകാം.
  • ആളോഹരി വരുമാനത്തിന്റെ 
  • കാര്യത്തിൽ വലിയ ഇടിവുണ്ടായി
  • വരുമാനം കുറഞ്ഞു
  • ജനങ്ങൾക്ക് തൊഴിൽ നഷ്ടമായി
  • ജനങ്ങൾ തങ്ങളുടെ ബിസിനസുകൾ 
  • അടച്ചുപൂട്ടി
  • ആളുകളുടെ ചെലവാക്കാവുന്ന വരുമാനത്തിൽ (നികുതിക്കും അവശ്യസേവനങ്ങൾക്കും ശേഷം ബാക്കി വരുന്ന പണം) കുറവുണ്ടായി
  • ഉയർന്ന വിലകാരണം ആളുകൾ ബുദ്ധിമുട്ടുന്നു
  • ആളുകൾ കൂടുതൽ തുക സമ്പാദ്യത്തിലേക്ക് മാറ്റുന്നു
 ‘മുകളിൽ പറഞ്ഞതെല്ലാമാകാം' ഒരുപക്ഷേ, ഉപഭോഗം കുറഞ്ഞതിന്റെ ശരിയായ കാരണമെന്നാണ് എന്റെ കാഴ്ചപ്പാട്. ഒരുപാടുപേരുടെ വരുമാനം കുറഞ്ഞെന്നും ഒട്ടേറെപ്പേർക്ക് തൊഴിൽ നഷ്ടപ്പെട്ടെന്നും ഉയർന്ന നികുതി (ഇന്ധനനികുതിയും ചരക്കു-സേവന നികുതിയും അടക്കം) കാരണം ഒട്ടേറെപ്പേരുടെ ചെലവാക്കാവുന്ന വരുമാനത്തിൽ കുറവുവന്നെന്നും പലരും തങ്ങളുടെ ബിസിനസുകൾ അവസാനിപ്പിച്ചെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. കോവിഡ് ബാധിക്കുമോയെന്ന ഭയത്താൽ പലരും ഭാവിയിലെ ആവശ്യങ്ങൾക്കായി കൂടുതൽ പണം മാറ്റിവെക്കുന്നുമുണ്ട്.
എനിക്കോ കുടുംബത്തിലെ ആർക്കെങ്കിലുമോ കോവിഡ് വന്നാലെന്തുചെയ്യും എന്ന ഭയം. കുടുംബങ്ങളുടെ ഭയം അവരുമായുള്ള സംഭാഷണത്തിൽ എനിക്ക് പലപ്പോഴും ബോധ്യപ്പെട്ടിട്ടുണ്ട്. തികച്ചും നിഷ്‌കളങ്കമായ ഭയമാണത്, കാരണം ഓരോ ദിവസവും പുറത്തുവരുന്ന കണക്കുകൾപ്രകാരം ഇന്ത്യയിലെ പ്രായപൂർത്തിയായവരിൽ വെറും 50.8 ശതമാനത്തിന് മാത്രമാണ് കോവിഡ് വാക്സിന്റെ രണ്ടു ഡോസും ലഭിച്ചിട്ടുള്ളത്. 85.1 ശതമാനത്തിന് ആദ്യഡോസ് ലഭിച്ചു. 15 കോടിയോളം പേർക്ക് ഇതുവരെ ഒരു ഡോസ് വാക്സിൻപോലും കിട്ടിയിട്ടില്ല. കുട്ടികൾക്കും വാക്സിൻ ലഭിച്ചിട്ടില്ല.
ആഡംബര വിവാഹങ്ങളും വിനോദയാത്രക്കാരാൽ നിറഞ്ഞ വിമാനങ്ങളും പുറത്തുനിന്നുള്ള ഭക്ഷണവും ബ്ലാക്ക് ഫ്രൈഡേ ഷോപ്പിങ്ങുമെല്ലാം വലിയ നഗരങ്ങളിലും പട്ടണങ്ങളിലും ഒതുങ്ങുന്നു. എന്നാൽ,‚ ഗ്രാമീണമേഖലകളിലെ അവസ്ഥ പരിതാപകരമാണ്. ചുറ്റും ഭയമാണ് അവിടെ നിറയെ.
 
നൽകുന്നത് തെറ്റായ മരുന്ന്
 
കാലാവധി പൂർത്തിയാക്കിയ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ കീഴിൽ വിതരണം (സപ്ലൈ) ത്വരപ്പെടുത്താനുള്ള നടപടികളെടുക്കാനും അതിലൂടെ സമ്പദ്‌വ്യവസ്ഥയെ തിരികെക്കൊണ്ടുവരുന്നതിലും മാത്രമാണ് സർക്കാർ ശ്രദ്ധചെലുത്തുന്നത്. എന്നാൽ, വിതരണത്തിന് ആനുപാതികമായോ അല്ലെങ്കിൽ അതിൽക്കൂടുതലോ ആവശ്യം (ഡിമാൻഡ്) കൂടിയുണ്ടായാൽ മാത്രമേ വിതരണം വർധിപ്പിച്ചിട്ട് കാര്യമുള്ളൂ. ആവശ്യം താഴേക്കാണെങ്കിൽ ഉത്പാദകർക്കും വിതരണക്കാർക്കും ഉത്പാദനം വെട്ടിക്കുറക്കേണ്ടിവരും. ഓട്ടോമൊബൈൽ വ്യവസായത്തിൽ ഇപ്പോൾ കണ്ടുവരുന്നത് ഇതാണ്, പ്രത്യേകിച്ചും ഇരുചക്രവാഹനങ്ങളുടെ കാര്യത്തിൽ.
 
ജനസംഖ്യയുടെ പകുതിയോളംവരുന്ന താഴേക്കിടയിലുള്ളവർക്കിടയിൽ ആവശ്യം (ഡിമാൻഡ്) വർധിപ്പിക്കുകയെന്നതാണ് സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള ശരിയായ മരുന്ന്. മോദിസർക്കാർ ഒഴിവാക്കുകയും പലപ്പോഴും പരിഹസിക്കുകയും ചെയ്തിട്ടുള്ള നടപടിയാണിത്. ഇന്ധന നികുതിയും മറ്റ് അവശ്യസാധനങ്ങളിന്മേലുള്ള നികുതിയും കുറച്ച് അവ ഏറ്റവും പാവപ്പെട്ടവരിലേക്കെത്തിക്കണമെന്നും അടച്ചുപൂട്ടിയ ചെറുകിട, ഇടത്തരം വ്യവസായങ്ങൾ വീണ്ടും തുറക്കാനും വീണ്ടും തൊഴിലാളികളെ കണ്ടെത്താനുംവേണ്ട നടപടികളെടുക്കണമെന്നും ഞാൻ ആവർത്തിച്ചാവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ, ഈ ആവശ്യങ്ങളത്രയും ബധിരകർണങ്ങളിലാണ് പതിച്ചത്.ഫലമോ അതിസമ്പന്നരായ ഒരുശതമാനം പേർ കൂടുതൽ സമ്പന്നരായി. പത്തുശതമാനം പേർ സമ്പന്നരായി, താഴേത്തട്ടിലുള്ള 50 ശതമാനം പേർ കൂടുതൽ ദരിദ്രരായി. ഇക്കാര്യങ്ങൾ ആഴത്തിൽ പരിശോധിക്കാതെ സി.എസ്.ഒ. നൽകുന്ന അക്കങ്ങൾ മാത്രം കണ്ട് ഭ്രമിച്ചിരുന്നാൽ അധികാരികൾ ബധിരർ മാത്രമല്ല, മൂഢർകൂടിയാണെന്നാണ് അതിനർഥം.