‘‘മാഷേ, ടിയാനൻമെൻ സ്ക്വയറിലെ യുവജനസമരത്തെ ചൈന ചോരയിൽ മുക്കിക്കൊന്നതിനെപ്പറ്റി മാഷിന്റെ കാഴ്ചപ്പാടെന്താണ്?’’ -സണ്ണി ജോസഫിന്റെ ഈ ചോദ്യം സി.പി.എമ്മിലെ താത്ത്വികാചാര്യൻ മന്ത്രി എം.വി. ഗോവിന്ദനെ ഉഷാറാക്കി.
സ്വാതന്ത്ര്യദാഹികളുടെ കൂട്ടക്കൊലയെ ന്യായീകരിക്കാൻ അന്ന്‌ പടച്ച കാപ്‌സ്യൂൾ മാഷ്‌ വീണ്ടും വിളമ്പി. ‘‘അവിടെ നടന്നത് ചോരയിൽ മുക്കിക്കൊല്ലലാണെന്ന സമീപനമൊന്നും പാർട്ടിക്കില്ല. പിന്നെയോ,  ജനകീയചൈനയെ തകർക്കാമെന്ന വ്യാമോഹത്തോടെയുണ്ടായ പ്രതിവിപ്ലവകരമായ സംഘർഷാത്മകശ്രമങ്ങളെ നേരിട്ട് സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയിലേക്കുള്ള പാതയൊരുക്കുകയാണ് ചൈന ചെയ്തത്.’’  
ജിജ്ഞാസുവായ തൃപ്പൂണിത്തുറ കെ. ബാബു അടുത്ത ചോദ്യമിട്ടു.  ‘‘ഹോങ്‌കോ ങ്ങിനെ കൈയടക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ മാഷ് എങ്ങനെ വിലയിരുത്തുന്നു?’’  ഹോങ്‌ കോങ് ചൈനയുടെ ഭാഗംതന്നെയെന്ന് മാഷ് ബാബുവിനെ പറഞ്ഞുമനസ്സിലാക്കി. ‘‘പക്ഷേ, ചൈനയെപ്പോലെ ജനാധിപത്യവിപ്ലവത്തിലൂടെ രൂപപ്പെട്ട ഭൂഭാഗമല്ലെന്ന കാര്യം ശ്രദ്ധിക്കണം. കരാറിലൂടെ ജനകീയചൈനയുടെ ഭാഗമായതാണ്.’’
തൊഴിലുറപ്പുതൊഴിലാളികളുടെ ക്ഷേമനിധിബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ ചൈനയെ വലിച്ചിഴച്ചത്  മാത്യു കുഴൽനാടനാണ്. ചൈനയിൽ ശതകോടീശ്വരൻമാരുണ്ടെന്ന പച്ചപരമാർഥത്തെ മാഷ് നിഷേധിച്ചുവെന്നായിരുന്നു കുഴൽനാടന്റെ ആരോപണം. മാഷ് നിഷേധിച്ചില്ലെന്നുമാത്രമല്ല,  ചൈനയിൽ ശതകോടീശ്വരൻമാർ പെരുകുന്നതിനെ വിമർശനാത്മകമായാണ് ഇവിടത്തെ പാർട്ടി കാണുന്നതെന്ന്‌ വ്യക്തമാക്കുകയും ചെയ്തു. തർക്കങ്ങൾക്കൊടുവിൽ, സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളെ വെറുതേ തൊട്ടുകളിക്കല്ലേയെന്ന് തമാശരൂപേണ മുന്നറിയിപ്പും നൽകി മാഷ്.
ബില്ലിലേക്കുകടക്കാൻ സമ്മതിക്കാതെ മാഷിനോട് ചോദ്യങ്ങൾ ചോദിക്കാൻ പ്രതിപക്ഷാംഗങ്ങൾ മത്സരിച്ചു. എല്ലാം പ്രത്യയശാസ്ത്രവ്യക്തതയ്ക്കുവേണ്ടിമാത്രമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. പ്രതിപക്ഷം മാഷിൽനിന്ന് പ്രത്യശാസ്ത്രം പഠിക്കാൻ കാട്ടുന്ന  വ്യഗ്രതയിൽ സ്പീക്കർ എം.ബി. രാജേഷ് സന്തോഷിച്ചു. എന്നാൽ, സമയമില്ലാത്തതിനാൽ എല്ലാ വ്യക്തതയും ഇന്നുവേണ്ടെന്ന് അദ്ദേഹം പറഞ്ഞു. അപ്പോൾ രമേശ് ചെന്നിത്തലയ്ക്കൊരു കൊതി.  മാഷിന്റെ ഒരു സ്റ്റഡിക്ലാസ് വേണം. ആഗ്രഹം നല്ലതാണെന്ന്  സ്പീക്കറും പറഞ്ഞു. ഒരുകാര്യം വ്യക്തം. ഗോവിന്ദൻ മാഷിന്റെ പാർട്ടിക്ലാസിന് പ്രതിപക്ഷത്ത് ആസ്വാദ്യതയേറിവരുന്നു.
തൊഴിലുറപ്പുതൊഴിലാളികൾക്ക് ക്ഷേമനിധി രൂപവത്‌കരിക്കുന്ന ബില്ലിനെ പ്രതിപക്ഷം താലോലിച്ചു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പുപദ്ധതി യു.പി.എ. സർക്കാരിന്റെ കുഞ്ഞാണ്. അപ്പോൾ അതിനെ ഉപജീവിച്ച് ക്ഷേമനിധി പ്രഖ്യാപിക്കുന്ന ബിൽ കോൺഗ്രസിന്റെ പേരക്കുട്ടി എന്നാണ് റോജി എം.ജോണിന്റെ ന്യായം. ഹോ! ചെറുപ്പക്കാരനായ റോജിക്ക്‌ മുത്തച്ഛന്റെ വാത്സല്യമാണല്ലോ എന്നായി സ്പീക്കർ. ബില്ല് റാഞ്ചാനുള്ള റോജിയുടെ ശ്രമത്തെ മന്ത്രി ചോദ്യംചെയ്തു. തൊഴിലുറപ്പുപദ്ധതി അന്ന് യു.പി.എ.യെ പിന്തുണച്ച സി.പി.എമ്മിന്റെകൂടി കുഞ്ഞാണ്. ക്ഷേമനിധിബിൽ എൽ.ഡി.എഫിന്റെമാത്രം കുഞ്ഞും.  രണ്ടാം യു.പി.എ. സർക്കാർ സ്വന്തം കുഞ്ഞായ തൊഴിലുറപ്പിനെ  ഇല്ലാതാക്കാൻ  ശ്രമിച്ചെന്ന ആരോപണം ഭരണപക്ഷത്തെ എം. രാജഗോപാലും ലിന്റോ ജോസഫും ഉന്നയിച്ചു.
മഹാത്മാഗാന്ധിയുടെ പേരിലാണ് ഗ്രാമീണ തൊഴിലുറപ്പ്. നഗര തൊഴിലുറപ്പ് അയ്യങ്കാളിയുടെ പേരിലും അതിനാൽ ബില്ലിൽ ഗാന്ധിജിയുടെയും അയ്യങ്കാളിയുടെയും പേരുവേണമെന്ന് പ്രതിപക്ഷം ആവർത്തിച്ച് ആവശ്യപ്പെട്ടു. മന്ത്രി വഴങ്ങിയില്ല. ഗാന്ധിജിയോടും അയ്യങ്കാളിയോടും ഒരഭിപ്രായ വ്യത്യാസവുമില്ലെങ്കിലും ‘കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി’ എന്ന പൊതുപേര് മതിയെന്ന താത്ത്വിക നിലപാടിലായിരുന്നു ഗോവിന്ദൻ. ബിൽ ഇരുകൈയുംനീട്ടി സ്വീകരിച്ച പ്രതിപക്ഷം പേരിന്റെ പേരിൽ വലിയ വാശിയൊന്നും കാണിച്ചതുമില്ല.
42 വർഷംമുമ്പ് സി.എച്ച്. മുഹമ്മദ് കോയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്തത് ഇന്നേദിവസമാണെന്ന് സഭയെ ഓർമിപ്പിച്ച്‌ നജീബ് കാന്തപുരവും പി. ഉബൈദുള്ളയും. മുസ്‌ലിംലീഗ് അംഗങ്ങൾ പ്രസംഗത്തിന്റെ ആദ്യവരിയായി അനുസ്മരണം ആവർത്തിച്ചുകൊണ്ടിരുന്നു.